Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

മാണിയെ 'ബാർ കള്ളനാക്കി' അധികാരത്തിൽ എത്തിയ പിണറായി സർക്കാർ ഇതുവരെ പിരിച്ചത് കോടികൾ; 20 ബാറുകളിൽ നിന്നും നയം മാറ്റത്തിലൂടെ 432 ത്രി സ്റ്റാർ ബാറുകളാക്കിയപ്പോൾ കിട്ടിയ ശതകോടികൾ ഉപയോഗിച്ചത് പാർലമെന്റെ തെരഞ്ഞെടുപ്പിന്; സർക്കാർ വരുമാനത്തിന്റെ നട്ടെല്ലായ ബിവറേജസ് കോർപ്പറേഷനെ തകർക്കാൻ ബാറുകളിൽ പാഴ്‌സൽ കൗണ്ടറുകൾ തുടങ്ങിയത് ബാറൊന്നിന് ഒരു ലക്ഷം വീതം പിരിച്ചെന്നും ആരോപണം; തദ്ദേശ തെരഞ്ഞെടുപ്പിനായി സിപിഎം ബാറുടമകളിൽ നിന്നും ശേഖരിച്ചത് പത്ത് കോടിയോ?

മാണിയെ 'ബാർ കള്ളനാക്കി' അധികാരത്തിൽ എത്തിയ പിണറായി സർക്കാർ ഇതുവരെ പിരിച്ചത് കോടികൾ; 20 ബാറുകളിൽ നിന്നും നയം മാറ്റത്തിലൂടെ 432 ത്രി സ്റ്റാർ ബാറുകളാക്കിയപ്പോൾ കിട്ടിയ ശതകോടികൾ ഉപയോഗിച്ചത് പാർലമെന്റെ തെരഞ്ഞെടുപ്പിന്; സർക്കാർ വരുമാനത്തിന്റെ നട്ടെല്ലായ ബിവറേജസ് കോർപ്പറേഷനെ തകർക്കാൻ ബാറുകളിൽ പാഴ്‌സൽ കൗണ്ടറുകൾ തുടങ്ങിയത് ബാറൊന്നിന് ഒരു ലക്ഷം വീതം പിരിച്ചെന്നും ആരോപണം; തദ്ദേശ തെരഞ്ഞെടുപ്പിനായി സിപിഎം ബാറുടമകളിൽ നിന്നും ശേഖരിച്ചത് പത്ത് കോടിയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാറുടമകൾക്ക് വാരിക്കോരി കൊടുക്കാൻ സംസ്ഥാന സർക്കാരെത്തുമ്പോൾ സജീവമാകുന്നത് അഴിമതി ആരോപണങ്ങളാണ്. കെ എം മാണിയുടെ ബാർ കോഴ ഉയർത്തി അധികാരത്തിൽ എത്തിയവർ കൊറോണക്കാലത്തും ബാർ മുതലാളിമാർക്കൊപ്പമാണ്. ബാർ ലൈസൻസ് ഫീസിലും ഇളവ് നൽകും. ലോക് ഡൗൺ കാലത്ത് അടച്ചിട്ടതു കൊണ്ട് ഇളവ് വേണമെന്നാണ് ബാർമുതലാളിമാരുടെ ആവശ്യം. ഇത് സർക്കാർ ഏതാണ്ട് അംഗീകരിച്ചു കഴിഞ്ഞു. ഇതിനൊപ്പം പാഴ്‌സൽ സർവ്വീസ് കൂടിയാകുമ്പോൾ ബാർ മുതലാളിമാർക്ക് കേരളത്തിലെ മദ്യ വ്യവസായത്തിൽ കുത്തക അവകാശപ്പെടാൻ കഴിയും. കെഎം മാണിയെ ബാർ കോഴയിൽ അപമാനിച്ചവർക്കെതിരെ ഇപ്പോഴത്തെ കച്ചവടങ്ങളിൽ പ്രത്യക്ഷ പങ്കുണ്ടെന്നാണ് യുഡിഎഫിന്റെ ആരോപണം. ഇക്കാര്യത്തിൽ അവർ പ്രത്യക്ഷ സമരത്തിനും ഇറങ്ങും.

കോവിഡിന്റെ മറവിൽ ബാറുകളിൽ പ്രത്യക്ഷ കൗണ്ടർ അനുവദിക്കുന്നത് ബിവറേജസ് ഔട്ട് ലെറ്റുകളെ ബാധിക്കും. ഓൺലൈൻ കൗണ്ടർ ബുക്കിങ് ഉൾപ്പെടെ ആപ്പ് സംവിധാനം ഒരുക്കി ബിവറേജസ് ഔട്ട് ലെറ്റുകളിൽ തിരിക്ക് നിയന്ത്രിക്കാം. വേണമെങ്കിൽ കോവഡു കാലത്ത് ബിവറേജിനെ കൊണ്ട് കൂടുതൽ താൽകാലിക കൗണ്ടറുകളും സംസ്ഥാനത്തുടനീളം തുറക്കാം. നിലവിൽ 265 കൗണ്ടറുകളാണ് ബിവറേജസിനുള്ളത്. ഇത് 600ഉം 700ഉം ഒക്കെയാക്കി താൽകാലികമായി ഉയർത്താം. ഇതിലൂടെ മദ്യവിൽപ്പനയുടെ ലാഭം മുഴുവൻ സംസ്ഥാനത്തിന് കിട്ടുകയും ചെയ്യും. ഇതിനൊന്നും ശ്രമിക്കാതെയാണ് ബാറുകളിൽ പാഴ്‌സൽ വിൽപ്പനയ്ക്കുള്ള അവസരം ഒരുങ്ങുന്നത്. കാശുള്ളവർക്ക് ബാറുകളിൽ നിന്ന് എല്ലാ സുഖ സൗകര്യങ്ങളോടും കൂടി പാഴ്‌സൽ വാങ്ങാം.

കേരളത്തിലെ മൊത്തം ബാറുകളുടെ എണ്ണം 598 ആണ്. ബിയർ ആൻഡ് വൈൻ പാർലറുകൾ 357. ആകെ 955 എണ്ണം. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റുകൾ 265, കൺസ്യുമർ ഫെഡ്ഡിന്റെ ഔട്ട് ലെറ്റുകൾ 36. ആകെ ഔട്ട് ലെറ്റുകൾ 301. ഈ 301 ഔട്ട് ലെറ്റുകളോടൊപ്പം ബാറുകളുടെ 955 ഔട്ട് ലെറ്റുകൾ കൂടെ പുതുതായി വരികയാണ്. അതിന്റെ അർത്ഥം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഔട്ട്‌ലെറ്റുകളുടെ മൂന്നിരിട്ടി സ്വകാര്യ ഔട്ട്‌ലെറ്റുകൾ കേരളത്തിൽ വരാൻ പോകുന്നു എന്നാണ്. മദ്യം പാഴ്‌സലായി ബാറുകളിലൂടെ നൽകിയാൽ ബിവറേജസ് ഒട്ട് ലെറ്റുകളിലെ കച്ചവടെ പാടെ കുറയും. ഇത് ഫലത്തിൽ സർക്കാരിന്റെ വരുമാനത്തേയും ബാധിക്കും. എന്നിട്ടും ബാറുകളെ സഹായിക്കാനുള്ള പാഴ്‌സൽ സംവിധാനത്തിന് പിന്നിൽ അഴിമതിയാണെന്നാണ് ഉയരുന്ന ആരോപണം. 2018-19 ൽ ബിവറേജസിന്റെ വരുമാനം 12400 കോടി രൂപയാണ്. അത് ഗണ്യമായി കുറയാൻ പോവുകയാണ്. ബാറുകാരുമായി സിപിഎം ഉണ്ടാക്കിയിട്ടുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ് ഈ തിരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു. ഇതിൽ മറ്റൊരു ആശങ്ക കൂടിയുണ്ട്. സെക്കന്റ്‌സ് എന്ന് പറയുന്ന വ്യാജ മദ്യം ഒഴുകാനുള്ള സാധ്യത.

സ്വകാര്യമേഖലക്ക് ചില്ലറ മദ്യവിപ്പന തിറെഴുതിക്കൊടുക്കുന്ന നയവ്യതിയാനം സമൂഹത്തിൽ അതീവ ഗുരുതരമായ പ്രശ്‌നങ്ങളാണ് ഉണ്ടാക്കാൻ പോകുന്നത്. 1984 ഫെബ്രുവരി 23 നാണ് സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷൻ നിലവിൽ വന്നത്. അതിന് മുമ്പ് കേരളത്തിൽ മദ്യക്കച്ചവടം സ്വകാര്യമേഖലയിരുന്നു. അതിന്റെ ഫലമായി കേരളത്തിൽ അടിക്കടി മദ്യദുരന്തങ്ങളുണ്ടായി. ആ പശ്ചാത്തലത്തിലാണ് സർക്കാർ ഇത് ഏറ്റെടുക്കാൻ തിരുമാനിച്ചത്. അന്ന് പതിനാല് ജില്ലകളിൽ പതിനാല് ഔട്ട്ലറ്റുകളാണ് ആരംഭിച്ചത്. അതോടൊപ്പം സ്വകാര്യമേഖലയിലെ ചില്ലറ വിൽപ്പന 2002വരെ തുടർന്നു. അന്ന് ഒരു ചില്ലറ വിൽപ്പന ശാല അമ്പത് ലക്ഷം മുതൽ ഒരു കോടി വരെ രൂപക്കായിരുന്നു ലേലത്തിൽ പോയിരുന്നത്. അതനുസരിച്ച് ഇത്രയും വർഷങ്ങൾക്ക് ശേഷം ചില്ലറ വിൽപ്പന ശാലകൾ ലേലം ചെയ്താൽ മൂന്ന് കോടി മുതൽ അഞ്ച് കോടി വരെ കിട്ടാനുള്ള സാധ്യത ഉണ്ട്. അതാണ് സൗജന്യമായി ബാറുടമകൾക്ക് നൽകിയിരിക്കുന്നത്.

ഓരോ ബാറിൽ നിന്നും ഒരു ലക്ഷം രൂപ വീതം പിരിവു നടന്നുവെന്നാണ് യുഡിഎഫ് ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള സിപിഎം തയ്യാറെടുപ്പാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്. അതീവ രഹസ്യമായാണ് ചർച്ചകൾ നടക്കുന്നതെന്നും അവർ പറയുന്നു. ബിയർ പാർലറിൽ നിന്നും പിരിവ് നടക്കുന്നുവെന്ന ആക്ഷേപവും ഉണ്ട്. ബാറുകളിൽ മദ്യം വില കൂട്ടിയാണ് കൊടുക്കാറുള്ളത്. അതുകൊണ്ടാണ് സാധാരണക്കാർ ബിവറേജുകളേയും കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകളേയും കൂടുതലായി ആശ്രയിക്കുന്നത്. എന്നാൽ പാഴ്‌സൽ കൊടുക്കുമ്പോൾ ബിവറേജസുകളിലെ അതേ വിലയ്ക്ക് ബാറിലും കൊടുക്കണം. പ്രത്യക്ഷത്തിൽ നല്ല തീരുമാനമായി തോന്നുമെങ്കിലും ഇതിന് പിന്നിൽ മദ്യ കച്ചവടം ബാറിലേക്ക് കേന്ദ്രീകരിക്കാനുള്ള നീക്കമാണ്. രണ്ടിടത്തും വില ഒന്നാകുമ്പോൾ എല്ലാവരും തൊട്ടടുത്തുള്ള ബാറുകളിൽ പോയി പാഴ്‌സൽ വാങ്ങും. ഇതോടെ ബിവറേജിന്റെ കാര്യവും തീരും.

കോവിഡുകാലത്തെ താൽകാലിക സംവിധാനമായി ഇതിനെ സർക്കാർ ഉയർത്തിക്കാട്ടുന്നു. എന്നാൽ ചുരുങ്ങിയത് ഒരു കൊല്ലമെങ്കിലും കൊറോണയുടെ ഭീതി തുടരും. ഈ സാഹചര്യത്തിൽ നീണ്ട കാലത്തേക്ക് ബാറുകളിൽ പാഴ്‌സൽ വിൽപ്പന തകൃതിയായി നടക്കും. 2002 ൽ കേരളത്തിൽ സ്വകാര്യ മേഖലയിൽ മദ്യത്തിന്റെ ചില്ലറ വിൽപ്പന അവസാനിപ്പിക്കുകയാണുണ്ടായത്. മദ്യവിപണനത്തിന്റെ പൂർണ്ണ നിയന്ത്രണം അന്ന് സർക്കാർ ഏറ്റെടുത്തു. എന്നാൽ ഇപ്പോൾ കോവിഡിന്റെ മറവിൽ മദ്യത്തിന്റെ ചില്ലറ വിൽപ്പന കൗശലപൂർവ്വം സ്വകാര്യമേഖലക്ക് തീറെഴുതിക്കൊടുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.

ഇതിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്ന് യുഡിഎഫ് പറയുന്നു. ത്രിസ്റ്റാർ ഹോട്ടലുകളിൽ മാത്രമാണ് ബാർ ലൈസൻസ് കൊടുക്കാൻ കഴിയുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് യുഡിഎഫിനെതിരെ ആരോപണങ്ങൾ എത്തിയത്. സംസ്ഥാനത്തുള്ള ടു സ്റ്റാർ ഹോട്ടലുകളെ എല്ലാം പിന്നീട് അധികാരത്തിൽ എത്തിയ ഇടതു പക്ഷം എല്ലാ ടു സ്റ്റാറുകളേയും ത്രി സ്റ്റാറുകളാക്കി ഉയർത്തി. വലിയ അഴിമതിയാണ് അന്ന് നടന്നത്. ഈ ശതകോടികൾ ഉപയോഗിച്ചായിരുന്നു പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന്റെ പ്രചാരണം. ഇപ്പോഴിതാ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു. അപ്പോൾ പുതിയ നീക്കം. പെട്രോളിന്റെ എക്‌സൈസ് നികുതിയിലെ സംസ്ഥാന വിഹിതം കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകാത്ത പിണറായി സർക്കാരാണ് ബാറുകളുടെ ലൈസൻസ് ഫീസ് കുറയ്ക്കാൻ മുന്നിൽ നിൽക്കുന്നത്. ഇതിന് പിന്നിലും കോടികളുടെ അഴിമതിയാണെന്ന് പ്രതിപക്ഷം പറയുന്നു.

കോവിഡിന്റെ മറവിൽ സർക്കാർ നടത്തിയ തീവെട്ടി കൊള്ളയാണ് ബാറുകൾക്കും നൽകിയ ചില്ലറ വില്പനയ്ക്കുള്ള അനുമതി. രണ്ട് ദശാബ്ദങ്ങൾക്ക് ശേഷമാണ് മദ്യത്തിന്റെ ചില്ലറ വില്പനയിൽ സർക്കാരിന്റെ കുത്തക അവസാനിപ്പിച്ച് അത് മദ്യമുതലാളിമാരെ ഏല്പിക്കുന്നത്. കോടികളുടെ അഴിമതിയാണ് ഇതിന് പിന്നിൽ. മദ്യത്തിന്റെ ചില്ലറ വില്പനയിലൂടെ ബിവറേജസ് കോർപ്പറേഷന് ലഭിക്കുന്ന 20 ശതമാനം കമ്മീഷൻ സർക്കാരിന്റെ ഖജനാവിലേക്കാണ് പോകുന്നതെങ്കിൽ ബാറുകളിൽ ബിവറേജസ് നിരക്കിൽ വിൽക്കുന്ന മദ്യത്തിന്റെ കമ്മീഷൻ മദ്യമുതലാളിമാരുടെ പോക്കറ്റിലേക്കാണ് പോകുന്നത്. ബിവറേജസ് ഔട്ടലെറ്റുകളുടെ മൂന്നിരട്ടി ഔട്ട്ലെറ്റുകൾ ബാറുകളിൽ തുറക്കുന്നതോടെ ബിവറേജസ് ഔട്ടലെറ്റുകളിലെ വില്പന വല്ലാതെ ഇടിയുകയും അവ കാലക്രമത്തിൽ അടച്ചു പൂട്ടുകയും ചെയ്യും. സർക്കാരിന്റെ ലക്ഷ്യവും അതാണെന്നാണ് ഉയരുന്ന ആരോപണം.

ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം മദ്യനയം മാറി സംസ്ഥാനത്ത് തുറന്നത് 402 ബാറുകളായിരുന്നു. ഇതിൽ 120 എണ്ണം പുതിയതാണ്. ത്രീ സ്റ്റാർ മുതൽ മുകളിലേക്കുള്ള ഹോട്ടലുകൾക്ക് ബാർ അനുവദിക്കണമെന്ന നയം നിലവിലുള്ളതോടെ എണ്ണം ഇനിയും കൂടും. 2018 ഒക്ടോബർ വരെ 432 ബാറുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പഞ്ചനക്ഷത്ര സൗകര്യമുള്ള ഹോട്ടലുകൾക്കുമാത്രം ബാർ ലൈസൻസ് എന്ന് തീരുമാനമെടുത്തിരുന്നു. ഇതോടെയാണ് ബാറുകൾ 30 ആയി ചുരുങ്ങിയത്. ത്രീ സ്റ്റാർ സൗകര്യങ്ങളോടെ ബാറുകൾ തുറക്കാൻ ലൈസൻസിന് അപേക്ഷിച്ചാൽ നൽകാമെന്നാണ് ഇപ്പോഴത്തെ നയം. രേഖകൾ കൃത്യമാണെങ്കിൽ നിഷേധിക്കുക എളുപ്പമല്ല. പരാതിയുണ്ടെങ്കിൽ അപേക്ഷകന് കോടതിയെ സമീപിക്കാം. ദേശീയ-സംസ്ഥാന പാതയോരത്തുനിന്ന് ദൂരപരിധിയുമായി ബന്ധപ്പെട്ട നിയന്ത്രണം വന്നതോടെ കുറെ ബാറുകൾ അടച്ചിടേണ്ടി വന്നിരുന്നു. എന്നാൽ റോഡുകളെ സർക്കാർ തരംതാഴ്‌ത്തി ജില്ലാ റോഡുകളുടെ പദവിയിലേക്കാക്കിയതോടെ പല ബാറുകളും തുറന്നു. ഒടുവിൽ സുപ്രീംകോടതി തന്നെ ഇളവ് നലകിയതോടെ ബാറുകൾ തുറക്കുന്നതിനുള്ള തടസ്സങ്ങളും നീങ്ങി. ഇതിലെല്ലാം അഴിമതിയുടെ ചർച്ചകളും എത്തി. 2018ന് മുമ്പ് നടന്ന ഈ ഇടപാടുകളിലൂടെ പണം ഇടത് കേന്ദ്രങ്ങളിലേക്ക് ഒഴുകിയെന്ന് അന്നു തന്നെ ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പുതിയ വെർഷനാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. ഇതിനിടെ ബ്രൂവറിസും ഡിസ്റ്റലറീസും അനുവദിച്ചതും വിവാദമായി. ഇതോടെ കൂടുതൽ കരുതലോടെ തീരുമാനം വന്നു.

മെയ് 1 ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാർഗ നിർദ്ദേശത്തിൽ തന്നെ ബാറുകളും മദ്യശാലകളും തുറക്കാൻ അനുമതി നൽകിയിരുന്നു. അന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് കൂടി മദ്യശാലകൾ തുറക്കേണ്ടെന്നാണ് തിരുമാനിച്ചത്. കോവിഡ് ബാധ ഉണ്ടായ ശേഷം ഒരു ഘട്ടത്തിലും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കൂടി ഒരു നിർദ്ദേശവും സർക്കാരിന് കൊടുത്തതായി കേട്ടിട്ടില്ല. എന്നാൽ ഏന്നാൽ ഈ കാര്യത്തിൽ ചർച്ച നടത്തി സർക്കാരിനോട് മദ്യശാലകൾ തുറക്കണ്ടാ എന്ന് നിർദ്ദേശിച്ചു. നമ്മൾ വിചാരിച്ചു മദ്യത്തോടുള്ള എതിർപ്പ് കൊണ്ടായിരിക്കും അതെന്ന്. പക്ഷേ അണിയറയിൽ ബാറുമുതലാളിമാരുമായി ചർച്ചകൾ നടക്കുന്നതിനാൽ അതിന് സാവകാശം കിട്ടാൻ വേണ്ടിയാണ് സെക്രട്ടേറിയറ്റ് ഈ തിരുമാനമെടുത്തതെന്ന് പിന്നീട് മന്ത്രിസഭാ തീരുമാനം വന്നപ്പോഴാണ് മനസിലായതെന്ന് രമേശ് ചെന്നിത്തല തന്നെ ആരോപിച്ചിട്ടുണ്ട്. ആ ചർച്ച പൂർത്തീകരിക്കാത്തതുകൊണ്ടാണ് കേന്ദ്ര സർക്കാർ പറഞ്ഞിട്ടും ഒന്നാം തീയതി മുതൽ മദ്യശാലകൾ തുറക്കേണ്ട എന്ന് സിപിഎം സെക്രട്ടേറിയറ്റ് തിരുമാനിച്ചത്. ഇപ്പോൾ അവരുമായി ചർച്ച നടത്തി ധാരണയിലെത്തി. അതിന് ശേഷമാണ് മന്ത്രിസഭാ തിരുമാനമെടുത്തിരിക്കുന്നത്. ഇത് വലിയൊരു കൊള്ളയാണ്. സംസ്ഥാന വ്യാപകമായി ഇതിന് വേണ്ടി ബാറുകാരുടെ കയ്യിൽ നിന്ന് പിരിവ് ആരംഭിച്ചുകഴിഞ്ഞിരിക്കുന്നുവെന്നാണ് ചെന്നിത്തലയുടെ ആരോപണം.

ഇതിന് രണ്ട് പ്രശ്‌നങ്ങൾ ഉണ്ട്. ഒന്ന് സാമൂഹ്യമായ പ്രശ്‌നം. മദ്യത്തിന്റെ വ്യാപനവുമായി ബന്ധപ്പെട്ടതാണത്. രണ്ട,് സംസ്ഥാന സർക്കാരിന്റെ കുത്തകയായിരുന്ന മദ്യ വിൽപ്പന സ്വകാര്യമേഖലക്ക് നൽകുകയാണ്. അതൊടെ ബിവറേജസ് കോർപ്പറേഷൻ ഏതാണ്ട് അടച്ച് പൂട്ടുന്ന സ്ഥിതിയിലേക്ക് എത്തുകയാണ്. ക്യു നിൽക്കാതെ ബാറുകളിലേക്ക് ഫോണിൽ വിളിച്ചു പറഞ്ഞാൽ വീട്ടിൽ മദ്യം കിട്ടും. ഓൺലൈനിൽ ബൂക്ക് ചെയ്താൽ വീട്ടിൽ മദ്യം കിട്ടും. പിന്നെ ആരാണ് ബിവറേജസ് കോർപ്പറേഷനിലേക്ക് മദ്യം വാങ്ങാനായി ക്യൂ നിൽക്കാൻ പോകുന്നത്. ബിവറേജസ് ഔട്ട് ലെറ്റുകളിലെ അതേ വിലക്കാണ് ബിറുകളിലും കിട്ടുന്നത്. ഇന്ന് കേരളത്തിൽ 301 ബിവറേജസ് ഔട്ട് ലെറ്റുകളാണ് നിലവിലുള്ളത്. അതെല്ലാം കാലക്രമേണ അടച്ച് പൂട്ടും. ബിവറേജസ് കോർപ്പറേഷന് ലഭിക്കുന്ന 20 ശതമാനം കമ്മീഷൻ സർക്കാരിനാണ് ലഭിക്കുന്നതെങ്കിൽ ബാറുടമകൾക്ക് ലഭിക്കുന്ന 15 % കമ്മീഷൻ മദ്യമുതലാളിമാരുടെ പോക്കറ്റിലേക്കാണ് പോകുക. ബിവറേജസ് കോർപ്പറേഷന് ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനം നഷ്ടപ്പെടുത്തി ബാറുകാർക്ക് സഹായം ചെയ്തുകൊടുക്കേണ്ട എന്ത് കാര്യം ഇവിടെയുണ്ടായത് എന്നാണ് ചോദിക്കുന്നത്. അതിനാൽ ബാറുകളിലൂടെ മദ്യം ചില്ലറ വിൽപ്പന നടത്താനുള്ള തീരുമാനം പിൻവലിക്കണമെന്ന് ചെന്നിത്തല പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP