Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

'ബെക്‌സ് കൃഷ്ണന് ഒരു ജീവിതമുണ്ട്, കുടുംബമുണ്ട്; മനുഷ്യൻ മനുഷ്യനെയാണല്ലോ സ്നേഹിക്കേണ്ടത്; ഉപകാരം ചെയ്യേണ്ടത്; പണം നൽകിയത് ജനുവരിയിൽ'; ബെക്സ് വീടണയുമ്പോൾ നിറഞ്ഞ മനസോടെ എംഎ യൂസഫലി

'ബെക്‌സ് കൃഷ്ണന് ഒരു ജീവിതമുണ്ട്, കുടുംബമുണ്ട്; മനുഷ്യൻ മനുഷ്യനെയാണല്ലോ സ്നേഹിക്കേണ്ടത്; ഉപകാരം ചെയ്യേണ്ടത്; പണം നൽകിയത് ജനുവരിയിൽ'; ബെക്സ് വീടണയുമ്പോൾ നിറഞ്ഞ മനസോടെ എംഎ യൂസഫലി

ന്യൂസ് ഡെസ്‌ക്‌

ദുബായ്: നിയമക്കുരിക്കിൽപ്പെട്ട് മരണത്തിന്റെ വക്കിൽ നിന്നുശേഷം നീതിയുടെ കാരുണ്യത്താൽ പുതുജീവിതത്തിലേക്ക് നടന്നുതുടങ്ങിയ ബെക്സ് കൃഷ്ണൻ വീടണയുമ്പോൾ മനസ്സ് നിറയുന്നത് വ്യവസായിയായ എംഎ യൂസഫലിയുടേത് കൂടിയാണ്. ജീവിതത്തിനും മരണത്തിനുമിടയിൽ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും അനിശ്ചിതത്വത്തിനും പൂർണ്ണ വിരാമമിട്ട് ബെക്സ് കൃഷ്ണൻ കുടുംബത്തിനൊപ്പം ചേരുമ്പോൾ മനുഷ്യസ്നേഹത്തിനാണ് ഏറ്റവും വലിയ മൂല്യമെന്ന് ഒരിക്കൽകൂടി ഓർമപ്പെടുത്തുകയാണ് യൂസഫലി.

'അദ്ദേഹം ഒരു ജീവനാണ്. അവർക്ക് ഒരു കുടുംബമാണ്. പണമല്ല വലുത്, ചിലപ്പോൾ പണം കൊടുത്താലും ജീവൻ തിരികെ കിട്ടിയില്ലെന്ന് വരാം. ദിയാധനം കെട്ടിവച്ചാൽ അദ്ദേഹത്തിന് രക്ഷപ്പെടാൻ കഴിയുമെന്ന സാധ്യത ഉള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. മനുഷ്യൻ മനുഷ്യനെയാണല്ലോ സ്നേഹിക്കേണ്ടത്, മനുഷ്യൻ മനുഷ്യനാണല്ലോ ഉപകാരം ചെയ്യേണ്ടത്. ആ നിലയ്ക്കാണ് പണം കൊടുത്തുവിട്ടത്. എന്നാൽ നടപടി ക്രമങ്ങൾ പൂർത്തിയാവാൻ സമയമെടുത്തുവെന്നേ ഉള്ളൂ'എന്നും യൂസഫലി പറയുന്നു.

യൂസഫലിയുടെ സഹായത്തിൽ വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട് തൃശൂർ സ്വദേശിയായ ബെക്സ് കൃഷ്ണൻ കഴിഞ്ഞ ദിവസമാണ് നാടണഞ്ഞത്. ചൊവ്വാഴ്ച രാത്രി 8.20 ന് അബുദാബിയിൽ നിന്നും പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 1.45 ന് കൊച്ചിയിലെത്തിയ ഇത്തിഹാദ് വിമാനത്തിലാണ് ബെക്‌സ് ജനിച്ച മണ്ണിലേക്ക് മടങ്ങിയെത്തിയത്.മകൻ അദ്വൈതും ഭാര്യ വീണയും വിമാനത്താവളത്തിൽ കൃഷ്ണനെ സ്വീകരിക്കാനെത്തിയിരുന്നു.

കൊച്ചിയിൽ നടന്ന ഹെലികോപ്ടർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷമാണ് ബെക്സ് കൃഷ്ണനെ സഹായിക്കാൻ തയ്യാറായതെന്ന പ്രചാരണങ്ങളെ എംഎ യൂസഫലി തള്ളിക്കളഞ്ഞു. അപകടത്തിന് ശേഷമല്ല, എത്രയോ മാസങ്ങൾക്ക് മുൻപ് ഇതിനായുള്ള നടപടികൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ ജനുവരി 4നാണ് കോടതിയിൽ 500000 ദിർഹം കെട്ടിവെച്ചത്. അതിന്റെ റെസീപ്റ്റ് പോലും കൈയിലുണ്ട്. ഒരു പേരിന് വേണ്ടിയല്ല താൻ സഹായം ചെയ്തത്. പേരിന് വേണ്ടിയായിരുന്നെങ്കിൽ ജനുവരിയിൽ തന്നെ ഇക്കാര്യം പുറത്തുവിടേണ്ടതാണല്ലോ എന്നും യൂസുഫലി പറഞ്ഞു.

വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സർവ്വ പ്രതീക്ഷകളും അസ്തമിച്ച് നിൽക്കെയാണ് ലുലുഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ബെക്‌സ് കൃഷ്ണന് രക്ഷകനായി എത്തിയത്. വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച് താൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂർ പുത്തൻച്ചിറ ചെറവട്ട ബെക്സ് കൃഷ്ണന്റെ(45) വധശിക്ഷ യൂസഫലിയുടെ ഇടപെടലിൽ ഒഴിവായത്. അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചകളുടെയും ദിയാധനമായി (യഹീീറ ാീില്യ) 5 ലക്ഷം ദിർഹം (ഒരു കോടി രൂപ) നൽകിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാൻ കോടതി വഴി സാധ്യമായത്.

2012 സെപ്റ്റംബർ 7-നായിരുന്നു അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബെക്സിന്റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തിൽ സുഡാൻ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്സ് കൃഷ്ണനെതിരായി കുറ്റപത്രം സമർപ്പിച്ചു. സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യു.എ.ഇ. സുപ്രീം കോടതി 2013-ൽ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്.

അബുദാബി അൽ വത്ബ ജയിലിൽ കഴിഞ്ഞിരുന്ന ബെക്സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങൾ ഒന്നും ഫലവത്താകാതെ സർവ്വപ്രതീക്ഷകളും തകർന്ന സമയത്താണ് ബന്ധു സേതു വഴി എം.എ.യൂസഫലിയോട് മോചനത്തിനായി ഇടപെടാൻ കുടുംബം അഭ്യർത്ഥിച്ചത്. കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചർച്ചകൾ നടത്തുകയും കാര്യങ്ങൾ പറഞ്ഞ് അവരെ ബോധ്യപ്പെടുത്താനായതുമാണ് മോചനത്തിലേക്കുള്ള വഴി തെളിഞ്ഞത്. ഒരവസരത്തിൽ ഇതിനായി സുഡാനിൽ നിന്നും കുടുംബാംഗങ്ങളെ അബുദാബിയിൽ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്.

വർഷങ്ങൾ നീണ്ട നിരന്തര ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കു ശേഷം മാപ്പ് നൽകാമെന്ന് ബാലന്റെ കുടുംബം കോടതിയിൽ അറിയിച്ചതിനെ തുടർന്നാണ് ബെക്സിന്റെ കാരഗ്രഹ വാസത്തിന് വിരാമമാകുന്നത്. നഷ്ടപരിഹാരമായി കോടതി 5 ലക്ഷം ദിർഹം ആവശ്യപ്പെട്ടപ്പോൾ യൂസഫലി തന്നെ അത് കഴിഞ്ഞ ജനുവരിയിൽ കോടതിയിൽ കെട്ടിവെക്കുകയാണുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP