Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വലിയ ഡെക്കറേഷൻ വേണ്ട; സഹകരണ സംഘം മതി; സഹകരണ ബാങ്കുകൾക്ക് ഇനി ബാങ്ക് എന്ന പദം വേണ്ട; സഹകരണ സംഘം എന്ന് വിളിച്ചാൽ മതിയെന്ന് പുതുക്കിയ നിയമം; കേരളത്തിലെ സഹകരണ ബാങ്കുകളുടെ ഇടപാടുകളിൽ വൻ തിരിച്ചടി നേരിടും; ബാങ്കിങ് നിയന്ത്രണ നിയമഭേദഗതി തിരിച്ചടിയാകുന്നത് കേരളാ ബാങ്കിന് അടക്കം; നിക്ഷേപങ്ങൾ തിരിച്ചു നൽകേണ്ടി വരുമെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: പാർലമെന്റ് പാസാക്കിയ ബാങ്കിങ് നിയന്ത്രണ നിയമ ഭേദഗതി ബിൽ, സർവീസ് സഹകരണ ബാങ്കുകൾ എന്ന പേരിൽ കേരളത്തിൽ വ്യാപകമായ പ്രാഥമിക കാർഷിക വായ്പാസഹകരണ സംഘങ്ങളുടെ അടിത്തറ തകർക്കുമെന്ന് ആശങ്ക. ഇന്ത്യയിലെ ആകെ പ്രാഥമികസംഘങ്ങളിൽ 1.7 % മാത്രമാണു കേരളത്തിൽ ഉള്ളൂവെങ്കിലും രാജ്യത്തെ മൊത്തം നിക്ഷേപത്തിന്റെ 69.5 % കേരളത്തിലാണ്.

ഏതാണ്ട് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം. നിലവിൽ കേരളത്തിലെ 60 അർബൻ ബാങ്കുകൾക്കു മാത്രമേ നിയമം ബാധകമാകൂ.1624 സർവീസ് സഹകരണ ബാങ്കുകൾ, സംസ്ഥാന സഹകരണ ബാങ്ക്, മലപ്പുറം ജില്ലാ ബാങ്ക് എന്നിവയ്ക്കു നിയമം ബാധകമാകാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇനി വീണ്ടും പ്രത്യേക വിജ്ഞാപനം പുറത്തിറക്കണം.


സർവീസ് സഹകരണ ബാങ്കുകളും കാർഷിക ഗ്രാമവികസന ബാങ്കുകളും ഇനി മുതൽ പേരിനൊപ്പം ബാങ്ക്, ബാങ്കർ, ബാങ്കിങ് എന്ന പദങ്ങൾ ഉപയോഗിക്കരുത്. സഹകരണസംഘം എന്ന പേരിലേ പ്രവർത്തിക്കാൻ പാടുള്ളൂ. ഇവരുടെ നിക്ഷേപ, വായ്പ ബാങ്കിങ് ഇടപാട് വോട്ടവകാശമുള്ള എ ക്ലാസ് മെംബർമാരുമായി മാത്രമേ പാടുള്ളൂ. മറ്റുള്ളവരിൽ നിന്നു നിക്ഷേപം സ്വീകരിക്കരുത്. ബാങ്കിന്റെ അധികാര പരിധിക്കു പുറത്തുള്ള വ്യക്തികളെ നോമിനൽ മെംബർ (നാമമാത്ര അംഗം) ആക്കി നിലവിൽ നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇനി അതു പറ്റില്ല. കേരളത്തിലെ 1624 സർവീസ് സഹകരണ ബാങ്കുകളിലെ 60,000 കോടി രൂപയുടെ നിക്ഷേപവും നാമമാത്ര നിക്ഷേപകരുടേതാണ്. ഇതെല്ലാം തിരിച്ചു നൽകേണ്ടി വരും. ഇതിൽ തന്നെ 45,000 കോടി രൂപ കേരള ബാങ്കിലെ സർവീസ് സഹകരണ ബാങ്കുകളുടെ നിക്ഷേപമാണ്. ഇതു തിരിച്ചു കൊടുക്കേണ്ടി വരുന്നത് കേരള ബാങ്കിനെയും ബാധിക്കും

ഇനി മുതൽ ചെക്ക് കൊടുക്കാനോ സ്വീകരിക്കാനോ പാടില്ല. സേവിങ്‌സ് ബാങ്ക് അക്കൗണ്ടിൽ നിന്നു പണം പിൻവലിക്കാൻ ചെക്കിനു പകരം വിത്‌ഡ്രോയിങ് സ്ലിപ് ആണു നൽകേണ്ടത്. നിക്ഷേപകരുടെ മറ്റ് വാണിജ്യ ബാങ്കുകളിലെ ചെക്ക് വാങ്ങി ജില്ലാ ബാങ്ക് മുഖേന പണമാക്കി കൊടുക്കുന്നതും നിരോധിച്ചു.

കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ കർഷകർക്കു ലഭിക്കുന്നതിനു വേണ്ടി ജില്ലാ ബാങ്കുകളിൽ തുടങ്ങിയ 'മിറർ' അക്കൗണ്ടുകളുടെ സേവനവും നഷ്ടമാകും.മറ്റു വാണിജ്യ ബാങ്കുകളുമായി ചേർന്നു കേരളത്തിലെ പല സർവീസ് സഹകരണ ബാങ്കുകളും ഓൺലൈൻ പണമിടപാട് സേവനങ്ങളായ ആർടിജിഎസ്, നെഫ്റ്റ് എന്നിവ നടത്തിയിരുന്നു. ഇനി ഇവയ്ക്ക് അനുമതിയുണ്ടാകില്ല. സഹകരണ നിയമപ്രകാരമുള്ള വ്യക്തികൾ, സർക്കാർ, ഫെഡറൽ സംഘം, സ്വാശ്രയ ഗ്രൂപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവർക്കു മാത്രമേ വോട്ടവകാശമുള്ള അംഗത്വം നൽകാൻ കഴിയൂ. ആരാധനാലയങ്ങൾ തുടങ്ങിയ മറ്റു സ്ഥാപനങ്ങളുടെ നിക്ഷേപം വാങ്ങരുത്.

അർബൻ ബാങ്കുകളിൽ വരാൻ പോകുന്ന മാറ്റങ്ങളെല്ലാം നിക്ഷേപകരുടെ താൽപര്യങ്ങൾക്ക് അനുകൂലമാണ്. ക്രിമിനൽ പശ്ചാത്തലമുള്ളവരെ സഹകരണ ബാങ്കുകളുടെ ചെയർമാനായി നിയമിക്കാനാവില്ല. ഭരണസമിതി അംഗങ്ങളുടെ നിയമനങ്ങളിലും റിസർവ് ബാങ്കിന് ഇടപെടാം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP