Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൊടുപുഴയിൽ ബുക്ക് ചെയ്താൽ ടോക്കൺ കിട്ടുക ചെറുതോണിയിൽ; എരുമേലിക്കാർക്ക് പൊൻകുന്നത്തും പൊൻകുന്നത്തുകാർക്ക് എരുമേലിയും; വിദേശത്തു നിന്നും മൊബൈൽ വാങ്ങിയവർ ഇന്ത്യക്കാരല്ലെന്ന് ബെവ്ക്യൂ; ഒരുമിച്ചു ബുക്കിങ് എത്തിയാൽ തകരാറാകും; ആപ്പ് തകരാറിലായതോടെ ബാറുകളിൽ പോയി ബ്ലാക്കിൽ സാധനം സംഘടിപ്പിക്കുന്നവരും നിരവധി; ചൊവ്വാഴ്‌ച്ചയോടെ എല്ലാം ശരിയാകുമെന്ന് ഫെയർകോഡ് അധികൃതർ; അടിമുടി തകരാറുകളാണെങ്കിലും ഗൂഗിൾ പ്ലേയിൽ ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്യുന്ന ആപ്പായി ബെവ് ക്യൂ

തൊടുപുഴയിൽ ബുക്ക് ചെയ്താൽ ടോക്കൺ കിട്ടുക ചെറുതോണിയിൽ; എരുമേലിക്കാർക്ക് പൊൻകുന്നത്തും പൊൻകുന്നത്തുകാർക്ക് എരുമേലിയും; വിദേശത്തു നിന്നും മൊബൈൽ വാങ്ങിയവർ ഇന്ത്യക്കാരല്ലെന്ന് ബെവ്ക്യൂ; ഒരുമിച്ചു ബുക്കിങ് എത്തിയാൽ തകരാറാകും; ആപ്പ് തകരാറിലായതോടെ ബാറുകളിൽ പോയി ബ്ലാക്കിൽ സാധനം സംഘടിപ്പിക്കുന്നവരും നിരവധി; ചൊവ്വാഴ്‌ച്ചയോടെ എല്ലാം ശരിയാകുമെന്ന് ഫെയർകോഡ് അധികൃതർ; അടിമുടി തകരാറുകളാണെങ്കിലും ഗൂഗിൾ പ്ലേയിൽ ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്യുന്ന ആപ്പായി ബെവ് ക്യൂ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബെവ് ക്യൂ ആപ്പ് കേരളത്തിലെ മദ്യപരെ ശരിക്കും വട്ടംചുറ്റിക്കുകയാണ്. മിക്കവരുടെയും മൊബൈൽ ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിലും അതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലാത്ത ആവസ്ഥയാണ് നിലവിലുള്ളത്. ഇടക്കിടെ ബുക്കിങ് സ്വീകരിക്കുന്ന അവസ്ഥയാണുള്ളത്. അതുസമയം കൂടുതൽ ബുക്കിങ് വന്നാൽസ്വീകരിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇത് മാത്രമാല്ല, പിൻകോഡ് വച്ചാണ് ബുക്കിങ് സ്വീകരിക്കുന്നതെങ്കിലും പലർക്കും വളരെ അകലെയാണ് ടോക്കൺ കിട്ടുന്നതും. തൊടുപുഴയിൽ ബുക്കു ചെയ്താല് ചെറുതോണിയിൽ പോകേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്. എരുമേലിയിൽ ഇന്നലെ മദ്യം ബുക്ക് ചെയ്തവർക്ക് കിട്ടിയത് പൊൻകുന്നത്താണ്. ഇങ്ങനെ ബെവ്ക്യൂ ആപ്പിൽ അടിമുടി തകരാറാണ് സംഭവിച്ചിരിക്കുന്നത്.

ഇന്നലെ ഒളിഞ്ഞും തെളിഞ്ഞുമാണ് ബുക്കിങ് സ്വീകരിച്ച് ടോക്കൺ നൽകിയത്. 4.5 ലക്ഷം പേർക്ക് ടോക്കൺ നൽകിയെന്നാണ് വാദം. എന്നാൽ, ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. ബുക്കിങ് ആരംഭിക്കുന്ന സമയം മുൻകൂട്ടി പ്രഖ്യാപിക്കുമെങ്കിലും ആ സമയത്ത് ആപ്പ് പ്രവർത്തിക്കില്ല. തിരക്കുകാരണം ആപ്പ് തകരാറിലാകുന്നത് തടയാനാണ് ഈ ഒളിച്ചുകളി. ബുക്കിങ് തുടങ്ങുന്ന സമയം നേരത്തേ അറിയിച്ചാൽ ലക്ഷക്കണക്കിനുപേർ ഒരുമിച്ച് ബുക്ക് ചെയ്യാൻ ശ്രമിക്കും. അത് താങ്ങാനുള്ള ശേഷി ആപ്പിനില്ല. ഞായർ സമ്പൂർണ ലോക്ഡൗണും തിങ്കളാഴ്ച ൈഡ്ര ഡേയും ആയതിനാൽ ഈ ദിവസങ്ങളിൽ മദ്യവിൽപ്പന ഉണ്ടായിരിക്കില്ല. ശനിയാഴ്ചകൂടി തരണംചെയ്താൽ ആപ്പിന്റെ തകരാറുകൾ പരിഹരിക്കാൻ രണ്ടുദിവസം കിട്ടും. ഇതിനുള്ള ശ്രമത്തിലാണ് ഫെയർകോഡ് കമ്പനി.

ബാറിലും ബിവറേജസിലും ഒരുപോലെ ബുക്കിങ് നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുമ്പോഴും തിരക്ക് ബാറിൽത്തന്നെ. ബാറിൽനിന്ന് മദ്യം കിട്ടും. ഭൂരിഭാഗം ബാറുകളിലും ടോക്കണില്ലാതെ മദ്യം നൽകുന്നതായി എക്‌സൈസിന് പരാതി ലഭിച്ചിട്ടുണ്ട്. എന്നാൽ, നടപടി സ്വീകരിച്ചിട്ടില്ല. ബാറുകൾക്ക് ടോക്കൺ പട്ടിക ശനിയാഴ്ച മുതൽ ബിവറേജസ് ആസ്ഥാനത്തുനിന്ന് ഇ-മെയിലിൽ നൽകി. ടോക്കണുകൾ സ്‌കാൻ ചെയ്യാനുള്ള മൊബൈൽ ആപ്പ് സജ്ജമാകാത്തതിനെ തുടർന്നാണ് പുതിയ സംവിധാനം നടപ്പാക്കിയത്. മദ്യം വാങ്ങാനെത്തുന്നവർ കാണിക്കുന്ന ടോക്കൺ ഈ പട്ടികയുമായി ഒത്തുനോക്കി മദ്യം നൽകാനാണു നിർദ്ദേശം. ഇതു ചെയ്യേണ്ടത് ബാർ ജീവനക്കാരാണ്. ടോക്കണില്ലാത്തവർക്കും പല ബാറുകളിലും മദ്യം നൽകുന്നുണ്ട്. ഇതു കണ്ടെത്താനുള്ള സാധ്യത വിരളമാണ്.

ബാറുകളിലെ മദ്യശേഖരത്തെക്കുറിച്ച് എക്‌സൈസിന് യാതൊരു തിട്ടവുമില്ല. മദ്യം പുറത്തെത്തും. ടോക്കണില്ലാതെ വിൽക്കപ്പെടും. ബാർ ജീവനക്കാരെ ഉപയോഗിച്ച് അനധികൃത മദ്യക്കച്ചവടം നടത്തുന്ന ബാറുകളുമുണ്ട്. ശനിയാഴ്ച വൈകുന്നേരം അഞ്ചുവരെയാണ് മദ്യവിൽപ്പന അനുവദിച്ചിട്ടുള്ളത്. എന്നാൽ, പല ബാറുകളിലും അതിനുശേഷവും കച്ചവടം നടന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി 10 മുതൽ 35 വരെ ശതമാനം മദ്യത്തിന്റെമേൽ നികുതി കൂട്ടിയിരുന്നു. ബാറുകളിൽ വിൽപ്പനയ്ക്കുള്ള മദ്യത്തിൽ പഴയ ലേബലാണ് പതിച്ചിട്ടുള്ളത്. പുതിയ നികുതിഘടന പ്രാബല്യത്തിൽ വരുമ്പോൾ ഇതിനെക്കാൾ വില ഉയരും. ലേബലിനെക്കാൾ വിലകൂട്ടി വാങ്ങി എന്നാരോപിച്ച് പല സ്ഥലത്തും തർക്കമുണ്ടായിരുന്നു.

നൽകിയ ടോക്കണെ ചൊല്ലിയും തകരാറുകളുടെ ബഹളമായിരുന്നു. പരിശോധിച്ചുറപ്പിക്കാനുള്ള ക്യുആർ കോഡ് സ്‌കാനിങ് സംവിധാനം മൂന്നാം ദിവസവും മദ്യശാലകൾക്കു നൽകാൻ കഴിയാതെ വന്നതോടെ ടോക്കൺ എടുത്തവരുടെ ലിസ്റ്റ് കടകൾക്ക് അയച്ചുകൊടുത്തു താൽക്കാലിക പരിഹാരം കണ്ടു. മദ്യം വാങ്ങാനെത്തുന്നവർ ലിസ്റ്റിലുണ്ടോയെന്നു പരിശോധിക്കണമെന്നായിരുന്നു നിർദ്ദേശം. തൊട്ടടുത്ത് മദ്യശാലയുണ്ടായിട്ടും കിലോമീറ്ററുകൾക്കപ്പുറത്തുള്ള കടകളിൽ ടോക്കൺ ലഭിക്കുന്നുവെന്ന പരാതി ശരിവച്ച് ഫെയർകോഡ് കമ്പനി. ആപ്പിന്റെ തുടക്കത്തിൽ പിൻകോഡിനടുത്തുള്ള കടയാണു തിരഞ്ഞിരുന്നതെങ്കിൽ ഇപ്പോഴതിന്റെ വ്യാപ്തി 20 കിലോമീറ്ററാക്കി വർധിപ്പിച്ചു. ചില കടകളിൽ ആവശ്യത്തിനു ടോക്കൺ ലഭിക്കാത്തതുകൊണ്ടാണ് ഈ നീക്കമെന്നാണ് വിശദീകരണം.

ദൂരം വർധിക്കുന്നതിനാൽ ടോക്കൺ എടുത്ത പലരും മദ്യം വാങ്ങാനെത്തുന്നില്ല. ഏകദേശം 400 ടോക്കണാണ് ഒരു ഔട്ലെറ്റിലേക്കു നൽകുന്നത്. എന്നാൽ തകരാർ മൂലം 2 ബാറുകളിൽ 800 ടോക്കൺ വന്നതായി സൂചനയുണ്ട്. ഒരു മണിക്കൂറിൽ 50 ടോക്കണുകളാണ് ഒരു മദ്യശാലയിൽ രജിസ്റ്റർ ആകുന്നത്. ടോക്കൺ എടുക്കാനുള്ള സമയക്രമം പല തരത്തിൽ മാറ്റുന്നത് ലോഡ് ക്രമീകരിക്കാനാണെന്നാണ് കമ്പനിയുടെ വാദം. സംസ്ഥാനത്തെ പ്രതിരോധ സേനയുടെ കന്റീനുകളിൽ ഇന്നലെ മുതൽ മദ്യം വിൽക്കാൻ സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും കന്റീനുകൾ തുറന്നില്ല. മദ്യവിൽപന പുനരാരംഭിക്കുന്ന ചൊവ്വാഴ്ചയേ ഇനി ഇവ പ്രവർത്തിക്കൂ.

അതേസമയം തല്ലിപ്പൊളി ആപ്പാണെങ്കിലും ഗൂഗിൾ ഇൻഡക്സ് ചെയ്തതിന് പിന്നാലെ ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറിൽ ട്രെൻഡിങ്ങിലെത്തി. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്യുന്ന ആപ്പുകളുടെ പട്ടികയിലാണ് ബെവ് ക്യു ഇടം പിടിച്ചത്. ഇപ്പോൾ മൂന്നാം സ്ഥാനത്താണ് ബെവ് ക്യൂ. മൂന്ന് ദിവസം മുമ്പ് ഗൂഗിൾ പ്ലേയിൽ ലോഞ്ച് ചെയ്ത ആപ്പ് ഇന്നാണ് ഗൂഗിൾ ഇൻഡെക്സ് ചെയ്തത്. ഇതേതുടർന്ന് ബെവ് ക്യൂ എന്ന് തിരയുമ്പോൾ ആപ്പ് ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങി. നേരത്തേ, ആപ്പിന്റെ ഗ്ലൂഗിൾ പ്ലേ ലിങ്കോ എപികെയോ ഉണ്ടെങ്കിലേ ഡൗൺലോഡ് ചെയ്യാൻ പറ്റുമായിരുന്നുള്ളൂ.

തുടക്കത്തിൽ ഏറെ വിമർശനം നേരിട്ടുവെങ്കിലും മലയാളികൾ ബെവ് ക്യൂവിനെ ഏറ്റെടുത്തുവെന്നതിന്റെ സൂചനയാണ് പ്ലേ സ്റ്റോറിലെ ട്രെൻഡിങ്. കേരളത്തിൽ മദ്യവിതരണത്തിനുള്ള ടോക്കൺ നൽകുന്നതിനുള്ള ഏക ആപ്പാണ് ബെവ് ക്യൂ. ഗൂഗിൾ പ്ലേയിൽ നിന്നും ഇതുവരെ ആപ്പ് 14 ലക്ഷത്തിലേറെ പേർ ഡൗൺലോഡ് ചെയ്തുവെന്ന് നേരത്തെ നിർമ്മാതാക്കളായ ഫെയർകോഡ് ടെക്നോളജീസ് അധികൃതർ പറഞ്ഞിരുന്നു. ആപ്പ് വഴിയും എസ് എം എസ് സൗകര്യത്തിലൂടെയും 27 ലക്ഷം പേരാണ് ടോക്കൺ എടുക്കുന്നതിനായി ബെവ് ക്യൂ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അവർ പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ്-19 നിർവ്യാപനത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിച്ച് ബിവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റുകൾ വഴിയും ബാറുകളിൽ നിന്നും മദ്യ വിതരണം നടത്തുന്നതിന് സർക്കാർ ഏർപ്പെടുത്തിയ വെർച്വൽ ക്യൂ ആപ്പാണ് ബെവ് ക്യൂ. ധാരാളം പേർ ഒരേ സമയം ആപ്പ് ഡൗൺലോഡ് ചെയ്ത് ടോക്കൺ എടുക്കാൻ ശ്രമിച്ചപ്പോൾ ഒടിപി അടങ്ങിയ എസ് എം എസ് അയക്കുന്നതിൽ വന്ന പാളിച്ചയാണ് ഉപഭോക്താവിന് ടോക്കൺ ജനറേറ്റ് ചെയ്യാൻ കഴിയാതെ പോയത്. ബൾക്ക് എസ് എം എസ് സേവന ദാതാവിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് ഇതിന് കാരണമായതെന്ന് ഫെയർകോഡ് ടെക്നോളജീസ് വിശദീകരിച്ചിരുന്നു. എന്നാൽ വൻതോതിൽ ആളുകൾ ആപ്പിലേക്ക് എത്തുമെന്ന് തിരിച്ചറിഞ്ഞിട്ടും അത് കൈകാര്യം ചെയ്യാൻ കഴിയുംവിധമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചില്ലെന്ന ആരോപണമാണ് കമ്പനിക്കെതിരെ ഉയർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP