Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ബവ്ക്യൂ ആപ്പ് ബിവറേജസ് കോർപ്പറേഷന് ആപ്പാകുന്നു; ബാറുകൾ കോടികൾ കൊയ്യുമ്പോൾ ബിവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റുകളിൽ ദാരിദ്യം; ശരാശരി 35കോടിരൂപ നിത്യവരുമാനമുണ്ടായിരുന്നിടത്ത് ഇപ്പോൾ കഷ്ടിച്ച് വരുന്നത് ഏഴു കോടി മാത്രം; ഇങ്ങനെ പോയാൽ കെഎസ്ആർടിസിയുടെ ​ഗതിയെന്നും മുന്നറിയിപ്പ്

ബവ്ക്യൂ ആപ്പ് ബിവറേജസ് കോർപ്പറേഷന് ആപ്പാകുന്നു; ബാറുകൾ കോടികൾ കൊയ്യുമ്പോൾ ബിവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റുകളിൽ ദാരിദ്യം; ശരാശരി 35കോടിരൂപ നിത്യവരുമാനമുണ്ടായിരുന്നിടത്ത് ഇപ്പോൾ കഷ്ടിച്ച് വരുന്നത് ഏഴു കോടി മാത്രം; ഇങ്ങനെ പോയാൽ കെഎസ്ആർടിസിയുടെ ​ഗതിയെന്നും മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബവ്ക്യൂ ആപ്പ് ബിവറേജസ് കോർപ്പറേഷന് ആപ്പാകുന്നു. പുതിയ ഭരണ പരിഷ്കാരത്തിലൂടെ ബാറുകൾ നേട്ടം കൊയ്യുമ്പോൾ ബിവറേജസ് കോർപ്പറേഷൻ വഴിയുള്ള മദ്യവിൽപ്പന കുത്തനെകുറഞ്ഞു. ശരാശരി 35കോടിരൂപ നിത്യവരുമാനമുണ്ടായിരുന്നിടത്ത് ഇപ്പോൾ ആറ്‌-ഏഴ് കോടിരൂപ മാത്രമാണ് കച്ചവടം. ഈ സ്ഥിതി തുടർന്നാൽ ബിവറേജസ് കോർപ്പറേഷനും കെഎസ്ആർടിസിയുടെ ​ഗതിയാകും എന്ന് കാട്ടി ജീവനക്കാർ രം​ഗത്ത് വന്നെങ്കിലും ഫലമുണ്ടായില്ല. ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ പരിമിതിയുണ്ട്, പ്രശ്നം പരിഹരിക്കും എന്നുമാണ് ബിവറേജസ് കോർപ്പറേഷൻ എംഡി സ്പർജൻ കുമാർ പറയുന്നത്.

270 ഷോപ്പുകളാണ് കോർപ്പറേഷനുള്ളത്. ഇതിൽ 265 എണ്ണമാണ് പ്രവർത്തിക്കുന്നത്. അതിൽ മിക്കതും നഷ്ടത്തിലായി. ശരാശരി 11ലക്ഷംരൂപയുടെ വിൽപ്പനയുണ്ടെങ്കിലേ ഒരുഷോപ്പ് ലാഭത്തിലാവൂ. മിക്ക ഷോപ്പിലും വിൽപ്പന രണ്ടു-മൂന്നുലക്ഷം രൂപയുടേതു മാത്രമാണ്.‘ആപ്പ്’ വന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് ജീവനക്കാരുടെപക്ഷം. ഉപഭോക്താവിന് ഇഷ്ടമുള്ള കടയും സമയവും സാധനവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അതോടെ നഷ്ടപ്പെട്ടു.

കോർപ്പറേഷന്റെ ഉപഭോക്താക്കളിൽ മിക്കവരും സാധാരണക്കാരാണ്. അവരിൽ പലർക്കും സ്മാർട്ട് ഫോൺ ഉപയോഗിക്കാനറിയില്ല. അതോടെ വൈകുന്നേരം ജോലി കഴിഞ്ഞുമടങ്ങുമ്പോൾ മദ്യംവാങ്ങുന്നപതിവു മുടങ്ങി. ആപ്പിലൂടെ ബുക്ക് ചെയ്യുമ്പോൾ സമയംകിട്ടുന്നത് മിക്കവാറും ഉച്ചയ്ക്ക് ഒരുമണിക്കുമുമ്പാണ്. മറ്റുസമയത്ത് വെറുതേയിരിക്കുകയാണെന്നാണ് ഒരുജീവനക്കാരൻ പറഞ്ഞത്. ബിവറേജസ് കോർപ്പറേഷന് വിൽപ്പനയുടെ 20 ശതമാനമാണ് ലഭിക്കുന്നത്. ഇതിലൂടെയാണ് ശമ്പളവും കടവാടകയുമുൾപ്പെടെ നൽകിയിരുന്നത്. വരുമാനം കുറഞ്ഞെങ്കിലും മേൽപ്പറഞ്ഞവയൊന്നുംകുറഞ്ഞില്ല. ഇതാണ് കോർപ്പറേഷൻ നഷ്ടത്തിലേക്കുകൂപ്പുകുത്താൻ കാരണമാകുന്നത്.

ബവ്കോ ആപ്പ് ബറുകളുടെ വിൽപ്പനയിൽ വൻ കുതിപ്പാണുണ്ടാക്കിയത്. കഴിഞ്ഞ മാസം ബിവറേജസ് കോർഡപ്പറേഷന്റെ വിൽപ്പനശാലകൾ വഴി 380 കോടിയുടെ വിൽപ്പനയാണ് നടന്നത്. എന്നാൽ വെയർഹൗസിൽ നിന്നും ബാറുകൾ വഴി 766 കോടിയുടെ മദ്യം വിറ്റു. ഈ നില തുടർന്നാൽ ബെവ്കോയ്ക്ക് കെസ്ആർടിസിയുടെ സ്ഥിതിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ സംഘടന എംഡിക്ക് കത്തയച്ചത്. ബിവറേജസ് കോർപ്പറേഷന്റെ വിൽപ്പനശാലകളിൽ ജീവനക്കാർക്ക് മറ്റ് സർക്കാർ സ്ഥാപനങ്ങളിലേത് പോലെ കോവിഡ് കാല പരിഗണനയില്ല.

രാവിലെ 9 മുതൽ വൈകിട്ട് 5 വരെ എല്ലാ ജിവനക്കാരും പ്രവർത്തിക്കണം. ഒരാൾക്ക് കോവിഡ് വന്നാൽ മുഴുവൻ തൊഴിലാളികളും നിരീക്ഷണത്തൽ പോകേണ്ട സാഹചര്യമാണുള്ളത്. പകുതി ജീവനക്കാരെ വീതം ഒന്നിടവിട്ട ദിവസങ്ങളിൽ നിയോഗിച്ച് ഈ പ്രശ്നം പരിഹരിക്കണെന്നും ആവശ്യമുയരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP