Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം എന്തു വില കൊടുത്തും ഒഴിവാക്കണം; ജാമ്യമില്ലാ വകുപ്പുകൾ പുനഃ പരിശോധിക്കണം; യൂട്യൂബറെ ആക്രമിച്ച കേസിൽ ഇടപെടലിന് ശ്രമിച്ചത് മഞ്ജൂ വാര്യരും ഭാവനയും രൺജി പണിക്കരും എന്ന് ആരോപണം; മുഖ്യമന്ത്രിക്ക് കത്തെഴുതിയ ലേഡി സൂപ്പർ സ്റ്റാർ അടക്കമുള്ളവർക്കെതിരെ കോടതി അലക്ഷ്യ ഹർജി ഫയലിൽ

ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം എന്തു വില കൊടുത്തും ഒഴിവാക്കണം; ജാമ്യമില്ലാ വകുപ്പുകൾ പുനഃ പരിശോധിക്കണം; യൂട്യൂബറെ ആക്രമിച്ച കേസിൽ ഇടപെടലിന് ശ്രമിച്ചത് മഞ്ജൂ വാര്യരും ഭാവനയും രൺജി പണിക്കരും എന്ന് ആരോപണം; മുഖ്യമന്ത്രിക്ക് കത്തെഴുതിയ ലേഡി സൂപ്പർ സ്റ്റാർ അടക്കമുള്ളവർക്കെതിരെ കോടതി അലക്ഷ്യ ഹർജി ഫയലിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂട്ഊബർ വിജയ്.പി.നായരെ ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കടന്ന് കൈയേറ്റം ചെയ്ത് ലാപ്‌ടോപ്പും മൊബൈലും പിടിച്ചുപറിച്ച കേസിലെ പ്രതികളായ ഫെമിനിസ്റ്റുകളായ ഭാഗ്യലക്ഷ്മി, വെമ്പായം സ്വദേശിനി ദിയ സന , കണ്ണൂർ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരുടെ മുൻകൂർ ജാമ്യ ഹർജി തള്ളിയ സാഹചര്യത്തിൽ എന്ത് വില കൊടുത്തും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു എന്ന് ആരോപിച്ച് ചലച്ചിത്ര താരങ്ങളായ ഭാവന , മഞ്ജു വാര്യർ , രഞ്ജി പണിക്കർ എന്നിവർക്കെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഫയലിൽ സ്വീകരിച്ചു.

കത്ത് കൈപ്പറ്റിയെന്ന ആരോപണവുമായി ആഭ്യന്തര മന്ത്രി പിണറായി വിജയനെ കോടതിയലക്ഷ്യ ഹർജിയിൽ ഒന്നാം സാക്ഷിയാക്കിയിട്ടുണ്ട്. 1971 ൽ നിലവിൽ വന്ന കോടതിയലക്ഷ്യ നിയമത്തിലെ ചട്ടം 8 (1) പ്രകാരം മജിസ്‌ട്രേട്ട് കോടതി പ്രി റെഫറൻസ് എൻക്വയറി നടത്തി വകുപ്പ് 15 ( 2) പ്രകാരം ഹൈക്കോടതിക്ക് റഫറൻസ് അയക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കുറ്റ സ്ഥാപനത്തിൽ 6 മാസം തടവും രണ്ടായിരം രൂപ പിഴയും വകുപ്പ് 12 പ്രകാരം ഹൈക്കോടതിക്ക് കോടതിയലക്ഷ്യ കുറ്റക്കാരെ ശിക്ഷിക്കാൻ അധികാരമുണ്ട്.

ജില്ലാക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഒളിവിൽ പോയ പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. ഹർജിയിൽ സർക്കാർ നിലപാട് 23 ന് അറിയിക്കാനും വാദം ബോധിപ്പിക്കാനുമായി ഹൈക്കോടതി 23 ന് ഹർജി പരിഗണിക്കാനിരിക്കെയാണ് താരങ്ങൾ അഭ്യന്തര മന്ത്രി പിണറായി വിജയന് കത്തയച്ചത്. കത്തിലെ ഉള്ളടക്കം ഇപ്രകാരമാണെന്നാണ് ഹർജിയിലെ ആരോപണം.

ഭാഗ്യലക്ഷ്മിയടക്കമുള്ളവരുടെ മുൻകൂർ ജാമ്യ ഹർജി സെഷൻസ് കോടതി തള്ളിയ സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ജാമ്യഹർജികൾ വീണ്ടും തള്ളപ്പെട്ട് ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ അറസ്റ്റ് ചെയ്യപ്പെടാനിടയുള്ള സാഹചര്യം എന്തു വില കൊടുത്തും ഒഴിവാക്കണം. ജാമ്യമില്ലാ വകുപ്പുകൾ പുനഃപരിശോധിക്കണമെന്നത് ഞങ്ങളുടെ അടിയന്തിര ആവശ്യമായി കാണണമെന്നായിരുന്നു കത്തിലെ ആവശ്യമെന്നാണ് ആരോപിച്ചിരിക്കുന്നത്.. എഫ് ഐ ആർ സമർപ്പിക്കപ്പെട്ട് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ സർക്കാർ അഭിഭാഷകനെ സ്വാധീനിച്ച് ജാമ്യ ഹർജിയെ എതിർക്കാതിരിക്കാനും അതുവഴി പ്രതികളെ അന്വേഷണത്തിൽ നിന്നും അറസ്റ്റിൽ നിന്നും രക്ഷപ്പെടുത്താനാണ് ഇത്തരത്തിൽ കത്തയച്ചതെന്നാരോപിച്ച് മെൻസ് റൈറ്റ് അസോസിയേഷനാണ് മൂവർക്കുമെതിരെ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്.

തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് ജഡ്ജി ശേഷാദ്രിനാഥൻ ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുൻകൂർ ജാമ്യ ഹർജി ഒക്ടോബർ 9 ന് തള്ളിയിരുന്നു. നിയമം കൈയിലെടുത്ത പ്രതികൾക്ക് ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സമൂഹത്തിനത് തെറ്റായ സന്ദേശം നൽകുമെന്നും മറ്റുള്ളവർക്കുമത് പ്രചോദനമാകുമെന്നും പ്രോസിക്യൂട്ടർ എൻ.സി. പ്രിയന്റെയും ഹർജിയിൽ പ്രോസിക്യൂഷൻ ഭാഗത്തേക്ക് കക്ഷി ചേർന്ന മെൻസ് അസോസിയേഷന് വേണ്ടി അഡ്വ. നെയ്യാറ്റിൻകര. പി. നാഗരാജിന്റെയും വാദം അംഗീകരിച്ചാണ് മൂന്നു പ്രതികളുടെയും മുൻകൂർ ജാമ്യ ഹർജികൾ തള്ളിയത്.

നിയമം കൈയിലെടുക്കുന്നത് അനുവദിക്കാനാവില്ല. അക്രമാസക്തരായി 12 മിനിറ്റ് നേരം അക്രമം അഴിച്ചുവിട്ട് അത് ലൈവായി സമൂഹമാധ്യമത്തിലൂടെ പ്രക്ഷേപണം ചെയ്ത പ്രതികൾ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്നും അസോസിയേഷൻ വാദിച്ചിരുന്നു. ജാമ്യാപേക്ഷയുമായി എത്തേണ്ടവർ ശുദ്ധമായ കരങ്ങളോടെയാണ് എത്തേണ്ടത്. നിയമത്തെയും നീതിന്യായ നിർവഹണ സിസ്റ്റത്തെയും ബഹുമാനിക്കാൻ താൽപര്യമില്ലാത്തവർക്ക് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള വിവേചനപരിഹാരത്തിന് അർഹതയില്ല. കണ്ണിന് കണ്ണ് , പല്ലിന് പല്ല് എന്ന നയം ആരംഭിച്ച് എല്ലാവരും നിയമം കയ്യിലെടുത്താൽ സമൂഹത്തിൽ അരാജകത്വമുണ്ടാകും. കുറ്റവും ശിക്ഷയും ജനങ്ങൾ സ്വയം നടപ്പാക്കിയാൽ ജനങ്ങളുടെ സമാധാന ജീവിതം അസാദ്ധ്യമാകും. ഇത്തരം കേസുകളിൽ പ്രതികളെ സ്വതന്ത്രരാക്കി വിട്ടയച്ചാൽ സാധാരണക്കാർക്ക് നിയമത്തിലും കോടതിയിലുമുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന മെൻസ് റൈറ്റ് അസോസിയേഷന്റെ വാദത്തെ സർക്കാരും പിൻ താങ്ങിയിരുന്നു.

കസ്റ്റഡിയിൽ വെച്ച് പ്രതികളെ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ട്. കൃത്യത്തിനുപയോഗിച്ച വാഹനം തൊണ്ടിയായി ഹാജരാക്കേണ്ടതുണ്ട്. പ്രതികൾ കൃത്യം ചെയ്തതിന്റെ സ്വയമായി ഉണ്ടാക്കിയ ഷൂട്ട് ചെയ്ത വീഡിയോ തെളിവ് , പ്രതികൾ കുത്യസ്ഥലത്തേക്ക് വന്നതിന്റെ സിസിറ്റി വി ഫൂട്ടേജ് എന്നിവ പിടിച്ചെടുത്ത് തൊണ്ടിയായി ഹാജരാക്കണമെന്ന അസോസിയേഷന്റെ വാദത്തിനെയും സർക്കാർ ജില്ലാ കോടതിയിൽ എതിർത്തിരുന്നില്ല. ഈ ഘട്ടത്തിൽ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. മുൻകൂർ ജാമ്യം അനുവദിച്ചാൽ പൊതുതാൽപര്യത്തിനും പൊതു നീതിക്കും പൊതുസമാധാനത്തിനും വിരുദ്ധമാകുമെന്നും അസോസിയേഷൻ വാദിച്ചിരുന്നു.

2020 സെപ്റ്റംബർ 26 നാണ് ഫെമിനിസ്റ്റുകൾ സംഘം ചേർന്ന് വിജയ്. പി.നായരെ ആക്രമിച്ചത്. യൂട്യൂബ് ചാനലിൽ സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശങ്ങൾ പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് യൂട്യൂബറെ ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ ഫെമിനിസ്റ്റുകൾ കൈയേറ്റം ചെയ്ത കേസിൽ അറസ്റ്റ് ഭയന്ന് ഭാഗ്യലക്ഷ്മിയടക്കം മൂന്നു ഫെമിനിസ്റ്റുകൾ വെവ്വേറെ മുൻകൂർ ജാമ്യ ഹർജികൾ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ സെപ്റ്റംബർ 28 ന് സമർപ്പിക്കുകയായിരുന്നു. ഇതാണ് തള്ളിയത്.

സെപ്റ്റംബർ 26 നാണ് സംസ്ഥാനമൊട്ടുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. യൂ ട്യൂബ് ചാനലിൽ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് ഫെമിനിസ്റ്റുകളായ ബിഗ് ബോസ് മത്സരാർത്ഥി ദിയസന , സിനിമ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി , ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ സംഘം ചേർന്ന് യൂട്ഊബർ നേമം തെന്നൂർ സ്വദേശി വിജയ്.പി.നായരെ മർദിക്കുകയും കറുത്ത മഷി ദേഹത്തൊഴിക്കുകയും മുണ്ടുരിഞ്ഞ് ചെറിയണം ദേഹത്ത് ഇടുകയും ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP