Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വ്രതമെടുത്ത് ശബരിമലയിൽ പോകുന്ന ബീനയുടെ അച്ഛൻ; എല്ലാ ദൈവങ്ങളും ഒന്നാണെന്നാണ് പിഠിപ്പിച്ച മനോജിന്റെ പട്ടാളക്കാരനായ അച്ഛനും; മുംബൈ ഷോയിലെ എക്‌സ്‌ക്യൂസ് മീ വിളിയിൽ തുടങ്ങിയ ഫോൺ വിളി മതവും ജാതിയും മറന്ന് ഒരുമിച്ചത് കുടുംബങ്ങളുടെ ആശിർവാദത്തോടെ; വിവാഹ മോചന കഥകൾ പലതുണ്ടാക്കിയിട്ടും തകർക്കാനാവാത്ത വിശ്വാസം; സീരിയലിലെ സൂപ്പർതാരം ബീനാ ആന്റണിയുടെ പ്രണയവും തുടങ്ങിയത് ചെറിയ പിണക്കത്തിൽ; 17 കൊല്ലം മുമ്പ് പ്രണയിനിയെ സ്വന്തമാക്കിയ കഥ മനോജ് കുമാർ പറയുമ്പോൾ

വ്രതമെടുത്ത് ശബരിമലയിൽ പോകുന്ന ബീനയുടെ അച്ഛൻ; എല്ലാ ദൈവങ്ങളും ഒന്നാണെന്നാണ് പിഠിപ്പിച്ച മനോജിന്റെ പട്ടാളക്കാരനായ അച്ഛനും; മുംബൈ ഷോയിലെ എക്‌സ്‌ക്യൂസ് മീ വിളിയിൽ തുടങ്ങിയ ഫോൺ വിളി മതവും ജാതിയും മറന്ന് ഒരുമിച്ചത് കുടുംബങ്ങളുടെ ആശിർവാദത്തോടെ; വിവാഹ മോചന കഥകൾ പലതുണ്ടാക്കിയിട്ടും തകർക്കാനാവാത്ത വിശ്വാസം; സീരിയലിലെ സൂപ്പർതാരം ബീനാ ആന്റണിയുടെ പ്രണയവും തുടങ്ങിയത് ചെറിയ പിണക്കത്തിൽ; 17 കൊല്ലം മുമ്പ് പ്രണയിനിയെ സ്വന്തമാക്കിയ കഥ മനോജ് കുമാർ പറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണക്കാലത്ത് ആഘോഷങ്ങൾ വീട്ടിലൊതുക്കി താരദമ്പതികളായ മനോജ് കുമാറിന്റെയും ബീന ആന്റണിയുടെയും 17ാം വിവാഹവാർഷികം ആഘോഷിച്ചു. പ്രതിസന്ധികളിലും അപവാദ പ്രചാരണങ്ങളിലും തളരാത്ത കുടുംബ ജീവിതത്തിന്റെ 17 വർഷം. ഏപ്രിൽ 27നായിരുന്നു ആ ആഘോഷ ദിവസം. ചെറിയ പിണക്കത്തിലൂടെ തുടങ്ങി, സൗഹൃദമായി മാറി, പ്രണയമായി വളർന്ന് വിവാഹത്തിലെത്തിയ ബന്ധം. ആദ്യമായി ബീനയെ കാണുമ്പോൾ അറിയപ്പെടുന്ന മിമിക്ര ആർട്ടിസ്റ്റായിരുന്നു മനോജ് കുമാർ. ബീന മലയാള ടെലിവിഷൻ സീരിയലിലെ സൂപ്പർ താരവും.

രണ്ടു മതത്തിൽപ്പെട്ടവരാണ് ബീനാ ആന്റണിയും മനോജ് കുമാറും. പ്രണയം വിവാഹത്തിലെത്തിക്കാൻ തീരുമാനിച്ചപ്പോൾ വീട്ടുകാരുടെ സമ്മതം വാങ്ങി. മനോജ് കുമാർ ആദ്യം ബീനയുടെ വീട്ടിൽ ചെന്നു സംസാരിച്ചു. അതിന് മുമ്പ് രണ്ടു മൂന്നു തവണ മനോജ് ബീനയുടെ വീട്ടിൽ പോയിട്ടുണ്ട്. വിവാഹത്തിന് എതിർപ്പൊന്നും ബീനയുടെ വീട്ടുകാർ പറഞ്ഞില്ല. അതുകഴിഞ്ഞ് മനോജിന്റെ വീട്ടിൽ കാര്യം അവതരിപ്പിച്ചു. അതേ കുറിച്ച് മനോജ് പറയുന്നത് ഇങ്ങനെ-അവർക്കും ബീനയെ ഇഷ്ടമായിരുന്നു. തികഞ്ഞ മതേതര ചിന്ത പുലർത്തിയരുന്നവരായിരുന്നു ഞങ്ങളുടെ വീട്ടുകാർ. എല്ലാ ദൈവങ്ങളും ഒന്നാണെന്നാണ് പട്ടാളക്കാരനായ എന്റെ അച്ഛൻ ചെറുപ്പത്തിലെ എന്നെ പഠിപ്പിച്ചിരുന്നു. ഏത് ആരാധനാലയം കണ്ടാലും പ്രാർത്ഥിക്കുന്ന ശീലം അദ്ദേഹത്തിൽ നിന്നാണ് എനിക്കു കിട്ടിയത്. വ്രതമെടുത്ത് ശബരിമലയിൽ പോകുന്ന ആളായിരുന്നു ബീനയുടെ അച്ഛനും. അങ്ങനെ അവർ ഒരുമിച്ചു.

മുംബൈയിൽ ഒരു ഷോയാണ് എല്ലാത്തിനും തുടക്കം. മനോജ് കുമാർ പാട്ടും മിമിക്രിയും ബീന ഡാൻസും അവതരിപ്പിക്കാനാണ് എത്തിയത്. ബീനയും അപ്പച്ചനും അവരുടെ ഒരു കുടുംബ സുഹൃത്തിന്റെ കൂടെയായിരുന്നു താമസം. മറ്റുള്ളവർ ഒരു ഹോട്ടലിലും. പ്രോഗ്രാമിന്റെ അന്ന് ബീന എത്താൻ വൈകി. ഇതിന്റെ പേരിൽ മനോജ് കുമാർ പ്രോഗ്രാം കോ ഓഡിനേറ്ററോട് ചൂടാവുകയും ചെയ്തു. അങ്ങനെ ആദ്യ ഏറ്റുമുട്ടൽ അവിടെ തുടങ്ങി. സംഭവത്തെ കുറിച്ച് മനോജ് കുമാർ പറയുന്നത് ഇങ്ങനെ- ''ഇവരിത് എന്തു പണിയാ കാണിക്കുന്നേ ? പരിപാടി വൈകുന്നതു കാരണം ആളുകൾ കൂവുകയാണ്. ബീനയ്ക്ക് എന്താ ജാഡയാണോ'' എന്നൊക്കെയായിരുന്നു ഞാൻ അയാളോടു പറഞ്ഞത്. കുറച്ചു കഴിഞ്ഞപ്പോൾ ബീനയും അപ്പച്ചനും ഓടിപ്പിടിച്ച് എത്തി. ഗതാഗത കുരുക്കിൽപ്പെട്ടതായിരുന്നു. പരിപാടിക്കുശേഷം കോ ഓഡിനേറ്റർമാരിൽ ഒരാളുടെ വീട്ടിലാണ് ഭക്ഷണം ഒരുക്കിയത്. അവിടെ വച്ചാണ് ഞങ്ങൾ ആദ്യമായി സംസാരിക്കുന്നത്.

ഭക്ഷണം കഴിഞ്ഞ് അവിടെ നിൽക്കുമ്പോൾ ബീന 'എക്‌സ്‌ക്യൂസ് മീ' എന്നു പറഞ്ഞ് എന്നെ വിളിച്ചു. 'മനോജ് പാട്ട് നന്നായിരുന്നൂ' എന്ന് അഭിനന്ദിക്കുകയും ചെയ്തു. ബീനയുടെ ഡാൻസ് നന്നായിരുന്നു എന്നു ഞാൻ തിരിച്ചു പറഞ്ഞു. അവിടെ നിന്നു കുറച്ചു നേരം സംസാരിക്കുകയും പരിചയപ്പെടുകയും ചെയ്തു. പിന്നീട് ഒരു കല്യാണ റിസപ്ഷനാണ് ഞങ്ങൾ കാണുന്നത്. എന്റെ ഒരു സുഹൃത്തിന് നാട്ടിലെ ക്ലബിന്റെ പരിപാടിക്ക് ബീനയെ വിളിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷേ കയ്യിൽ ഫണ്ടില്ല, ഒരു സമ്മാനമാണ് കൊടുക്കുന്നത്. ബീനയോട് ഒന്നും സംസാരിക്കാമോ എന്ന് അവൻ എന്നോട് ചോദിച്ചു. 'അതൊന്നും ചോദിക്കാൻ പറ്റില്ല, നാണക്കേടാണ്' എന്നു പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറുകയായിരുന്നു. ബീന ഇതു കാണുകയും സുഹൃത്ത് എന്താണ് പറയുന്നതെന്നു ചോദിക്കുകയും ചെയ്തു. ഞാൻ കാര്യം പറഞ്ഞു. ഡേറ്റ് ചോദിച്ചശേഷം അന്നു ഫ്രീയാണെന്നും വരാമെന്നും ബീന പറഞ്ഞു. പിറ്റേന്ന് ഫണ്ടില്ലെന്ന കാര്യം പറയാനായി ബീനയെ വിളിച്ചെങ്കിലും 'അതു കുഴപ്പമില്ല, ഞാൻ വരാം' എന്നായിരുന്നു മറുപടി.-ഇതോടെ അടുപ്പം തുടങ്ങി. മനോരമയോടാണ് മനോജ് കുമാർ കുടുംബ കഥ പറയുന്നത്.

പരിപാടിയുെട ദിവസം വന്നെത്തി. രാവിലെ ഞാൻ വിളിച്ചപ്പോൾ വയ്യെന്നു പറഞ്ഞ ബീന 'എന്നെ ഒഴിവാക്കാൻ പറ്റുമോ' എന്നു ചോദിച്ചു. ഞാൻ ഞെട്ടി. നേട്ടിസ് അടിക്കലും വിളിച്ചു പറയലും ഒക്കെ കഴിഞ്ഞ് ആളുകൾ കാത്തിരിക്കുകയാണ്. എങ്ങനെയെങ്കിലും വരണമെന്നു ഞാൻ പറഞ്ഞു. ബീന സമ്മതിച്ചു. വീട്ടിൽ ചെന്ന് ബീനയെ കൂട്ടി പ്രോഗ്രാമിന് പുറപ്പെട്ടു. പക്ഷേ, അവിടേക്കുള്ള യാത്രയിൽ ആൾക്ക് തീരെ വയ്യാതായി. ഛർദിച്ച് അവശയായി. ഞാൻ എന്റെ ചെറിയച്ഛനെ വിളിച്ചു. അദ്ദേഹം ഡോക്ടറാണ്. അവിടേക്ക് കൊണ്ടു പോയി. മരുന്നു കഴിച്ച് വിശ്രമിച്ച ശേഷമാണ് പ്രോഗ്രാമിന് പോയത്. ക്ലബിലെ പരിപാടി കഴിഞ്ഞ് ബീനയെ വീട്ടിലാക്കി തിരിച്ചെത്തിയപ്പോൾ എനിക്കും വല്ലാത്ത അസ്വസ്ഥത. തലവേദനയും തളർച്ചയും കാരണം ഞാനും കിടന്നുപോയി. ഇങ്ങനെ തളർന്നു കിടക്കുമ്പോൾ ആരെങ്കിലും അടുത്ത് വരുന്നതു പോലും അസ്വസ്ഥതയുണ്ടാക്കി. ഇതുപോലൊരു അവസ്ഥയിൽ അത്ര ദൂരം യാത്ര ചെയ്ത്, ഉദ്ഘാടനത്തിനു വന്ന ബീനയുടെ ആത്മാർഥത എന്നെ വല്ലാതെ സ്വാധീനിച്ചു. അതാണ് ഞങ്ങളെ അടുത്ത സുഹൃത്തുക്കളായി-മനോജ് പറയുന്നു.

ഈ ഇഷ്ടം പ്രണയത്തിലേക്ക് മാറി. അന്നു മുതൽ എല്ലാ ദിവസവും ഞങ്ങൾ ഫോണിലൂടെ സംസാരിക്കാൻ തുടങ്ങി. സമയം ഒന്നും നോക്കാറില്ല. മനസ്സു തുറന്നു സംസാരിക്കുന്ന രണ്ടു ആത്മാർഥ സുഹൃത്തുക്കൾ. പിന്നീട് സംസാരം കുറയ്ക്കാനും രാത്രിയിലേക്ക് നീളുന്നത് ഒഴിവാക്കാനും തീരുമാനിച്ചു. അതോടെ മനസ്സിൽ വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു. സൗഹൃദം പ്രണയമായിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞു. വൈകാതെ ഇഷ്ടം പരസ്പരം തുറന്നു പറഞ്ഞു. വീട്ടുകാരുടെ സമ്മതത്തോടു കൂടി മാത്രമേ വിവാഹിതരാകൂ എന്നും തീരുമാനിച്ചു. മതം ഒരു തടസമായി അവരാരും കരുതിയതേയില്ല. അങ്ങനെ കാര്യങ്ങളെല്ലാം മുന്നോട്ടു പോയി. എല്ലാവരുടേയും അനുഗ്രഹത്തോടും ആശംസയോടും കൂടി ഞങ്ങൾ വിവാഹിതരായി. രജിസ്റ്റർ വിവാഹമായിരുന്നു. മാതാപിതാക്കളുടെ കണ്ണുനീർ വീഴ്‌ത്താതെ ഒന്നിക്കാനായതാണ് ഞങ്ങളുടെ സന്തോഷത്തിനു കാരണമെന്നു ഇന്നും മനോജ് വിശ്വസിക്കുന്നു.

ഞങ്ങളെ 'വിവാഹമോചിതരാക്കി'

വിവാഹശേഷം പല തവണ വിവാഹമോചിതരാക്കി വാർത്തകൾ എത്തി. ആദ്യമൊക്കെ വേദന തോന്നിയെങ്കിലും പിന്നീട് ഈ കുടുംബത്തിന് അതൊരു ശീലമായി. വിവാഹത്തിനു മുമ്പ് ബീന നേരിടേണ്ടി വന്ന അപവാദ പ്രചാരണങ്ങൾ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. ബീനയുടെ അപ്പൻ വളരെ കാർക്കശ്യത്തോടെയാണ് മക്കളെ വളർത്തിയത്. അമ്മയോ അപ്പനോ ഇല്ലാതെ ബീന പുറത്തിറങ്ങുന്നതു കണ്ടിട്ടില്ലെന്ന് മനോജ് തന്നെ പറയുന്നു.

ഒരു സംഭവം മനോജ് വിവരിക്കുന്നത് ഇങ്ങനെയാണ് ഷാർജയിലുള്ള എന്റെ പരിചയക്കാരനായ കുറുപ്പേട്ടൻ ഒരു ദിവസം എന്നെ വിളിച്ചു. ഞാനും ബീനയും പ്രണയിക്കുന്ന സമയമാണ്. ഞങ്ങൾ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ കോൾ വരുന്നത്. ഷോകളുടെ ഭാഗമായി ഷാർജയിലേക്കു പോയ സമയത്ത് ബീന കുറുപ്പേട്ടനെയും കുടുംബത്തേയും പരിചയപ്പെട്ടിട്ടുണ്ട്. ഞാൻ ബീനയുടെ കോൾ കട്ടാക്കി അദ്ദേഹത്തെ വിളിച്ചു. വിശേഷങ്ങളെല്ലാം ചോദിച്ചശേഷം 'ടാ ബീന ഇപ്പോൾ എവിടെയുണ്ട്' എന്ന് അദ്ദേഹത്തിന്റെ ചോദ്യം. 'ബീന അവളുടെ വീട്ടിലുണ്ട്, എന്തു പറ്റീ' എന്നു ഞാൻ തിരിച്ചു ചോദിച്ചു. 'നിനക്ക് ഉറപ്പാണോ' എന്നായി അദ്ദേഹം. ഞങ്ങൾ ഇപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നുവെന്നും എന്താണ് സംഭവമെന്നു പറയാനും ആവശ്യപ്പെട്ടു.

ബീന ഷാർജയിലുണ്ടെന്നു പറഞ്ഞ് ഒരാൾ കുറുപ്പേട്ടനുമായി 1000 ദിർഹത്തിന് ബെറ്റ് വെച്ചു. അങ്ങനെ സംഭവിക്കില്ലെന്നും ബീന ഗൾഫിലേക്ക് വരികയാണെങ്കിൽ മനോജ് എന്നെ വിളിച്ച് പറയുമെന്നും കുറുപ്പേട്ടൻ പറഞ്ഞെങ്കിലും ആയാൾ ഉറച്ചു നിന്നു. അയാൾക്കറിയാവുന്ന ഒരു സ്ഥലത്ത് ഇപ്പോൾ ബീനയുണ്ടെന്നും ബെറ്റ് വയ്ക്കാമെന്നും പറഞ്ഞു. ഇതാണ് കുറുപ്പേട്ടൻ എന്നെ വിളിക്കാനുണ്ടായ സാഹചര്യം. ഞാൻ ബീനയുടെ വീട്ടിലെ ലാൻഡ് ഫോൺ നമ്പർ അദ്ദേഹത്തിനു നൽകി. വീട്ടിലേക്കു വിളിച്ച് സംസാരിച്ചോളാനും ഇതു തന്നെയാണ് നിങ്ങൾ ഉദ്ദേശിക്കുന്ന ബീന ആന്റണിയെങ്കിൽ 1000 ദിർഹം വാങ്ങിക്കോളാനും പറഞ്ഞു.

ഒരു കുടയും കുഞ്ഞു പെങ്ങളും

ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന ദൂരദർശൻ ടി.വി. പരമ്പരയിലൂടെയാണ് ബീന ആദ്യമായി ദൃശ്യമാധ്യമ കലാരംഗത്തെത്ത് പ്രശസ്തയാകുന്നത്. 1990 കളിൽ അഭിനയരംഗത്തേക്ക് പ്രവശിച്ചു. ഓമനത്തിങ്കൾപക്ഷി, മായാസീത, എന്റെ മാനസപുത്രി, ഓട്ടോഗ്രാഫ്, തപസ്യ തുടങ്ങിയ പ്രശസ്ത പരമ്പരകളിൽ ബീന അഭിനയിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയിൽ മഞുമ്മൽ എന്ന ഗ്രാമത്തിൽ ഒരു ഇടത്തരം ക്രിസ്തീയ കുടുംബത്തിൽ 1972 ജനുവരി19 നു ആന്റണിയുടേയും ശോശാമ്മയുടേയും മൂന്നും പെണ്മക്കളിൽ രണ്ടാമത്തെ മകളായി ജനിച്ചു. തടിക്കച്ചവടക്കാരനായിരുന്നു ആന്റണി. പ്രാഥമിക വിദ്യാഭ്യാസം മഞുമ്മലിലെ ഗാർഡിയൽ ഏൻജൽ സ്‌കൂളിൽ ചെയ്തു. ചെറു പ്രായത്തിൽ അഭിനയത്തിനു കമ്പമുണ്ടായിരുന്നു. മമ്മൂട്ടി അഭിനയിച്ച കനൽകാറ്റ് എന്ന ചിത്രത്തിലാണ് ബീന ആദ്യമായി അഭിനയിക്കുന്നത്. യാഥൃശ്ചികമായി കിട്ടിയ ഒരു അവസരമായിരുന്നു അതെന്ന് നിരവധി അഭിമുഖങ്ങളിൽ ബീന വെളിപ്പെടുത്തിയിട്ടുണ്ട്. യോദ്ധ എന്ന സിമിനയിൽ മോഹൻലാലിന്റെ സഹോദരിയായി അഭിനയിച്ചു. സുരേഷ്‌ഗോപി, ജയറാം തുടങ്ങിയ പ്രമുഖ നടന്മാരുടെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

1990 കളിൽ അഭിനയരംഗത്തേക്ക് പ്രവേശിച്ച ബീന ദൂരദർശനിൽ സംപ്രേഷണം ചെയ്ത, ടി.എസ്. സജി സംവിധാനം ചെയ്ത് ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന പരമ്പരയിലൂടെയാണ് പ്രശസ്തയാകുന്നത്. എന്റെ മാനസപുത്രി എന്ന ഏഷ്യാനെറ്റ് പരമ്പരയിലും മികച്ച വേഷം ചെയ്തു. ഓട്ടോഗ്രാഫ്, അമ്മക്കിളി, ആലിപ്പഴം, (ഏഷ്യാനെറ്റ്) , ഇന്ദ്രനീലം (അമൃത ടി.വി.), ചാരുലത (ഏഷ്യാനെറ്റ്)ഓമനത്തിങ്കൾ പക്ഷി, നിറക്കൂത്ത്, ഇന്ദിര, ശ്രീ അയ്യപ്പനും വാവരും, മായാസീത, എന്റെ അല്‌ഫോൺസാമ്മ, കുഞ്ഞാലി മരക്കാർ, അർധചന്ദ്രന്റെ രാത്രി, ബട്ടർഫ്‌ളൈസ്, അഭിനേത്രി, സരയു, അമല, അമ്മ എന്നിവയാണ് ബീന അഭിനയിച്ച പരമ്പരകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP