Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ച് മണിക്ക് പ്ലേസ്റ്റോറിൽ എത്തുമെന്ന് അറിയിച്ചിട്ട് ഏഴ് മണിക്കും ബെവ് ക്യൂ വന്നില്ല; എവിടെടാ.. ഞങ്ങളെ ആപ്പ്.. എന്നു ചോദിച്ചു ഫെയർകോഡ് ടെക്നോളജീസിന്റെ ഫേസ്‌ബുക്ക് പേജിൽ മല്ലൂസിന്റെ പൊങ്കാല; അപ്ലിക്കേഷൻ എത്താൻ വൈകുന്നത് ഗൂഗിൾ റിവ്യൂ തുടരുന്നതു കൊണ്ടെന്ന് കമ്പനി അധികൃതർ; എട്ടു മണിക്ക് ലിങ്ക് ലഭ്യമാക്കുമെന്ന് പറഞ്ഞിട്ടും എത്തിയില്ല; നാളത്തേക്കുള്ള ബുക്കിങ് ഇന്ന് രാത്രി 10 മണി വരെ നടത്താനാകുമെന്നും കമ്പനി; ആപ്പ് വൈകിയാൽ നാളത്തെ മദ്യവിതരണവും അവതാളത്തിലാകും; അക്ഷമയോടെ മലയാളികൾ

അഞ്ച് മണിക്ക് പ്ലേസ്റ്റോറിൽ എത്തുമെന്ന് അറിയിച്ചിട്ട് ഏഴ് മണിക്കും ബെവ് ക്യൂ വന്നില്ല; എവിടെടാ.. ഞങ്ങളെ ആപ്പ്.. എന്നു ചോദിച്ചു ഫെയർകോഡ് ടെക്നോളജീസിന്റെ ഫേസ്‌ബുക്ക് പേജിൽ മല്ലൂസിന്റെ പൊങ്കാല; അപ്ലിക്കേഷൻ എത്താൻ വൈകുന്നത് ഗൂഗിൾ റിവ്യൂ തുടരുന്നതു കൊണ്ടെന്ന് കമ്പനി അധികൃതർ; എട്ടു മണിക്ക് ലിങ്ക് ലഭ്യമാക്കുമെന്ന് പറഞ്ഞിട്ടും എത്തിയില്ല; നാളത്തേക്കുള്ള ബുക്കിങ് ഇന്ന് രാത്രി 10 മണി വരെ നടത്താനാകുമെന്നും കമ്പനി; ആപ്പ് വൈകിയാൽ നാളത്തെ മദ്യവിതരണവും അവതാളത്തിലാകും; അക്ഷമയോടെ മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിതരണത്തിനുള്ള ടോക്കൺ ലഭിക്കുന്നതിനായി ഏർപ്പെടുത്തിയ ബെവ് ക്യു ആപ്പ് ഇനിയും പ്ലേസ്റ്റോറിൽ ലഭ്യമായില്ല. വൈകുന്നേരം അഞ്ച് മണിയോടെ പ്ലേസ്റ്റോറിൽ എത്തുമെന്ന് അറിയിച്ച ആപ്പ് ലഭ്യമാകാൻ വൈകിയതോടെ ആക്ഷമരായിരിക്കയാണ് മലയാളികൾ. ഫെയർ കോഡ് ടെക്‌നോളജീസിന്റെ ഫേസ്‌ബുക്ക് പേജിൽ ഇതോടെ മലയാളികൾ പൊങ്കാലയും തുടങ്ങിയിട്ടുണ്ട്. ഏഴു മണിയായിട്ടും ആപ്പ് പ്ലേസ്‌റ്റോറിൽ ലഭ്യമായിട്ടില്ല.

രാത്രി 10മണിക്ക് മുൻപ് ബെവ്ക്യു ആപ് പ്ലേ സ്റ്റോറിൽ ലഭിക്കുമെന്നാണ് ഇപ്പോൾ അധികൃതർ അറിയിക്കുന്നത്. ഗൂഗിൾ റിവ്യൂ തുടരുന്നതിനാൽ ആണ് ആപ്പ് വൈകുന്നത്. എട്ടു മണിയോടെ ബെവ് ക്യൂ ആപ്പ് ലഭിക്കുമെന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. നാളത്തേക്കുള്ള ബുക്കിങ് ഇന്ന് രാത്രി 10 മണി വരെ നടത്താനാകുമെന്നും കമ്പനി അറിയിച്ചു. 464000ടോക്കൺ വരെ ഇന്ന് നൽകാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെ 10 ലക്ഷം എസ്എംഎസ് സർവീസ് പ്രൊവൈഡർക്കു കിട്ടിയിട്ടുണ്ട്. എന്നാൽ ആപ്പ് പ്ലേ സ്റ്റോറിൽ വരാത്തതിനാൽ എസ്എംഎസ് ബുക്കിങ് ആക്റ്റീവ് ആകില്ല.

എസ്എംഎസ് വഴി ബുക്ക് ചെയ്തവർ വീണ്ടും ബുക്ക് ചെയ്യേണ്ടി വരുമെന്നും ഫെയർ കോഡ് ടെക്‌നോളജീസ് അറിയിച്ചു. ആപ്പ് പറഞ്ഞ സമയത്ത് എത്താതിരുന്നതോടെ നിർമ്മാതാക്കളായ ഫെയർ കോഡ് ടെക്‌നോളജീസിന്റെ ഫേസ്‌ബുക്ക് പേജിൽ നിരവധി പേരാണ് ആപ്പ് എത്താത്തത് എന്താണെന്ന ചോദ്യവുമായി എത്തിയത്. ബവ്ക്യൂ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള പ്ലേ സ്റ്റോർ ലിങ്ക് ഇന്നു രാത്രി എട്ടുമണിക്കുള്ളിൽ ലഭ്യമാകുമെന്ന് ഫെയർകോഡ് ടെക്‌നോളജീസ് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.

സർക്കാരിൽ നിന്നുള്ള നിർദ്ദേശപ്രകാരം നാളെ രാവിലെ ആറുമണിക്കുള്ളിൽ ആപ് ജനങ്ങൾക്ക് ലഭ്യമാക്കിയാൽ മതിയാകും. എന്നിരുന്നാലും അവസാന വിലയിരുത്തലുകൾക്കു ശേഷം ഉടൻ തന്നെ ആപ് പ്ലേസ്റ്റോറിൽ ലഭ്യമാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. 'ബീറ്റാ വേർഷൻ ടെസ്റ്റിനിടെ ചോർന്നത് പ്രതിസന്ധിയായിട്ടുണ്ട്. ആപ് സർവീസ് അനുവദിച്ച സമയത്തിനുള്ളിൽ ആക്ടിവേറ്റ് ചെയ്യും. എസ്എംഎസ് ഗേറ്റ് വേ തകരാറിലായെന്ന മട്ടിലുള്ള പ്രചരണത്തിലും വസ്തുതയില്ല. വാട്‌സാപ്പിലൂടെ ഷെയർ ചെയ്ത് ലഭിക്കുന്ന ഫയൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കേണ്ടതില്ല. പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത ആപ്പാണ് ഉപയോഗിക്കേണ്ടത്. ആപ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതോടെ എസ്എംഎസ് ഗേറ്റ് വേയും ആക്ടീവാകും' കമ്പനി അധികൃതർ വിശദീകരിക്കുന്നു.

'എപികെ ഫയൽ ചോർന്നത് കമ്പനിയിൽ നിന്നോ ജീവനക്കാരിൽ നിന്നോ അല്ല. കർശനമായ നിയന്ത്രണമാണ് ഓഫിസിലുള്ളത്. ആപ് ഉപയോഗിക്കുന്നതിനുള്ള യൂസർ മാന്വൽ പുറത്തു വിട്ടതും കമ്പനിയിൽ നിന്നുള്ളവരല്ല. ആപ് പബ്ലിഷ് ചെയ്ത ശേഷം പുറത്തു വിടുന്നതിനായിരുന്നു തീരുമാനം. ഇതിനിടെയാണ് മാന്വൽ പുറത്തായത്. ഇതിലും ജീവനക്കാർ ആരും ഉത്തരവാദികളല്ല' എന്നും ഇവർ പറയുന്നു. നിലവിൽ ബീറ്റ വേർഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്തവർക്ക് ഒടിപി ലവൽ വരെ പ്രവേശിക്കാനാകുന്നുണ്ട്. എസ്എംഎസ് ഗേറ്റ്‌വേ ഡിസേബിൾ ആയതിനാൽ അടുത്ത ലവലിലേയ്ക്ക് എത്താനാകില്ല. അതുപോലെ ബീറ്റ വേർഷനിൽ ടോക്കൺ ആർക്കെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ അസാധുവായിരിക്കുമെന്നും ഫെയർകോഡ് അറിയിച്ചിട്ടുണ്ട്.

നാളെ രാവിലെ ഒമ്പതുമണിക്ക് മദ്യവിൽപന തുടങ്ങുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ രാവിലെ ആറുമണിക്കുള്ളിൽ ആപ് തയാറായാൽ മതിയാകുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളതെന്നാണ് കമ്പനി നിലപാട്. വൈകിട്ട് കൃത്യം 5 മണിക്ക് തന്നെ മദ്യവിൽപ്പന അവസാനിപ്പിച്ച് ബാർ, ബിവറേജസ് കൗണ്ടറുകൾ പൂട്ടും. ബെവ്ക്യു ആപ്ലിക്കേഷൻ വഴി ഓൺലൈൻ ടോക്കൺ സംവിധാനത്തിലൂടെയാണ് മദ്യവിൽപ്പന നടത്തുന്നത്. മദ്യത്തിന്റെ ടോക്കൺ ബുക്കിംഗിനും നിശ്ചിതസമയം ഉണ്ട്. രാവിലെ 6 മണി മുതൽ വൈകിട്ട് 10 മണി വരെയാകും ടോക്കൺ ബുക്കിങ് സംവിധാനം.

ഒരു സമയത്ത് ക്യൂവിൽ അഞ്ച് പേരെ മാത്രമേ അനുവദിക്കൂ. സമയം തെറ്റിച്ച് വരികയോ, ടോക്കൺ കിട്ടാതെ വരികയോ ചെയ്യുന്ന ഒരാൾക്കും ബാർ, ബിവറേജസ്, ബിയർ - വൈൻ പാർലറുകൾ വഴി മദ്യം വിൽക്കില്ലെന്നും ഇത് കർശനമായി നടപ്പാക്കുമെന്നും എക്‌സൈസ് മന്ത്രി വ്യക്തമാക്കി. ഫെയർ കോഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഓൺലൈൻ മദ്യവിൽപ്പനയ്ക്കുള്ള ടോക്കൺ വിതരണത്തിനുള്ള ആപ്ലിക്കേഷൻ വികസിപ്പിച്ചത്. ഇവരെ തെരഞ്ഞെടുത്തത് സുതാര്യമായ പ്രക്രിയയിലൂടെയാണ്. 301 ബവ്‌റിജസ്, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ വഴിയാണ് മദ്യം വിതരണം ചെയ്യേണ്ടത്. ഇതിന് പുറമേ, 576 ബാർ ഹോട്ടലുകൾ വഴിയും (612 എണ്ണത്തിൽ 576 ബാർ ഹോട്ടലുകൾക്കാണ് അനുമതി), 360 ബിയർ - വൈൻ പാർലറുകൾ വഴിയും മദ്യവിൽപ്പന നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP