Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒടുവിൽ ചിരിച്ചുകൊണ്ട് സ്വർഗത്തിലേക്ക് കണ്ണടച്ച് ഡെബോറ ജെയിംസ് പോയി; മരണത്തെ സന്തോഷത്തോടെ സ്വീകരിക്കാൻ അവസാന നിമിഷം ആഘോഷമാക്കിയ ബി ബി സി പോഡ്കാസ്റ്റർ രണ്ട് മക്കളേയും കെട്ടിപ്പിടിച്ച് മരണത്തിലേക്ക് നടന്നു; കണ്ണീരൊഴുക്കി ലോകം

ഒടുവിൽ ചിരിച്ചുകൊണ്ട് സ്വർഗത്തിലേക്ക് കണ്ണടച്ച് ഡെബോറ ജെയിംസ് പോയി; മരണത്തെ സന്തോഷത്തോടെ സ്വീകരിക്കാൻ അവസാന നിമിഷം ആഘോഷമാക്കിയ ബി ബി സി പോഡ്കാസ്റ്റർ രണ്ട് മക്കളേയും കെട്ടിപ്പിടിച്ച് മരണത്തിലേക്ക് നടന്നു; കണ്ണീരൊഴുക്കി ലോകം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അർബുദം നൽകുന്ന കടുത്ത വേദനയിലും മരണത്തിന്റെ മുഖത്തുനോക്കി പുച്ഛിച്ച് ചിരിച്ച്, സ്വന്തം ജീവിതം മറ്റുള്ള അർബുദ രോഗികൾക്കായി നീക്കിവെച്ച് ഡെബോറ ജെയിംസ് എന്ന 40 കാരി ഓർമ്മയായി. നീണ്ട അഞ്ചുവർഷക്കാലം അർബുദ രോഗത്തോട് നടത്തിയ പോരാട്ടത്തിനൊടുവിലാണ് ബി ബി സി പോഡ്കാസ്റ്റർ തന്റെ ഓർമ്മൾ അവശേഷിപ്പിച്ചുകൊണ്ട് മറ്റൊരു ലോകത്തേക്ക് പറന്നകത്. ഡെയിം ഡെബോറ ജെയിംസ്, സ്നേഹനിധിയായ ഭാര്യ, മകൾ, സഹോദരി, അമ്മ, തന്റെ പ്രിയപ്പെട്ടവർക്ക് നടുവിൽ അവസാന നിമിഷങ്ങൾ ധന്യമാക്കി ഇന്ന് ഈ ലോകം വിട്ടു യാത്രയായി എന്നായിരുന്നു അവരുടെ പ്രിയപ്പെട്ടവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

കാൻസർ എന്ന മാരക രോഗത്തിന്റെ കരാളഹസ്തങ്ങളിൽ നീറിനീറി പുകഞ്ഞ ഒരു പാവം സ്ത്രീയല്ലായിരുന്നു ഡെബോറ, തന്നെ ബാധിച്ച രോഗത്തെ ഭാവിയിൽ ഈ ഭൂമുഖത്തു നിന്നും തന്നെ തുടച്ചുനീക്കാൻ ദൃഢപ്രതിജ്ഞയെടുത്ത ധീരയായിരുന്നു അവർ. അവസാന നാളുകളിൽ അവരുടെ മീ ആൻഡ് ദി ബിഗ് സി, കാൻസർ സംബന്ധിച്ച ഗവേഷണങ്ങൾക്കും മറ്റുമായി സമാഹരിച്ചത് 6.75 മില്യൺ പൗണ്ടായിരുന്നു. കാൻസർ ഗവേഷണത്തിനും ഈ രോഗത്തെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം ഉണർത്തുന്നതിനുമൊക്കെ ആയുള്ള ഈ നിധി, അവരുടെ മരണവിവരം പുറത്തുവന്ന് നിമിഷങ്ങൾക്കുള്ളിൽ 6.8 മില്യൺ പൗണ്ട് കടന്നു.

ഡെബോറയിൽ നിന്നും ബോവൽ ബേബിയിലേക്ക്

അദ്ധ്യാപികയും ബി ബി സി അവതാരകയുമൊക്കെയായി സാധാരണ കുടുംബജീവിതം നയിച്ചു വന്ന ഡെബോറ ജെയിംസ് എന്ന വീട്ടമ്മയുടെ ജീവിതം മാറി മറയുന്നത് 2016-ലെ ഒരു ഡിസംബർ ദിനത്തിലായിരുന്നു. താൻ അർബുദ രോഗിയാണെന്നറിഞ്ഞ രണ്ടു കുട്ടികളുടെ മാതാവ് മറ്റേതൊരു സ്ത്രീയേയും പോലെ വിങ്ങിപ്പൊട്ടുക തന്നെയായിരുന്നു. പക്ഷെ പിന്നീട് ചരിത്രം സാക്ഷ്യം വഹിക്കുന്നത് വർദ്ധിച്ച വീര്യത്തോടെ കാൻസറിനെതിരെ പോരാടാൻ ഉയർത്തെഴുന്നേറ്റ ഒരു ധീര വനിതയെ തന്നെയായിരുന്നു.

ബോവൽ കാൻസറിനുള്ള ചികിത്സ തുടാരുമ്പോൾ, ചികിത്സയുടെ വിശദാംശങ്ങളും അതുപോലെതന്നെ, തന്റെ അനുഭവങ്ങളും വികാരങ്ങളും വിചാരങ്ങളും എല്ലാം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കു വയ്ക്കുകയായിരുന്നു അവർ. യഥാർത്ഥത്തിൽ കാൻസറിനെ നേരിടേണ്ടതെങ്ങനെ എന്ന് സ്വന്തം അനുഭവത്തിലൂടെയുള്ള ഒരു പാഠഭാഗമയിരുന്നു അതെന്ന് പറയാം. ജനങ്ങൾ ആ പാഠം ഏറ്റെടുത്തതോടെ ഡെബോറ ജെയിംസ് എന്ന കാൻസർ രോഗി സമൂഹമാധ്യമങ്ങളിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറി.

കാൻസറിനെ കുറിച്ച്, പ്രത്യേകിച്ചും ബോവൽ കാൻസറിനെ കുറിച്ച് അവബോധം ഉണർത്തുന്ന പോസ്റ്റുകളിലെ പിന്നീട് അവർ ബോവൽ ബേബി ആയി മാറി. നീണ്ട ചികിത്സയ്ക്കൊടുവിൽ2020 -ൽ അവർ രോഗവിമുക്തമായി പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ, ആ സന്തോഷവും ആശ്വാസവും ഏറെനാൾ നീണ്ടുനിന്നില്ല. തന്റെ ശരീരം വിട്ട് ഓടിമറഞ്ഞു എന്ന് കരുതിയിരുന്ന അർബുദം വീണ്ടും തിരികെയെത്തി എന്നറിഞ്ഞ നിമിഷം പക്ഷെ അവർ തളർന്നില്ല. അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു.

ഹൃദയസ്പർശിയായ സന്ദേശവും ബോവൽ ബേബ് നിധിയും

വീണ്ടും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അവർ തന്റെ അനുഭവക്കുറിപ്പുകളിലൂടെ കാൻസർ രോഗികളുടെ ഭയാശങ്കകളെ ഇല്ലാതെയാക്കുവൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അവസാനം, താൻ തോൽക്കുമെന്ന് ഉറപ്പായ ഒരു നാൾ, ഇനിയുള്ള ജീവിതം ആശുപത്രിയിലെ ഫിനോയിൽ മണക്കുന്ന അന്തരീക്ഷത്തിൽ നിന്നും മാറി, സ്വന്തം വീട്ടിൽ പ്രിയപ്പെട്ടവർക്കൊപ്പം ജീവിച്ചു തീർക്കുവാൻ അവർ തീരുമാനിക്കുകയായിരുന്നു.

ചികിത്സമിതിയാക്കി, വീട്ടിലേക്ക് തിരികെമടങ്ങാൻ തീരുമാനിച്ച കാര്യം അറിയിച്ചുകൊണ്ട് ഡെബോറ ഇട്ട ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റായിരുന്നു പിന്നീട് ചരിത്രത്തിന്റെ വഴി തിരിച്ചുവിട്ടത്. ''ചെയ്യാവുന്നതെല്ലാം ചെയ്തു. ഇനിയൊന്നു മാത്രമേ ബക്കിയുള്ളു, മരണം. അതെത്തുന്നതുവരെയുള്ള നാളുകൾ ഇനി എന്റെ പ്രിയപ്പെട്ടവർക്കൊപ്പം ചെലവഴിക്കണം. വഴിയിലെ ഒരു കല്ലും പെറുക്കാതെ പോയിട്ടില്ല, ഒരു വാതിലിലും മുട്ടാതെ പോയിട്ടില്ല. ഇതുവരെ അറിഞ്ഞ മരുന്നുകളെല്ലാം പക്ഷെ വ്യർത്ഥമായിരിക്കുന്നു. '' അവർ അന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

നീണ്ട അഞ്ചു വർഷങ്ങൾക്ക് ശേഷം വീട്ടിൽ പ്രിയപ്പെട്ടവർക്കൊപ്പം ചേരുമ്പോൾ അടുത്ത ക്രിസ്ത്മസ്സ് എന്റെ അവസാനത്തെ ക്രിസ്ത്മസ്സ് ആകുമെന്ന് കരുതി ആഘോഷിക്കും, എന്റെ കുട്ടികൾ സെക്കൻഡറി സ്‌കൂളിൽ എത്തുന്നത് ഞാൻ കാണും, അവർക്കൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും ഞാൻ വേദനയിൽ നിന്നും മുക്തയാവുകയാണ്. അവർ കുറിച്ചു.

ഈ കുറിപ്പിലായിരുന്നു അവർ കാൻസർ ഗവേഷണത്തിനും, കാൻസർ രോഗികളിൽ അവബോധം വളർത്തുന്നതിനുമായി ഒരു സഹായ നിധി രൂപീകരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ബോവൽ ബേബ് ഫണ്ട് എന്ന് പേരിട്ട ഈ നിധിയിലൂടെ 2,50,000 പൗണ്ട് സമാഹരിക്കാനായിരുന്നു അവർ തീരുമാനിച്ചത്. എന്നാൽ, അവർ തീരെ പ്രതീക്ഷിക്കാതെ, പോസ്റ്റ് ലൈവ് ആയി മണിക്കൂറുകൾക്കകം തന്നെ ആ ലക്ഷ്യം ഭേദിക്കപ്പെട്ടു. ഇപ്പോൾ ആ നിധി 7 മില്യൺ പൗണ്ടിന് അടുത്തെത്തിയിരിക്കുകയാണ്.

കാൻസർ രോഗവുമായി ബന്ധപ്പെട്ട മരുന്നുകളുടെ ക്ലിനിക്കൽ ട്രയലുകൾക്ക് ധന സഹായം നൽകുക, കാൻസർ രോഗ ചികിത്സയ്ക്കുള്ള പുതിയ മരുന്നുകൾക്കായുള്ള ഗവേഷണത്തിന് ധന സഹായം നൽകുക എന്നിവയായിരിക്കും ഈ സഹായ നിധിയുടെ പ്രധാന ഉദ്ദേശ്യലക്ഷ്യം. അതിനൊപ്പം കാൻസറിനെ കുറിച്ച് കൂടുതൽ അവബോധം ജനങ്ങളിൽ വളർത്താനും അതുവഴി രോഗത്തേ ഭയമില്ലാതെ സ്വീകരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുവാനുമുള്ള പ്രചരണങ്ങൾ നടത്തുക എന്നൊരു ഉദ്ദേശവും അതിനുണ്ട്.

ഡെബോറയെ തേടിയെത്തിയ ആദരവുകൾ

അധികമാർക്കും കഴിയാത്ത കാര്യമാണ് മരണത്തിന്റെ മുഖത്തുനോക്കി പോ പുല്ലേ എന്ന് പറയുക എന്നത്. എന്നാൽ, ഡെബോറയുടെ നിശ്ചയദാർഢ്യത്തിനും മനോധൈര്യത്തിനും മുന്നിൽ കുറച്ചു കാലമെങ്കിലും മരണത്തിന് പകച്ചു നിൽക്കേണ്ടതായി വന്നു. ഡെബോറ തന്റെ കർമ്മങ്ങൾ പൂർത്തിയാക്കുന്നതുവരെ മരണത്തിന് ഒഴിഞ്ഞുമാറി നിൽക്കേണ്ടി വന്നു. തന്നെ ആക്രമിച്ച അർബുദമെന്ന ശത്രുവിനെതിരെ പോരാടാൻ സർവ്വ സന്നാഹങ്ങളും ഒരുക്കിയിട്ട് തന്നെയാണ് അവർ ഈ ഭൂമി വിട്ട് ആകാശങ്ങളിലെ അകലങ്ങളിലേക്ക് പറന്നത്.

ഇതിനിടയിൽ ലോകത്തിന്റെ പല കോണുകളിൽ നിന്നും ആശംസകളും പ്രശംസകളും ഡെബോറയെ തേടിയെത്തി, ഒപ്പം പ്രാർത്ഥനകളും. മണ്ണിൽ മനുഷ്യന്റെ കണ്ണീരൊപ്പാൻ ജനിച്ച ഡെബോറയെ ദൈവം തിരികെ വിളിക്കില്ലെന്നു വരെ ജനങ്ങൾ വിചാരിച്ചു. അതിനിടയിലാണ് ഏതൊരു ബ്രിട്ടീഷുകാരനും അഭിമാനമായി കാണുന്ന ഡെയിം പദവി ഡെബോറയെ തേടിയെത്തിയത്.

ആദരിക്കേണ്ടവരെ ആദരിക്കുന്ന കാര്യത്തിൽ ഒരിക്കലും മടികാണിച്ചിട്ടില്ലാത്ത ബ്രിട്ടീഷ് രാജകുടുംബം ഡെബോറയുടെ മഹത്വം തിരിച്ചറിഞ്ഞു. ഈ ധീരയായ പോരാളിക്ക് ഡെയിം പദവി നൽകാൻ കിരീടാവകാശിയായ വില്യം രാജകുമാരൻ അവരുടെ വീട്ടിലെത്തി. സാധാരണയായി പുതുവത്സരത്തിന്റെ ഭാഗമായിട്ടും, രാജ്ഞിയുടെ ജന്മദിനത്തിലുമായി വർഷം രണ്ടു തവണമാത്രമേ ഇത്തരം ബഹുമതികൾ പ്രഖ്യാപിക്കാറുള്ളു. ഡെബോറയെന്ന മാലാഖയ്ക്ക് വേണ്ടി രാജ കുടുംബം ആ പതിവും തെറ്റിച്ചു.

ഡെബോറയുടെ വീട്ടിലെത്തി ഡെയിം പദവി അവർക്ക് നൽകിയ വില്യം രാജകുമാരൻ, കുടുംബാംഗങ്ങൾക്കൊപ്പം അല്പനേരം ചെലവഴിച്ചു. മാത്രമല്ല, അവർക്കൊപ്പം ചായസത്ക്കാരത്തിൽ പങ്കെടുക്കുകയും ചെയ്തു. ഒരുപക്ഷെ ഒരു സാധാരണ ബ്രിട്ടീഷുകാരന് ഒരിക്കലും സംഭവ്യമല്ലാത്ത ഒരു കാര്യം. വില്യം രജകുമരൻ എത്തിയപ്പോൾ ഡെബോറ ധരിച്ച ടീ ഷർട്ട് ഇന്ന് ബ്രിട്ടീഷ് യുവതയുടെ പ്രിയ വസ്ത്രമായി മാറിക്കഴിഞ്ഞിരിക്കുന്നു. എതിർപ്പോടെയുള്ള പ്രതീക്ഷ (റെബെലിയസ് ഹോപ്പ്) എന്നെഴുതിയ അത്തരം ടീഷർട്ടുകൾ ഇന്ന് ബ്രിട്ടനിൽ ചൂടപ്പം പോലെയാണ് വിറ്റു പോകുന്നത്.

ഞാനൊരു ദുഃഖപുത്രിയല്ല

കടുത്ത വേദന കടിച്ചമർത്തി ജീവിക്കുമ്പോഴും എന്നും പുഞ്ചിരിക്കാനായിരുന്നു ഡെബോറ ഇഷ്ടപ്പെട്ടത്. തനിക്കായി ആരും കരയരുതെന്ന് അവർ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. വേദന സഹിക്കാതെ വരുമ്പോൾ, മക്കളിൽ നിന്നും മാറിനിൽക്കും, തങ്ങളുടെ അമ്മ വേദന അനുഭവിക്കുന്നത് മക്കൾ അറിയരുതെന്ന് അവർ ആഗ്രഹിച്ചു. പുഞ്ചിരിയോടെ മരണത്തെ സ്വീകരിക്കാൻ കാത്തു നിന്ന അവരുടെ മരണത്തിലും ആരും കരയരുതെന്ന് അവർ ആഗ്രഹിച്ചു. പക്ഷെ എല്ലാവർക്കും ആ കാരിരുമ്പിന്റെ മനസ്സ് ലഭിക്കില്ലല്ലോ.

ജീവിച്ചു തീർത്ത വർഷങ്ങളല്ല, മറിച്ച് ഈ മണ്ണിൽ നിർവ്വഹിച്ച കർമ്മങ്ങളാണ് ഒരു ജീവിതത്തിന്റെ തിരുവവശേഷിപ്പുകളായി ഭൂമുഖത്ത് ഉണ്ടാവുക എന്ന് നമ്മെ ഓർമ്മിപ്പിച്ചുകൊണ്ട് ആ മാലാഖ ഇന്നലെ ചിറകടിച്ചു പറന്നുയർന്നു. ഒരു പുരുഷായുസ്സുകൊണ്ട് ഒരുപക്ഷെ നമ്മളിൽ പലർക്കും ചെയ്ത് തീർക്കാനാവാത്ത കാര്യങ്ങൾ കടുത്ത വേദന അനുഭവിച്ചുകൊണ്ട് വളരെ ചെറിയൊരു കാലയളവിൽ അവർ ചെയ്തു തീർത്തു. കാൻസർ എന്ന മഹാവ്യാധിക്കെതിരെയുള്ള പോരാട്ടത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടുന്ന ഒരു പേരായി മാറിയിരിക്കുകയാണ് ഡെയിം ഡെബോറ ജെയിംസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP