Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എനിക്കേറ്റവും പ്രിയപ്പെട്ട രണ്ടു പേരെ നഷ്ടപ്പെട്ടു; ഒന്നര വയസ്സു പോലുമാവാത്ത മകളെ എടുത്തു കൊതി തീർന്നിരുന്നില്ല; കാറിൽ കുറച്ചേറെ സ്വർണമുണ്ടായിരുന്നെന്ന പ്രചാരണം വെറും അസംബന്ധം; ബാലു ഇല്ലാത്തതു കൊണ്ടുമാത്രമാണ് ഞങ്ങളുടെ ദാമ്പത്യബന്ധത്തെക്കുറിച്ചു കഥകൾ പടച്ചുവിടാൻ പലർക്കും ധൈര്യമുണ്ടാവുന്നത്; പൂന്തോട്ടം ആശുപത്രിയുമായി നടത്തിയത് കടം കൊടുക്കലും തിരികെ വാങ്ങലും: വിവാദങ്ങളിൽ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്ക് പറയാനുള്ളത്

എനിക്കേറ്റവും പ്രിയപ്പെട്ട രണ്ടു പേരെ നഷ്ടപ്പെട്ടു; ഒന്നര വയസ്സു പോലുമാവാത്ത മകളെ എടുത്തു കൊതി തീർന്നിരുന്നില്ല; കാറിൽ കുറച്ചേറെ സ്വർണമുണ്ടായിരുന്നെന്ന പ്രചാരണം വെറും അസംബന്ധം; ബാലു ഇല്ലാത്തതു കൊണ്ടുമാത്രമാണ് ഞങ്ങളുടെ ദാമ്പത്യബന്ധത്തെക്കുറിച്ചു കഥകൾ പടച്ചുവിടാൻ പലർക്കും ധൈര്യമുണ്ടാവുന്നത്; പൂന്തോട്ടം ആശുപത്രിയുമായി നടത്തിയത് കടം കൊടുക്കലും തിരികെ വാങ്ങലും: വിവാദങ്ങളിൽ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്ക് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദുരൂഹതകൾ മാറണം. എന്റെ കുടുംബം തകർക്കാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കിൽ എനിക്കതറിഞ്ഞേ മതിയാവൂ. നീതി കിട്ടാൻ ഏതറ്റം വരെയും പോവും.-പറയുന്നത് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയാണ്. പാലക്കാട് ബിസിനസ് ആവശ്യത്തിനു ബാലു ലക്ഷങ്ങൾ നിക്ഷേപിച്ചിരുന്നെന്നും അതിൽ ദുരൂഹതയുണ്ട് എന്നുമൊക്കെ ബന്ധുക്കൾ ആരോപിച്ചതായി കേട്ടു. പാലക്കാടുള്ള സുഹൃത്തിനു കടം കൊടുക്കുകയും തിരികെ വാങ്ങുകയുമാണു ചെയ്തത്. അതെങ്ങനെ നിക്ഷേപമാകുമെന്നും ലക്ഷ്മി ചോദിക്കുന്നു. മനോരമയോടാണ് ലക്ഷ്മി മനസ്സ് തുറക്കുന്നത്.

അപകടമുണ്ടായതിന് പിന്നാലെ പുലർച്ചെ മൂന്നരയ്ക്ക് ബാലുവിന്റെ ഫോണിലേക്ക് ലത വിളിച്ചതിനെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കും. പൂന്തോട്ടം ആശുപത്രി ഉടമയുടെ ഭാര്യയാണ് ലത. ബാലുവിന്റെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിക്കും. ലതയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. ലതയുടെ മകന്റെ ആസ്‌ട്രേലിയയിലെ പഠനത്തിന് ബാലു പണം നൽകിയിരുന്നതായി ഭാര്യ ലക്ഷ്മി മൊഴിനൽകി. ഇതിന്റെ രേഖകൾ പരിശോധിക്കും. ലതയ്ക്ക് ബാലുവിന്റെ കുടുംബവുമായുണ്ടായിരുന്ന അടുത്തബന്ധം പരിശോധിക്കും. വീടും സ്വത്തുക്കളും ബാലുവിന്റെയും ലക്ഷ്മിയുടെയും പേരിലാണ്. പാലക്കാട്ടെ 40സെന്റ് സ്ഥലം ബാലുവിന്റെ പേരിലാണ്.''ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. അതിനിടെയാണ് ലക്ഷ്മി വെളിപ്പെടുത്തലുമായി എത്തുന്നത്. ബാലുവിന്റെ അച്ഛനും ബന്ധുക്കളും മരണത്തിൽ പൂന്തോട്ടം ആശുപത്രിയേയും സംശയത്തിൽ നിർത്തുന്നു. എന്നാൽ ലക്ഷ്മി അതിന് തയ്യാറുന്നില്ലെന്നതാണ് അഭിമുഖത്തിൽ നിന്ന് വ്യക്തമാകുന്നത്. ലതയുടെ സഹോദരന്റെ മകനാണ് ബാലുവിന്റെ ഡ്രൈവറായ അർജുൻ. ഇയാളാണ് ബാലുവാണ് വാഹനം ഓടിച്ചതെന്ന മൊഴി കൊടുത്തത്. ഇതിന് പിന്നിൽ ദുരൂഹത സംശയിക്കുന്നുണ്ട് ക്രൈംബ്രാഞ്ച്.

അപകടത്തിന്റെ അവശതകളിൽ നിന്ന് ലക്ഷ്മി പൂർണ്ണമായും മുക്തമല്ല. ഇതിനിടയിലും വിവാദം കൊഴുത്ത സാഹചര്യത്തിലാണ് ലക്ഷ്മി തന്റെ നിലപാട് വിശദീകരിക്കുന്നത്. വാഹനാപകട സമയത്തു തങ്ങളുടെ കാറിൽ കുറച്ചേറെ സ്വർണമുണ്ടായിരുന്നെന്ന പ്രചാരണം വെറും അസംബന്ധമാണ്. അപകട ശേഷം കാറിലെ വസ്തുക്കൾ നീക്കുന്നതു പൊലീസ് വിഡിയോയിൽ പകർത്തിയിട്ടുണ്ട്. ആകെ 25 പവനിൽ താഴെ സ്വർണമേ തനിക്കുള്ളൂ. തീരെ കനംകുറഞ്ഞ ആഭരണങ്ങളേ അണിയാറുള്ളൂ. അതിൽ ചിലതു മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളൂ-ലക്ഷ്മി വിശദീകരിക്കുന്നു. സംഗീതം മാത്രമായിരുന്നു ബാലുവിന്റെ വഴി. പാരമ്പര്യമായി കിട്ടിയതും അതാണ്. ഏറെ കഷ്ടപ്പെട്ടാണു ഞങ്ങൾ ഓരോ ചെറിയ സമ്പാദ്യങ്ങളും ഉണ്ടാക്കിയത്. ബാലുവിന്റെ വയലിനുകൾ വരെ വിറ്റു കളഞ്ഞു എന്നാണു പറയുന്നത്. ബാലുവെന്നാൽ വയലിനെന്നു കരുതുന്ന ഞാനതു ചെയ്യില്ല. വയലിനുകളെല്ലാം ഈ വീട്ടിലുണ്ട്. ബാലു ഇല്ലാത്തതു കൊണ്ടുമാത്രമാണ് ഞങ്ങളുടെ ദാമ്പത്യബന്ധത്തെക്കുറിച്ചു വരെ കഥകൾ പടച്ചുവിടാൻ പലർക്കും ധൈര്യമുണ്ടാവുന്നത്-ലക്ഷ്മി പറയുന്നു.

എനിക്കാണ് ഏറ്റവും വലിയ നഷ്ടമുണ്ടായത് എന്നതു പോലും പരിഗണിക്കാതെയാണ് ഊഹാപോഹങ്ങൾ പടച്ചു വിടുന്നത്. എനിക്കേറ്റവും പ്രിയപ്പെട്ട രണ്ടു പേരെ നഷ്ടപ്പെട്ടു. ഒന്നര വയസ്സു പോലുമാവാത്ത മകളെ എടുത്തു കൊതി തീർന്നിരുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുത്തി, ജീവൻ തിരികെക്കിട്ടാൻ മല്ലിട്ട്, ചികിത്സകൾ തുടർന്നു കൊണ്ടേയിരിക്കുന്ന ഞാൻ എന്തിനങ്ങനെ ചെയ്യണമെന്നതിനു കൂടി അവരെനിക്കു മറുപടി തരണം. പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യണമെന്ന ഒറ്റ ആഗ്രഹമേ ഇപ്പോഴുള്ളൂ. വാഹനമോടിച്ചിരുന്നത് അർജുനാണ് എന്നാണ് അന്നും ഇപ്പോഴും ഞാൻ പറയുന്നത്. അപകടമുണ്ടായതു തന്റെ കൈപ്പിഴ കൊണ്ടാണെന്ന് എന്റെ അമ്മയോടുൾപ്പെടെ ആ ദിവസങ്ങളിൽ ഏറ്റുപറഞ്ഞ അർജുൻ പിന്നീടു മൊഴിമാറ്റിയത് എന്തുകൊണ്ടാണെന്ന് അറിയില്ല.-ലക്ഷ്മി കൂട്ടിച്ചേർത്തു. അർജുന്റെ മൊഴി മാറ്റം ലക്ഷ്മിയും സ്ഥിരീകരിക്കുകയാണ്. പാലക്കാട് ബിസിനസ് ആവശ്യത്തിനു ബാലു ലക്ഷങ്ങൾ നിക്ഷേപിച്ചിരുന്നെന്നും അതിൽ ദുരൂഹതയുണ്ട് എന്നുമൊക്കെ ബന്ധുക്കൾ ആരോപിച്ചതായി കേട്ടു. പാലക്കാടുള്ള സുഹൃത്തിനു കടം കൊടുക്കുകയും തിരികെ വാങ്ങുകയുമാണു ചെയ്തത്. അതെങ്ങനെ നിക്ഷേപമാകും-ലക്ഷ്മി ചോദിക്കുന്നു.

പ്രകാശ് തമ്പിയെ അറിയില്ല എന്നു ഞാൻ പറഞ്ഞിട്ടേയില്ല. ഫേസ്‌ബുക്കിലെ കുറിപ്പിലും അങ്ങനെ പറഞ്ഞിട്ടില്ല. ജിം ട്രെയിനർ ആയിരുന്ന തമ്പിയുമായി ബാലുവിന് 7 വർഷത്തെ പരിചയമുണ്ട്. പ്രാദേശിക പരിപാടികളുടെ കോഓർഡിനേഷൻ മറ്റു പലരെയും പോലെ തമ്പിയും ചെയ്തിരുന്നു. അപകടമുണ്ടായ ശേഷം ആശുപത്രിയിൽ സഹായത്തിനും എത്തിയിരുന്നു. അപകടസ്ഥലത്തു നിന്ന് ആളുകൾ ഓടിപ്പോകുന്നതു കണ്ടെന്ന കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ ഇപ്പോൾ മാത്രമാണറിയുന്നത്. അത് അറിഞ്ഞിട്ടും മറച്ചുവച്ചെങ്കിൽ തമ്പിയാണു മറുപടി പറയേണ്ടത്. സ്വർണക്കടത്തിൽ തമ്പിക്കു പങ്കുള്ളതായി എനിക്കോ ബാലുവിനോ അറിയില്ലായിരുന്നു. എനിക്കു വലിയ ഞെട്ടലായിപ്പോയി ഈ വാർത്ത. ചെറിയ പിരിമുറുക്കങ്ങൾ പോലും ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ആളായിരുന്നു ബാലു. എന്തെങ്കിലും സൂചന കിട്ടിയിരുന്നെങ്കിൽ ആ നിമിഷം തന്നെ പുറത്താക്കിയേനേ.-വിവാദങ്ങളോട് ലക്ഷ്മി പ്രതികരിക്കുന്നത് ഇങ്ങനെയാണ്.

അതിനിടെ ബാലഭാസ്‌കറിന്റെ മരണത്തിൽ പാലക്കാട്ടെ പൂന്തോട്ടം ആശുപത്രിയിലെ ഡോക്ടർക്കും ഭാര്യയ്ക്കും പങ്കാളിത്തുമുണ്ടോയെന്ന് അന്വേഷിക്കണമെന്നു ക്രൈംബ്രാഞ്ചിനോടു രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നു പിതാവ് കെ.സി.ഉണ്ണിയും അറിയിച്ചു. മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചപ്പോൾ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഡോക്ടറും ഭാര്യയും തനിക്ക് വക്കീൽ നോട്ടിസ് അയച്ചിരുന്നു. അതിനു മറുപടി നൽകി. അവർ കേസുമായി മുന്നോട്ടുപോകുന്നുണ്ടോയെന്ന് അറിയില്ല. അങ്ങനെ സംഭവിച്ചാൽ ജയിലിൽ കിടക്കാനും തനിക്കു ഭയമില്ല. മകന്റെ മരണത്തിന്റെ കാരണക്കാരെ കണ്ടെത്തുന്നതുവരെ രംഗത്തുണ്ടാകുമെന്ന് ഉണ്ണിയും പറയുന്നു.

ഡോക്ടറും ഭാര്യയും നടത്തുന്ന ആശുപത്രിയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നു ബാലഭാസ്‌കർ തന്നോടു പറഞ്ഞിട്ടുണ്ട്. എത്ര തുകയാണെന്നു താൻ ചോദിച്ചില്ല. ആശുപത്രിയിൽ പോയി തിരികെവരുമ്പോഴാണ് അപകടം ഉണ്ടായത്. തൃശൂരിലെ ക്ഷേത്രത്തിൽ വഴിപാടു നടത്തിയശേഷം അവിടെ താമസിക്കാൻ ബാലഭാസ്‌കർ ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരുന്നു. ഡോക്ടറുടെ ഭാര്യ നിർബന്ധിച്ചാണു തിരുവനന്തപുരത്തേക്ക് അയച്ചത്. യാത്രാമധ്യേ ഒട്ടേറെ തവണ ഡോക്ടറുടെ ഭാര്യ ബാലഭാസ്‌കറിനെ ഫോണിൽ വിളിച്ചിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണു രണ്ടുപേരുടെയും പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നു താൻ ആവശ്യപ്പെട്ടതെന്നും ഉണ്ണി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP