Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202125Monday

വയലിനിസ്റ്റ് പെരുമാറിയത് കുടുംബാംഗത്തെ പോലെ; ലക്ഷ്മി ഇടപെട്ടത് സ്വന്തം അമ്മയെ പോലെയെന്ന് ലത; ബാലു പണം തന്ന് സഹായിച്ചത് ആശുപത്രി നിർമ്മാണം പ്രതിസന്ധിയിലായപ്പോൾ; കടമെല്ലാം വീട്ടുകയും ചെയ്തെന്ന് ഡോ രവീന്ദ്രനാഥ്; തങ്ങളുമായുള്ള ബാലഭാസ്‌കറിന്റെ അടുപ്പം അച്ഛനേയും ബന്ധുക്കളേയും അലോസരപ്പെടുത്തിയിരുന്നുവെന്നും ആശുപത്രി മുതലാളി; എല്ലാം നിഷേധിച്ച് അച്ഛൻ ഉണ്ണിയും; ബാലഭാസ്‌കറിന്റെ മരണത്തിൽ എത്തുംപിടിയുമില്ലാതെ ക്രൈംബ്രാഞ്ചും

വയലിനിസ്റ്റ് പെരുമാറിയത് കുടുംബാംഗത്തെ പോലെ; ലക്ഷ്മി ഇടപെട്ടത് സ്വന്തം അമ്മയെ പോലെയെന്ന് ലത; ബാലു പണം തന്ന് സഹായിച്ചത് ആശുപത്രി നിർമ്മാണം പ്രതിസന്ധിയിലായപ്പോൾ; കടമെല്ലാം വീട്ടുകയും ചെയ്തെന്ന് ഡോ രവീന്ദ്രനാഥ്; തങ്ങളുമായുള്ള ബാലഭാസ്‌കറിന്റെ അടുപ്പം അച്ഛനേയും ബന്ധുക്കളേയും അലോസരപ്പെടുത്തിയിരുന്നുവെന്നും ആശുപത്രി മുതലാളി; എല്ലാം നിഷേധിച്ച് അച്ഛൻ ഉണ്ണിയും; ബാലഭാസ്‌കറിന്റെ മരണത്തിൽ എത്തുംപിടിയുമില്ലാതെ ക്രൈംബ്രാഞ്ചും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ചർച്ചകൾ പൂന്തോട്ടം ആശുപത്രിയും ബാലഭാസ്‌കറിന്റെ ബന്ധുക്കളും തമ്മിലെ വാക് പേരിലേക്ക്. പാലക്കാട്ടെ പൂന്തോട്ടം ആയുർവേദ ഗ്രാമത്തിലെ ഡോ രവീന്ദ്രന്റെ വാദങ്ങൾ തള്ളി ബാലഭാസ്‌കറിന്റെ പിതാവ് കെ സി ഉണ്ണി വീണ്ടും സജീവമായി. ബാലഭാസ്‌കറിന് ഡോക്ടറുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നെന്നും ഇക്കാര്യം ബാലഭാസ്‌കർ തന്നോട് പറഞ്ഞിട്ടുണ്ടെന്നും കെ.സി ഉണ്ണി പറഞ്ഞു. വീട്ടുകാരുമായി ബാലുവിന് അടുപ്പമില്ലെന്ന് പറയുന്നത് തെറ്റാണെന്നും ഉണ്ണി പറഞ്ഞു. ഡോക്ടർ നൽകിയ മാനനഷ്ടക്കേസിന് മറുപടി നൽകുമെന്നും കെ സി ഉണ്ണി പറഞ്ഞു.

സ്വർണക്കടത്താണ് ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിലെന്ന് പറയാനാവില്ല. പൊലീസ് തന്നെ സത്യം കണ്ടെത്തണം. ബാലുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നതു വരെ തന്റെ സംശയങ്ങൾ നിലനിൽക്കുമെന്നും കെ.സി ഉണ്ണി പറഞ്ഞു. കുടുംബവുമായി ബന്ധമില്ലെന്ന പൂന്തോട്ടത്തെ ഡോക്ടറുടെ ആരോപണം അടിസ്ഥാന രഹിതമാണ്. പൂന്തോട്ടത്തെ കുടുംബത്തിന് ലക്ഷമിയുമായാണ് അടുത്ത ബന്ധമെന്നും കെ. സി ഉണ്ണി വിശദമാക്കി. അനന്തപുരിയിലെ ഡോക്ടർമാർ നല്ല സേവനമാണ് നൽകിയത്. ബാലഭാസ്‌ക്കറിന്റെ മരണ ശേഷം വിഷ്ണുവും തമ്പിയുമായി ബന്ധപ്പെട്ടിട്ടില്ല. മരണശേഷം ബാലഭാസ്‌ക്കറിന്റെ ഫോൺ തമ്പിയാണ് ഉപയോഗിച്ചിരുന്നത്. ലോക്കറിന്റെ താക്കോലും ക്രഡിറ്റ് കാർഡും ലക്ഷമിക്കു നൽകിയെന്ന് തമ്പി പറഞ്ഞിരുന്നു. ലക്ഷമിയുടെ വിരൽ അടയാളം ആശുപത്രിയിൽ വച്ച് തമ്പിയും ലക്ഷമിയുടെ ബന്ധുക്കളും ചേർന്ന് എടുത്തുവെന്ന് ഒരാൾ പറഞ്ഞ് അറിഞ്ഞിരുന്നു. അനന്തപുരിയിൽ ഷെയർ ഉള്ള ആൾ തമ്പിയുടെ സുഹൃത്തായിരുന്നുവെന്നും ബാലഭാസ്‌കറിന്റെ പിതാവ് പറഞ്ഞു. പൂന്തോട്ടം ആശുപത്രിയെ വീണ്ടും സംശയ നിഴലിൽ നിർത്തുകയാണ് ബന്ധുക്കൾ.

ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവും ബന്ധുക്കളും ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പൂന്തോട്ടം ആയുർവേദാശ്രമം മാനേജിങ് ഡയറക്ടർ കൂടിയായ ഡോ. പി.എം.എസ് രവീന്ദ്രനാഥ് നേരത്തെ പ്രതികരിച്ചിരുന്നു സ്ഥാപനത്തെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. ഏത് അന്വേഷണവുമായും സഹകരിക്കും. പതിനഞ്ചുവർഷമായി ബാലഭാസ്‌കറുമായി ബന്ധമുണ്ടെന്നും ആശുപത്രിയുടെ ആവശ്യത്തിനായി ബാലഭാസ്‌കറിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാലഭാസ്‌കറിന്റെ സുഹൃത്തായിരുന്നു പ്രകാശൻ തമ്പിയെന്നും പ്രകാശൻ തമ്പിക്ക് മറ്റ് ഇടപാടുകൾ ഉള്ളതായി ബാലഭാസ്‌കർ അറിഞ്ഞിരിക്കില്ലെന്നും ഡോ. പി.എം.എസ് രവീന്ദ്രനാഥ് തിരുവാഴിയോട് പറഞ്ഞു.

15 വർഷത്തിലേറെ ബന്ധം ബാലഭാസ്‌കറുമായി തങ്ങൾക്കുണ്ടെന്നും സാമ്പത്തികപരമായി അദ്ദേഹവുമായി ഒരു ബാധ്യതയും ഇല്ലെന്നും ഡോക്ടർ രവീന്ദ്രനും ഭാര്യയും പറഞ്ഞു. കുടുംബാംഗത്തെ പോലായിരുന്നു ബാലഭാസ്‌കർ. തങ്ങളുമായുള്ള ബാലഭാസ്‌കറിന്റെ അടുപ്പം അച്ഛനേയും ബന്ധുക്കളേയും അലോസരപ്പെടുത്തിയിരുന്നു. അതാണ് ആരോപണങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്നും രവീന്ദ്രൻ വ്യക്തമാക്കി. സ്ഥാപനം എന്ന നിലയിൽ ബാലഭാസ്‌കറിന്റെ അച്ഛനെതിരെ മാഹാനിക്ക് കേസ് നൽകിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. ആശുപത്രി നിർമ്മാണം പ്രതിസന്ധിയിലായപ്പോഴാണ് ബാലഭാസ്‌കർ പണം തന്ന് സഹായിച്ചത്. ആശുപത്രിക്കായി വാങ്ങിയ പണം തിരികെ നൽകിയിട്ടുണ്ടെന്നും ഇരുവരും വികാരാധീനരായി പറഞ്ഞു. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തായ പ്രകാശ് തമ്പിയെ അറിയാമെന്നും ഇവർ വ്യക്തമാക്കി.

ആരോപണങ്ങൾ പൂന്തോട്ടം ആശുപത്രി ഉടമകൾ നിഷേധിക്കുമ്പോഴും സംശയത്തിന്റെ മുൾമുനയിൽ തന്നെ ഇവരെ നിർത്തുകയാണ് ബാലഭാസ്‌കറിന്റെ പിതാവ്. ഇത് അന്വേഷണ സംഘത്തേയും വെട്ടിലാക്കുന്നു. വിഷ്ണു അറസ്റ്റിലായാൽ മാത്രമേ എല്ലാം മറനീക്കി പുറത്തു വരൂ. വിഷ്ണു ഇപ്പോഴും ഒളിവിലാണ്. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സ്വർണ്ണക്കടത്തിൽ ജയിലിലുള്ള പ്രകാശൻ തമ്പിയെ ചോദ്യം ചെയ്യാനും കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് പൂന്തോട്ടം ആശുപത്രിക്കാരും ബന്ധുക്കളും തമ്മിൽ നിരന്തര വാക് പോരും നടക്കുന്നത്. ഇതും അന്വേഷണ സംഘത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ബാലുവിനേക്കാളും ലക്ഷ്മിയുമായി അടുപ്പം പുലർത്താനാണ് ഇവർ ശ്രമിച്ചതെന്നും പിതാവ് കുറ്റപ്പെടുത്തുന്നു. എന്നാൽ അമ്മയെ പോലയായിരുന്നു ലക്ഷ്മി തന്നോട് പെരുമാറിയതെന്ന് രവീന്ദ്രന്റെ ഭാര്യ ലതയും വിശദീകരിക്കുന്നു. കടം വാങ്ങിയ പത്ത് ലക്ഷം രൂപ തിരിച്ച് നൽകിയതിന് അപ്പുറം മറ്റൊരു സാമ്പത്തിക ഇടപാടുമുണ്ടായിരുന്നില്ലെന്നും പതിനഞ്ച് വർഷമായി കുടുംബാംഗത്തേപ്പോലെയായിരുന്നു ബാലഭാസ്‌കറും ലക്ഷമിയുമെന്നാണ് ആശുപത്രി ഉടമകളുടെ മറുപടി. അതിനിടെയാണ് ബാലഭാസ്‌കറിന്റേത് അപകടമരണമല്ലെന്ന് കലാഭവൻ സോബി ജോർജ് പൊലീസിന് മൊഴി നൽകിയത്. അന്വേഷണത്തിൽ വഴിത്തിരിവാകുന്ന മൊഴി ക്രൈംബ്രാഞ്ചിന് നൽകിയിട്ടുണ്ട്. അപകടസ്ഥലത്ത് ദുരൂഹസാഹചര്യത്തൽ കണ്ടവരെ ഇനിയും തിരിച്ചറിയാനാകുമെന്നും സോബി പറഞ്ഞു. അതേസമയം ബാലഭാസ്‌കറിന്റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാൻ ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചു.

സുഹുത്തുക്കൾ ക്രമക്കേട് നടത്തിയെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണ് പരിശോധന. പ്രോഗ്രാമിന് ലഭിച്ചിരുന്ന പ്രതിഫലവും സമ്പാദ്യങ്ങളും ഒത്തുനോക്കും. പിതാവിന്റെ പരാതിയിൽ ആരോപിക്കുന്ന പാലക്കാട്ടെ ഡോക്ടറുടെയും കുടുംബത്തിന്റെയും മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹതയിൽ അന്വേഷണം പുരോഗമിക്കവെയാണ് ചില സുഹൃത്തുക്കളെ സ്വർണകടത്ത് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതാണ് അന്വേഷണത്തിൽ പുതിയ വഴിത്തിരിവായത്. അതേ സമയം, ഇന്നലെ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. അപകടസമയത്ത് കാറോടിച്ചത് ഡ്രൈവർ അർജ്ജുൻ തന്നെയാണെന്നാണ് ലക്ഷ്മി ആവർത്തിച്ചത്.

ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പ് ജംഗ്ഷന് സമീപ0 സെപ്റ്റംബർ 25ന് പുലർച്ചെ നാലോടെയായിരുന്നു അപകടം. തൃശൂരിൽ നിന്നും ക്ഷേത്ര സന്ദർശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോൾ കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ബാലഭാസ്‌കറിന്റെ മകൾ രണ്ടുവയസ്സുകാരി തേജസ്വിനി മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കർ ചികിത്സയിലിരിക്കെ ഒക്ടോബർ രണ്ടിനാണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജ്ജുനും ഏറെ നാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP