Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

തിങ്ങി നിറഞ്ഞ വീടുകൾക്കിടയിലൂടെ ഓടി ടെറസ്സുകൾ ചാടിക്കടന്ന് എത്തി സമരം നയിച്ചത് പഴയ ആർ എസ് എസുകാരൻ; ഭീം ആർമിയുണ്ടാക്കിയത് പരിവാറിലെ സവർണമേൽക്കോയ്മ തിരിച്ചറിഞ്ഞ്; ദളിതർക്ക് വേണ്ടി നിലകൊണ്ടിട്ടും മായാവതിയുടെ ശത്രു; അസുഖബാധിതനായ അച്ഛനെ ഓർത്ത് അമേരിക്കൻ പഠനം വേണ്ടെന്നു വച്ച മകൻ; മുകളിലേക്ക് പിരിച്ചുവച്ച മേൽമീശയും സൺഗ്‌ളാസും റോയൽ എൻഫീൽഡ് മോട്ടോർ ബൈക്കുമായി യുവാക്കളുടെ ഹരമായ 'രാവണൻ'; ഡൽഹിയിലെ സമര നായകൻ ചന്ദ്രശേഖർ ആസാദിന്റെ കഥ

തിങ്ങി നിറഞ്ഞ വീടുകൾക്കിടയിലൂടെ ഓടി ടെറസ്സുകൾ ചാടിക്കടന്ന് എത്തി സമരം നയിച്ചത് പഴയ ആർ എസ് എസുകാരൻ; ഭീം ആർമിയുണ്ടാക്കിയത് പരിവാറിലെ സവർണമേൽക്കോയ്മ തിരിച്ചറിഞ്ഞ്; ദളിതർക്ക് വേണ്ടി നിലകൊണ്ടിട്ടും മായാവതിയുടെ ശത്രു; അസുഖബാധിതനായ അച്ഛനെ ഓർത്ത് അമേരിക്കൻ പഠനം വേണ്ടെന്നു വച്ച മകൻ; മുകളിലേക്ക് പിരിച്ചുവച്ച മേൽമീശയും സൺഗ്‌ളാസും റോയൽ എൻഫീൽഡ് മോട്ടോർ ബൈക്കുമായി യുവാക്കളുടെ ഹരമായ 'രാവണൻ'; ഡൽഹിയിലെ സമര നായകൻ ചന്ദ്രശേഖർ ആസാദിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൊലീസ് വിലക്ക് ലംഘിച്ചും പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഡൽഹിയിൽ വൻ പ്രതിഷേധമാണ് ഇന്നലെ നടന്നത്. അതിനിടെ ജുമാ മസ്ജിദിനു മുന്നിൽ നടന്ന പ്രതിഷേധത്തിനിടയിൽ നിന്നും അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പൊലീസിനെ വെട്ടിച്ചു രക്ഷപെട്ടത് അതിസാഹസികമായാണ്. പുലർച്ച ആസാദ് അറസ്റ്റിലായി. എങ്കിലും പൗരത്വ നിയമ പ്രതിഷേധത്തിലെ യഥാർത്ഥ താരമാണ് ആസാദ്. ഡൽഹിയിലെ പ്രക്ഷോഭം ഭീം ആർമിയേയും ചർച്ചാ വിഷയമാക്കുന്നു.

വെള്ളിയാഴ്ച നമസ്‌കാരം കഴിഞ്ഞ് ആയിരക്കണക്കിനാളുകൾ എത്തിയ ജമാ മസ്ജിദിന്റെ ഗേറ്റുകളിൽ ഒന്ന് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞിരുന്നു. ഇതോടെ നമസ്‌കാരത്തിന് ശേഷം വിശ്വാസികൾ ഒന്നാമത്തെ ഗേറ്റിൽ തടിച്ചുകൂടി. പ്രതിഷേധ റാലി നടത്തുമെന്ന് പ്രഖ്യാപിച്ച ചന്ദ്രശേഖർ ആസാദിനെ ജമാ മസ്ജിദിന് പുറത്തുവച്ച് പൊലീസ് പിടികൂടി. പ്രതിഷേധവുമായി ജനങ്ങൾ എത്തിയതോടെ പൊലീസ് പിടിയിൽ നിന്നും രക്ഷപ്പെട്ട ആസാദ് കെട്ടിടങ്ങളുടെ ടെറസുകളിൽ നിന്നും ടെറസുകളിലേക്ക് ചാടിയാണ് ആൾക്കൂട്ടത്തിന് സമീപമെത്തിയത്. രാവൺ എന്ന പേരിൽ ജനകീയനായ ആസാദിനെ വീണ്ടും കസ്റ്റഡിയിൽ എടുക്കാൻ ശ്രമം ഉണ്ടായെങ്കിലും ജനങ്ങൾ ഇടപെട്ട് തടയുകയായിരുന്നു. ജയ് ഭീം മുഴക്കി മുഖം മറച്ചായിരുന്നു ചന്ദ്രശേഖർ ആസാദ് ജമാ മസ്ജിദിൽ എത്തിയത്.

അങ്ങനെ രാഷ്ട്രീയക്കാരന്റെ പതിവ് ശൈലികളെല്ലാം തെറ്റിച്ച് മോദിയെ വെല്ലുവിളിച്ച് മുന്നേറുകയാണ് ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്. രാവൺ എന്ന പേരിൽ ജനകീയനായ നേതാവാണ് ചന്ദ്രശേഖർ ആസാദ്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ചുട്ട്മാൽപൂർ ഗ്രാമത്തിൽ നിന്നും പോരാട്ടവീര്യം കൊണ്ടാണ് ആസാദ് ശ്രദ്ധ നേടുന്നത്. ദലിത് വിഭാഗങ്ങളുടെ പുരോഗമനം ലക്ഷ്യമിട്ട് 2015ലാണ് ആസാദ് ഭീം ആർമി രൂപീകരിക്കുന്നത്. ഡോ.ബി.ആർ.അംബേദ്കറുടെയും ബിഎസ്‌പി സ്ഥാപകൻ കാൻഷി റാമിന്റെയും ആശയങ്ങളും പ്രവർത്തനങ്ങളുമായിരുന്നു പ്രചേദനം. ദലിത് വിദ്യാർത്ഥികളെയും യുവാക്കളുമായിരുന്നു തുടക്കത്തിൽ ആസാദിനൊപ്പം അണിനിരന്നത്. രാഷ്ട്രീയക്കാരന്റെ പൊതുശൈലികൾ മാറ്റി പിരിച്ചുവച്ച മീശയും മുഖത്തെ സൺഗ്ലാസും ബുള്ളറ്റിലുള്ള സഞ്ചാരവും സ്‌റ്റൈലൻ ലുക്കും ആസാദിനെ താരമാക്കുന്നു.

2017ൽ സഹരൻപൂരിൽ ദളിതരും ഠാക്കൂർമാരും തമ്മിൽ ഏറ്റുമുട്ടിയതോടെയാണ് ഭീം ആർമി ദേശീയശ്രദ്ധയിലേക്ക് എത്തുന്നത്. സംഘർഷത്തെത്തുടർന്ന് ദേശീയസുരക്ഷാ നിയമപ്രകാരം ആസാദിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 16 മാസങ്ങൾ ആസാദ് ജയിലിൽ കിടന്നു. ഇതിന് ശേഷം പുറത്തുവന്നപ്പോൾ ആസാദ് പഴയതിലും കരുത്തനായി. കോളജ് കാലത്ത് ആസാദ് ആർഎസ്എസ് പ്രവർത്തകനായിരുന്നെന്നും സൂചനകളുണ്ട്. എന്നാൽ ഇന്ന് ആർ എസ് എസിന്റെ കണ്ണിലെ കരടും.

ജുമാ മസ്ജിദിൽ എത്തിയത് ഏവരേയും അമ്പരപ്പിച്ച്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭീം ആർമിയുടെ നേതൃത്വത്തിൽ ജുമ മസ്ജിദിൽ നിന്ന് ജന്തർ മന്ദറിലേക്ക് പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് മസ്ജിദിലേക്കുള്ള മെട്രോ സ്റ്റേഷൻ അടച്ചിടുകയും പരിസരത്ത് പൊലീസ് കർശന നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തു.

വെള്ളിയാഴ്ച നമസ്‌കാരത്തിന് എത്തിയ ആളുകളുടെ തിരിച്ചറിയിൽ കാർഡുകൾ പരിശോധിച്ചാണ് പൊലീസ് അകത്തേക്ക് കടത്തി വിട്ടത്. അതിനിടെ ചന്ദ്രശേഖർ ആസാദിനായി പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് ഡൽഹിയിൽ വൻ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചന്ദ്രശേഖറിന്റെ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. ജുമാ മസ്ജിദ് പരിസരത്ത് പൊലീസ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷേണവും ഏർപ്പെടുത്തി. ഒപ്പം നിരോധനാജ്ഞയും പ്രഖ്യാപിച്ചു. കൂടുതൽ മെട്രോ സ്റ്റേഷനുകൾ അടച്ചിടുകയും ചെയ്തു. അതിനിടെ താൻ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന വാർത്ത നിഷേധിച്ചും താൻ മസ്ജിദിലുണ്ട് എന്നു വെളിപ്പെടുത്തിയും ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു.

തൊട്ടു പിന്നാലെ ജുമാ മസ്ജിദിന്റെ ഒന്നാം നമ്പർ ഗേറ്റിലേക്ക് ഇറങ്ങി വരുന്ന ചവിട്ടു പടികളിൽ നൂറു കണക്കിന് ആളുകൾക്കിടയിൽ ഒരു കൈയിൽ ഇന്ത്യൻ ഭരണഘടനയും മറു കൈയിൽ ഡോ. അംബേദ്കറിന്റെ ചിത്രവുമായി ഉച്ചയ്ക്ക് 1.15ന് ചന്ദ്രശേഖർ ആസാദ് പ്രത്യക്ഷപ്പെട്ടു. ഉച്ചയ്ക്ക് 1.45 ആയതോടെ പൊലീസ് ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തു. ആദ്യം എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമായിരുന്നില്ല എങ്കിലും അധികം വൈകാതെ തന്നെ ചന്ദ്രശേഖർ പൊലീസ് കസ്റ്റഡിയിൽ നിന്നു വിദഗ്ധമായി രക്ഷപെട്ടു.

അറസ്റ്റ് ചെയ്തു കൊണ്ടുപോകും വഴി പൊലീസിനെ വെട്ടിച്ചു ജനക്കൂട്ടത്തിനിടയിലേക്ക് കുതറിമാറിയ ചന്ദ്രശേഖർ ഓൾഡ് ഡൽഹിയിലെ തിങ്ങി നിറഞ്ഞ വീടുകൾക്കകത്തേക്ക് ഓടിക്കയറുകയും അടുത്തടുത്തിരിക്കുന്ന കെട്ടിടങ്ങളുടെ ടെറസിലൂടെ ഓടി രക്ഷപെടുകയും ചെയ്തു. പൊലീസ് യാഥാർഥ്യം തിരിച്ചറിഞ്ഞു വരുമ്പോഴേക്കും ചന്ദ്രശേഖർ കാണാമറയത്ത് എത്തിയിരുന്നു.

മയാവതിയുടെ ശത്രു; അ്ച്ഛന് വേണ്ടി അമേരിക്കയെ വേണ്ടെന്ന് വച്ച മകൻ

ഉത്തർപ്രദേശിലെ ദലിത് രാഷ്ട്രീയത്തെ വെല്ലുവിളിക്കുന്ന ഭീം ആർമി ബിഎസ്‌പി നേതാവ് മായാവതിക്കും തലവേദനയാണ്. ഭീം ആർമി ബിജെപിയുടെ പിന്തുണയുള്ള സംഘടനയാണ് എന്ന് മായാവതി ആരോപിച്ചു. എന്നാൽ, തല്ലിയാൽ തിരിച്ചുതല്ലാൻ തയ്യാറാണ് എന്ന പ്രഖ്യാപനത്തോടെ, എല്ലാ മുന്നണികളെയും തള്ളിപ്പറഞ്ഞുകൊണ്ടാണ് ഭീം ആർമി രൂപം കൊണ്ടത്. ''ഞങ്ങൾ സമാധാനത്തിൽ വിശ്വസിക്കുന്നു. പക്ഷേ ഞങ്ങൾ ഭീരുക്കളല്ല. ചെരുപ്പുണ്ടാക്കുന്നതെങ്ങനെയെന്ന് ഞങ്ങൾക്ക് അറിയാം.

അതെ ചെരുപ്പുകൊണ്ട് എങ്ങനെ ആളുകളെ എറിയാമെന്നും ഞങ്ങൾക്കറിയാം.'' ആസാദ് പറയുന്നു. 2014-ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്ത് അരങ്ങേറിയ ദളിത് പീഡനങ്ങളെ തുടർന്നാണ് ഭീം ആർമിയുടെ ഉദയം. 2015-ൽ സവർണ്ണ വിഭാഗമായ ഠാക്കൂർ വിഭാഗത്തിലെ വിദ്യാർത്ഥികൾ എ എച്ച് പി കോളേജിൽ കുടിവെള്ളത്തിന്റെ പേരിൽ ദളിത് വിദ്യാർത്ഥികളെ ആക്രമിച്ചു. ഠാക്കൂർ വിദ്യാർത്ഥികൾ കുടിക്കുന്നതിന് മുമ്പേ വെള്ളം കുടിച്ചതിനാണ് ദളിത് വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ടത്. ദളിത് വിദ്യാർത്ഥികൾ അപമാനിക്കപ്പെടുകയും തുടർന്ന് ക്ലാസ് മുറിയിൽ ഠാക്കൂർ വിദ്യാർത്ഥികൾ ഇരിക്കുന്ന ബെഞ്ചുകൾ ദളിത് വിദ്യാർത്ഥികൾക്ക് തുടയ്‌ക്കേണ്ടതായും വന്നു. ഇതേ തുടർന്നാണ് ഭീം ആർമി രൂപീകൃതമാകുന്നത്.

2017ൽ സഹരൻപൂരിൽ ഠാക്കൂർ വിഭാഗക്കാർ 60 ഓളം ദളിത് വീടുകൾ കത്തിക്കുകയും തുടർന്ന് പ്രദേശത്ത് സംഘർഷം ഉടലെടുക്കുകയും ചെയ്തിരുന്നു. ഇതിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഉത്തർ പ്രദേശ് സർക്കാർ ദേശീയ സുരക്ഷാ നിയമം ചുമത്തി ആസാദിനെ 15 മാസം തടവിൽ പാർപ്പിക്കുകയായിരുന്നു. തുടർന്ന് മോചിതനായ ആസാദിനെ പിന്നീടും പലവട്ടം പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ജയിൽവാസം ആസാദിന്റെ സ്വീകാര്യത വർധിപ്പിക്കുകയാണ് ചെയ്തത്. ദളിത് വിഭാഗങ്ങളിൽ ആസാദ് കൂടുതൽ ജനകീയനായി. ഇന്ന് ദളിത് യുവത്വത്തിന്റെ മുഖമാണ് ചന്ദ്രശേഖർ ആസാദ്. മനുഷ്യാവകാശലംഘനവും ചൂഷണങ്ങളും നേരിടേണ്ടിവരുന്ന ദളിത് വിഭാഗങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തി പൊതുധാരയിൽ തന്റെ സ്ഥാനമുറപ്പിക്കാൻ ആസാദിന് കഴിഞ്ഞിട്ടുണ്ട്. താനുൾപ്പെടുന്ന ജനവിഭാഗം ദിവസേന നേരിടേണ്ടിവരുന്ന ജാതിവിവേചനത്തിലാണ് ആസാദിന്റെ രാഷ്ട്രീയത്തിന്റെ അടിത്തറ. മുകളിലേക്ക് പിരിച്ചുവച്ച മേൽമീശ, മുഖത്തെ സൺഗ്ളാസ്, റോയൽ എൻഫീൽഡ് മോട്ടോർബൈക്കിന്റെ രാജകീയ പ്രൗഢി. ചന്ദ്രശേഖർ ആസാദിലേക്ക് യുവാക്കളെ ആകർഷിച്ചതിൽ ഒരു പ്രധാനഘടകം ഈ ഗ്ലാമർ പരിവേഷം തന്നെയാണ്. നിരവധി യുവാക്കളാണ് ആസാദിനെ അനുകരിച്ച് സൺഗ്ലാസും അദ്ദേഹത്തിന്റെത് പോലെയുള്ള മേൽമീശയും തങ്ങളുടെ സ്റ്റൈലായി സ്വീകരിച്ചിട്ടുള്ളത്.

തങ്ങളുടെ ലക്ഷ്യം ഒന്നായിട്ടും ചന്ദ്രശേഖർ ആസാദിനെ അംഗീകരിക്കാൻ ബിഎസ്‌പി നേതാവ് മായാവതി ഇനിയും തയ്യാറായിട്ടില്ല. ദളിത് വോട്ടുകൾ ഭിന്നിപ്പിക്കുന്ന ബിജെപി ഏജന്റാണ് ആസാദ് എന്ന് മായാവതി ആരോപിച്ചിരുന്നു. ഭീം ആർമി ഒരു രാഷ്ട്രീയപാർട്ടി അല്ലെന്നും ബിഎസ്‌പിക്ക് എതിരാളികളാവുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും ആസാദ് ആവർത്തിക്കുന്നുണ്ടെങ്കിലും തന്റെ നിലപാട് മയപ്പെടുത്താൻ മായാവതി തയ്യാറല്ല. ആസാദിന്റെ വർധിച്ച് വരുന്ന സ്വീകാര്യതയാണ് മായാവതിയുടെ അനിഷ്ടത്തിന് കാരണം. 1986 നവംബർ ആറിന് ചുട്ട്മാൽപ്പൂരിലായിരുന്നു ചന്ദ്രശേഖർ ആസാദിന്റെ ജനനം. ഹൈസ്‌കൂൾ അദ്ധ്യാപകനായി വിരമിച്ച ഗോവർധൻ ദാസാണ് ആസാദിന്റെ പിതാവ്. രണ്ട് സഹോദരന്മാരാണ് ആസാദിനുള്ളത്.

ലഖ്നൗ സർവ്വകലാശാലയിൽ നിന്നാണ് ആസാദ് നിയമബിരുദം നേടിയത്. പഠനകാലത്ത് ആർഎസ്എസ് പ്രവർത്തകനായിരുന്നു ആസാദ് എന്നാണ് റി്പ്പോർട്ടുകൾ. എന്നാൽ, സംഘടനയിലെ സവർണമേൽക്കോയ്മയും ജാതീയമായ അടിച്ചമർത്തലുകളും ആസാദിനെ തിരുത്തിച്ചിന്തിപ്പിക്കുകയായിരുന്നത്രേ. നിയമപഠനത്തിൽ ഉന്നതപഠനത്തിനായി അമേരിക്കയിൽ പോവേണ്ട ആളായിരുന്നു ആസാദ് എന്ന് മാധ്യമങ്ങൾ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. അസുഖബാധിതനായ പിതാവിനെ വിട്ടുപോവാനുള്ള മടി കൊണ്ട് പഠനം വേണ്ടെന്ന് വയ്ക്കുകയായിരുന്നത്രേ. പിന്നീട് പോരാട്ട വഴിയിലേക്ക് എത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP