Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദേശത്ത് ജോലിയുള്ള മകൻ മറ്റ് മക്കളറിയാതെ 93കാരിയായ അമ്മയെ അഗതി മന്ദിരത്തിൽ ഉപേക്ഷിച്ചു; മറ്റൊരു മകൻ അമ്മയെ തേടി അനാഥ മന്ദിരങ്ങളിൽ കയറി ഇറങ്ങി നടന്നത് ഒന്നരക്കൊല്ലം; ഒടുവിൽ കരുനാഗപ്പള്ളിയിൽ നിന്നും കണ്ടെത്തിയപ്പോൾ വീട്ടിലേക്ക് കൊണ്ടു പോകാൻ നിയമ തടസ്സങ്ങൾ; ക്രൂരതയുടേയും സ്‌നേഹത്തിന്റേയും ഉദാഹരണമായി ഒരു വൃദ്ധയുടെ ജീവിത കഥ

വിദേശത്ത് ജോലിയുള്ള മകൻ മറ്റ് മക്കളറിയാതെ 93കാരിയായ അമ്മയെ അഗതി മന്ദിരത്തിൽ ഉപേക്ഷിച്ചു; മറ്റൊരു മകൻ അമ്മയെ തേടി അനാഥ മന്ദിരങ്ങളിൽ കയറി ഇറങ്ങി നടന്നത് ഒന്നരക്കൊല്ലം; ഒടുവിൽ കരുനാഗപ്പള്ളിയിൽ നിന്നും കണ്ടെത്തിയപ്പോൾ വീട്ടിലേക്ക് കൊണ്ടു പോകാൻ നിയമ തടസ്സങ്ങൾ; ക്രൂരതയുടേയും സ്‌നേഹത്തിന്റേയും ഉദാഹരണമായി ഒരു വൃദ്ധയുടെ ജീവിത കഥ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: തഴക്കര ഇറവങ്കര പണയിൽ പരേതനായ രാഘവന്റെ ഭാര്യ ഭാർഗവിയമ്മ വീണ്ടും വീട്ടിലെത്തി. മക്കളിലൊരാൾ അഗതിമന്ദിരത്തിൽ തള്ളിയ ഭാർഗ്ഗവി അമ്മയെ ഒന്നര വർഷത്തിനു ശേഷം മറ്റൊരു മകൻ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. നിയമ പോരാട്ടങ്ങളിലൂടെയാണ് രണ്ടാമത്തെ മകന് അമ്മയെ വീട്ടിലെത്തിക്കാനായത്.

മക്കൾ ഉപേക്ഷിക്കുന്ന മാതാപിതാക്കളുടെ എണ്ണം കേരളത്തിൽ പെരുകുന്നുവെന്നാണ് സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ എന്ന സംഘടന നടത്തിയ പഠനം സൂചിപ്പിക്കുന്നത്. സമൂഹം പുരോഗതിയാർജിക്കുകയും ജനങ്ങളുടെ സാമൂഹ്യ സാംസ്‌കാരിക നിലവാരം ഉയരുകയുംചെയ്യുന്നു എന്ന അവകാശവാദത്തിന്റെ മുനയൊടിക്കുന്നതാണ് ഈ കണക്കുകൾ. വയോജനങ്ങളുടെ സംരക്ഷണത്തിന് നിയമങ്ങൾ നിലവിലുണ്ട്. മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്റ്‌സ് ആൻഡ് സീനിയർ സിറ്റിസൺസ് ആക്ട് കണിശമായി നടപ്പാക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും ഭാർഗവിയമ്മയെ പോലെ തെരുവിൽ ഉപേക്ഷിക്കുന്ന അമ്മമാരുടെ കഥ വീണ്ടും വീണ്ടും വേദനിപ്പിക്കാൻ എത്തുകയാണ്.

ഭാർഗവിയമ്മയ്ക്ക് 93 വയസ്സുണ്ട്. വിദേശത്തു ജോലിയുള്ള മകനാണ് കൊല്ലം കരുനാഗപ്പള്ളിക്ക് അടുത്തെ അഗതി മന്ദിരത്തിൽ മറ്റു ബന്ധുക്കൾ അറിയാതെ ഭാർഗവിയമ്മയെ പ്രവേശിപ്പിച്ചത്. ബന്ധുക്കളെ തന്റെ വീട്ടിൽ നിന്നും അകറ്റി നിർത്തിയിരുന്നതിനാൽ ഇത് ആരും അറിഞ്ഞില്ല. ഇയാളുടെ വീട്ടിൽ താമസിച്ചിരുന്ന ഭാർഗവിയമ്മയെ കരുനാഗപ്പള്ളിയിലെ കേന്ദ്രത്തിൽ ആക്കിയ വിവരം മറ്റു മക്കളും അറിഞ്ഞില്ല. ഇറവങ്കര ചൈത്രം വീട്ടിൽ വിനയ് ബാബു സുഹൃത്ത് മുഖേനെയാണു സഹോദരൻ അമ്മയെ ഉപേക്ഷിച്ചത് അറിയുന്നത്.

അന്ന് മുതൽ അമ്മയെ തേടിയുള്ള യാത്രയിലായിരുന്നു വിനയ് ബാബു. ഒട്ടേറെ വയോജന കേന്ദ്രങ്ങളിലും അനാഥ മന്ദിരങ്ങളിലും വിനയ്ബാബു അമ്മയെ തിരക്കി. അവസാനം ഒന്നരമാസം മുൻപു വവ്വാക്കാവിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ അയൽവാസി കരുനാഗപ്പള്ളിയിലെ മന്ദിരം സന്ദർശിച്ചു. അവിചാരിതമായി ഭാർഗവിയമ്മയെ കണ്ടു. ഇത് വിനയ് ബാബുവിനെ അറിയിച്ചു. ഇവിടെയെത്തിയ വിനയ് ബാബുവിനൊപ്പം അമ്മയെ അയക്കാൻ നിയമപ്രശ്‌നം മൂലം സ്ഥാപന അധികൃതർക്കായില്ല. പ്രശ്‌നം ചൂണ്ടിക്കാട്ടി വിനയ്ബാബു മാവേലിക്കര തഹസിൽദാർ എസ്. സന്തോഷ്‌കുമാറിനു പരാതി നൽകി.

ഒന്നര മാസം നീണ്ട നിയമ നടപടികൾക്കൊടുവിൽ ഭാർഗവിയമ്മയെ ഇളയമകനായ വിനയ്ബാബുവിനൊപ്പം അയക്കാൻ ചെങ്ങന്നൂർ ആർഡിഒ ഉത്തരവായി. ഇന്നലെ വൈകിട്ടു ചെങ്ങന്നൂർ ആർഡിഒ ജി. ഉഷാകുമാരി, മാവേലിക്കര തഹസിൽദാർ എസ്.സന്തോഷ്‌കുമാർ, ഭൂരേഖ തഹസിൽദാർ ദിലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അഗതി മന്ദിരത്തിൽ നിന്നും ഭാർഗവിയമ്മയെ വീട്ടിലെത്തിച്ചു. സംഭവത്തിൽ തുടർ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആർഡിഒ ഉഷാകുമാരി വ്യക്തമാക്കി.

സർക്കാർ ഇടപെടൽകൊണ്ടുമാത്രം പരിഹരിക്കപ്പെടുന്നതല്ല വയോജനങ്ങളുടെ പ്രശ്‌നങ്ങൾ. സമൂഹത്തിന്റെ നിതാന്തജാഗ്രത ആവശ്യപ്പെടുന്ന വിഷയമാണത്. മാതാപിതാക്കൾ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന ബോധം ഓരോരുത്തരിലും ഉണ്ടാകണം. കടമ വിസ്മരിക്കുന്ന വ്യക്തികൾക്ക് പൈതൃകസ്വത്തിന് അവകാശമുണ്ടാകില്ല എന്ന വ്യവസ്ഥയുൾക്കൊള്ളുന്ന നിയമങ്ങൾ ലോകത്ത് പലയിടത്തും നിലനിൽക്കുന്നു. ഭാര്യയ്ക്കും പ്രായപൂർത്തിയാകാത്തവരോ അവശതയുള്ളവരോ ആയ മക്കൾക്കും മാതാപിതാക്കൾക്കും ജീവനാംശം നൽകാൻ നിയപരമായിത്തന്നെ ഇന്ത്യൻ പൗരന് ബാധ്യതയുണ്ട്. അത് വയോജനങ്ങൾക്കുള്ള നിയമപരമായ പരിരക്ഷയാണ്. വാർധക്യത്തിന്റെ അവശതയിലായ മാതാപിതാക്കളെ ഒരു നിയമത്തിന്റെയും നിർബന്ധമില്ലാതെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയുംചെയ്യുന്നതിനെയാണ് മനുഷ്യത്വം എന്ന് വിളിക്കുന്നത്. ഈ മനുഷ്യത്വത്തിന്റെ ഉത്തമോദാഹരണമാണ് വിനയ് ബാബുവെന്ന ഭാർഗവിയമ്മയുടെ രണ്ടാമത്തെ മകൻ.

തങ്ങളെ ആശ്രയിച്ച് ജിവിതത്തിലേറെ വിജയം കൈവരിച്ച മക്കളും മറ്റാശ്രിതരുംപ്രായമായ രക്ഷിതാക്കളുടെ സ്വത്തുവകകൾ കൈവശപ്പെടുത്തി പിന്നീട് ആഹാരവും വസ്ത്രവും പോലും നിഷേധിച്ച് അനാഥാലയത്തിലും മറ്റ് സംരക്ഷണകേന്ദ്രങ്ങളിലും ഇവരെ ഉപേക്ഷിക്കുന്ന പ്രവണത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് യു.പി.എ സർക്കാർ വയോജന സംരക്ഷണ നിയമം ( ആക്ട് 56 ഓഫ് 2007) പാർലമെന്റിൽ പാസാക്കിയത്. മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസൺ ആക്ട് പ്രകാരം മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾക്കെതിരേ നിയമ നടപടിയെടുക്കാൻ വ്യവസ്ഥയുണ്ട്. മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾക്ക് സംരക്ഷണം നൽകുന്നതിനായി വയോജന സംരക്ഷണ നിയമം (സീനിയർ സിറ്റിസൺ ആക്ട് ) നിലവിൽ വന്നത്. മകനും മകളും പേരക്കുട്ടികളുമെല്ലാം നിയമത്തിന്റെ പരിധിയിൽ വരും. മുതിർന്ന പൗരന്മാർക്ക് ആഹാരം, വസ്ത്രം, താമസസൗകര്യം, ചികിത്സ എന്നിവ ലഭ്യമായിരിക്കണം.

നൊന്തു പെറ്റവൃദ്ധ മാതാവിനെയും കഷ്ടപെട്ട പിതാവിനെയും അവരുടെ ജീവിതസായാഹ്നത്തിൽ ക്രൂരമായി ദേഹോപദ്രവമേൽപിച്ച് മക്കൾ ആട്ടിയകറ്റിയ കഥകൾ കേരളത്തിൽ പറഞ്ഞാൽ തീരില്ല. അതിൽ ഏറ്റവും ക്രൂരവും സങ്കടകരവുമായ ചില വാർത്തകൾ ഈയടുത്ത് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഒരിക്കലും മറക്കാനാവാത്ത അത്തരം സംഭവങ്ങളിലൊന്നാണ് ഭവാനിയമ്മയുടെ അനുഭവവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP