Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാലുപതിറ്റാണ്ട് അലിഞ്ഞുപോയി; അവർ ഒന്നായി; എല്ലാം മറന്ന് സഹോദരന്റെ ജീവിതം പ്രതീക്ഷയുടേതാക്കാൻ ചുള്ളിക്കാട് അഗതി മന്ദിരത്തിലെത്തിൽ; തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി സംരക്ഷിക്കാനുള്ള ബുദ്ധിമുട്ട് അറിയിച്ച് ചെലവിനായുള്ള തുകയും കൈമാറി മാതൃക തീർത്ത് ബാലചന്ദ്രൻ ചുള്ളിക്കാട്; സലിംകുമാർ പറയുന്നത് പോലുള്ള പ്രശ്‌നമില്ലെന്ന് പോത്താനിയും; തെറ്റിധാരണയ്ക്ക് പിന്നിലെ കഥ സാമൂഹിക പ്രവർത്തകൻ വിശദീകരിക്കുമ്പോൾ

നാലുപതിറ്റാണ്ട് അലിഞ്ഞുപോയി; അവർ ഒന്നായി; എല്ലാം മറന്ന് സഹോദരന്റെ ജീവിതം പ്രതീക്ഷയുടേതാക്കാൻ ചുള്ളിക്കാട് അഗതി മന്ദിരത്തിലെത്തിൽ; തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി സംരക്ഷിക്കാനുള്ള ബുദ്ധിമുട്ട് അറിയിച്ച് ചെലവിനായുള്ള തുകയും കൈമാറി മാതൃക തീർത്ത് ബാലചന്ദ്രൻ ചുള്ളിക്കാട്; സലിംകുമാർ പറയുന്നത് പോലുള്ള പ്രശ്‌നമില്ലെന്ന് പോത്താനിയും; തെറ്റിധാരണയ്ക്ക് പിന്നിലെ കഥ സാമൂഹിക പ്രവർത്തകൻ വിശദീകരിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒടുവിൽ നവോത്ഥാനത്തിന്റെ വഴിയേ കവി ബാലചന്ദ്ര ചുള്ളിക്കാട്. പഴയതെല്ലാം മറന്ന് അവശനായി അനാഥ മന്ദിരത്തിൽ കഴിയുന്ന സഹോദരനെ കാണാൻ ഒടുവിൽ ചുള്ളിക്കാട് എത്തുമ്പോൾ അത് പ്രതീക്ഷയുടേതാകുകയാണ്. അനാഥ മന്ദിരത്തിൽ എത്തിയാണ് സഹോദരൻ ജയചന്ദ്രനെ ചുള്ളിക്കാട് സന്ദർശിച്ചത്. സഹോദരനെ കാണാൻ താൽപ്പര്യമില്ലെന്ന് ചുള്ളിക്കാട് പ്രതികരിച്ചത് വൻ വിവാദമായിരുന്നു. ഇതിന് പിന്നിലെ കാരണങ്ങളും ചർച്ചയായി. ഇതോടെയാണ് ചുള്ളിക്കാടിനെതിരെയുള്ള രോഷം തണുത്തത്. അപ്പോഴും ചുള്ളിക്കാട് ചെയ്തത് ശരിയാണോ എന്ന സംശയം ചില കോണുകളിൽ നിന്ന് എത്തി. ഈ ആശയക്കുഴപ്പം തീർക്കാനായിരുന്നു ചുള്ളിക്കാടിന്റെ ഇടപെടൽ.

സഹോദരനെ ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പ്രതികരിച്ചുവെന്ന് തരത്തിലുള്ള വാർത്തകൾ പൂർണമായും ശരിയല്ലെന്ന് സാമൂഹ്യപ്രവർത്തകനായ സന്ദീപ് പോത്താനിയും ഇപ്പോൾ പറയുന്നു. ബാലചന്ദ്രൻ സഹോദരന്റെ അടുത്ത് ഒരു മണിക്കൂർ ചെലവഴിച്ചു. സഹോദരനെ സന്ദർശിക്കാനോ ഏറ്റെടുക്കാനോ തയ്യാറല്ലെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞില്ല. തിരുവനന്തപുരത്ത് താമസിക്കുന്ന തനിക്ക് ആറാം തീയതി മാത്രമേ എത്താൻ സാധിക്കു എന്നായിരുന്നു അറിയിച്ചിരുന്നതെന്നും പോത്താനി പറഞ്ഞു. സഹോദരനെ സംരക്ഷിക്കുന്നതിന് സന്നദ്ധ പ്രവർത്തകരെയും അഗതി മന്ദിരത്തിലെ ജീവനക്കാരോടും നന്ദി അറിയിച്ച ചുള്ളിക്കാട് ചെലവിനായി ഒരു തുകയും നൽകി.

ആദ്യം മുതൽ തന്നെ ബാലചന്ദ്രൻ ചുള്ളിക്കാടുമായി ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസവും ചുള്ളിക്കാട് വിളിച്ചിരുന്നു. അപ്പോഴെല്ലാം അദ്ദേഹം വരാൻ സന്നദ്ധനാണെന്നാണ് അറിയിച്ചത്. സലീംകുമാർ ഉൾപ്പെടെയുള്ളവർ പറയുന്നത് പോലെയുള്ള പ്രശ്നങ്ങൾ ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ സഹോദരനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി സംരക്ഷിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ അഗതി മന്ദിരത്തിൽ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. വിഷയത്തിൽ ദിവസങ്ങളായി തുടരുന്ന വാക്പോരും വിവാദങ്ങളും അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും പോത്താനി പറഞ്ഞു. ഇതോടെ വിവാദവും അവസാനിക്കുകയാണ്.

വർഷങ്ങൾക്ക് മുമ്പ് കുടുംബവുമായുള്ള ബന്ധം ഉപേക്ഷിച്ച വ്യക്തിയാണ് ചുള്ളിക്കാട്. അദ്ദേഹത്തിന്റെ സഹോദരനെ ഉടുതുണിക്ക് മറുതുണിയില്ലാതെ തെരുവിൽ കഴിഞ്ഞ അവസ്ഥയാണ് സോഷ്യൽ മീഡിയ വഴി പുറത്തുവന്നത്. തീർത്തും അവശനിലയിൽ തെരുവിൽ കഴിയേണ്ടി വന്ന പറവൂർ ചുള്ളിക്കാട് ചന്ദ്രനെ സന്നദ്ധപ്രവർത്തകരും പൊലീസും ചേർന്ന് ഏറ്റെടുത്തു അഗതി മന്ദിരത്തിൽ എത്തിക്കുകയായിരുന്നു. കടത്തിണ്ണയിൽ കഴിഞ്ഞ ജയചന്ദ്രന്റെ ദുരവസ്ഥ കണ്ടാണ് ഇദ്ദേഹത്തെ അഗതി മന്ദിരത്തിലേക്ക് മാറ്റിയത്. തോന്ന്യങ്ങാട്ട് ക്ഷേത്രത്തിന് സമീപത്തെ കടത്തിണ്ണയിൽ കാണപ്പെടുമ്പോൾ ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ തീർത്തും അവശ നിലയിലായിരുന്നു അദ്ദേഹം. വിസർജ്ജ്യത്തിൽ കിടന്ന് തീർത്തും ദുരിതമായ അവസ്ഥയിൽ. കാൻസർ രോഗി കൂടിയായിരുന്നു ചന്ദ്രൻകുട്ടി എന്ന് വിളിക്കുന്ന ജയചന്ദ്രൻ. ജീവകാരുണ്യപ്രവർത്തകനായ സന്ദീപ് പോത്താനിയുടെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇയാൾ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരനാണെന്ന് ലോകം അറിഞ്ഞത്. ഇതോടെ വിവാദം കത്തി പടർന്നു.

സന്ദീപ് പോത്താനി സഹാദരനായ ബാലചന്ദ്രൻ ചുള്ളിക്കട് കാണാൻ എങ്കിലും വരണം എന്ന് അഭ്യർത്ഥിച്ചു കൊണ്ടായിരുന്നു ഫേസ്‌ബുക്കിൽ കുറിച്ചത്. പൊലീസിനൊപ്പം സന്ദീപ്, സൽമ സജിൻ എന്നീ സാമൂഹ്യപ്രവർത്തകരാണ് പറവൂർ നഗരസഭാ ചെയർമാർ രമേഷ് കുറുപ്പിന്റെ സഹായത്തോടെ അഗതിമന്ദിരത്തിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചതിന് ശേഷം നടൻ സലീം കുമാർ വഴി ബാലചന്ദ്രൻ ചുള്ളിക്കാടിനെ ബന്ധപ്പെടുകയാണ് ഉണ്ടായത്. എന്നാൽ, ഏറ്റെടുക്കാൻ സന്നദ്ധമല്ലെന്ന് ചുള്ളിക്കാട് പ്രതികരിച്ചുവെന്ന് വാർത്ത എത്തി. ഇതിന് പിന്നാലെ ചുള്ളിക്കടിനെ അനുകൂലിച്ച് സലിംകുമാറും രംഗത്ത് വന്നു. ഇതോടെയാണ് വിഷയം വഷളായത്. ചുള്ളിക്കാടിനെ വിവാദത്തിലാക്കിയത് സന്ദീപ് പോത്താനിയുടെ ഫേസ്‌ബുക്ക് പോസ്റ്റായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം തെറ്റിധാരണയാണെന്ന് സന്ദീപ് പോത്താനി തന്നെ പറയുന്നുവെന്നതാണ് വസ്തുത.

പ്രിയപ്പെട്ട കവി ബാലചന്ദ്രൻ ചുള്ളക്കാടിന്, എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. താങ്കളുടെ സ്വന്തം അനിയൻ എന്നവകാശപ്പെടുന്ന പറവൂർ നന്ത്യാട്ട്കുന്ന് ചുള്ളിക്കാട്ട് ജയചന്ദ്രൻ എന്ന ചന്ദ്രൻകുട്ടിയെ തോന്ന്യകാവ് ക്ഷേത്രത്തിന് അമീപത്തെ ഒരു കടത്തിണ്ണയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതായി അറിഞ്ഞിരുന്നോ? ഭക്ഷണം കഴിക്കാതെ അവശനിലയിൽ വിസർജ്ജങ്ങളിൽ കിടന്നിരുന്ന അദ്ദേഹത്തെ പറവൂർ പൊലീസും ജീവകാരുണ്യ പ്രവർകത്തകരും ചേർന്ന് കുളിപ്പിച്ച് വൃത്തിയാക്കി പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം സിനിമാ നടനായ സലിം കുമാറിനെ കൊണ്ട് താങ്കളെ വിളിപ്പിച്ചിരുന്നു. ഇദ്ദേഹത്തെ ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് താങ്കൾ പറഞ്ഞതായാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. ഞങ്ങൾക്കറിയാം താങ്കൾക്കങ്ങിനെ പറയാനാവില്ലെന്ന്. കാരണം അന്തരിച്ച അനുഗ്രഹീത എഴുത്തുകാരി അഷിതക്ക് ഭ്രാന്താണെന്ന് പറഞ്ഞ അഷിതയുടെ സഹോദരനോട് താങ്കൾ വികാരക്ഷോഭത്താൽ പൊട്ടിത്തെറിച്ചതടക്കമുള്ള മനുഷ്യത്വപരമായ നിരവധി സാമൂഹിക ഇടപെടലുകളും ആഴത്തിൽ കവിതകൾ കുറിക്കുന്നതും ഞങ്ങൾ കണ്ടിട്ടുണ്ട്.-ഈ രൂക്ഷമായ വിമർശനമാണ് അവർ ഉയർത്തിയത്.

അങ്ങിനെയുള്ള കവിക്ക് തന്റെ സഹോദരന്റെ സങ്കടത്തിൽ ഉള്ളുനോവാതിരിക്കല്ലെന്ന് ഉറപ്പ്. ആരോരുമില്ലാത്ത ആ മിണ്ടാപ്രാണിയെ ഞങ്ങൾ ഏറ്റെടുത്തുകൊടുങ്ങലൂരിലെ വെളിച്ചം അഗതി മന്ദിരത്തിൽ എത്തിച്ചിട്ടുണ്ട്. താങ്കളുടെ ജീവിതത്തിൽ ഇതുവരെ ഈ സഹോദരൻ ഒരുപകാരവും ചെയ്തിട്ടില്ലായിരിക്കാം. എങ്കിലും കഴിയുമെങ്കിൽ വന്നു കാണണം. പറ്റുമെങ്കിൽ അല്പനേരം അടുത്തിരിക്കണം. കാൻസർ അടക്കമുള്ള മാരക രോഗങ്ങളാൽ വലയുന്ന അദ്ദേഹത്തിനത് ഒരു ആശ്വാസമാകും. ഉറപ്പായും വരണമെന്നും പോത്താനി കുറിച്ചിരുന്നു. ഇത് ഏറ്റെടുത്താണ് ബാലചന്ദ്രൻ ചുള്ളിക്കാട് സഹോദരന് അടുത്തെത്തിയത്. ർമ്മം കൊണ്ടാണ് ഒരാൾ സഹോദരനാകുന്നത് എന്നും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ ജയചന്ദ്രനെ അദ്ദേഹം ഏറ്റെടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും നടൻ സലിം കുമാർ പ്രതികരിച്ചിരുന്നു. ദുരിതം നിറഞ്ഞ ഈ അവസ്ഥ ജയചന്ദ്രൻ തന്നെ വരുത്തിവച്ചതാണെന്നും സലിം കുമാർ പറഞ്ഞു. ജയചന്ദ്രൻ സമ്പന്നതയിൽ ജീവിക്കുമ്പോൾ ബാലചന്ദ്രൻ ചുള്ളിക്കാട് പട്ടിണിയും ദാരിദ്ര്യവുമായി മഹാരാജാസ് കോളജിൽ കഴിയുകയായിരുന്നെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് സലിംകുമാർ പറഞ്ഞു. ഇതോടെ വിവാദം പുതിയ തലത്തിലെത്തി.

'ജന്മം കൊണ്ട് മാത്രമല്ല ഒരാൾ സഹോദരനാകുന്നത്. കർമ്മം കൊണ്ട് കൂടിയാണ്. പണ്ട് ബാലചന്ദ്രൻ ചുള്ളിക്കാടിനെ നക്‌സലാണെന്ന് പറഞ്ഞ് നാട്ടിൽ നിന്ന് ഓടിച്ചുവിട്ടതിൽ ഈ ചന്ദ്രൻകുട്ടിക്ക് പങ്കുണ്ട്. പിന്നീട് വളരെ കാലങ്ങൾക്ക് ശേഷം അമ്മ മരിച്ചപ്പോഴാണ് ബാലചന്ദ്രൻ നാട്ടിൽ വന്നത്. അന്ന് അദ്ദേഹം ബുദ്ധമതത്തിൽ ചേർന്നെന്ന് പറഞ്ഞ് അമ്മയ്ക്ക് ബലിയിടാൻ പോലും സമ്മതിക്കാതെ മടക്കി അയച്ചതിന് പിന്നിലും ഇയാളാണ്. അന്യമതസ്ഥൻ അമ്മയുടെ ശരീരത്തിൽ തൊട്ടാൽ പ്രശ്‌നമുണ്ടാക്കണമെന്ന് പറഞ്ഞ് ഒരു സംഘത്തെ അയാൾ ചട്ടംകെട്ടി നിർത്തിയിരുന്നു. ഇക്കാര്യം ബാലചന്ദ്രനോട് പറഞ്ഞ് അദ്ദേഹത്തെ മടക്കി അയച്ചത് അദ്ദേഹത്തിന്റെ സഹോദരിയാണ്' എന്നും സലിം കുമാർ പറഞ്ഞിരുന്നു. വീട് ഭാഗം വെച്ച വകയിൽ ചന്ദ്രൻ കുട്ടിക്കും 35 സെന്റ് സ്ഥലം കിട്ടിയിരുന്നെന്നും. അതെന്ത് ചെയ്‌തെന്നും സലിം കുമാർ ചോദിക്കുന്നു. പറവൂരിൽ കോൺഗ്രസ് പ്രവർത്തകനായ രവീന്ദ്രനെ കൊന്ന കേസിലെ പ്രതിയാണ് ഇയാൾ. ഇവരുടെ കുടുംബം ധനിക കുടുംബമായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് മഹാരാജാസ് കോളേജിൽ പട്ടിണിയും ദാരിദ്ര്യവുമായി തന്റെ ജീവിതം തള്ളി നീക്കിയപ്പോൾ ചന്ദ്രൻകുട്ടിയൊക്കെ മൂന്ന് നേരം സുഭിക്ഷമായി ഭക്ഷണം കഴിച്ച് ജീവിച്ചിരുന്നവരാണ്. എല്ലാം നശിച്ച് പോയപ്പോൾ ഭ്രാന്തായി. അതാണ് സത്യം. അവസാനം എത്തിച്ചേരേണ്ട സ്ഥലത്തും നിലയിലും തന്നെയാണ് അയാൾ എത്തിച്ചേർന്നിരിക്കുന്നതെന്നും സലിംകുമാർ ആരോപിച്ചിരുന്നു.

സന്ദീപ് പോത്താനിയുടെ പുതിയ പോസ്റ്റ് ഇങ്ങനെ

നാലുപതിറ്റാണ്ട് അലിഞ്ഞുപോയി; അവർ ഒന്നായി.

പ്രതീക്ഷ വെറുതെയായില്ല, കവി ബാലചന്ദ്രൻ ചുള്ളിക്കാട് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ അദ്ദേഹത്തിന്റെ അനുജനെ കാണാനെത്തിയിരുന്നു. ഒരു മണിക്കൂറോളം ആശുപത്രിയിൽ ചിലവഴിച്ച ശേഷം ഡോകർമാരോട് രോഗവിവരങ്ങൾ തിരക്കിയാണ് അദ്ദേഹം മടങ്ങിയത്.

ഈ വിഷയങ്ങളിൽ പലരീതിയിലുള്ള വാർത്തകൾ പ്രചരിക്കുകയും ചർച്ചകൾ നടക്കുകയും ചെയ്യുന്നുണ്ട്. വിവാദങ്ങൾക്ക് തുടക്കമിട്ടത് ഞാനായിരുന്നു എന്നതിനാൽ എനിക്കറിയാവുന്ന കാര്യങ്ങൾ വിശദീകരിക്കുന്നു.

ഇവരുടെ നാട്ടുകാരായ ചില പൊതു പ്രവർത്തകരും രാഷ്ട്രീയക്കാരുമാണ് സലിംകുമാറിനെ കൊണ്ട് ബാലചന്ദ്രൻ ചുള്ളിക്കാടിനെ വിളിപ്പിച്ചതായും ഏറ്റെടുക്കാൻ കഴിയില്ലെന്ന് ചുള്ളിക്കാട് പറഞ്ഞതായും ഞങ്ങളെ ധരിപ്പിച്ചത്.

ചുള്ളിക്കാടിപ്പോലെ ഒരാളിൽ നിന്നും അങ്ങനെ ഒരു മറുപടി അൽപ്പം സങ്കടമുണ്ടാക്കിയതിനാലാണ് ഈ വിഷയം പോസ്റ്റ് ചെയ്തത്. തുടർന്ന് അഴിമുഖം ന്യൂസ് പോർട്ടിൽ നിന്നും വിളിച്ചപ്പോൾ സലിംകുമാർ വിളിച്ചിരുന്നതായും എന്നാൽ ഏറ്റെടുക്കാൻ ആവശ്യപ്പെട്ടില്ലെന്നും ആവശ്യപ്പെട്ടാലും താനയാളെ ഏറ്റെടുക്കില്ലന്നും കവി മറുപടി നൽകിയിരുന്നു.

അന്നുതൊട്ട് ഇന്നേവരെ ഞങ്ങളാരും ജയചന്ദ്രനെ ഏറ്റെടുക്കാൻ ചുള്ളിക്കാടിനോട് ആവശ്യപ്പെട്ടിട്ടില്ല. ഫേസ്‌ബുക്ക് പോസ്റ്റും വാർത്തകളും ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് എന്നെ വിളിച്ചിരുന്നു. കുറച്ചുനേരം അദ്ദേഹത്തോട് സംസാരിച്ചപ്പോൾ തന്നെ ഞങ്ങൾ കരുതിയ പോലെ വലിയ വിഷയങ്ങളൊന്നും ഇവർക്കിടയിൽ ഇല്ലെന്നും മനസ്സിലായി.

ഇവർക്കിയിൽ നിൽക്കാൻ ആരുമില്ലാതിരുന്നതിനാലും പിണക്കങ്ങൾ പറഞ്ഞു തീർക്കേണ്ടവർ വിഷയം കൂടുതൽ വഷളാക്കിയതിനാലുമാണ് ഈ കൂടിക്കാഴ്‌ച്ച ഇത്രയും വൈകിയത്. എന്നെപ്പോലെ ഒരാൾക്ക് നാല് പതിറ്റാണ്ട് പഴക്കമുള്ള വിഷയം എളുപ്പത്തിൽ പരിഹരിക്കാനായെങ്കിൽ ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും അതിനായി ശ്രമിച്ചിട്ടില്ല എന്നുവേണം കരുതാൻ. മാത്രമല്ല ഇവരെ അകറ്റി നിർത്താനും ഇക്കൂട്ടരിൽ ചിലർ ശ്രദ്ധിച്ചിരുന്നു.

ഈ വിഷയം ഇവിടെ അവസാനിപ്പിക്കുന്നു. ബാലചന്ദൻ ചുള്ളിക്കാടിനെപ്പോലെ ഒരാൾക്ക് മാർക്കിടാൻ ഞാനാളല്ല. ദയവായി വ്യക്തി വൈരാഗ്യങ്ങൾ തീർക്കാൻ എന്റെ പോസ്റ്റുകൾ ഉപയോഗിക്കാത്തിരിക്കുക. വെളിച്ചത്തിൽ ഇദ്ദേഹത്തെ കൂടാതെ പതിനഞ്ചോളം അന്തേവാസികളുണ്ട്. കൂടാതെ ദിവസവും കുറഞ്ഞത് മുന്നൂറോളം പേരുടെ വിശപ്പകറ്റാൻ കഴിയുന്നുണ്ട്. കഴിയുന്നവർ സഹായിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP