Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ഭീകരവാദത്തിനെതിരെ പോരാടിയ, കൊല്ലപ്പെട്ട ബൽവീന്ദർ സിങ് സന്ധു ആരായിരുന്നു? സിപിഎം പ്രവർത്തകനെന്ന് അവകാശപ്പെട്ട് ക്രെഡിറ്റെടുക്കാൻ ദേശാഭിമാനി; വാദം ശരിയല്ലെന്നും ആർ.എംപി.ഐ നേതാവാണെന്നും ആർ.എംപിയും; അന്തരിച്ച നേതാവിന്റെ പേരിൽ വിവാദം

കെ വി നിരഞ്ജൻ‌

കോഴിക്കോട്: മരണം വരെ ഭീകരതയ്‌ക്കെതിരെ പോരാടിയ , ശൗര്യ ചക്ര പുരസ്‌ക്കാരം നൽകി രാജ്യം ആദരിച്ച ബൽവീന്ദർ സിങ് സന്ധു യഥാർത്ഥത്തിൽ ഏതു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകനായിരുന്നു. സിപിഐ എം പ്രവർത്തകനായിരുന്നുവെന്ന് ദേശാഭിമാനി വ്യക്തമാക്കുമ്പോൾ ഇത് ശരിയല്ലെന്നാണ് ആർ എം പി ഐ നേതാക്കൾ പറയുന്നത്. നേതൃത്വത്തോട് കലഹിച്ച് പുറത്തു വരുന്ന നേതാവ് വധിക്കപ്പെടുമ്പോൾ കേരളത്തിൽ അദ്ദേഹത്തെ കുലം കുത്തിയായി വിശേഷിപ്പിക്കുന്ന സി പി എം പഞ്ചാബിൽ പാർട്ടി വിട്ടു പുറത്തുപോയ പ്രവർത്തകനെ തങ്ങളുടെ ആളായി ചിത്രീകരിക്കുകയാണെന്നും അവർ പറയുന്നു.

ബൽ വീന്ദർ സിപിഐ എമ്മിൽ നിന്ന് രാജി വെച്ച് ആർ എം പിയിൽ ചേർന്നിരുന്നെന്നാണ് ഇവരുടെ വാദം. നേരത്തെ സി പി എം നേതാവായിരുന്ന ബൽവീന്ദർ രാജി വെച്ച് ആർ എം പി ഐയിൽ ചേരുകയായിരുന്നുവെന്ന് കെ കെ രമ പറയുന്നു. മരണപ്പെടുമ്പോൾ ബൽ വീന്ദർ ആർ എം പി ഐയുടെ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. മംഗത്‌റാം പ സ്ലെയുടെ നേതൃത്വത്തിൽ നിരവധി സി പി എം പ്രവർത്തകരാണ് പാർട്ടി വിട്ട് പഞ്ചാബിൽ ആർ എം പി ഐ യിൽ ചേർന്നിട്ടുള്ളതെന്നും അവർ പറഞ്ഞു. ബൽവീന്ദർ സിങ്ങിന്റെ മരണം ആർ എം പി ഐയ്ക്ക് കനത്ത നഷ്ടമാണെന്ന് ആർ എം പി ഐ നേതാവ് കെ എസ് ഹരിഹരൻ ഫേസ്‌ബുക്കിൽ കുറിച്ചു. പഞ്ചാബിനെ രക്തപ്പുഴയാക്കി മാറ്റിയ ഖലിസ്ഥാൻ ഭീകരവാദികളെ സായുധമായി പ്രതിരോധിച്ച കമ്യൂണിസ്റ്റുകാരെല്ലാം ഇപ്പോൾ ആർ എം പി ഐ യുടെ ഭാഗമാണ്.

അമേരിക്കയുടെയും പാക്കിസ്ഥാന്റെയും പിൻതുണയോടെ ഭിന്ദ്രൻ വാലയുടെ സായുധസംഘം പഞ്ചാബിനെ വേട്ടയാടിയപ്പോൾ സായുധമായി അതിനെ പ്രതിരോധിക്കാൻ നേതൃത്വം നൽകിയ മoഗത് റാം പസ് ലയും സഖാക്കളുമാണ് ആർ എം പി ഐ ക്ക് നേതൃത്വം നൽകുന്നത്. ടി പി ച ന്ദ്രശേഖരനൊപ്പം പഞ്ചാബിലെ സഖാക്കളെ കാണാൻ പോയ സന്ദർഭത്തിൽ പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന അടാരി ഗ്രാമത്തിൽ പോകാൻ അവസരം ലഭിച്ചിരുന്നു. അവിടെ യുവജന നേതാവായിരിക്കെ ഭീകരർ കൊലപ്പെടുത്തിയ സോഹൻ സിങ് ദേശിയുടെ സ്മാരകമുണ്ട്. ഭീകരവാദികൾക്കെതിരെ പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് സോഹൻ സിങ് ദേശി വെടിയേറ്റു വീണത്. രാത്രി തരൺ തരൺ ജില്ലയിലെ ആർ എം പി ഐ നേതാക്കൾക്കൊപ്പം പാർട്ടി ഓഫീസിലിരുന്ന് ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നത് ഭീകരവാദത്തിന്റെ ഭീഷണിയെ ചെറുത്തു നിന്ന ദിനങ്ങളെ കുറിച്ചായിരുന്നു. ത രൺ ത രൺജില്ലയിൽ അമ്പതിലധികം സഖാക്കളുടെ രക്തസാക്ഷി സ്മാരകങ്ങളുണ്ട്. അന്ന് സഖാക്കൾ പലവട്ടം ആവർത്തിച്ചപേരുകളിലൊന്ന് സ.ബൽ വിന്ദർ സന്ധുവിന്റേതായിരുന്നു. എൺപതുകളിലെയും തൊണ്ണൂറുകളിലെയും ഭീകരവാദവിരുദ്ധ പോരാട്ടങ്ങളിലെ നേതൃത്വമായിരുന്നു അദ്ദേഹം. സുർജിതിനെപ്പോലുള്ള നേതാക്കൾ കനത്ത സുരക്ഷാ സംവിധാനത്തിൽ ഡൽഹിയിൽ സുരക്ഷിതമായിരിക്കുമ്പോൾ പ്രാദേശിക തലത്തിൽ ഭീകരരുമായി മുഖാമുഖം ഏറ്റുമുട്ടിയവരുടെ അനുഭവങ്ങൾ വ്യത്യസ്ഥമായിരുന്നു.

അതിനാൽത്തന്നെ പക തീരാത്ത ഖലിസ്ഥാൻ വാദികൾ ബൽവി ന്ദർ സന്ധുവിനെപ്പോലുള്ള ധീര സഖാക്കളെ വെടിവെച്ചു വീഴ്‌ത്തുകയാണ്. തീർച്ചയായും ആ സഖാവിന്റെ നഷ്ടം ആർ എം പി ഐ ക്ക് താങ്ങാനാവാത്തതാണ്. എങ്കിലും വിട്ടുവീഴ്ചയില്ലാതെ ഈ പോരാട്ടം തുടരാൻ കമ്യൂണിസ്റ്റുകാർ .ബാധ്യസ്ഥരാണ്. പ്രിയപ്പെട്ട ബൽവിന്ദർ താങ്കൾ രക്തസാക്ഷിത്വത്തിന്റെ അമരത്വവുമായി ഞങ്ങളുടെ സ്മരണകളിൽ എക്കാലത്തുമുണ്ടാകുമെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഇതേ സമയം സിപിഐ എം പ്രവർത്തകനായിരുന്ന ബൽ വീന്ദർ സിങ്ങും കുടുംബവും ഭീകരവാദത്തിന് എതിരെ നടത്തിയ പോരാട്ടം അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയതാണെന്ന് ദേശാഭിമാനി വാർത്തയിൽ പറയുന്നു. ബൽവിന്ദറിന്റെ കൊലപാതകത്തിന് വഴിയൊരുക്കിയത് കോൺഗ്രസ് സർക്കാറിന്റെ പ്രതികാര മനോഭാവമാണ്. ബൽ വീന്ദറിന് ജീവന് ഭീഷണിയുള്ളതിനാൽ കനത്ത സുരക്ഷ നൽകിയിരുന്നു. സംസ്ഥാന സർക്കാർ മാസങ്ങൾക്ക് മുമ്പ് സുരക്ഷ പിൻവലിച്ചു. വെള്ളിയാഴ്ച ഭിഖിവന്ദ് ഗ്രാമത്തിലെ വീട്ടിലെത്തിയാണ് അക്രമികൾ വെടി വെച്ചത്.

വർഷങ്ങളോളം ഖലിസ്ഥാൻ തീവ്രവാദികൾക്കെതിരായ പോട്ടാത്തിന്റെ മുൻനിരയിലായിരുന്നു ബൽവിന്ദർ സിങ് സന്ധുവും കുടുംബവും.42 തവണ ബൽവിന്ദറിനും കുടുംബത്തിനും നേരെ ആക്രമണമുണ്ടായി. 1990ൽ സെപ്റ്റംബർ 30ന് അതിൽ ഏറ്റവും ഭീകരമായ ആക്രമണത്തെ അതിജീവിച്ചു. 200 ലേറെ തീവ്രവാദികൾ അന്ന് അദ്ദേഹത്തിന്റെ വീടാക്രമിച്ചു. അഞ്ച് മണിക്കൂറിലേറെ നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നു. സർക്കാർ നൽകിയ പിസ്റ്റളും സറ്റൺ ഗണും ഉപയോഗിച്ച് സന്ധു സഹോദരങ്ങളും ഭാര്യമാരും തീവ്രവാദികളെ നേരിട്ടു. ചെറുത്തിനിൽപ്പിലൂടെ അതിജീവിച്ചു. ഇതിന് രാജ്യം 1993ൽ ശൗര്യചക്ര പുരസ്‌കാരം നൽകി ധീരതയെ ആദരിച്ചു. അതിന് മുമ്പുള്ള 11 മാസത്തിനിടയിൽ 16 തവണ ബൽവിന്ദറിന് നേരെ തീവ്രവാദികളുടെ ആക്രമണം ഉണ്ടായതായി ശൗര്യചക്ര പുരസ്‌കാരത്തിനൊപ്പം നൽകിയ താമ്രപത്രത്തിൽ സർക്കാർ ഔദ്യോഗികമായി രേഖപ്പെടുത്തി. ബൽവിന്ദറും ഭാര്യ ജഗദീഷ് കൗർ, സഹോദരൻ രൺജിത് സിങ് സന്ധു, ഭാര്യ ബൽരാജ് കൗർ എന്നിവർ ചേർന്ന് അതെല്ലാം അതിജീവിച്ചു എന്ന് അതിൽ വ്യക്തമാക്കുന്നു.
വെള്ളിയാഴ്ച രാവിലെ ബൈക്കിൽ എത്തിയ രണ്ടുപേരാണ് ബൽവിന്ദർ സിങ് സന്ധുവിനെ വെടിവെച്ച് കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് റിപ്പോർട്ട്. അന്വേഷണത്തിന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.പഞ്ചാബിൽ സി പി എം പ്രവർത്തകർ പാർട്ടി വിട്ട് പഞ്ചാബ് സി പി എം രൂപീകരിക്കുകയായിരുന്നു. ഇവർ പിന്നീട് കേരളത്തിലെ ആർ എം പി യിൽ ലയിച്ച് ആർ എം പി-ഐയായി മാറുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP