Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഞാൻ സൈൻ ചെയ്ത 8 ലക്ഷം രൂപയുടെ എഗ്രിമെന്റ് കാണിക്കാമെങ്കിൽ പുള്ളി പറയുന്നത് ഞാൻ അനുസരിക്കും; ഞാൻ എല്ലാവരെയും വിശ്വാസത്തിൽ എടുക്കുന്ന ആളാണ്; പരസ്പര വിശ്വാസമാണല്ലോ ഏറ്റവും വലുത്; അതുകൊണ്ടു തന്നെ എഗ്രിമെന്റിന്റെ കോപ്പി ഞാൻ അന്ന് വാങ്ങിയിട്ടില്ല; പ്രൊഡ്യൂസർ അസോസിയേഷന്റെ ഭാരവാഹികളെ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല; പ്രതിഫല വിവാദത്തിൽ പ്രതികരിച്ച് നടൻ ബൈജു സന്തോഷ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം:നടൻ ബൈജു സന്തോഷ് പ്രതിഫലം കുറക്കുന്നില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഇത് സംബന്ധിച്ച് നിർമ്മാതാവ് തങ്ങളുടെ സംഘടനയ്ക്ക് പരാതിയും നൽകിയിരുന്നു. ഇപ്പോൾ സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബൈജു. മരട് എന്ന ചിത്രത്തിൽ അഭിനയിക്കാൻ ആരംഭിച്ചത് 20 ലക്ഷം പ്രതിഫലം നൽകാമെന്ന് പറഞ്ഞതുകൊണ്ടാണ്.

ഇപ്പോൾ നിർമ്മാതാവ് പറയുന്ന എട്ട് ലക്ഷത്തിന്റെ കണക്ക് തനിക്ക് മനസിലാകുന്നില്ലെന്നും ഒരു ഓൺലൈൻ മാധ്യമത്തോട് ബൈജു പ്രതികരിച്ചു. അത്തരത്തിൽ ഒരു കരാർ കയ്യിൽ ഉണ്ടെങ്കിൽ നിർമ്മാതാവ് അത് കാണിക്കണമെന്നും അങ്ങനെയെങ്കിൽ അദ്ദേഹം പറയുന്ന ഏത് കരാറും തനിക്ക് സമ്മതമാണെന്നും ബൈജു പറയുന്നു.

ബൈജുവിന്റെ വാക്കുകൾ:

'മരട് എന്ന സിനിമയിൽ ഞാൻ ജോയിൻ ചെയ്തതിന്റെ അന്നാണ് നിർമ്മാതാവായ അബാം എബ്രാഹമിന്റെ മാനേജർ ഒരു ബ്ലാങ്ക് എഗ്രിമെന്റുമായി വന്നത്. അതിൽ ഫിഗറിലും അക്ഷരത്തിലും 20 ലക്ഷം രൂപ എന്ന് എഴുതി ഞാൻ ഒപ്പിട്ടു കൊടുത്തു. ഷൂട്ടിന് ഇടക്കൊന്നും ഇതിനെക്കുറിച്ച് ഒരു പരാമർശവും ഉണ്ടായിട്ടില്ല. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആണ് ഈ സംഭവം. അതേ സമയത്താണ് 'മിന്നൽ മുരളി' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. ആ സിനിമയിലും 20 ലക്ഷം രൂപയാണ് എനിക്ക് പ്രതിഫലം തന്നത്.

എന്തെങ്കിലും സംശയമുണ്ടെങ്കിൽ പ്രൊഡ്യൂസർ അസോസിയേഷനിലുള്ള സോഫിയ പോളിനെ വിളിച്ചു ചോദിക്കാം, സത്യാവസ്ഥ അറിയാൻ കഴിയും. സോഫിയ പോളാണ് മിന്നൽ മുരളി നിർമ്മിക്കുന്നത്.'

'പ്രൊഡ്യൂസർ അസോസിയേഷന്റെ ട്രഷറർ ബി. രാഗേഷ് രണ്ടു വർഷം മുൻപ് നിർമ്മിച്ച സിനിമയിലും ഇരുപതു ലക്ഷം രൂപയാണ് ഞാൻ വാങ്ങിയത്.കോവിഡ് വ്യാപിച്ചതിനെത്തുടർന്ന് പ്രതിസന്ധിയിലായതു കാരണം എഗ്രിമെന്റ് ചെയ്ത തുകയിൽ നിന്നും അഞ്ചു ലക്ഷം രൂപ കുറച്ചു തന്നാൽ മതിയെന്ന് ഞാൻ 'മരടി;ന്റെ പ്രൊഡ്യൂസറോട് പറഞ്ഞിരുന്നു. ഇതേ നിർമ്മാതാവ് ചെയ്ത പട്ടാഭിരാമൻ എന്ന സിനിമയിൽ പതിനഞ്ചു ലക്ഷമായിരുന്നു എന്റെ പ്രതിഫലം. രണ്ടുവർഷം മുൻപ് വാങ്ങിയ ആ പ്രതിഫലം തന്നാൽ മതി ഇപ്പോളെന്ന് ഞാൻ പറഞ്ഞു, എന്നാൽ അദ്ദേഹം എട്ടുലക്ഷം നൽകാമെന്നാണ് അറിയിച്ചത്, എട്ടുലക്ഷം രൂപയുടെ കണക്ക് എനിക്ക് മനസ്സിലാകുന്നില്ല.

'പ്രൊഡ്യൂസർ അസോസിയേഷനിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത് പട്ടാഭിരാമനിൽ എനിക്ക് തന്നത് 12 ലക്ഷം രൂപയാണ് എന്നാണ്, എന്നാൽ അത് വാസ്തവവിരുദ്ധമാണ്. എനിക്കന്ന് തന്നത് പതിനഞ്ചു ലക്ഷം രൂപയാണ്. അദ്ദേഹം അത് മനഃപൂർവം മറന്നതാണ്. മരട് സിനിമയ്ക്കായി 8 ലക്ഷം രൂപയ്ക്കാണ് ഞാൻ സൈൻ ചെയ്തത് എന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്. അങ്ങനെയൊരു എഗ്രിമെന്റ് ഉണ്ടെങ്കിൽ അത് എനിക്ക് കാണണം. കാരണം ഞാൻ അങ്ങനെ ഒരു എഗ്രിമെന്റിൽ ഒപ്പിട്ടിട്ടില്ല.'

'ഇനി 20 ലക്ഷത്തിന്റെ എഗ്രിമെന്റിൽ തുക മായ്ച്ച് എഴുതി ചേർത്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല, അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് കണ്ടാൽ അറിയാൻ പറ്റും. എനിക്ക് ഒന്നേ പറയാനുള്ളൂ, ഞാൻ സൈൻ ചെയ്ത 8 ലക്ഷം രൂപയുടെ എഗ്രിമെന്റ് കാണിക്കാമെങ്കിൽ പുള്ളി പറയുന്നത് ഞാൻ അനുസരിക്കും, പുള്ളി പറയുന്ന സമയത്ത് ഞാൻ വന്നു ഡബ്ബ് ചെയ്തു കൊടുക്കുകയും ചെയ്യും. ഇതെന്റെ വാക്കാണ്.'

'അങ്ങനെ ഒരു എഗ്രിമെന്റ് കാണിക്കാൻ അവർക്കു കഴിഞ്ഞില്ലെങ്കിൽ ഞാൻ സൈൻ ചെയ്ത 20 ലക്ഷത്തിൽ നിന്നും 5 ലക്ഷം കുറച്ചിട്ട് എനിക്ക് തരേണ്ടി വരും. ഞാൻ എല്ലാവരെയും വിശ്വാസത്തിൽ എടുക്കുന്ന ആളാണ്, പരസ്പര വിശ്വാസമാണല്ലോ ഏറ്റവും വലുത് അതുകൊണ്ടു തന്നെ എഗ്രിമെന്റിന്റെ കോപ്പി ഞാൻ അന്ന് വാങ്ങിയിട്ടില്ല. ഞാൻ പ്രൊഡ്യൂസർ അസോസിയേഷന്റെ ഭാരവാഹികളെ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. പ്രൊഡ്യൂസറെ സംരക്ഷിക്കാനാണല്ലോ പ്രൊഡ്യൂസർ അസോസിയേഷൻ.'

പക്ഷേ ഏതു കാര്യത്തിലായാലും ഒരു നീതി ഉണ്ടാകണം, അത് ആരുടെ ഭാഗത്താണെന്ന് പരിശോധിക്കണം. അസോസിയേഷന്റെ മുൻപാകെ ഈ പ്രൊഡ്യൂസർ ഏൽപ്പിച്ച എഗ്രിമെന്റ് ഉണ്ടെങ്കിൽ അത് മാധ്യമങ്ങൾക്ക് മുൻപാകെ വെളിപ്പെടുത്തണം. നമ്മുടെ പ്രൊഡ്യൂസർ ആളൊരു ബുദ്ധിമാൻ തന്നെ, ഇങ്ങനെ ഒരു വിവാദം ഉണ്ടാക്കിയാൽ പടത്തിനൊരു പരസ്യം കിട്ടുമല്ലോ, അതൊക്കെ നല്ല കാര്യം തന്നെ, നടക്കട്ടെ, എല്ലാ ആശംസകളും നേരുന്നു.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP