Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ഞുങ്ങളല്ലേ... അവർക്കിതൊക്കെ മനസ്സിലാവുന്ന പ്രായമാണോ? പത്രത്തിൽ എന്തെങ്കിലും വാർത്ത വന്നാലുടൻ അവർ ഓടിയെത്തി പോകരുതേ മാഷേയെന്ന് കേഴും; കുറച്ചുനാൾ കൂടി സ്‌കൂളിലുണ്ടാകുമെന്ന് അവരെ ആശ്വസിപ്പിക്കും; കരഞ്ഞുകാലുപിടിച്ച് കുട്ടികൾ തടഞ്ഞ ഭഗവാൻ മാഷിന്റെ സ്ഥലംമാറ്റം അടുത്ത മാസം നടപ്പാക്കുമ്പോൾ എങ്ങനെ യാത്രപറയുമെന്ന് അറിയാതെ തമിഴ്‌നാട്ടിലെ 'മാണിക്യകല്ല്'

കുഞ്ഞുങ്ങളല്ലേ... അവർക്കിതൊക്കെ മനസ്സിലാവുന്ന പ്രായമാണോ? പത്രത്തിൽ എന്തെങ്കിലും വാർത്ത വന്നാലുടൻ അവർ ഓടിയെത്തി പോകരുതേ മാഷേയെന്ന് കേഴും; കുറച്ചുനാൾ കൂടി സ്‌കൂളിലുണ്ടാകുമെന്ന് അവരെ ആശ്വസിപ്പിക്കും; കരഞ്ഞുകാലുപിടിച്ച് കുട്ടികൾ തടഞ്ഞ ഭഗവാൻ മാഷിന്റെ സ്ഥലംമാറ്റം അടുത്ത മാസം നടപ്പാക്കുമ്പോൾ എങ്ങനെ യാത്രപറയുമെന്ന് അറിയാതെ തമിഴ്‌നാട്ടിലെ 'മാണിക്യകല്ല്'

മറുനാടൻ മലയാളി ബ്യൂറോ

തിരുവള്ളൂർ: ഭഗവാൻ മാഷിനെ ആരുമറന്നാലും വെളിയകരം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾ മറക്കില്ല. മാഷിനെ കഴിഞ്ഞ മാസം സ്ഥലം മാറ്റിയപ്പോൾ കുട്ടികൾ കരഞ്ഞുവിളിച്ച് തടഞ്ഞത് ഓർമയില്ലേ? ദേശീയ മാധ്യമങ്ങളിലും സംഭവം വാർത്തയായി. ജൂൺ 21 നായിരുന്നു ആ സംഭവം. സ്‌നേഹം കൊണ്ടൊരു മതിൽ തീർത്ത് കുട്ടികൾ തടഞ്ഞ ഭഗവാൻ മാഷ് ആകെ ധർമസങ്കടത്തിലാണ്. സ്ഥലംമാറ്റ ഉത്തരവ് തൽക്കാലം അധികൃതർ തടഞ്ഞെങ്കിലും സർക്കാർ ഉത്തരവ് അനുസരിച്ചല്ലേ മതിയാവൂ.

വേർപാട് അനിവാര്യമെന്ന കാര്യം കുട്ടികളെ എങ്ങനെ ബോധ്യപ്പെടുത്തുമെന്ന് അറിയാതെ വിഷമിക്കുകയാണ് മാഷ്. സെപ്റ്റംബറില അർദ്ധവാർഷിക പരീക്ഷയ്ക്ക് ശേഷം അടുത്തുള്ള തിരുട്ടാണി് അരുങ്കുളം സ്‌കൂളിലേക്ക് മാറണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. തിരുട്ടാണി സ്‌കൂളിലെ കുട്ടികൾക്കും തന്റെ സഹായം ആവശ്യമാണെന്ന കാര്യം കുട്ടികളെ പറഞ്ഞുമനസ്സിലാക്കുകയാണ് മാഷ്. എന്നാൽ, കുഞ്ഞുങ്ങളല്ലേ. അവർക്കിതെങ്ങനെ മനസ്സിലാകാനാണ്? അവരെ സംബന്ധിച്ചിടത്തോളം വേർപാട് അതീവദുഃഖകരമാണ്. സ്ഥലംമാറ്റം സംബന്ധിച്ച എന്തെങ്കിലും വാർത്ത വന്നാലുടൻ കുട്ടികൾ ഓടിയെത്തും. അപ്പോൾ ഞാനവരെ ആശ്വസിപ്പിക്കും. കുറച്ചുനാൾ കൂടി ഞാൻ ഇവിടെയുണ്ടാകുമെന്ന്. ഏതായാലും സെപ്റ്റംബറിൽ പരീക്ഷകൾക്ക് ശേഷം ഭഗവാൻ മാഷിന് സ്‌കൂൾ മാറേണ്ടി വരും.

ജില്ലാ അധികൃതർ ഇതുവരെ ഭഗവാൻ മാഷിനെ ബന്ധപ്പെട്ടിട്ടില്ലെങ്കിലും ശമ്പളം ഇപ്പോൾ വരുന്നത് അറുങ്കുളം സ്‌കൂളിൽ നിന്നാണ്. ജൂൺ 21 വെ സംഭവം ഇപ്പോഴും മാഷിന്റെ മനസ്സിൽ വലിയൊരു മുറിപ്പാടുപോലെയാണ്. കുട്ടികൾ കരഞ്ഞുകാലുപിടിച്ച സംഭവം മാഷിനെ വല്ലാതെ ഉലച്ചു. ഭഗവാൻ മാഷിന്റെ സ്ഥലംമാറ്റം മാത്രമായി റദ്ദാക്കിയാൽ അത് തെറ്റായ കീഴ് വഴക്കമാകുമെന്നതുകൊണ്ട് തന്നെ അധികൃതർക്ക് ഇളവ് നൽകാനും കഴിയില്ല.

പൃഥ്വിരാജ് അഭിനയിച്ച് മലയാളത്തിലെ പ്രേക്ഷകഹൃദയം നേടിയ മലയാള സിനിമ 'മാണിക്യക്കല്ലിലെ' വിനയചന്ദ്രൻ മാഷിനെ ഉപമിക്കുന്ന വിധമാണ് ഭാഗവാൻ മാഷിന്റെ ജീവിതം. ഇരുളടഞ്ഞ ഒരു സ്‌കൂളിനെ പ്രകാശഭരിതമാക്കിയ വ്യക്തി. ഒരുപാട് കുട്ടികളുടെ ജീവിതത്തിന് അർഥം പകർന്ന വ്യക്തിത്വം എന്നിവയെല്ലാം ഈ അദ്ധ്യാപകന്റെ ഗുണങ്ങളാണ്. 1980 ൽ ആരംഭിച്ച സ്‌കൂളിലെ കുട്ടികൾ ഇതുവരെ പറയത്തവിധത്തിലുള്ള സ്ഥാനങ്ങളിലൊന്നും എത്തിച്ചേർന്നിട്ടില്ല. ആ സാഹചര്യമല്ല വീടുകളിൽ ഉണ്ടായിരുന്നത് എന്നത് തന്നെയാണ് പ്രധാന കാരണം.

തമിഴ്‌നാടിന്റെ ഉൾനാടൻ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന പല തരത്തിലുള്ള വിവേചനത്തിന്റേയും അറിവില്ലായ്മകളുടേയും നടുവിലേക്കാണ് 2014-ൽ ആണ് ഭഗവാൻ അദ്യാപകനായി എത്തുന്നത്. ഒരു ഘട്ടത്തിൽ നാനൂറ്റി അൻപതിലധികം കുട്ടികളുണ്ടായിരുന്ന സ്‌കൂളിൽ ഭഗവാൻ മാഷ് അദ്ധ്യാപകനായി എത്തുമ്പോൾ 265 കുട്ടികൾ മാത്രം. അതിലും ഏറിയ പങ്ക് പത്താം ക്ലാസിലാണ്. അടുത്ത വർഷം സ്‌കൂൾ കൂടുതൽ പ്രതിസന്ധിയിലാകും എന്ന് ചുരുക്കം. മുൻപുള്ള വർഷം കുട്ടികളുടെ എണ്ണം 282 ആയിരുന്നു. അതിനു മുന്നത്തെ വർഷത്തേക്കാൾ കുറവ്. തമിഴ്‌നാട്ടിൽ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം 30:1 ആണ്. കുട്ടികൾ കുറഞ്ഞതുകൊണ്ടാണ് ജി.ഭഗവാൻ എന്ന പ്രിയപ്പെട്ട അദ്ധ്യാപകന് സ്ഥലം മാറി പോകേണ്ടിവന്നതെന്നും ചുരുക്കം.

വെളിയകരം സ്‌കൂളിൽ ഇംഗ്ലീഷ് അദ്യാപകനായി വന്നിരുന്ന 24കാരനായ ഭഗവാൻ മാഷ് പാഠപുസ്തകങ്ങളെ ചാങ്ങാതിമാരായി കാണാൻ കുട്ടികളെ പ്രേരിപ്പിച്ചു. പാഠ പുസ്‌കത്തിന് പുറത്തേക്കുള്ള ലോകത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി. വിദ്യാഭ്യാസം പത്താം ക്ലാസുവരെ കൊണ്ടു നടക്കേണ്ട വെറും ചടങ്ങു മാത്രമായിക്കണ്ടിരുന്ന സാധാരണക്കാരായ കുട്ടികളുടെ മനസ്സിൽ പ്രതീക്ഷകളുടെ പുതിയ ലോകത്തെ വരച്ചിട്ടു. അവരുടെ രക്ഷിതാക്കൾക്ക് ഊർജ്ജം പകർന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും സഹപ്രവർത്തരുമെല്ലാമായി നല്ല വ്യക്തി ബന്ധം സൂക്ഷിച്ചു. അതിന്റെ ഫലം കണ്ടു.

ഭഗവാന്മാഷിനെ പോലെ വിദ്യാർത്ഥി സ്‌നേഹത്തിന്റെ മധുരവും സ്വാദും ഇത്രയേറെയറിഞ്ഞ ഒരധ്യാപകൻ ഒരു പക്ഷെ മറ്റൊരാളുണ്ടാവില്ല. ഭഗവാന്മാഷിനെയല്ലാതെ മറ്റൊരധ്യാപകനെ തമിഴ്‌നാട്ടിലെ വെളിയകരം സർക്കാർ ഹൈസ്‌കൂളിലെ വിദ്യാർത്ഥികളും സഹപ്രവർത്തകരും ഇത്രയേറെ സ്‌നേഹിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെയാണ് പെട്ടന്നുള്ള അദ്ദേഹത്തിന്റെ സ്ഥലം മാറ്റ ഉത്തരവ് കുട്ടികളേയും സഹപ്രവർത്തകരേയും അത്രയധികം വേദനിപ്പിച്ചത്.

സ്ഥലം മാറി പോവുമ്പോൾ അദ്ധ്യാപകനെ കെട്ടിപ്പിടിച്ച്, സമരം ചെയ്ത് സ്ഥലം മാറ്റം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ ഇവിടെയുള്ള വിദ്യാർത്ഥികൾക്ക് സാധിച്ചതും. വിദ്യാർത്ഥി പ്രതിഷേധം ഉയർന്നതോടെ അദ്ധ്യാപകന്റെ സ്ഥലമാറ്റ ഉത്തരവ് എം എൽ എ ഇടപെട്ട് സ്റ്റേ ചെയ്യുകയായിരുന്നു. കഴിഞ്ഞ ഒന്നു രണ്ട് ദിവസത്തിനുള്ളിൽ രാജ്യമെമ്പാടുമാണ് ഭഗവാൻ മാഷിന്റെ സ്ഥലം മാറ്റത്തെക്കുറിച്ചും വെളിയകരം സ്‌കൂളിനെക്കുറിച്ചും ചർച്ച ചെയ്തത്. കാരണം വെളികരം സ്‌കൂളുകാർക്ക് ഭഗവാൻ മാഷ് വെറും അദ്ധ്യാപകൻ മാത്രമായിരുന്നില്ല, അച്ഛനും ചേട്ടനും സുഹൃത്തുമൊക്കെയായിരുന്നു.

നിസ്വാർഥസേവനവുമായി ഈ അദ്ധ്യാപകൻ വന്നതോടെ 2014 ൽ സ്‌കൂളിലെ പത്താംക്ലാസ് വിജയശതമാനം 86 ശതമാനമായിരുന്നു. ഇംഗ്ലീഷിൽ 89 ശതമാനം. 2015 ൽ സ്‌കൂൾ 93 ശതമാനം വിജയം നേടിയപ്പോൾ പരീക്ഷയെഴുതിയ മുഴുവൻപേരും ഇംഗ്ലീഷിൽ വിജയിച്ചു. 2016 ൽ സ്‌കൂളിൽ 89 ശതമാനം വിജയം, ഇംഗ്ലീഷിന് 93 ശതമാനം. ഈ വർഷം സ്‌കൂൾ 82 ശതമാനം വിജയം നേടി. എന്നാൽ ഭഗവാൻ ഇംഗ്ലീഷ് പഠിപ്പിച്ച മുഴുവൻ കുട്ടികളും വിജയിച്ചു 100 ശതമാനം വിജയം. ങ്ങനെ അഭിമാനം പണം കൊടുത്ത് വാങ്ങാൻ കഴിയാത്ത അടിസ്ഥാന വർഗത്തിന്റെ മക്കൾ പഠിക്കുന്ന സ്‌കൂളിൽ ഇംഗ്ലീഷ് നന്നായി പഠിപ്പിക്കുന്ന അദ്ധ്യാപകൻ എത്തിയപ്പോൾ അയാൾ ഹീറോ ആയി. ഒരേ സമയം കുട്ടികൾക്കും രക്ഷിതാക്കൾക്കും.

ഇതിനിടയിൽ സ്‌കൂളിൽ മറ്റൊരു പ്രധാനപ്പെട്ട മാറ്റവുമുണ്ടായി. പുതിയ ഹെഡ്‌മാസ്റ്റർ വന്നു. ഗ്രാമത്തിൽ ജോലി ചെയ്യാൻ താൽപര്യമുണ്ടെന്ന് വിദ്യഭ്യാസ വകുപ്പിനെ അറിയിച്ച് സ്വമേധയാ എത്തിയ എ. അരവിന്ദൻ. പി.ടി.എ യോഗം വിളിക്കുമ്പോൾ മിക്ക രക്ഷിതാക്കളും വയലിൽ പണിയെടുക്കുകയായിരിക്കും. അതുകൊണ്ട് അവരെയെല്ലാം വീടുകളിൽ പോയിക്കണ്ട്, കുട്ടികളുടെ ഭാവിയെക്കുറിച്ചും പഠനത്തെക്കുറിച്ചുമെല്ലാം സംസാരിച്ച് അവർ ബോധ്യപ്പെടുത്തി. വെളിയകരം വിട്ട് ഇതുവരേ പുറത്തു പോയിട്ടില്ലാത്ത കുട്ടികളേയും കൂട്ടി ചെന്നൈ നഗരം ചുറ്റി, ശ്രീഹരിക്കോട്ട കാണിച്ച് കൊടുത്ത്, പ്ലാനറ്റോറിയത്തിലെ വിസ്മയങ്ങൾ കുട്ടികൾക്ക് പകർന്നു. അന്ന് വരെ പരിചയമില്ലായിരുന്ന മത്സര പരീക്ഷകൾ എഴുതിച്ചു. സ്‌കൂളിൽ നാടകങ്ങൾ അരങ്ങിലേറി, പുസ്തകങ്ങൾ വായിക്കാൻ സംവിധാനമൊരുക്കി, സ്‌കൂളിന്റെ വാർഷികാഘോഷം കേമമാക്കി നടത്തി. സർക്കാർ സ്‌കൂളിനെ ജനകീയമാക്കാൻ ഈ അദ്ധ്യാപകൻ സാധിച്ചു.

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി അവർ രാത്രികാല ക്ലാസുകളും നടത്തി. രാത്രി എട്ടു മണിവരെ. അവർക്ക് പരീക്ഷാ സഹായിയും ഭക്ഷണവും നൽകി. ഒടുവിൽ പറഞ്ഞ കാര്യങ്ങൾ കേരളത്തിലുള്ളവർക്ക് അത്ര അതിശയോക്തി കാണില്ല. കാരണം കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകളിൽ ഇത് സർവ്വ സാധാരണമാണല്ലൊ. പക്ഷേ തമിഴ്‌നാട്ടിൽ അങ്ങനെയല്ല. ഭൂരിഭാഗം അദ്ധ്യാപകർക്കും സർക്കാരിനുമൊന്നും ഇത്തരം കാര്യങ്ങളിൽ വലിയ താൽപര്യമൊന്നുമില്ല. അതുകൊണ്ടുകൂടിയാണ് വെളിയകരം സ്‌കൂൾ വ്യത്യസ്തമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP