Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടയിലേക്ക് കയറി വന്നവർ സക്കരിയയെ കൂട്ടികൊണ്ട് പോയി; തപ്പി നടന്നവർക്ക് ഉത്തരമായത് മൂന്ന് ദിവസം കഴിഞ്ഞ് പത്രം വായിച്ചപ്പോൾ; കുറ്റമോ ശിക്ഷയോ അറിയാതെ ഏഴ് വർഷം തടവിൽ; ബംഗളുരു സ്‌ഫോടന കേസിൽ അറസ്റ്റിലായ 18കാരൻ ഏഴ് വർഷത്തിന് ശേഷം ജാമ്യത്തിൽ വീട്ടിലെത്തുമ്പോൾ ഒരു ഗ്രാമം മുഴുവൻ കണ്ണീരൊഴുക്കുന്ന കഥ

കടയിലേക്ക് കയറി വന്നവർ സക്കരിയയെ കൂട്ടികൊണ്ട് പോയി; തപ്പി നടന്നവർക്ക് ഉത്തരമായത് മൂന്ന് ദിവസം കഴിഞ്ഞ് പത്രം വായിച്ചപ്പോൾ; കുറ്റമോ ശിക്ഷയോ അറിയാതെ ഏഴ് വർഷം തടവിൽ; ബംഗളുരു സ്‌ഫോടന കേസിൽ അറസ്റ്റിലായ 18കാരൻ ഏഴ് വർഷത്തിന് ശേഷം ജാമ്യത്തിൽ വീട്ടിലെത്തുമ്പോൾ ഒരു ഗ്രാമം മുഴുവൻ കണ്ണീരൊഴുക്കുന്ന കഥ

എം പി റാഫി

മലപ്പുറം: പരപ്പനങ്ങാടിയിലെ പരേതനായ വാണിയംപറമ്പത്ത് കുഞ്ഞുമുഹമ്മദിന്റെയും ബീയുമ്മയുടെയും വീട്ടിൽ ഇന്ന് മകൻ മുഹമ്മദ് ശരീഫിന്റെ വിവാഹം നടക്കുകയാണ്. വിവാഹാഘോഷത്തേക്കാൾ ഈ കടുംബം ഇളയ മകൻ സക്കരിയയുടെ വരവ് കാത്തിരിക്കുന്നവരാണ്. ആനന്ദവും ഏറെ വികാര പരിതവുമായ ആ നിമിഷങ്ങൾക്കായി എത്തിച്ചേർന്നവരാണ് ഈ വിവാഹ വീട്ടിൽ അധികവും.

ഭീകരനെന്ന് മുദ്രകുത്തി കൃത്യം ഏഴര വർഷങ്ങൾക്കു മുമ്പായിരുന്നു സകരിയയെ എൻ.ഐ.എ ഉദ്യോഗസ്ഥർ 2008 ജൂലൈ 25നുണ്ടായ ബംഗളൂരു സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. അന്ന് സക്കരിയ്യയുടെ പ്രായം 18. ബംഗളുരു സ്‌ഫോടനത്തിനായി ടൈമറുകളും മൈക്രോ ചിപ്പുകളും നിർമ്മിച്ചു നൽകി എന്നതാണ് സക്കരിയക്കു മേൽ ചുമത്തപ്പെട്ട കുറ്റം. എന്നാൽ ചെയ്ത തെറ്റ് തെളിയിക്കുകയോ, കുറ്റം തെളിയിച്ച് ശിക്ഷിക്കുകയോ ചെയ്യാതെ ജാമ്യം പോലും അനുവദിക്കാതെ കാരാഗൃഹത്തിലടച്ച് കേസ് എൻ.ഐ.എ കോടതിയിൽ അനന്തമായി നീളുകയായിരുന്നു. ഏഴര വർഷത്തിനു ശേഷം സഹോദരന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ബംഗളുരു എൻ.ഐ.എ കോടതി സക്കരിയക്ക് നാലു ദിവസത്തെ ജാമ്യമനുവദിച്ചിരിക്കുകയാണിപ്പോൾ. ഇന്നലെ കോടതി ജാമ്യ ഉത്തരവിറക്കിയതു മുതൽ പരപ്പനങ്ങാടിയിലെ സക്കരിയ്യയുടെ കുംബവും വിവാഹ വീടുമെല്ലാം ആഹ്ലാദത്തിലാണ്. ഒപ്പം ബീയുമ്മയുടെ കണ്ണീരൊഴുക്കിയുള്ള കാത്തിരിപ്പിനും പ്രാർത്ഥനക്കും തെല്ലൊരാശ്വാസവും.

2009 ഫെബ്രുവരി 5നു രാവിലെ പതിവുപോലെ വീട്ടിൽനിന്ന് ഉച്ചഭക്ഷണവുമെടുത്ത് ഉമ്മയോടു യാത്ര പറഞ്ഞു ജോലി സ്ഥലത്തേക്ക് പോകുകയും അന്ന് പതിനൊന്നര മണിക്ക് തിരൂർ ഗൾഫ് ബസാറിൽ സക്കരിയ ജോലിചെയ്യുന്ന കടയിലേക്കു കയറിവന്ന അപരിചിതർ കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. സക്കരിയയെ കാണാതായതോടെ കൂട്ടുകാകാരും ബന്ധുക്കളുമെല്ലാം പരിഭ്രാന്തരായി. സമീപത്തുള്ള പരപ്പനങ്ങാടി, തിരൂർ, താനൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ എംഎ‍ൽഎ. പി കെ അബ്ദുറബ്ബ് അടക്കമുള്ളവർ ബന്ധപ്പെട്ടെങ്കിലും ആർക്കും സംഭവത്തെക്കുറിച്ച് അറിയില്ലായിരുന്നു. പിന്നീട് മൂന്നാം ദിവസം ഫെബ്രുവരി എട്ടാം തിയ്യതി പത്രങ്ങളിലൂടെയാണ് സക്കരിയയെ പിടിച്ചുകൊണ്ടുപോയത് ബാംഗഌർ സ്‌ഫോടനക്കേസ് അന്യേഷിക്കുന്ന ഉദ്യോഗസ്ഥരാണെന്ന വിവരം പുറത്തറിയുന്നത്.

ഇത് കുടുംബത്തെ മാത്രമല്ല ഒരു നാടിനെ ഒന്നടങ്കം ഞെട്ടിച്ചു. എന്നാൽ സക്കരിയ നിരപരാധിയാണെന്നും നീതി ലഭിക്കണമെന്നുമാവശ്യപ്പെട്ട് നിരന്തര ഇടപെടലുകളും പ്രക്ഷോഭങ്ങളും നടക്കുകയുണ്ടായി. എന്നാൽ കുറ്റക്കാരനാണോ അല്ലയോ എന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. രണ്ടു വയസ്സുള്ളപ്പോൾ പിതാവ് മരിച്ച സക്കരിയ വയനാട്ടിൽനിന്നും ഉമ്മയുടെ നാടായ പരപ്പനങ്ങാടിയിലായിരുന്നു താമസിച്ചതും പഠിച്ചതുമെല്ലാം. ജോലി ലക്ഷ്യമിട്ട് പഠനം തുടർന്നെങ്കിലും ഡിഗ്രി പഠനം പാതിവഴിയിലാക്കി തിരൂരിലെ മെറിറ്റ് ഇൻസ്‌റിറ്റിയൂട്ടിൽ ആറുമാസത്തെ മൊബൈൽ ടെക്‌നൊളജി കോഴ്‌സിനു ചേർന്നു പഠിച്ചു. പഠനശേഷം, പരിചയക്കാരിൽപ്പെട്ട അബ്ദുർറഹീമെന്ന അഫ്താബ് കൊണ്ടോട്ടിയിലുള്ള തന്റെ ഭാര്യാസഹോദരൻ ഷറഫുദ്ദീന്റെ കടയിൽ ജോലി ഏർപ്പാടാക്കിക്കൊടുത്തു.

എന്നാൽ കൃത്യമായി ശമ്പളം കിട്ടാത്തതും യാത്രാദുരിതവുംമൂലം ഒന്നരമാസത്തിനുശേഷം ആ ജോലി ഉപേക്ഷിച്ച സക്കരിയ തിരൂരിൽ തന്നെ മറ്റൊരു ജോലിയിൽ കയറി. കേസിലെ നാലാം പ്രതിയായ ഷറഫുദ്ദീനൊടൊപ്പം ബാംഗഌർ സ്‌ഫോടനത്തിന്ന് ആവശ്യമായ ടൈമറുകളും മൈക്രോചിപ്പുകളും നിർമ്മിച്ചുനൽകിയെന്നാണ് സക്കരിയക്കെതിരായ കേസ്. സക്കരിയ കേസിൽ എട്ടാം പ്രതിയാണ്. +2 കഴിഞ്ഞ് ആറുമാസത്തെ മൊബൈൽ ടെക്‌നൊളജി കോഴ്‌സ് പഠിച്ച സാങ്കേതിക പരിജ്ഞാനമായിരുന്നു ക്കറിയക്കുണ്ടായിരുന്നത്. കുറ്റം നടത്തിയതായി പറയപ്പെടുന്ന കൊണ്ടോട്ടിയിലെ ജോലിവിട്ട് ഏതാണ്ട് ഒരുവർഷം കഴിഞ്ഞശേഷമായിരുന്നു സക്കരിയയെ അറസ്റ്റു ചെയ്തത്. എന്നാൽ വർഷങ്ങളായി സക്കരിയ്യയുടെ കേസ് പരിഗണിക്കുന്നുണ്ടെങ്കിലും തെളിവുകളില്ലാതെ നീട്ടിക്കൊണ്ടു പോകുന്ന അവസ്ഥയായിരുന്നു.

സക്കരിയ എന്ത് തെറ്റാണ് ചെയ്തതെന്ന സമൂഹത്തിന്റെ ചോദ്യത്തിന് ഇന്നേവരെ ഉത്തരമില്ലാതെ വിചാരണ തടവുകാരനായി നീണ്ട എട്ട് വർഷങ്ങളായി സക്കരിയയുടെ യൗവ്വനം കർണ്ണാടകയിലെ പരപ്പന അഗ്രഹ ജയിലിൽ തള്ളപ്പെട്ടിരികുകയാണ് .പതിനെട്ടാം വയസ്സിൽ വിചാരണ കൂടാതെ ജയിലിലടക്കപ്പെട്ട സക്കരിയ ഇരുപത്തഞ്ചാം വയസിലും വിചാരണ തടവുകാരനായി കഴിയുന്നു .പതിനെട്ടാം വയസിൽ രാജ്യ ദ്രോഹ കുറ്റം ചുമത്തി കേസെടുത്തെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടുമില്ല .സാക്ഷി വിസ്താരം പൂർത്തിയായിട്ടും ജാമ്യവും അന്തിമ വിധിയും ലഭിക്കാതെ ജയിലറയുടെ ഇരുമ്പ് ബന്ധനത്തിൽ കഴിയാൻ വിധിക്കപ്പെട്ടിരിക്കുകയാണ് . കർണാടക പൊലീസ് ഷറഫുദ്ദീന്റെ സഹോദരനിൽ നിന്നും കന്നടയിൽ എഴുതി തയ്യാറാക്കി ഒപ്പിടുവിച്ചതും, 2008ൽ നടന്ന സംഭവത്തിൽ 2001 ലെ വാടക താമസക്കാരനായ മറ്റൊരാളുടെ സാക്ഷി മൊഴികളുമാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ സമർപ്പിച്ചിരുന്നത്. എന്നാൽ ഇതൊന്നും കേസിന് ബലം പകരുന്നതല്ലായിരുന്നു. സാക്ഷികളറിയാത്ത സാക്ഷിമൊഴി അന്വേഷണ ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കുകയും ഇത് സാക്ഷി വിസ്താരം നീണ്ടു പോകാനും കാരണമായി.

സക്കരിയ്യക്കു പുറമെ വീട്ടുകാർക്കു മേലിലും ഭീകരരെന്ന മുദ്ര ഇക്കാലയളവിനുള്ളിൽ ചാർത്തപ്പെട്ടു കഴിഞ്ഞിരുന്നു. സക്കരിയക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ഫ്രീ സക്കരിയ ആക്ഷൻ ഫോറം രൂപീകരിച്ച് പ്രവർത്തനം നടന്നു വരുന്നുണ്ട്. ഇതിനകം നിരവധി പ്രക്ഷോഭ പരിപാടികളും മനുഷ്യാവകാശ സമ്മേളനങ്ങളും നടത്തി. ബംഗളുരു സ്‌ഫോടന കേസിൽ കഴിയുന്ന മറ്റാർക്കു വേണ്ടിയും ഇത്രയേറെ സമരപരിപാടികൾ നടത്തിയില്ലെന്നതും ശ്രദ്ധേയമാണ്. സക്കരിയ കുറ്റക്കാരനല്ലെന്ന് ഇവരെല്ലാം ആവർത്തിക്കുന്നു .. ഒരു നാൾ നീതി അനുകൂലമാക്കുമെന്ന പ്രതീക്ഷയാണ് കുംബവും കൂട്ടുകാരുമെല്ലാം പങ്കുവെക്കുന്നത്. സക്കരിയക്കു ലഭിച്ച താൽക്കാലിക ജാമ്യം ഇവരെയെല്ലാം സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും അറ്റമില്ലാത്ത വിചാരണാ നാൾ ഇനി എത്ര കാലമെന്നോർക്കുമ്പോൾ ആശങ്കപ്പെടുത്തുന്നതായി ഇവർ പറയുന്നു.

17 മുതൽ 20 വരെയുള്ള ദിവസങ്ങളിലാണ് സക്കരിയക്ക് നാട്ടിൽ പോകാൻ അനുമതി ലഭിച്ചിട്ടുള്ളത്. ബംഗളൂരു എൻ.ഐ.എ പ്രത്യേക കോടതി ജഡ്ജി ശിവണ്ണയാണ് പ്രത്യേക അനുമതി നൽകി ഉത്തരവിറക്കിയത്. ഇന്ന് നടക്കുന്ന സഹോദരൻ മുഹമ്മദ് ശരീഫിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് അനുമതിയുള്ളത്. വീട്ടിലും വിവാഹ ഹാളിലും പോകാൻ മാത്രമേ അനുമതി നൽകിയിട്ടുള്ളൂ. നാട്ടിൽ പോകാനുള്ള ചെലവ് സ്വയം വഹിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇന്നലെ വൈകീട്ട് ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പ്രത്യേക വാഹനത്തിൽ നാട്ടിലേക്ക് പുറപ്പെട്ട സക്കരിയ ഇന്ന് രാവിലെയാണ് നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ നാട്ടിൽ നിന്ന് തിരിക്കും. രണ്ട് പകലും രണ്ട് രാത്രിയും വീട്ടുകാർക്കൊപ്പം കഴിയാനാകും. സക്കരിയ്യയെ നാട്ടിലേക്ക് കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട് സുരക്ഷയൊരുക്കാൻ ഔദ്യോഗിക നിർദ്ദേശം ലഭിച്ചതായി പരപ്പനങ്ങാടി പൊലീസ് മറുനാടൻ മലയാളിയോടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP