Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202127Saturday

ജീവിക്കാനായി ഇഞ്ചി മിഠായി വിൽപ്പന മുതൽ പെയിന്റിങ് ജോലി വരെ; ബഷീർ പെരുവളത്ത് പറമ്പെന്ന എഴുത്തുകാരൻ പ്രസിദ്ധീകരിച്ചത് നൂറിലേറെ കഥകൾ; കണ്ണുരിലെ കഥാകാരന് പറയാനുള്ളത് വ്യത്യസ്തമായ ജീവിതാനുഭവങ്ങൾ

ജീവിക്കാനായി ഇഞ്ചി മിഠായി വിൽപ്പന മുതൽ പെയിന്റിങ് ജോലി വരെ; ബഷീർ പെരുവളത്ത് പറമ്പെന്ന എഴുത്തുകാരൻ പ്രസിദ്ധീകരിച്ചത് നൂറിലേറെ കഥകൾ; കണ്ണുരിലെ കഥാകാരന് പറയാനുള്ളത് വ്യത്യസ്തമായ ജീവിതാനുഭവങ്ങൾ

അനീഷ് കുമാർ

കണ്ണൂർ: ഇഞ്ചി മിഠായി വിൽപന മുതൽ പെയിന്റിങ് ജോലി വരെ ചെയ്തു ജീവിക്കുകയാണ് കണ്ണൂരിലെ ബഷീർ പെരുവളത്ത് പറമ്പെന്ന (45) എഴുത്തുകാരൻ. ആറോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് സാഹിത്യ ലോകത്ത് ശ്രദ്ധേയനായ ബഷീർ പെരുവളത്ത് പറമ്പ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കുടുംബം പോറ്റുന്നത് പെയിന്റിങ് ജോലി ചെയ്താണ് . അന്തരിച്ച യുവകഥാകൃത്ത് അഷ്‌റഫ് ആഡൂരിന്റെ അടുത്ത സുഹൃത്തുകൂടിയായ ബഷീർ അഷ്‌റഫിനെ പോലെ തന്നെ കൂലി വേല ചെയ്തു സാഹിത്യ പ്രവർത്തനങ്ങൾ നടത്തുന്നയാൾ തന്നെയാണ്.

ജീവിതം തന്ന ഇഞ്ചി മിഠായി മധുരം

നന്നെ ദരിദ്രമായ കുടുംബത്തിൽ ജനിച്ച ബഷീറിന് വീട്ടിലെ കഷ്ടപ്പാടുകൾ കാരണം ഏഴാം ക്‌ളാസുവരെ പഠിക്കാൻ കഴിഞ്ഞുള്ളു. പന്ത്രണ്ടാമത്തെ വയസിൽ എരിയുന്ന വയറുമായി ക്‌ളാസ് മുറിവിട്ട് ഇറങ്ങിയോടിയത് ഇരിട്ടി ബസ്സ് സ്റ്റാൻഡിൽ ഇഞ്ചി മിഠായി വിൽപ്പനയ്ക്കായിരുന്നു. വീട്ടിൽ നിന്നും ഉമ്മയുണ്ടാക്കി തന്ന മിഠായികളാണ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസുകളിൽ കയറിവിറ്റിരുന്നത്. ഇതിനിടെ യിൽ വായിക്കണമെന്നും എഴുതണമെന്നുമുള്ള കൊതി മനസിനുള്ളിൽ പെരുത്ത് വന്നു.

ഇതോടെ പത്രങ്ങളും ആനുകാലികങ്ങളും വായിച്ചു തുടങ്ങി. ഇതിനൊപ്പം നോട്ടുബുക്കുകളിൽ അൽപ്പാപ്പം കുത്തി കുറിക്കാനും തുടങ്ങിയിരുന്നു. 16 വയസു വരെ ഇതു തുടർന്നുവെങ്കിലും എവിടെയും പ്രസിദ്ധീകരണത്തിന് അയച്ചിരുന്നില്ല പതിനെട്ടാമത്തെ വയസിലാണ് കക്കാട് നിന്നും പ്രസിദ്ധീകരിക്കുന്ന ജ്വാലയെന്ന കൈയെഴുത്തു മാസികയിലേക്ക് റസിനെയുടെ നൊമ്പരങ്ങൾ എന്ന കഥ അയച്ചു കൊടുത്തത്. അതു നല്ല രീതിയിൽ വരികയും ചെയ്തു. ഇതോടെ എഴുത്ത് സജീവമായി. ആനുകാലിക സംഭവങ്ങളെ കുറിച്ചുള്ള പ്രതികരണങ്ങൾ കത്തായി വിവിധ പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചു വരാൻ തുടങ്ങി. ഇതിനോടൊപ്പം ഇഞ്ചി മിഠായി, പുസ്തക വിൽപന പഴവർഗ വിൽപന , അലങ്കാര വസ്തു നിർമ്മാണ വിൽപന , മരുന്ന് വിൽപന അങ്ങനെ പല തെരുവ് കച്ചവടങ്ങൾക്കിടെയിലും എഴുത്തും വായനയും തുടർന്നു പോന്നു.

പഠനം കൈവിടാതെ

സ്‌കൂളിന് പുറത്ത് പോകേണ്ടി വന്നുവെങ്കിലും ബഷീർ പഠനം കൈവിട്ടില്ല തന്റെ ഇരുപത്തിരണ്ടാമത്തെ വയസിൽ എസ്.എസ്.എൽ.സി നേരിട്ടെഴുതി പാസായി. ഇതിനിടെ നിരവധി കഥാക്യാംപുകളിൽ പങ്കെടുത്തിരുന്നു. അന്ന് ലഭിച്ച കൂട്ടുകാരിലൊരാളാണ് അഷ്‌റഫ് ആഡൂർ. ഇതിനിടെയിൽ നാട്ടിൽ പച്ചക്കറി - പലചരക്ക് കട തുടങ്ങിയെങ്കിലും എട്ടു നിലയിൽ പൊട്ടി. ഇതോടെ കടം കയറി ഗൾഫിലേക്ക് വിടേണ്ടി വന്നു. അപ്പോഴെക്കും സഹധർമ്മിണിയായി വഹീദ യുമെത്തിയിരുന്നു.

ഗൾഫിൽ തുച്ഛമായ വേതനത്തിന് പണിയെടുക്കുന്നതിനൊപ്പം ഒഴിവു സമയങ്ങളിൽ പത്ര വിൽപനയും തുടങ്ങി. 2005 ൽ ദുബൈ കേന്ദ്രീകരിച്ചു പ്രസിദ്ധീകരിച്ചിരുന്ന അറേബ്യയെന്ന മലയാള ദിനപത്രം നടത്തിയ കഥാമത്സരത്തിൽ വിധി തന്ന നിധിയെന്ന കഥയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു. പിന്നീട് കഥകളുടെ പ്രവാഹം തന്നെയായിരുന്നു. ആകാശവാണിയിലും പത്രങ്ങളിലെ വാരാന്ത്യ പതിപ്പുകളിലും സ്ഥിരം സാന്നിദ്ധ്യമായി മാറി. മൂന്ന് കഥാ സമാഹാരങ്ങളിലായി നൂറിലധികം കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി കവിയരങ്ങുകളിൽ പങ്കെടുത്ത ബഷീർ പെരുവളത്ത് പറമ്പിന്റെ ഒറ്റപ്പെട്ടവർ എന്ന നോവൽ പ്രകാശനം ചെയ്തത് ശിഹാബുദ്ദീൻ പൊയ്ത്തും കടവാണ്.

സാഹിത്യതീരം എന്ന അത്ഭുതം

കഴിഞ്ഞ മൂന്നു വർഷമായി ശ്രീകണ്ഠാപുരം നഗരത്തിലെ പുഴയോരത്ത് മുത്തപ്പൻ ക്ഷേത്രത്തിനടുത്ത് ബഷീർ നടത്തിവരുന്ന സാഹിത്യ തീരം പ്രതിമാസ സാഹിത്യ സംവാദം കേരളത്തിൽ തന്നെ ഏറെ പ്രശസ്തി നേടിയതാണ്.

എൻ.പ്രഭാകരൻ, വി എസ്.അനിൽകുമാർ തുടങ്ങി ഒട്ടേറെ മുൻ നിര എഴുത്തുകാർ സാഹിത്യ തീരത്തിൽ പങ്കെടുത്തിട്ടുണ്ട്. എഴുതി തുടങ്ങുന്നവരുടെയും എഴുതി തെളിഞ്ഞവരുടെയും രചനകൾ സാഹിത്യ തീരത്തിൽ ചർച്ചയാകാറുണ്ട്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ കഴിഞ്ഞ വർഷം മുതൽ ഓൺലൈനായാണ് സാഹിത്യ തീരം പുസ്തകചർച്ചകൾ നടക്കുന്നത്

പെയിന്റിങ് ജോലിക്കിടെയുള്ള കഥാ വിചാരങ്ങൾ

തിരക്കുപിടിച്ച പെയിന്റിങ്ങ് ജോലിക്കിടെ യിലും സാഹിത്യത്തെ കൈവിടാൻ ബഷീർ തയ്യാറായിട്ടില്ല. വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയുമെന്ന കുഞ്ഞുണ്ണി കവിതയാണ് തന്റെ ആപ്തവാക്യമെന്ന് ബഷീർ പറയുന്നു.

കുടുംബം പോറ്റാനാണ് പെയിന്റിങ്ങ് ജോലി ചെയ്യുന്നത് അതിനിടെയിൽ നഷ്ടമാകാതെ നോക്കുന്നുണ്ട് എഴുത്തിനെ ബഷീർ നടത്തുന്ന സാഹിത്യ പ്രവർത്തനങ്ങളെ മാനിച്ച് 2008-ൽ സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സാന്ത്വനം പുരസ്‌കാരവും തലശേരിയിൽ രാജാരവിവർമ്മയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ ശ്രേഷ്ഠ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് മലപ്പട്ടത്ത് അടിച്ചേരി പുഴയോരത്താണ് ബഷീറിന്റെ താമസം വാഹിദയാണ് ഭാര്യ.. മക്കൾ: മുബീന, മുർഷിദ്, മുർഷിദ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP