Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റെയ്ഡ് നടന്നപ്പോൾ ഉറഞ്ഞു തുള്ളിയ ബിബിസിക്ക് കുറ്റം ഏൽക്കുമ്പോൾ മൗനം; 40 കോടി ഇന്ത്യയിൽ വെട്ടിച്ചെന്നു ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഒരു വരി എഴുതാതെ വാർത്ത മുക്കി ബിബിസി; വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്‌ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം; കേരളത്തിലെത്തിയും നിറം കലർത്തിയ വാർത്ത നൽകിയത് മൂന്നു മാസം മുൻപ്

റെയ്ഡ് നടന്നപ്പോൾ ഉറഞ്ഞു തുള്ളിയ ബിബിസിക്ക് കുറ്റം ഏൽക്കുമ്പോൾ മൗനം; 40 കോടി ഇന്ത്യയിൽ വെട്ടിച്ചെന്നു ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഒരു വരി എഴുതാതെ വാർത്ത മുക്കി ബിബിസി; വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്‌ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം; കേരളത്തിലെത്തിയും നിറം കലർത്തിയ വാർത്ത നൽകിയത് മൂന്നു മാസം മുൻപ്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബിബിസി എന്നാൽ ബയാസ്ഡ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ എന്നാണ് ബ്രിട്ടനിലെ തന്നെ വിമർശകർ വിശേഷിപ്പിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വലിയൊരു വിഭാഗം ബിബിസി റിപ്പോർട്ടിങ്ങിന്റെ ആരാധകർ ആയിരിക്കെ ആണ് ലോകത്തെ ഏറ്റവും വലിയ വാർത്ത മാധ്യമങ്ങളിൽ ഒന്നായ ബിബിസിക്ക് ജന്മനാട്ടിൽ അത്ര വലിയ ആരാധക വൃന്ദത്തെ ലഭിക്കാത്തത്.

എക്സ്‌ക്ലൂസിവ് അഭിമുഖം കിട്ടാൻ നടത്തിയ തരികിട പരിപാടികൾക്ക് പലവട്ടം പിഴ നൽകേണ്ടി വന്നിട്ടുള്ള സ്ഥാപനം ഇയ്യിടെ മേധാവി ആയി എത്തിയ ആൾ പ്രധാനമന്ത്രിയായിരുന്ന ബോറിസുമായി അവിഹിത ഏർപ്പാടിൽ ഇടപെട്ടു എന്ന ആരോപണത്തിന് വിധേയമായാണ് പുറത്തു പോയത്. ഇന്ത്യയടക്കം ഉള്ള എമേർജിങ് രാജ്യങ്ങളെ കുറിച്ചുള്ള റിപ്പോർട്ടിങ്ങിൽ എക്കാലത്തും മുൻവിധിയോടെയുള്ള സമീപനമാണ് ബിബിസി നടത്തിയിട്ടുള്ളത് എന്ന ആക്ഷേപം ഉയർത്തുന്നത് അവരുടെ ബ്രിട്ടനിലെ പ്രേക്ഷകരും വായനക്കാരും തന്നെയാണ്.

പതിമൂന്ന് വർഷം മുൻപ് ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസ് റിപ്പോർട്ടിങ്ങിനു പോയ വാർത്ത സംഘം ഡൽഹിക്ക് പുറത്തെ ചേരികൾക്ക് ഗെയിംസിനെക്കാൾ പ്രാധാന്യം നൽകി റിപ്പോർട്ട് ചെയ്തത് വലിയ പ്രതിഷേധത്തിനു വരെ കാരണമായിരുന്നു. ഇത്തരം റിപ്പോർട്ടുകളിൽ ബിബിസി നേരിടുന്ന ഏറ്റവും വലിയ വിമർശനം വായനക്കാർ നൽകുന്ന കമന്റുകൾ തന്നെയാണ്.

ഇന്ത്യയെ കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ പതിവായി കാശ്മീർ ഉൾക്കൊള്ളാത്ത മാപ്പ് നൽകുന്നതും ബിബിസിയുടെ വിനോദം മാത്രമായി വിലയിരുത്തപ്പെടുകയാണ്. സ്ത്രീകളും പെൺകുട്ടികളും ആക്രമിക്കപ്പെടുന്ന കാര്യങ്ങൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന അതേ ആവേശം സമാനമായ സംഭവം ബ്രിട്ടനിൽ ഉണ്ടാകുമ്പോൾ ബിബിസി കാട്ടുന്നില്ല എന്ന ആക്ഷേപവും വിമർശകരുടേതാണ്.

നികുതി വെട്ടിപ്പ് കുറ്റസമ്മതം ഇനിയെന്നും തീരാകളങ്കം

എന്നാൽ ഇത്രകാലവും ആക്ഷേപം മാത്രമായി നിലനിന്നിരുന്ന ആരോപണങ്ങൾ ഇനി തീരാ കളങ്കമായിട്ടാകും ബിബിസിക്ക് മേൽ ചാർത്തപ്പെടുക. കാരണം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യയിൽ ആദായ നികുതി ഓഫിസ് ബിബിസിയിൽ റെയ്ഡ് നടത്തുമ്പോൾ ലോകമൊട്ടാകെ ബിബിസി ആരാധകർ കരുതിയത് മോദിയെ കുറ്റപ്പെടുത്തും വിധം പ്രക്ഷേപണം ചെയ്ത ഗുജറാത്ത് ഡോക്യൂമെന്ററിയോട് ഇന്ത്യൻ സർക്കാരിന്റെ പ്രതികാര നടപടി എന്നായിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചപ്പോൾ ബിബിസിയെ തള്ളിപ്പറയുന്ന നിലപാടിലേക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എത്തുകയും ചെയ്തിരുന്നു.

അതിനിടെ, അഞ്ചു മാസം പിന്നിട്ട ശേഷം തെളിവുകൾക്ക് മുന്നിൽ പതറിപ്പോയ ബിബിസി അധികൃതർ കുറ്റമേറ്റ് 40 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തി എന്ന കുറ്റസമ്മതം നടത്തുമ്പോൾ വർധിത ആവേശത്തോടെയാണ് വിമർശകർ രംഗത്ത് വന്നിരിക്കുന്നത്. എങ്കിൽ ഈ ഒരു തട്ടിപ്പിൽ തീരുന്നതാണോ ബിബിസി യുടെ ഇരട്ടത്താപ്പുകൾ എന്നതാണ് പ്രധാന ചോദ്യം. ഇന്ത്യയിൽ കഴിഞ്ഞ ആറു വർഷത്തിനിടയിൽ നടത്തിയ നികുതി വെട്ടിപ്പ് ആയിരുന്നു 40 കോടിയുടേത് എന്ന് ബിബിസി വെളിപ്പെടുത്തുമ്പോൾ അവർ ഇന്ത്യയിൽ മാത്രമല്ല ബ്രിട്ടനിലും കണക്കു പറയേണ്ടി വരും എന്നുറപ്പ്. ബിബിസി ഡൽഹി, മുംബൈ ഓഫിസുകളിൽ റെയ്ഡ് നടന്നപ്പോൾ പക്ഷപാതപരമായി റിപ്പോർട്ട് ചെയ്യാതിരിക്കുക എന്നതിനാൽ ഒന്നും പേടിക്കാനില്ല എന്നായിരുന്നു ജീവനക്കാർക്ക് നൽകിയ ഇമെയിൽ സന്ദേശം.

മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തു മറ്റേതൊക്കെ രാജ്യങ്ങളിൽ ബ്രിട്ടനിലെ ജനങളുടെ നികുതി പണത്തിൽ തടിച്ചു വീർക്കുന്ന മാധ്യമ സ്ഥാപനം സമാനമായ കുറ്റം ചെയ്തിരിക്കാം എന്ന സംശയമാണ് പൊതുവിൽ ഉയരുന്നത്. നികുതി വെട്ടിപ്പ് നടത്തിയ ബിബിസി മറ്റേതൊക്കെ നിയമ ലംഘനം നടത്തിയിട്ടുണ്ടാകാം എന്ന ആശങ്കയും വിമർശകരുടേതായി എത്തുന്നുണ്ട്. ഇതിനൊന്നും തത്കാലം ബിബിസിയിൽ നിന്നും മറുപടി ഇല്ലെന്നു മാത്രമല്ല, ഫെബ്രുവരിൽ റെയ്ഡിനെ കുറിച്ച് ലോകമൊട്ടാകെ തങ്ങളുടെ വാർത്ത ചാനലും ഓൺ ലൈൻ പോർട്ടലും ഉപയോഗിച്ച് റിപ്പോർട്ട് ചെയ്ത ബിബിസി ഇപ്പോൾ വെട്ടിപ്പ് നടത്തി എന്ന വാർത്ത സൗകര്യപൂർവം മറച്ചു വയ്ക്കുകയാണ്.

ജനകീയതയും വിശ്വാസ്യതയും ഒക്കെ പുറംപൂച്ചോ?

സാധാരണക്കാരായ മലയാളികൾക്കും മറ്റും ബിബിസി എന്നാൽ ജനകീയതയും വിശ്വാസ്യതയും ഉള്ള മാധ്യമ സ്ഥാപനം എന്നതായിരിക്കും. എന്നാൽ ടാബ്ലോയിഡ് വലുപ്പത്തിൽ പുറത്തു വരുന്ന ഗൗരവ വായനയുടെ പത്രമായ ഐ ആറുവർഷം മുൻപ് നടത്തിയ സർവേയിൽ ബിബിസിയിൽ വിശ്വാസ്യത കാണുന്നത് വെറും 37 ശതമാനം പേരു മാത്രമാണ്. അവശേഷിക്കുന്നവരിൽ 22 ശതമാനം പേര് ബിബിസി ഇടതു ചായ്വ് കാട്ടുന്നു എന്ന് പറയുമ്പോൾ 18 ശതമാനം പറയുന്നത് വലതു കോണിൽ നിന്നുമാണ് റിപ്പോർട്ടിങ് എന്നാണ്. 24 ശതമാനം പേർക്കാകാകട്ടെ ബിബിസിയുടെ നിലപാടിനെ കുറിച്ച് പോലും ധാരണയില്ല. അതായതു ബിബിസിയെ അറിയുന്നവരിൽ ബഹുഭൂരിപക്ഷവും അവരുടെ നിലപാടിൽ സംശയം ഉള്ളവർ ആണെന്നതാണ് വാസ്തുത. പത്തു വർഷം മുൻപ് ഗാർഡിയൻ പത്രം നടത്തിയ സർവേയിലും ബിബിസിയെ കുറിച്ച് സമാന സാധ്യതകൾ തന്നെയാണ് ജനങ്ങൾ പങ്കുവച്ചത്.

ബിബിസി കേരളത്തിൽ എത്തിയും വെറുപ്പ് നേടി

ഏറ്റവും ഒടുവിലായി ബിബിസി കേരളത്തിൽ എത്തിയും സ്വന്തം വിശ്വാസ്യത പണയം വയ്ക്കാൻ തയ്യാറായി. തിരുവല്ലയിലെ കുമ്പനാട് എന്ന പ്രദേശത്ത് എത്തി ഈ ഗ്രാമം പ്രേത പ്രദേശമായി മാറുകയാണ് എന്ന റിപ്പോർട്ടാണ് ബിബിസി നൽകിയത്. വിഷയം ചെറുപ്പക്കാർ വിദേശത്തും വീടിനുള്ളിൽ വൃദ്ധർ മാത്രമായി മാറുന്നു എന്നതുമായിരുന്നു. എന്നാൽ മണിക്കൂറുകളോളം സന്തോഷപൂർവം വർത്തമാനം പറഞ്ഞു ചിത്രങ്ങൾ എടുപ്പിച്ച ശേഷം ഒരു വീട്ടിലെ വൃദ്ധ മാതാവിനെ ആകുലയായി ജനലിൽ പിടിച്ചു ദൂരേയ്ക്ക് നോക്കി നിൽക്കുന്ന ചിത്രം ഫോട്ടോ ഷൂട്ടാക്കി എടുത്തു വാർത്തയ്‌ക്കൊപ്പം നൽകുന്ന രീതിയാണ് ബിബിസി സ്വീകരിച്ചത്. ഇവരുടെ വിദേശത്തുള്ള മക്കൾ ഈ സംഭവത്തിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

അമ്മയുടെ സന്തോഷമുള്ള ചിത്രങ്ങൾ എടുത്ത ബിബിസി എന്തിനാണ് പറഞ്ഞു അനുസരിപ്പിച്ച നിലയിൽ ചിത്രം എടുത്തു പ്രസിദ്ധീകരിച്ചത് എന്നാണ് മക്കൾ പരാതിയിൽ ഉന്നയിച്ചത്. കേരളം വൃദ്ധരെ കൊണ്ട് നിറയുന്നതിനാൽ പ്രേതനഗരം എന്ന തലക്കെട്ട് നൽകിയാണ് ബിബിസി മാർച്ചിൽ നൽകിയ ലേഖനത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ജനുവരിയിൽ ഗുജറാത്ത് കലാപം വിഷയമാക്കി ബിബിസി സംപ്രേഷണം ചെയ്ത ഡോക്യൂമെന്ററി തടയാൻ ഇന്ത്യൻ സർക്കാർ ശ്രമം നടത്തിയപ്പോൾ ബിബിസിക്ക് ഏറ്റവും അധികം പിന്തുണ ലഭിച്ച സ്ഥലങ്ങളിൽ ഒന്ന് കേരളമാണ്.

ഇന്ത്യയെ അപകീർത്തിപ്പെടുത്തി എന്ന് ബിജെപി പക്ഷം നിലപാട് എടുത്തപ്പോൾ എതിർ പക്ഷത്തു നിൽക്കേണ്ട ബാധ്യത കൊണ്ട് കൂടിയുമാണ് ഇടതുപക്ഷ അനുഭാവികൾ അന്ന് ബിബിസി അനുകൂല നിലപാടിലേക്ക് നീങ്ങിയത്. എന്നാൽ രണ്ടു മാസം മാത്രം കഴിഞ്ഞപ്പോൾ സ്വന്തം സംസ്ഥാനത്തെ കുറിച്ച് തീർത്തും പ്രതിഷേധാർഹമായ ഒരു വിവരണം ബിബിസി നൽകുമ്പോൾ ആ റിപ്പോർട്ട് സംബന്ധിച്ച് ഒരു പ്രതികരണവും കേരളീയ സമൂഹത്തിൽ നിന്നും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.

കാര്യങ്ങളെ വക്രീകരിച്ചു നൽകുന്ന മാധ്യമ പ്രവർത്തനമാണോ ബിബിസിയും ചെയ്യുന്നത് എന്ന് കുമ്പനാട് വാർത്തയെ സാമൂഹ്യ മാധ്യമങ്ങളിലും വിമർശിച്ചവർ ഏറെയാണ്. എന്നാൽ സൈബർ ലോകത്തു ഗുജറാത്ത് ഡോക്യൂമെന്ററിയുടെ പേരിൽ ബിബിസിയെ കയ്യടിക്കാൻ നിർബന്ധിതരായവർ കുമ്പനാടിനെ കുറിച്ച് അവാസ്തവം ആയ തരത്തിൽ മോശം വാർത്ത നൽകിയപ്പോഴും പ്രതികരിക്കാനാകാത്ത വിധം ധർമ്മ സങ്കടത്തിലാകുക ആയിരുന്നു മലയാളികൾ പലരും. വാർത്തയിൽ പരാമർശിക്കപ്പെട്ട ജനപ്രതിനിധികൾ പലരും പിന്നീട് ബിബിസി വാർത്തയിൽ തങ്ങൾ പറഞ്ഞ കാര്യങ്ങൾ അല്ല വന്നതെന്ന വിശദീകരണം നൽകിയതും ശ്രദ്ധ നേടിയിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP