Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

നിയമത്തിന്റെ കുരുക്കുകളെക്കുറിച്ചു മാത്രം പറഞ്ഞാൽ പോരാ; നിയമം ദുർബലമാവുകയാണെങ്കിൽ സ്ത്രീകൾ നിയമം കയ്യിലെടുക്കുന്ന കാലം വരും; അത് അവരെക്കൊണ്ടു ചെയ്യിക്കരുതെന്ന മുന്നറിയിപ്പുമായി സുഗതകുമാരി; ആ തെറി വിളിക്കുന്ന പെൺകുട്ടി ഒരു സ്ത്രീയാണോ എന്നുപോലും തോന്നിപ്പോയി എന്ന് പിസി ജോർജും; വിജയ് പി നായരെ തുറന്നുകാട്ടിയ ഭാഗ്യലക്ഷ്മിയും മിടുക്കികളായ മറ്റു രണ്ടു പെൺകുട്ടികളും ഏറ്റുവാങ്ങിയത് കൂടുതലും കൈയടി തന്നെ

നിയമത്തിന്റെ കുരുക്കുകളെക്കുറിച്ചു മാത്രം പറഞ്ഞാൽ പോരാ; നിയമം ദുർബലമാവുകയാണെങ്കിൽ സ്ത്രീകൾ നിയമം കയ്യിലെടുക്കുന്ന കാലം വരും; അത് അവരെക്കൊണ്ടു ചെയ്യിക്കരുതെന്ന മുന്നറിയിപ്പുമായി സുഗതകുമാരി; ആ തെറി വിളിക്കുന്ന പെൺകുട്ടി ഒരു സ്ത്രീയാണോ എന്നുപോലും തോന്നിപ്പോയി എന്ന് പിസി ജോർജും; വിജയ് പി നായരെ തുറന്നുകാട്ടിയ ഭാഗ്യലക്ഷ്മിയും മിടുക്കികളായ മറ്റു രണ്ടു പെൺകുട്ടികളും ഏറ്റുവാങ്ങിയത് കൂടുതലും കൈയടി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി സുഗതകുമാരിയും. ഭാഗ്യലക്ഷ്മിക്കും മിടുക്കികളായ മറ്റു രണ്ടു പെൺകുട്ടികൾക്കുമൊപ്പമാണ് കേരളത്തിലെ സ്ത്രീകളെല്ലാവരും തന്നെ. പക്ഷേ നിയമം ചെയ്യുന്നത് എന്താണ്? അവർക്കെതിരെ ജാമ്യം കിട്ടാത്ത, കഠിനതടവു വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിരിക്കുന്നു. നീചപ്രവൃത്തി ചെയ്തയാൾക്കെതിരെ ജാമ്യം കിട്ടാവുന്ന കേസും. ഞങ്ങൾ സ്ത്രീകൾക്കു മനസ്സിലാകുന്നില്ല. ഇതെന്താണ്? ഇതെന്തു നിയമമാണ്? നീതിയുടെ ഭാഗത്താണു ഭാഗ്യലക്ഷ്മിയും കൂട്ടുകാരികളും നിൽക്കുന്നത്. അവർക്കൊപ്പമാണു ഞങ്ങളും-സുഗതകുമാരി പറയുന്നു. സമാന അഭിപ്രായങ്ങളാണ് വിജയ് പി നായർക്കെതിരെ ഉയരുന്നത്.

നിയമത്തിന്റെ കുരുക്കുകളെക്കുറിച്ചു മാത്രം പറഞ്ഞാൽ പോരാ. നിയമം ദുർബലമാവുകയാണെങ്കിൽ സ്ത്രീകൾ നിയമം കയ്യിലെടുക്കുന്ന കാലം വരും. അത് അവരെക്കൊണ്ടു ചെയ്യിക്കരുത്. അതിശക്തമായി നിയമം നടപ്പാക്കണം. സ്ത്രീകൾക്കു വേണ്ട സംരക്ഷണം നൽകുക എന്നതാണു ഭരണകൂടത്തിന്റെ കടമ. എല്ലാ അവഹേളനവും പീഡനവും ഏറ്റുവാങ്ങി സ്ത്രീകൾ സർവംസഹകളായി, നിശ്ശബ്ദരായി ഇരിക്കുന്ന കാലം എന്നേ കഴിഞ്ഞിരിക്കുന്നു. അതു മനസ്സിലായില്ലേ. അവരെക്കൊണ്ടു തിരിച്ചടിപ്പിക്കരുത്. നിയമത്തിന്റെ കാർക്കശ്യം കുറേക്കൂടി കുറ്റവാളികൾ അനുഭവിച്ചേ മതിയാകൂ. സ്ത്രീകളുടെ വശത്തു നിൽക്കാൻ പൊലീസും സർക്കാരും നിയമവും എല്ലാം തന്നെ ബാധ്യസ്ഥമാണ്. ഇപ്പോൾ നടന്ന ഈ സംഭവം സമൂഹത്തിന്റെ കണ്ണു തുറപ്പിക്കട്ടെ! കുഞ്ഞുങ്ങളേ, ഞാൻ നിങ്ങൾക്കൊപ്പമുണ്ട്.-സുഗതകുമാരി പറയുന്നു.

സ്ത്രീകൾക്കെതിരായിട്ടുള്ള ഒരുതരത്തിലുള്ള അക്രമവും പ്രോത്സാഹിപ്പിക്കുന്ന സർക്കാരല്ല നിലവിലുള്ളതെന്ന് മന്ത്രി കെ.കെ.ശൈലജ വിശദീകരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചാൽ സർക്കാർ ഒരിക്കലും നോക്കിനിൽക്കില്ലെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. യൂ ട്യൂബിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയവർക്കെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഫേസ്‌ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

എന്നാസ് വിജയ് പി.നായരെ ഭാഗ്യലക്ഷ്മിയും മറ്റ് രണ്ടുപേരും വീട്ടിൽ കയറി കയ്യേറ്റം ചെയ്ത സംഭവത്തിൽ സ്ത്രീകളെടുത്ത നിലപാടിനെ കടന്നാക്രമിച്ച് പി.സി.ജോർജ് എംഎൽഎ രംഗത്തു വന്നു. മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ പങ്കെടുക്കുമ്പോഴാണ് സംഭവത്തെ കുറിച്ച് അദ്ദേഹത്തിന്റെ വിമർശനം. ആ വാക്കുകളിങ്ങനെ: 'ഇതു കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. ഇതാണോ ഫെമിനിസം, ഇതാണോ സ്ത്രീത്വം. വിജയ് നായർ എന്ന പൊട്ടൻ പറഞ്ഞത് ഒട്ടും ശരിയല്ല. ഇത്രമോശം ഭാഷയിൽ ഒരു സ്ത്രീയെയും പറയരുതെന്നാണ് എന്റെ പക്ഷം. ഇവരുപോയി അവന് രണ്ട് അടികൊടുത്തിട്ട് ഇറങ്ങി വന്നിരുന്നെങ്കിലും ഇത്ര പ്രശ്‌നമില്ലായിരുന്നു. ഇത് അതാണോ ചെയ്‌തേ. ചൊറിയണം കൊണ്ട് മുണ്ടിനടിയിൽ ഇടുക, മഷി ഒഴിക്കുക, കേട്ടാലറയ്ക്കുന്ന തെറി വിളിക്കുക. അതിൽ ആ തെറി വിളിക്കുന്ന പെൺകുട്ടി ഒരു സ്ത്രീയാണോ എന്നുപോലും തോന്നിപ്പോയി. അത്രമാത്രം കേട്ടാലറയ്ക്കുന്ന തെറിവിളി. ഇതാണോ ഫെമിനിസം. ഇങ്ങനെയാണോ സ്ത്രീത്വം. ഈ പറയുന്നവർ ആംബുലൻസിൽ പെൺകുട്ടിയെ പീഡിപ്പിച്ചപ്പോൾ എവിടെയായിരുന്നു. അപ്പോൾ ഇതെല്ലാം േപരുണ്ടാക്കാനുള്ള വേലയാണ്.' പി.സി.ജോർജ് പറഞ്ഞു.

അനുകൂലിച്ച് ആലപ്പി അഷ്‌റഫ്

സാംസ്‌കാരിക നായകന്മാരോട് ഒരു വാക്ക്...അപമാനഭാരം കൊണ്ട് ഒരു പെൺകുട്ടി ആത്മഹത്യ ചെയ്ത ശേഷമല്ല നിങ്ങൾ മുതല കണ്ണീരൊഴുക്കേണ്ടത്...പതിറ്റാണ്ടുകൾക്ക് മുൻപ്... ഞാൻ പി.ജെ. ആന്റണിക്കും ജയനുമൊക്കെ വേണ്ടി ഡബ്ബിങ് ആരംഭിച്ച കാലത്ത് ഒരു പാവടയും ഉടുപ്പും ധരിപ്പിച്ച് നല്ലത് പോലെ അണിയിച്ചൊരുക്കി കൊച്ച് മിടുക്കി പെൺകുട്ടിയെ അവളുടെ വല്യമ്മ കൈപിടിച്ച് ഡബ്ബിങ് തിയറ്ററിലേക്ക് കൊണ്ടുവരുന്നത് ഞാനിന്നും ഓർക്കുന്നു...

സിനിമയിലെ കുട്ടികൾക്ക് ശബ്ദം നൽകാനായിരുന്നു അവളെ അവിടെ കൊണ്ടുവന്നിരുന്നത് . പിന്നീടവൾ വളർന്ന് പാവടയും ഹാഫ് സാരിയുമായി അപ്പോഴും വല്യമ്മ അവളെ ചേർത്ത് പിടിച്ചിരുന്നു. അന്നത്തെ കാലത്ത് ഒരു സിനിമയിൽ ഡബ്ബിങ് സമയത്ത് നിരവധി കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുക്കാൻ വേണ്ടി ഒരു കൂട്ടം ആൾക്കാർ തിയറ്ററിൽ ഉണ്ടാകും.. സിനിമയിലെ എല്ലാ നല്ലതും ചീത്തയുമായ ന്യൂസുകളും ആ കൂട്ടം അവിടെ ചർച്ച ചെയ്യപ്പെടാറുണ്ട്. എന്നാൽ അവരിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി ആ വല്യമ്മയും ആ കുട്ടിയും മാറിയിരിക്കുന്നത് ഞാൻ ഇന്നും ഓർക്കുന്നു.

വളരെ അച്ചടക്കത്തോടെയും മാന്യമായ പെരുമാറ്റത്തിലൂടെയും എന്നെ അന്ന് ആകർഷിച്ച ആ പെൺകുട്ടിയാണ് പിന്നീട് ഫുൾ സാരിയിൽ വന്ന് ശബ്ദ കലയിൽ വിസ്മയം തീർത്ത ഭാഗ്യലക്ഷമി. സിനിമാരംഗത്ത് വലിയ തറവാടുകളിൽ നിന്നെത്തിയ നിരവധി പെൺകുട്ടികൾ വഴി തെറ്റി യാത്ര ചെയ്യുന്ന കാലത്തും അനാഥയായി കഷ്ടപ്പാടിലൂടെ വളർന്ന ആ കുട്ടി വളരെ അച്ചടക്കത്തോടെയും കഠിനാദ്ധ്വാനത്തിലൂടെയും ഒരു പേരുദോഷവും കേൾപ്പിക്കാതെ ജിവിക്കുന്നത് നേരിൽകണ്ടിട്ടുള്ള സത്യം ഞാനിവിടെ സാക്ഷ്യപ്പെടുത്തുന്നു.

ഭാഗ്യലക്ഷമിയെക്കുറിച്ച് ഒരു മോശമായ അഭിപ്രായവും എവിടെയും കേട്ടിട്ടില്ല എന്നത് സത്യമാണ്.

പിന്നീട് അവരുടെ ദാമ്പത്യം തകർന്നപ്പോൾ... അവരിൽ പല സ്വാഭാവിക മാറ്റങ്ങളും സംഭവിച്ചതായ് അറിഞ്ഞു, അതവരുടെ സ്വകാര്യത. കഴുത കരഞ്ഞു തീർക്കുന്നത് പോലെ ഇവിടെ സോഷ്യൽ മീഡിയയിൽ ഭാഗ്യലക്ഷ്മിക്കെതിരെ രണ്ടു പേരെത്തി... സോഷ്യൽ മീഡിയയിലുടെ സ്ത്രീകളെ അപമാനിക്കുന്നവർ.

ആദ്യം സഹപ്രവർത്തകയെ വാക്കുകൾ കൊണ്ട് വായ് മൂടിക്കെട്ടി അപമാനിക്കാൻ ശ്രമിക്കുന്ന ശാന്തി വിള. വ്യക്തിപരമായി ജീവിതത്തിലെ വിഴിപ്പ് പൊതുവേദിയിൽ അലക്കാൻ ശ്രമിച്ചു അവരെ അപമാനിക്കാൻ നോക്കുന്നു.. പരസ്പര ബഹുമാനമെന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് ശാന്തിവിള ദിനേശിനും എനിക്കും ഒരുപോലെ ബാധകമാണ്.

ശാന്തിവിള ദിനേശ് അവരെ പറ്റി പറഞ്ഞതൊക്കെ ഒരിക്കലും ആർക്കും യോജിക്കാൻ പറ്റാത്ത ആരോപണങ്ങളാണ്. അദ്ദേഹത്തെ ചൊടിപ്പിച്ചത് രാമലീല എന്ന സിനിമ തിയറ്ററിൽ പോയി കാണില്ല എന്നു ഒരു ചാനലിൽ പറഞ്ഞതാണ്, ആ സിനിമയിൽ രാധികക്ക് ശബ്ദം നല്കിയതാണ് അവർ ചെയ്ത അപരാധം.. അതവരുടെ തൊഴിലാണ് രാധികയുടെ സ്ഥിരമായ ശബ്ദം അവവരുടെതുമാണ് . തിയറ്ററിൽ പോയി പടം കാണുന്നത് അവരുടെ സ്വാതന്ത്ര്യവുമാണ്. അത് പോലെ തന്നെ അവരുടെ കുടുബജിവിതവും അവരുടെ സ്വകാര്യതയാണ്.

അവർ വേർപിരിഞ്ഞ ഭർത്താവിനെ കുറിച്ച് ഒന്നും പറയാൻ പാടില്ലായിരുന്നു എഴുതാൻ പാടില്ലായിരുന്നു, കണ്ടു പഠിക്കാൻ ഉദാഹരണവും നിർദ്ദേശവും ശാന്തിവിള നല്കി. എന്നാൽ ആ നിർദ്ദേശത്തിലുമുണ്ട് പക്ഷപാതം. കുടുബമുള്ളവരെ പ്രേമിക്കുന്നതിനെ പറ്റിയുള്ള പരാമർശത്തിൽ ഈ ഉദാഹരണം ഒരിക്കലും യോജിക്കില്ലല്ലോ. വിവാഹബന്ധം വേർപ്പെടുത്തിയാൽ പിന്നെ സ്ത്രീ ശബ്ദിക്കരുത് ..

അവളുടെ മുൻ ഭർത്താവ് മറുപടി പറയാത്തത് അവളുടെ കുറ്റമല്ലല്ലോ.. ഇനി അങ്ങനെയെങ്കിൽ മുൻ ചലച്ചിത്ര നായിക അവതരിപ്പിക്കുന്ന 'കഥയല്ലിത് ജിവിതം' നിരോധിക്കേണ്ടി വരുമല്ലോ സുഹൃത്തേ. ശാന്തി വിളയിൽ നിന്നും പ്രചോദനം കൊണ്ട് ഡോസ് കൂട്ടി ഇല്ലാകഥയുമായ് മറ്റൊരുത്തൻ....

ഒരു വിധത്തിലും സഹിക്കാൻ പറ്റാത്ത വാക്കുകൾ... അവിടെയും ഒരിര ഭാഗ്യലക്ഷ്മി. ഇതിങ്ങിനെ പോയാൽ ആർക്കും കേറിമേയാവുന്ന പേരായ് മാറിയേനെ ഭാഗ്യലക്ഷ്മി ...

അവിടെയാണ് പെണ്ണ് എന്താണന്ന് കാട്ടി ഭാഗ്യലഷ്മി രംഗത്ത് വന്നത്. നിയമവും നീതിയും നോക്കുകുത്തിയായിടത്ത് ഒരു പെണ്ണ് എങ്ങനെയായിരിക്കണമെന്ന് നമുക്കവൾ കാട്ടി തന്നു..

പിന്നീട് കണ്ടത്. മനഃശാസ്ത്രജ്ഞൻ മനസ്സു തുറന്നു .... കവിളിൽ അടിയുടെ അടയാളവുമായ് കൈകൂപ്പി അവളോട് കെഞ്ചേണ്ടി വന്നു.. ഇനി ഏതായാലും തമിഴ്‌നാട്ടിലെ ഡോക്ടറേറ്റിനെ കുറിച്ചും അന്വേഷണം കഴിഞ്ഞറിയാം അയാളുടെ കാര്യം കട്ടപ്പുകയാകുമോ എന്ന്. യൂട്യൂബിൽ സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന ചാനലുകൾ,

മതങ്ങളെ അക്ഷേപിക്കുന്ന ചാനലുകൾ അസഹനീയമായ് വളർന്നു കഴിഞ്ഞിരിക്കുന്നു.. ഇവിടെ നിയമം വെറും നോക്കുകുത്തി. ഒരു കർശന ശുദ്ധികരണം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട സമയം എന്നേ കഴിഞ്ഞു.

ഭാഗ്യലക്ഷ്മിയോട് ഒരു വാക്ക്, സംഭവത്തിലെ എല്ലാ രീതിയോടും നിങ്ങളോട് യോജിപ്പുണ്ടെന്നു ഞാൻ പറയുന്നില്ല .. എന്നാൽ നിങ്ങൾ കാണിച്ച ആ തന്റേടം... നട്ടെല്ലുള്ള ഒരാണിനും വിയോജിക്കാൻ പറ്റില്ല ... അവന് അമ്മയും സഹോദരിയും ഭാര്യയും മകളും ഉണ്ടെങ്കിൽ...ഇവിടെ ഭാഗ്യലക്ഷ്മിയുടെ സ്ഥാനത്ത്,നമ്മുടെ സ്വന്തം സഹോദരി ആണ് എന്ന് വിചാരിച്ചാൽ മതി...ഇതൊക്കെ തന്നെയാണ് ശരി എന്നും തോന്നും.അങ്ങനെയാകുമ്പോൾ....'സ്വന്തം സഹോദരിയോടൊപ്പം ' അതേ... ഭാഗ്യലക്ഷ്മിമാരോടൊപ്പം നമുക്ക്അണിചേരാം...

ഹേമന്ദ് മേനോന്റെ കുറിപ്പ് വായിക്കാം:

ഞാനും ഒരു മകനാണ്. സ്ത്രീ സമൂഹത്തെ തന്നെ ഹീനമായി അപലപിക്കുന്ന ഒരു പ്രവണത നമ്മുടെ നാട്ടിൽ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. പേരെടുത്തു പറയാതെ ഒരു വ്യക്തിയെ അപമാനിച്ചാൽ അതാരാണെന്ന് മനസിലാക്കി ആസ്വദിക്കാനും,ഇങ്ങനെ പുലഭ്യം പറയുന്നവരുടെ വാക്ക് കേട്ട് വികാരം കൊള്ളാനും നിൽക്കുന്ന ഓരോരുത്തരോടും ആണ്-

നിങ്ങളുടെ അമ്മയും സഹോദരിയും മുത്തശ്ശിയും എല്ലാം ഇങ്ങനെ മാധ്യമങ്ങളിലൂടെ വലിച്ചിഴക്കപ്പെട്ടാൽ നിങ്ങൾ ആസ്വദിക്കുമോ അതോ അവനെ വീട്ടിൽ പോയി തല്ലുമോ ?

എന്റെ കാര്യം പറയാം ഞാൻ തല്ലും , അവരെ കൊണ്ട് തല്ലിക്കുകയും ചെയ്യും.

ഇത് അധികാരം കൈയിൽ എടുക്കുന്നതും അല്ല നീതിന്യായ വ്യവസ്ഥിതിയോടുള്ള ബഹുമാനക്കുറവും അല്ല. ഇങ്ങനെ ഉള്ളവർക്കു ശിക്ഷ കിട്ടാൻ ഉള്ള നിയമങ്ങൾ ഇവിടെ ഉണ്ടൊ എന്ന് ചോദിച്ചാൽ ഞാൻ കണ്ടിട്ടില്ല ഒരു ശക്തമായ ശിക്ഷ. ഇനി ഒരുത്തനും ചെയ്യാൻ ധൈര്യപ്പെടാത്ത ശിക്ഷ ഇല്ലാത്ത പക്ഷം നീതി ലഭിക്കും വരെ നീറി ജീവിക്കുന്നതിലും ഭേദം പ്രതികരിക്കുന്നത് തന്നെ ആണ് എന്ന് വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ.

ഇന്നലെ ഭാഗ്യലക്ഷ്മി എന്ന ഒരു പക്ഷേ എന്റെ അമ്മയോളം പ്രായം വരുന്ന ഒരു വ്യക്തിയെ കുറിച്ചു പറഞ്ഞതൊക്കെ കേട്ടിട്ട് രോഷം അടക്കാനാവാതെ ഞാൻ നവമാധ്യമങ്ങളിൽ നോക്കിയപ്പോ കണ്ടത് ഈ ഫെമിനിസ്റ്റുകൾ എവിടെ ആയിരുന്നു ? ആ കേസിൽ, ഈ കേസിൽ ? ഭാഗ്യലക്ഷ്മി അയാളുടെ അമ്മ എന്ന് പ്രതിപാദിച്ചു കൊണ്ട് സംസാരിച്ചു! ഈ ഫെമിനിസ്റ്റുകൾ എന്തുകൊണ്ട് സാധാരണ സ്ത്രീകളുടെ ആവശ്യങ്ങൾക്ക് വേണ്ടി പ്രതികരിക്കാതെ ഇപ്പോ ഇറങ്ങി ? എന്നൊക്കെ ആണ്.

എനിക്ക് ഒന്നേ ചോദിക്കാനുള്ളു നിങ്ങളുടെ അമ്മ പെങ്ങന്മാർക്ക് ഇങ്ങനെ നേരിടേണ്ടി വന്നാലും ഇതാവുമോ നിങ്ങളുടെ പ്രതികരണം ? ഇനി എന്റെ വീട്ടിലെ പെണ്ണുങ്ങൾ അടങ്ങി വീട്ടിൽ ഇരിക്കും , ഇറങ്ങി നടന്നു ജോലി ചെയ്തു ജീവിച്ചു പറയിപ്പിക്കില്ല എന്നാണെങ്കിൽ അങ്ങനെ പറയുന്നവർക്ക് എന്റെ നടുവിരൽ നമസ്‌കാരം.

ഇങ്ങനെ സംസാരിക്കാൻ ആർക്കെങ്കിലും ധൈര്യം വരുമ്പോൾ നിങ്ങൾക്ക് അഭിമാനിക്കാം, നിങ്ങളാണ് അവന്റെ ധൈര്യം. പ്രതികരണ ശേഷി ഉള്ള സമൂഹം തന്നെ ആണ് നമുക്കു വേണ്ടത്. അത് സ്ത്രീ ആയാൽ ഫെമിനിച്ചി പുരുഷൻ ആയാൽ അവൻ സൂപ്പർ ഹീറോ. നിയമങ്ങളും നമ്മളും ചിന്താഗതികളും ഇനിയും മാറിയില്ലെങ്കിൽ നിയമം വീണ്ടും കൈയിലെടുക്കപ്പെടുമ്പോൾ മോശമായിപ്പോയി എന്ന് പറയാൻ നിൽക്കരുത്.

മന്ത്രി കെകെ ശൈലജയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം...

സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ കേസെടുത്തതായി പൊലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. സ്ത്രീകളെ അപമാനിച്ച് വിജയ് പി നായർ എന്നയാൾ യൂട്യൂബ് ചാനലിൽ വീഡിയോ പോസ്റ്റ് ചെയ്തതായി കാണിച്ച് സിറ്റി സൈബർ സെല്ലിന് ലഭിച്ച പരാതി പ്രാഥമിക അന്വേഷണത്തിനുശേഷം കേസ് രജിസ്റ്റർ ചെയ്യുന്നതിനായി മ്യൂസിയം പൊലീസിന് കൈമാറുകയും ചെയ്തതായി പൊലീസ് അറിയിച്ചിട്ടുണ്ട്. വിജയ് പി നായർക്കെതിരെ ഐ.പി.സി. സെക്ഷൻ 509 പ്രകാരവും, കെ.പി. ആക്ട് സെക്ഷൻ 120 പ്രകാരവുമാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

26ന് 07.30 മണിക്ക് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതിക്കാരികൾ നേരിട്ടെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജയ് പി നായർക്ക് എതിരെ ഐ.പി.സി സെക്ഷൻ 354 പ്രകാരവും തമ്പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങളിൽ പൊലീസിന് ലഭിച്ച പരാതിയുടേയും മൊഴികളുടേയും അടിസ്ഥാനത്തിൽ നിയമാനുസൃതം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് അറിയിച്ചിട്ടുണ്ട്. ഈ കേസുകളിൽ കൂടുതൽ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കുന്നതാണ്. കൂടാതെ യൂട്യൂബ് ചാനലിലൂടെ ശാന്തിവിള ദിനേശ് എന്നയാൾ അപകീർത്തിപ്പെടുത്തിയതായി കാണിച്ചുള്ള പരാതിയിന്മേൽ ഹൈടെക് സെൽ അന്വേഷണം നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശാന്തിവിള ദിനേശിനെതിരെ മ്യൂസിയം പൊലീസ് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

സ്ത്രീകൾക്കെതിരായിട്ടുള്ള ഒരുതരത്തിലുള്ള അക്രമവും പ്രോത്സാഹിപ്പിക്കുന്ന സർക്കാരല്ല നിലവിലുള്ളത്. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചാൽ സർക്കാർ ഒരിക്കലും നോക്കിനിൽക്കില്ല. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്. ഇത്തരത്തിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പോസ്റ്റിടുന്നവരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. അവരുടെ യൂ ട്യൂബ് സസ്‌ക്രൈബ് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്. നമ്മുടെ കുടുംബാംഗങ്ങളെ പറ്റി ആരെങ്കിലും പറഞ്ഞാലുണ്ടാകുന്ന അതേ വേദനയോടെ എല്ലാവരും ഇതെടുക്കണം. ഇത്തരത്തിൽ സ്തീകളെ അപമാനിച്ച് പണം കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങളെ സർക്കാർ ഒരു തരത്തിലും അനുവദിക്കില്ല. ഇത്തരം ആൾക്കാർക്കെതിരെ പൊതുസമൂഹമാകെ മുന്നോട്ട് വരേണ്ടതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP