Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മന്ത്രിസഭാ യോഗത്തിനെത്തിയ മന്ത്രിമാരുടെ മൊബൈൽ വീട്ടിൽ വച്ചിട്ടു വരാൻ ആവശ്യപ്പെട്ടു; വിവരം പറഞ്ഞ ശേഷം പ്രസിഡന്റിനെ കാണാൻ പോയപ്പോൾ മന്ത്രിമാർ പുറത്തിറങ്ങാൻ അനുവദിച്ചില്ല; രാജ്യം മുഴുവൻ 2000ത്തിന്റെ നോട്ടുകൾ എത്തിയപ്പോഴും പിൻവലിക്കുന്ന കാര്യം ആരും അറിഞ്ഞില്ല: 120 കോടി ജനങ്ങൾക്കിടയിൽ ഇങ്ങനെ ഒരു രഹസ്യം സൂക്ഷിക്കുമെന്ന് കാണിച്ചു കൊടുത്ത മോദിയെ അഭിനന്ദിച്ചു ലോകമാദ്ധ്യമങ്ങൾ

മന്ത്രിസഭാ യോഗത്തിനെത്തിയ മന്ത്രിമാരുടെ മൊബൈൽ വീട്ടിൽ വച്ചിട്ടു വരാൻ ആവശ്യപ്പെട്ടു; വിവരം പറഞ്ഞ ശേഷം പ്രസിഡന്റിനെ കാണാൻ പോയപ്പോൾ മന്ത്രിമാർ പുറത്തിറങ്ങാൻ അനുവദിച്ചില്ല; രാജ്യം മുഴുവൻ 2000ത്തിന്റെ നോട്ടുകൾ എത്തിയപ്പോഴും പിൻവലിക്കുന്ന കാര്യം ആരും അറിഞ്ഞില്ല: 120 കോടി ജനങ്ങൾക്കിടയിൽ ഇങ്ങനെ ഒരു രഹസ്യം സൂക്ഷിക്കുമെന്ന് കാണിച്ചു കൊടുത്ത മോദിയെ അഭിനന്ദിച്ചു ലോകമാദ്ധ്യമങ്ങൾ

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: തിങ്കളാഴ്‌ച്ച രാത്രി 8 മണി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും എന്ന വാർത്ത ദേശീയ മാദ്ധ്യമങ്ങളിൽ ബ്രേക്കിംഗായി. അതീവ പ്രാധാന്യമുള്ള സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്നത് എന്നതിനാൽ ഒരു നിമിഷം എല്ലാവർക്കും അമ്പരപ്പുണ്ടായി. എന്താണ് പ്രധാനമന്ത്രിക്ക് രാഷ്ട്രത്തോടെ പറയാനുള്ള സുപ്രധാന കാര്യം? അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷമായതിനാൽ യുദ്ധത്തിലേക്ക് നീങ്ങുകയാണോ എന്ന ആശങ്കയായിരുന്നു എല്ലാവർക്കും. എന്നാൽ, 8.15 ഓടെ ദേശീയ മാദ്ധ്യമങ്ങളിലെല്ലാം ലൈവായി മോദിയെത്തി.

ഭീകരവാദത്തെ കുറിച്ചും കള്ളപ്പണത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു തുടങ്ങി. വിശദമായി ഇതേക്കുറിച്ച് പറഞ്ഞ ശേഷമാണ് മോദി അതിനിർണ്ണായകമായ 500, 1000 രൂപ നോട്ടുകൾ പിൻവലിക്കൽ പ്രഖ്യാപനം നടത്തിയത്. ലോക മാദ്ധ്യമങ്ങൾക്ക് പോലും നടുക്കലുണ്ടാക്കിയ തീരുമാനമായിരുന്നു ഇത്. ആർക്കും ഒരു സൂചനയും നൽകാതെ രഹസ്യങ്ങൾ പൂർണ്ണമായും സൂക്ഷിച്ചുകൊണ്ടാണ് കേന്ദ്രസർക്കാർ അതിനിർണ്ണയകമായ ഈ തീരുമാനം പ്രഖ്യാപിച്ചത്. ഇപ്പോൾ ലോക മാദ്ധ്യമങ്ങളെല്ലാം എങ്ങനെയാണ് ഇത്രയും നിർണ്ണായകമായ തീരുമാനം അതീവ രഹസ്യമായി സർക്കാർ നടപ്പിലാക്കിയതെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തുകയാണ് ലോക മാധധ്യമങ്ങൾ.

മാസങ്ങൾ നീണ്ട മുന്നൊരുക്കം നോട്ടുകൾ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാറും റിസർവ് ബാങ്കും നടത്തിയിരുന്നു എന്ന് വ്യക്തമായത് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പുതിയ 500ന്റെയും 2000ത്തിന്റെയും നോട്ടുകൾ ജനങ്ങൾക്ക് വിതരണം ചെയ്യാൻ സജ്ജീകരിച്ചു. പ്രിന്റിങ് കഴിഞ്ഞ് രാജ്യത്തിന്റെ മുക്കിലും മൂലയിലും ഈ നോട്ടുകൾ എത്തി. ഇന്ന് കേരളത്തിൽ മിക്ക ബാങ്കുകളിലും ഈ നോട്ടുകളാണ് വിതരണം ചെയ്തത്. ചുരുക്കത്തിൽ ഒരു ദിവസത്തേക്ക് മാത്രമേ ഈ സ്തംഭനം ഉണ്ടായിട്ടുള്ളൂ. എന്നാൽ, നിർണ്ണായകമായ ഈ തീരുമാനം മോദിക്കും ജെയ്റ്റ്‌ലിക്കും ചുരുക്കം ചില മന്ത്രിമാർക്കും മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. ഉദ്യോഗസ്ഥരിൽ നല്ലൊരു ശതമാനവും ഇത് അറിഞ്ഞത് വൈകിയ വേളയിലാണ്. എന്നിട്ടും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന സമയം വരെ ഈ വിവരം ലീക്കായില്ല.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുവരെ സംഭവം പുറത്ത് വരാതിരിക്കാനുള്ള നീക്കങ്ങളും വിജയപ്രദമായി മാറി. ബാങ്കുകൾക്ക് അവധി നൽകൽ ഉൾപ്പടെയുള്ള കാര്യങ്ങൾ റിസർവ്വ് ബാങ്കും നിർവ്വഹിച്ചുവെങ്കിലും ആരും കാരണം അറിഞ്ഞില്ല. ചൊവ്വാഴ്ച വൈകിട്ട് ക്യാബിനറ്റ് യോഗത്തിൽ പങ്കെടുത്തപ്പോഴാണ് കേന്ദ്ര മന്ത്രിമാർ സംഭവത്തെ കുറിച്ച് അറിഞ്ഞത്. മന്ത്രിമാരെ അറിയിച്ച ശേഷവും വിവരം ചോരാതിരിക്കാൻ വേണ്ടി മോദി ശ്രദ്ധിച്ചു. ജപ്പാനുമായുള്ള വിമാനക്കരാറായിരുന്നു 6.45 തുടങ്ങിയ മന്ത്രിസഭാ യോഗത്തിന്റെ പ്രധാന അജണ്ട. എന്നാൽ യോഗം തുടങ്ങിയപ്പോൾ വളരെ നാടകീയമായി പ്രധാനമന്ത്രി കറൻസി പിൻവലിക്കുവാനുള്ള തീരുമാനം അറിയിച്ചു.

യോഗം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് മന്ത്രിമാർ പുറത്തു വന്നത്. പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നോട്ടുകൾ അസാധുവാക്കുന്നു എന്ന വാർത്ത ചാനലുകൾ സംപ്രേഷണം ചെയ്ത ശേഷമാണ് കേന്ദ്ര മന്ത്രിമാർക്ക് യോഗ വേദിയിൽ നിന്ന് പുറത്തിറങ്ങാൻ അനുമതി ലഭിച്ചത്. മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ മൊബൈൽ ഫോൺ കൊണ്ടു വരരുതെന്ന നിർദ്ദേശം ഒരാഴ്ച മുൻപ് നൽകിയിരുന്നു. എന്നാൽ, എന്തിനാണെന്ന കാര്യം ആർക്കും പിടികിട്ടിയിരുന്നില്. ഇനിയുള്ള യോഗങ്ങളിൽ മന്ത്രിമാർ മൊബൈൽ ഫോൺ കൊണ്ടുവരരുതെന്ന പൊതു നിർദ്ദേശം നൽകിയിരുന്നു. ഇത്തരമൊരു രഹസ്യനീക്കത്തിന്റെ ഭാഗം കൂടിയായിരുന്നുവെന്നാണ് എന്ന മന്ത്രിമാർക്കും അറിവില്ലായിരുന്നു. എന്നാൽ, അതിനിർണ്ണായകമായ ഈ വിവരം പുറത്തുവന്നപ്പോഴാണ് ഇതിന് പിന്നിലെ കാര്യങ്ങൾ വ്യക്തമായത്.

നോട്ടുകൾ പിൻവലിക്കാൻ പോകുന്നുവെന്ന വിഷയം ചർച്ചയിൽ വരുമെന്ന് മുൻകൂട്ടി മന്ത്രിമാരെ അറിയിച്ചിരുന്നില്ല. ആർബിഐയിലെ ഉയർന്ന ഉദ്യോഗസ്ഥരും പ്രസംഗം കഴിയുന്നത് വരെ പുറത്ത് പോയില്ല. ജപ്പാനും ഇന്ത്യയും തമ്മിലുള്ള കരാറുകളുടെ മേലുള്ള ചർച്ചയിൽ പങ്കെടുക്കാനായാണ് മന്ത്രിമാർ എത്തിയത്. അപ്രതീക്ഷിതമായി വിഷയം യോഗത്തിന് മുന്നിൽ വരികയായിരുന്നു. വാർത്ത ഏതെങ്കിലും തരത്തിൽ പുറത്ത് വന്നാൽ അത് കള്ളപ്പണം മറ്റ് രൂപത്തിലേക്ക് മാറ്റാനും, വിദേശ ബാങ്കുകളിൽ നിക്ഷേപം നടത്താനും സാധ്യതയുണ്ടായിരുന്നു. ഇത് പൂർണമായും ഒഴിവാക്കാനായി. ഇക്കാര്യം സംസ്ഥാനങ്ങളെ പിന്നീട് ബോധ്യപ്പെടുത്താമെന്ന തന്ത്രവും വിജയിച്ചു. കേന്ദ്രം സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്തില്ല എന്ന വിമർശനം ഉയർന്നത് കേരളത്തിൽ നിന്നു മാത്രമായിരുന്നു.

കാര്യങ്ങളെല്ലാം മുൻകൂട്ടി നിശ്ചയിട്ട കേന്ദ്ര സർക്കാരിന്റെ ആസൂത്രണ മികവും ഏറെ പ്രശംസ പിടിച്ച് പറ്റി. നിരോധനത്തിന് ശേഷമുള്ള രണ്ടാം ദിവസം തന്നെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് കുറവ് വന്നിട്ടുണ്ട്. രാഷ്ട്ര നന്മയ്ക്കായി എടുത്ത തീരുമാനം പ്രാബല്യത്തിൽ വരാൻ ബുദ്ധിമുട്ടുകൾ സഹിക്കാൻ തയ്യാറാണെന്ന വികാരമാണ് ഭൂരിപക്ഷം പേരും പങ്കുവെക്കുന്നത്. രണ്ടായിരം അഞ്ഞൂറ് നോട്ടുകൾക്ക് പിറകെ ആയിരം രൂപയുടെ പുതിയ നോട്ടുകളും പുറത്തിറക്കുമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഇന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഒരു തരത്തിലും രഹസ്യം പുറത്താകാതിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ ടിവി പ്രസംഗം തീരുന്ന സമയം വരെ മന്ത്രിസഭായോഗം നീട്ടിക്കൊണ്ടുപോയത്. റിസർവ് ബാങ്ക് ഉദ്യോഗസ്ഥരും പിഎം ഓഫീസ് വിട്ടത് ഇതിനുശേഷമാണ്. എന്തായാലും ഇത്രവലിയൊരു കാര്യം പരമരഹസ്യമായി സൂക്ഷിക്കാനായി എന്ന കാര്യത്തിൽ ഇന്ത്യയുടെ മോദിയുടെയു മികവ് ലോക മാദ്ധ്യമങ്ങളിലും ശ്രദ്ധയായി. ഇന്ത്യയിലെ നിർണ്ണായക തീരുമാനം ലോക മാദ്ധ്യമങ്ങൾ ശ്രദ്ധിക്കാതിരിക്കാനും ശ്രമമുണ്ടായി എന്നു കരുതേണ്ടി വരും. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ദിവസം തന്നെ മോദി ഇത് പ്രഖ്യാപിച്ചതും രഹസ്യങ്ങൾ മുന്നിൽ കണ്ടു തന്നെയാണ്. ലോക മാദ്ധ്യമങ്ങൾ ഇപ്പോൾ ഈ വിഷയത്തിൽ മോദിയുടെ മികവിനെ പുകഴ്‌ത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP