Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടികൾ മുക്കി മുങ്ങിയ മല്യയും നീരവുമൊക്കെ എന്ത്....മുൻ വർഷത്തെക്കാൾ ഇരട്ടിയായി ബാങ്ക് തട്ടിപ്പുകൾ തകൃതി തന്നെ; കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം രാജ്യത്തെ ബാങ്കുകൾക്ക് നഷ്ടമായത് 71,542.93 കോടി; ബാങ്ക് തട്ടിപ്പ് കേസുകളിൽ മുൻ വർഷത്തെക്കാൾ 73 ശതമാനം വർധനയെന്ന് റിപ്പോർട്ട്; കഴിഞ്ഞ 11 സാമ്പത്തിക വർഷങ്ങൾക്കിടെ രാജ്യത്ത് രജിസ്റ്റർ ചെയ്തത് 53,334 കേസുകൾ; ആകെ നഷ്ടം 2.05 ലക്ഷം കോടിയെന്നും ആർബിഐ

കോടികൾ മുക്കി മുങ്ങിയ മല്യയും നീരവുമൊക്കെ എന്ത്....മുൻ വർഷത്തെക്കാൾ ഇരട്ടിയായി ബാങ്ക് തട്ടിപ്പുകൾ തകൃതി തന്നെ; കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം രാജ്യത്തെ ബാങ്കുകൾക്ക് നഷ്ടമായത് 71,542.93 കോടി; ബാങ്ക് തട്ടിപ്പ് കേസുകളിൽ മുൻ വർഷത്തെക്കാൾ 73 ശതമാനം വർധനയെന്ന് റിപ്പോർട്ട്; കഴിഞ്ഞ 11 സാമ്പത്തിക വർഷങ്ങൾക്കിടെ രാജ്യത്ത് രജിസ്റ്റർ ചെയ്തത് 53,334 കേസുകൾ; ആകെ നഷ്ടം 2.05 ലക്ഷം കോടിയെന്നും ആർബിഐ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രാജ്യത്തെ ബാങ്ക് തട്ടിപ്പുകളുടെ കഥകളിലേക്ക് ഏവരും ഉറ്റു നോക്കിയത് മദ്യ വ്യവസായി വിജയ് മല്യയും വജ്രവ്യാപാരി നീരവ് മോദിയും കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ടതിന് പിന്നാലെയാണ്. എന്നാൽ രാജ്യത്ത് കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ നടന്ന ബാങ്ക് തട്ടിപ്പുകളുടെ കണക്ക് നോക്കിയാൽ ഞെട്ടിക്കുന്നതാണെന്ന് ആർബിഐ പറയുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം രാജ്യത്തിന് നഷ്ടമായത് 71,542.93 കോടി രൂപയാണ് നഷ്ടമുണ്ടായത്. മുൻ വർഷങ്ങളിലെ കണക്ക് വെച്ചു നോക്കുമ്പോൾ ആദ്യമായാണ് ഇത്രയധികം തുക നഷ്ടമാകുന്നത്.

കഴിഞ്ഞ വർഷം മാത്രം 6801 തട്ടിപ്പുകളാണ് നടന്നതെന്നും കണക്കുകൾ നോക്കിയാൽ മുൻവർഷത്തെ തട്ടിപ്പുകളെ അപേക്ഷിച്ച് 73 ശതമാനത്തിന്റെ വർധനയുണ്ടെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. വിവരാവകാശ അപേക്ഷയിലാണ് റിസർവ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് മുൻപ് 2017-18 കാലയളവിലെ കണക്കുകൾ നോക്കിയാൽ 5916 കേസുകളിലായി 41,167.03 കോടി രൂപയാണ് നഷ്ടമായത്. എന്നാൽ ഈ കണക്കുകളേക്കാളും ഞെട്ടിക്കുന്നതാണ് കഴിഞ്ഞ പതിനൊന്ന് സാമ്പത്തിക വർഷത്തെ കണക്കുകൾ.

53,334 കേസുകളിൽ നിന്നായി 2.05 ലക്ഷം കോടി രൂപയാണ് രാജ്യത്തെ ബാങ്കുകൾക്ക് നഷ്ടമായത്. എന്നാൽ ഔദ്യോഗികമായി പരാതികൾ നൽകിയ കേസുകളുടെ വിവരങ്ങൾ മാത്രമാണ് പുറത്തുവിട്ടതിൽ ഉള്ളതെന്നും സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെന്നും ആർ.ബി.ഐ. പറഞ്ഞു. മല്യയും നീരവും ബാങ്ക് തട്ടിപ്പുകൾ നടത്തി പിടിയിലയാതിന് പിന്നാലെ ബാങ്ക് തട്ടിപ്പുകളുടെ ഞെട്ടിക്കുന്ന കഥകളാണ് പുറത്ത് വന്നത്. വൻതോതിൽനടന്ന വായ്പത്തട്ടിപ്പുകളെക്കുറിച്ച് സെൻട്രൽ വിജിലൻസ് കമ്മിഷൻ പരിശോധിക്കുകയും ഏറ്റവും വലിയ 100 തട്ടിപ്പുകാരുടെ വിവരങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു.

തട്ടിപ്പു തടയാൻ വായ്പകൊടുക്കുന്നതിനും തിരിച്ചുപിടിക്കുന്നതിനുമുള്ള നടപടിക്രമങ്ങളും നിരീക്ഷണവും ശക്തിപ്പെടുത്തണമെന്ന് ബാങ്കുകളോട് സി.വി സി. നിർദ്ദേശിച്ചിരുന്നു. പതിമൂന്ന് മേഖലകളായാണ് തട്ടിപ്പുകൾ തരംതിരിച്ചിരിക്കുന്നത്. വജ്രങ്ങളും ആഭരണങ്ങളും, നിർമ്മാണമേഖല, കൃഷി, മാധ്യമം, വ്യോമയാനം, വിവരസാങ്കേതികവിദ്യ, വ്യാപാരം തുടങ്ങിയവയാണത്. തട്ടിപ്പുകൾക്ക് കൂട്ടുനിന്ന ഒട്ടേറെ ബാങ്കുമേധാവികൾക്കെതിരേ ഇക്കാലയളവിൽ സിബിഐ. കേസെടുക്കുകയും ചെയ്തു.

ഐ.ഡി.ബി.ഐ.യിൽനിന്ന് 600 കോടി രൂപയുടെ വായ്പത്തട്ടിപ്പു നടത്തിയ സംഭവത്തിൽ ഐ.ഡി.ബി.ഐ. ബാങ്ക് മുൻ സി.എം.ഡി.യും എയർസെലിന്റെ മുൻ തലവനുമായ സി. ശിവശങ്കരൻ, അദ്ദേഹത്തിന്റെ മകൻ എന്നിവർക്കെതിരേ 2018-ൽ സിബിഐ. കേസെടുത്തിരുന്നു.

ബാങ്ക് തട്ടിപ്പുകൾ ആയുധമാക്കി കോൺഗ്രസ്

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് 27,125 ബാങ്ക് തട്ടിപ്പുകൾ നടന്നുവെന്ന ആരോപണവുമായി കോൺഗ്രസ്. 1.74 ലക്ഷം കോടിയുടെ തട്ടിപ്പുകളാണ് നടന്നത്. ഈ സാഹചര്യത്തിൽ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാൻ ബിജെപി സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കോൺഗ്രസ് വക്താവ് ജെയ്വീർ ഷെർഗിൽ പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടെ ബാങ്ക് തട്ടിപ്പുകൾ വൻതോതിൽ വർധിച്ചുവെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

2017 - 18 ൽ 5916 ബാങ്ക് തട്ടുകേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. 41,460 കോടിയുടെ തട്ടിപ്പാണ് നടന്നത്. എന്നാൽ പോയവർഷം കേസുകളുടെയെണ്ണം 6800 ആയി വർധിച്ചു. 71,500 കോടിയുടെ തട്ടിപ്പാണ് പോയവർഷം നടന്നതെന്നും ഷെർഗിൽ ആരോപിച്ചു. ന്യായവാദങ്ങൾ നിരത്താൻ ശ്രമിക്കുന്നതിന് പകരം യാഥാർഥ്യം അംഗീകരിക്കാൻ ബിജെപി സർക്കാർ തയ്യാറാകണം.

2013 - 14 മുതൽ 2018 - 19 വരെ 27,125 ബാങ്ക് തട്ടിപ്പു കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടതെന്നും 1.74 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് വിജയാഘോഷം നിർത്തിവച്ച് മുങ്ങുന്ന സമ്പദ് വ്യവസ്ഥയെ വീണ്ടെടുക്കാനും ബാങ്ക് തട്ടിപ്പുകാർ രക്ഷപ്പെടുന്നത് തടയുന്നതിനും ബിജെപി സർക്കാർ തയ്യാറാകണം. ബാങ്ക് തട്ടിപ്പുകാരുടെ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് 2015 ൽ റിസർവ് ബാങ്കിന് സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു.

വർഷം കേസുകളുടെ എണ്ണം തുക (കോടി രൂപയിൽ)

2008-09 4372 1860.09 

2009-10 4669 1998.94

2010-11 4534 3815.76

2011-12 4093 4501.15

2012-13 4235 8590.86

2013-14 4306 10,170.81

2014-15 4639 19,455.07

2015-16 4693 18,698.82

2016-17 5076 23,933.85

2017-18 5916 41,167.03

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP