Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന രാഗിണിയുടെ ആവശ്യം തള്ളി കോടതി; ആവശ്യമെങ്കിൽ ചികിത്സ ജയിലിലെ ആശുപത്രിയിൽ കിട്ടുമെന്നും കോടതിയുടെ നിർദ്ദേശം; രാഗിണിയെ പ്രവേശിപ്പിച്ചത് വി.കെ ശശികല കഴിയുന്ന തൊട്ടടുത്ത സെല്ലിൽ; ലഹരി കേസിൽ അറസ്റ്റിലായത് കന്നടതാരങ്ങൾ ഉൾപ്പടെ പത്ത് പേർ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ലഹരിമരുന്നുകേസിൽ കന്നഡ നടി സഞ്ജന ഗൽറാണിയെ മജിസ്‌ട്രേറ്റ് കോടതി മൂന്നുദിവസത്തേക്കുകൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യംചെയ്യൽ പൂർത്തിയായ നടി രാഗിണി ദ്വിവേദിയെയും കൂട്ടുപ്രതികളായ നാലുപേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനെത്തുടർന്ന് പരപ്പന അഗ്രഹാര ജയിലിലാക്കി. വീഡിയോ കോഫറൻസിങ് വഴിയാണ് ഇവരെ ഹാജരാക്കിയത്.

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നുമുള്ള രാഗിണിയുടെ ആവശ്യം കോടതി തള്ളി. ആവശ്യമെങ്കിൽ ജയിലിലെ ആശുപത്രിയിൽ ചികിത്സതേടാമെന്നും മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. തമിഴ്‌നാട്ടിലെ അനധികൃത സ്വത്തുകേസിൽ തടവ് അനുഭവിക്കുന്ന, അന്തരിച്ച മുന്മുഖ്യമന്ത്രി ജയലളിതയുടെ കൂട്ടുകാരി വി.കെ. ശശികലയുടെ തൊട്ടടുത്ത സെല്ലിലാണ് രാഗിണിയെ പ്രവേശിപ്പിച്ചത്.

Stories you may Like

തുടക്കത്തിൽ സഞ്ജന ഗൽറാണി സഹകരിക്കാത്തതിനാൽ കൂടുതൽ ചോദ്യംചെയ്യേണ്ടതുണ്ടെന്നും ലഹരിപ്പാർട്ടികളിൽ പങ്കെടുത്ത കൂടുതൽപ്പേരെ കണ്ടെത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് ഉദ്യോസ്ഥർ അറിയിച്ചതിനെത്തുടർന്നാണ് പൊലീസ് കസ്റ്റഡി അനുവദിച്ചത്. അഞ്ചുദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി മൂന്നുദിവസമാണ് അനുവദിച്ചത്. ഇന്ദിരാനഗറിലെ വീട്ടിലെ റെയ്ഡിനുശേഷം സെപ്റ്റംബർ എട്ടിനാണ് സഞ്ജന ഗൽറാണി അറസ്റ്റിലായത്. രാഗിണിയെ 12 ദിവസവും സഞ്ജനയെ ഏഴുദിവസവുമാണ് ചോദ്യംചെയ്തത്. കേസിൽ ഇതുവരെ പത്തുപേരാണ് അറസ്റ്റിലായത്.

നടി രാഗിണി ദ്വിവേദി, ബിസിനസുകാരൻ പ്രശാന്ത് രംഗ, ആഫ്രിക്കക്കാരൻ ലോം പെപ്പർ സാംബ, രാഹുൽ ഷെട്ടി, മലയാളി നിയാസ് മുഹമ്മദ് എന്നിവരെയാണ് 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇവരെ പരപ്പന അഗ്രഹാര ജയിലിലാക്കി. ലഹരിമരുന്നിടപാടിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ചുള്ള റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു.

ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചിരുന്ന പ്രൊഡക്ഷൻ കമ്പനി ഉടമ വിരൺ ഖന്ന, രാഗിണിയുടെ സുഹൃത്ത് രവിശങ്കർ എന്നിവരെ ബുധനാഴ്ചവരെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു. ലഹരിപ്പാർട്ടി സംഘടിപ്പിച്ചതിനെക്കുറിച്ച് ഇവരിൽനിന്ന് കൂടുതൽ വിവരം ശേഖരിക്കേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. നടി രാഗിണി ദ്വിവേദി നൽകിയ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. രാഗിണിയെ 28 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

ചോദ്യംചെയ്യുന്നതിന് രാഗിണിയെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടില്ല. അറസ്റ്റിലായശേഷം 11 ദിവസം ഇവരെ പൊലീസ് ചോദ്യംചെയ്തിരുന്നു.രാഗിണിയെ പരപ്പന അഗ്രഹാര ജയിലിലെ വനിതാ ബ്ലോക്കിലെ സെല്ലിൽ പ്രവേശിപ്പിച്ചു. സുരക്ഷ കണക്കിലെടുത്ത് മറ്റു തടവുകാർക്ക് രാഗിണിയെ കാണാൻ അനുവാദമില്ല. രാഗിണിയുടെ കുടുംബാംഗങ്ങൾ കോടതിയിലെത്തിയിരുന്നു. ജയിലിലേക്ക് മാറ്റുന്നതിനുമുമ്പ് രാഗിണി അടക്കമുള്ള പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കു വിധേയരാക്കി. കോവിഡ് ഉൾപ്പെടെ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടർ റിപ്പോർട്ടുനൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP