Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202311Sunday

ലഹരി മരുന്ന് കച്ചവടം നടത്തുന്ന അംഗങ്ങൾക്ക് പള്ളിയിൽ വിലക്കേർപ്പെടുത്തും; മയക്കുമരുന്ന് അറസ്റ്റിലാകുന്ന അംഗങ്ങളെ കമ്മിറ്റിയിൽ നിന്ന് അഞ്ച് വർഷത്തേക്ക് വിലക്കും; ലഹരി കേസിൽ 26കാരന്റെ അറസ്റ്റിന് പിന്നാലെ മാതൃകപരമായ തീരുമാനവുമായി ബീമാപള്ളി ജമാ അത്ത്

ലഹരി മരുന്ന് കച്ചവടം നടത്തുന്ന അംഗങ്ങൾക്ക് പള്ളിയിൽ വിലക്കേർപ്പെടുത്തും; മയക്കുമരുന്ന് അറസ്റ്റിലാകുന്ന അംഗങ്ങളെ കമ്മിറ്റിയിൽ നിന്ന് അഞ്ച് വർഷത്തേക്ക് വിലക്കും; ലഹരി കേസിൽ 26കാരന്റെ അറസ്റ്റിന് പിന്നാലെ മാതൃകപരമായ തീരുമാനവുമായി ബീമാപള്ളി ജമാ അത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലഹരി മരുന്ന് ഉപയോഗവും വിൽപ്പനയും തടയാനും യുവജനതയെ ലഹരി സംഘത്തിന്റെ പിടിയിൽ നിന്ന് സംരക്ഷിക്കാനും ലക്ഷ്യമിട്ട് കർശന തീരുമാനവുമായി തിരുവനന്തപുരത്തെ ബീമാപള്ളി മഹൽ ജമാഅത്ത്. ലഹരി മരുന്ന് കച്ചവടം നടത്തുന്ന അംഗങ്ങൾക്ക് പള്ളിയിൽ വിലക്കേർപ്പെടുത്തുമെന്നുമാണ് ജമാഅത്തിന്റെ പുതിയ തീരുമാനം. 23000ലധികം അംഗങ്ങളാണ് ബീമാപള്ളി ജമാഅത്ത് കമ്മിറ്റിയിലുള്ളത്.

ലഹരിമരുന്ന് കേസിൽ അറസ്റ്റിലാകുന്ന അംഗങ്ങളെ കമ്മിറ്റിയിൽ നിന്ന് അഞ്ച് വർഷത്തേക്ക് വിലക്കുമെന്ന് കമ്മിറ്റി പ്രതിനിധികൾ അറിയിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച ലഹരിമരുന്ന് കൈവശം വെച്ച കേസിൽ 26കാരനെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് പുതിയ തീരുമാനവുമായി ജമാഅത്ത് രംഗത്തെത്തിയത്. 1.4 കിലോ കഞ്ചാവ് കൈവശം വെച്ചുവെന്ന കേസിൽ നെയ്യാറ്റിൻകര ചെങ്കൽ സ്വദേശികളായ മുഹമ്മദ് സിറാജ്, നന്ദു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കമ്മിറ്റിയുടെ മീറ്റിംഗുകളിൽ പങ്കെടുക്കുന്നതിന് സിറാജിനെ ജമാഅത്ത് വിലക്കിയിട്ടുണ്ട്. പള്ളികാര്യങ്ങളിൽ യാതൊന്നിലും സിറാജിന് ഇടപെടാൻ കഴിയില്ല. ജമാഅത്ത് തെരഞ്ഞെടുപ്പിൽ വോട്ടവകാശവും ഇയാൾക്ക് ഉണ്ടായിരിക്കില്ല. കമ്മിറ്റി തീരുമാനങ്ങൾക്ക് സമുദായത്തിൽ വലിയ പ്രാധാന്യമാണുള്ളത്. ഇത്തരത്തിലുള്ള വിലക്കുകൾ സമുദായത്തിലെ അംഗങ്ങളുടെ ആത്മാഭിമാനത്തെ തന്നെയാണ് ബാധിക്കുക.

''വ്യക്തികളുടെ അംഗത്വം നിരോധിക്കുന്നത് വ്യാപക പ്രത്യാഘാതം ഉണ്ടാക്കും. വളരെ ആഴത്തിലുള്ള കുടുംബന്ധങ്ങളാണ് ഇവിടെയുള്ളത്. അതിനാൽ വിഷയം വളരെ വലിയ രീതിയിൽ ചർച്ചയാകും. കുടുംബത്തിന്റെ ആത്മാഭിമാനം വരെ ചോദ്യം ചെയ്യപ്പെടും. അതിനാൽ കുടുംബാംഗങ്ങൾ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മറ്റ് അംഗങ്ങളെ നിരുത്സാഹപ്പെടുത്താൻ സാധ്യതയുണ്ട്,'' ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എംകെഎം നിയാസ് പറഞ്ഞു.

അതേസമയം വ്യക്തികളുടെ മതപരമായ അവകാശങ്ങളിൽ നിരോധനം ഏർപ്പെടുത്തില്ലെന്നും നിയാസ് കൂട്ടിച്ചേർത്തു. വിവാഹം, മരണം, ഖബറടക്കം എന്നിവയിലൊന്നും തന്നെ വിലക്ക് ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകൾ വർധിച്ചതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താൻ കമ്മിറ്റിയെ പ്രേരിപ്പിച്ചത്.

''എല്ലാ സ്ഥലങ്ങളെയും പോലെ ബീമാപള്ളിയിലും ലഹരിമരുന്ന് സംബന്ധിച്ച പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ ലഹരിയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കൂടിവരികയാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് കമ്മിറ്റിയെത്തിയത്. നേരത്തെ ഇത്തരക്കാർക്കായി ഞങ്ങൾ കൗൺസിലിങ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇനി കർശന നടപടികൾ എടുക്കേണ്ട സമയമായി എന്ന് തോന്നുന്നു,'' നിയാസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP