Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകൾ നിങ്ങൾക്ക് തന്ന ചുംബനം നിങ്ങളറിഞ്ഞോ? അനുഭവിച്ചോ? മകൾ നിങ്ങളെ കണ്ടോ ബൈജു? എന്തായാലും പെട്ടെന്ന് തന്നെ അവർ മകളെയും കൊണ്ട് പോയത് ഞാൻ കണ്ടു; ഒരുപാട് പേരുറങ്ങുന്ന മണ്ണിന്റെ കോണിൽ മനുഷ്യനടച്ച പേടകത്തിൽ നിങ്ങൾ യാത്രയായി; ബൈജു രാജിന്റെ അന്ത്യാഭിലാഷം യാഥാർത്ഥ്യമായി; ഈ കാഴ്ച പത്മകുമാർ പറയുമ്പോൾ

മകൾ നിങ്ങൾക്ക് തന്ന ചുംബനം നിങ്ങളറിഞ്ഞോ? അനുഭവിച്ചോ? മകൾ നിങ്ങളെ കണ്ടോ ബൈജു? എന്തായാലും പെട്ടെന്ന് തന്നെ അവർ മകളെയും കൊണ്ട് പോയത് ഞാൻ കണ്ടു; ഒരുപാട് പേരുറങ്ങുന്ന മണ്ണിന്റെ കോണിൽ മനുഷ്യനടച്ച പേടകത്തിൽ നിങ്ങൾ യാത്രയായി; ബൈജു രാജിന്റെ അന്ത്യാഭിലാഷം യാഥാർത്ഥ്യമായി; ഈ കാഴ്ച പത്മകുമാർ പറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സോഷ്യൽ മീഡിയയിൽ വിഡിയോ ഇട്ട് ആത്മഹത്യ ചെയ്ത പ്രവാസി ബൈജു രാജുവിന് അന്ത്യചുംബനം നൽകാൻ മകൾ എത്തി. ബൈജു രാജുവിന്റെ മരണാന്തര ചടങ്ങുകളിൽ പങ്കെടുത്ത നടനും സംവിധായകനുമായ എം.ബി. പത്മകുമാറാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ വിഡിയോയിൽ പകർത്തിയതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും.

അവസാനമായി ബൈജുവിന് അന്ത്യചുംബനം നൽകാൻ മകളെ എത്തിക്കണമെന്ന ആഗ്രഹം ബൈജുവിന്റെ പിതാവ് പ്രകടിപ്പിച്ചിരുന്നെങ്കിലും അതിന് ബൈജുവിന്റെ ഭാര്യാ കുടുംബം ആദ്യം വഴങ്ങിയില്ല. മകളെ എത്തിക്കില്ല എന്ന വാശിയിലായിരുന്നു അവർ. എന്നാൽ പുരുഷന്മാരുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന മെൻസ് റൈറ്റ്‌സ് ഫൗണ്ടേഷനാണ് മകളെ മരണാനന്തര ചടങ്ങുകളിൽ പങ്കുകൊള്ളിക്കാൻ എത്തിക്കാൻ വേണ്ട നടപടികൾ ചെയ്തതെന്നും പത്മകുമാർ വിഡിയോയിൽ പറയുന്നു. നാടകീയ സംഭവങ്ങളാണ് ബൈജുവിന്റെ സംസ്‌കാര ദിനത്തിൽ സംഭവിച്ചത്.

ബൈജുവിന്റെ മകളെ കൊണ്ടു വരില്ലെന്നായിരുന്നു പൊതു ധാരണ. എന്നാൽ പൊലീസും ബാലാവകാശ കമ്മീഷനും ഇക്കാര്യത്തിൽ ഉറച്ച നിലപാട് എടുത്തു. മെൻസ് റൈറ്റ്‌സ് ഫൗണ്ടേഷനാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ഈ സമ്മർദ്ദം ഫലം കണ്ടു. ഒടുവിൽ പള്ളിയിൽ കുട്ടിയെ എത്തിച്ചു. എന്നാൽ വീഡിയോ എടുക്കാനോ ഒന്നും ആരേയും അനുവദിച്ചില്ല. ബൈജുവിന്റെ ഭാര്യ വീട്ടുകാർ ഒരുക്കിയ കവച്ചത്തിൽ ആ കുട്ടി അച്ഛനെ കണ്ടു മടങ്ങി. അവസാന മുത്തവും നൽകി. പക്ഷേ തനിക്ക് അത് കാണായില്ലെന്ന് പത്മകുമാർ വിശദീകരിക്കുന്നു. ഈ വീഡിയോ വൈറലാണ്.

എം.ബി. പത്മകുമാറിന്റെ വാക്കുകൾ:

''പ്രിയപ്പെട്ട ബൈജു, അവസാനമായി കഴുത്തിൽ കുരുക്ക് മുറുകുന്നതിനു മുൻപായി ലോകത്തോട് ചിലത് വിളിച്ചുപറയാൻ നിങ്ങൾ തിരഞ്ഞെടുത്ത വ്യക്തികളിൽ ഞാനുമുണ്ടായിരുന്നല്ലോ. ഒരിക്കലും കണ്ടിട്ടില്ലാത്ത നിങ്ങളെ എനിക്ക് കാണണമെന്ന് തോന്നിയതുകൊണ്ടാണ് ഇന്ന് നിങ്ങളുടെ ശവ സംസ്‌കാര ചടങ്ങുകൾക്ക് ഞാനെത്തിയത്. വലിയ ആൾക്കൂട്ടമൊന്നും വീട്ടിനു മുന്നിൽ ഇല്ലായിരുന്നു. ഭർത്താവിന്റെയും ഭർത്താവിന്റെ പീഡനത്താൽ ആത്മഹത്യ ചെയ്ത ഒരു സ്ത്രീയുടെ വീടായിരുന്നെങ്കിൽ ഇന്നവിടെ ജനസമുദ്രമായിരുന്നേനെ. മരണമൂകത തളംകെട്ടികിടക്കുന്ന ആ വീടിന്റെ പരിസരത്ത് എല്ലാവരും ആരെയോ കാത്തിരിക്കുന്നതായി എനിക്ക് തോന്നി. മരണത്തെ വിളിച്ച് അടുത്തിരുത്തിയപ്പോഴും ഏഴുവർഷം ജീവനെപ്പോലെ സ്‌നേഹിച്ച മകളെ ഒരുനോക്ക് കാണാൻ നിങ്ങൾ ഒരുപാട് ശ്രമിച്ചെന്ന് കത്തിൽ സൂചിപ്പിച്ചിരുന്നുവല്ലോ. അന്ന് കുരുക്ക് മുറുകി പിടഞ്ഞു തീർന്നപ്പോഴും മകളെ കാണണമെന്ന ആഗ്രഹം മായാതെ ശരീരത്തിൽ ഉറഞ്ഞു കിടക്കുന്നുണ്ടല്ലേ.

ഉരുളുന്ന ഈ മൊബൈൽ മോർച്ചറിയിൽ ആ ആഗ്രഹവും പേറിയാണ് ബൈജു കിടക്കുന്നതെന്ന് എനിക്കറിയാം. തലയ്ക്ക് മുകളിൽ ഞാൻ കണ്ടു മകളുമൊത്തുള്ള ഫോട്ടോകൾ. അന്വേഷിച്ചപ്പോൾ നിങ്ങളുടെ ഭാര്യയും ഭാര്യ വീട്ടുകാരും മകളെ അവസാനമായിപ്പോലും നിങ്ങളുടെ അടുത്തെത്തിക്കില്ല എന്ന വാശിയിലാണ് പോലും. പക്ഷേ അവസാനം അവർ നിങ്ങളുടെ മകളെ നിങ്ങളെ കാണിക്കുന്നതിൽ നിന്ന് എന്തിനു തടഞ്ഞു എന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു ബൈജു. എന്നെ മാത്രമല്ല അവിടെ നിന്ന ഓരോരുത്തരെയും. അവരുടെ വാദം നിങ്ങളെ ഈ കിടത്തിയിരിക്കുന്ന സ്ഥലം സംഘർഷഭരിതമാണ് എന്നാണ്, സംഘർഷമുള്ള സ്ഥലത്ത് കുട്ടിയെ അയക്കില്ല എന്ന്, കുട്ടി പേടിക്കും പോലും. ഒരു സംഘർഷവുമില്ലായിരുന്നു ബൈജു, ഞാൻ പറഞ്ഞില്ലേ നല്ലവരായ കുറച്ച് ആൾക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബൈജുവിനെപ്പോലെ എല്ലാവരും ആഗ്രഹിച്ചതും മകളെ നിങ്ങളുടെ അടുത്തെത്തിച്ചിട്ട് കവിളിൽ അവസാന മുത്തം തരുവാനായിരുന്നു. പലരും കാലുപിടിച്ചു, അവർ സമ്മതിച്ചില്ല, പൊലീസിനെ സമീപിച്ചു അവർ കയ്യൊഴിഞ്ഞു.

മകൾ വരും കവിളിൽ അന്ത്യ ചുംബനം തരുമെന്ന് പ്രതീക്ഷിച്ച് നിങ്ങൾ തണുത്തുറഞ്ഞു കിടന്നപ്പോൾ മകൾ വരുന്നതുവരെ നിങ്ങൾക്കൊപ്പം കാത്തിരിക്കാൻ അവിടെ എല്ലാവരും തയാറായിരുന്നു. പക്ഷേ കൊണ്ടുവരില്ലെന്നു അവർ പലരെക്കൊണ്ടും ആവർത്തിച്ച് പറയിച്ചു. അവസാനം മകളെ കാണാതെ മടക്കി അയക്കാൻ എല്ലാവരും നിർബന്ധിതരായി. വിറങ്ങലിച്ച നിങ്ങളുടെ ശരീരം പുറത്തെടുത്ത് വൈദിക ശുശ്രൂഷ ആരംഭിച്ചു. എല്ലാവരും വിങ്ങുന്ന ഹൃദയത്തോടെ നിങ്ങൾക്ക് അന്ത്യ ചുംബനം നൽകി. ഞാൻ നിങ്ങളുടെ മുഖത്തേക്കൊന്നു നോക്കി, ഞാൻ കണ്ടു നിങ്ങളുടെ കണ്ണിന്റെ ഓരത്തെ ആ നനവ്. എല്ലാവരും ഹൃദയം തേങ്ങി കരയുകയായിരുന്നു ബൈജു. തീരുമാനിച്ച സമയത്ത് നിങ്ങളുടെ ശരീരം മണ്ണിട്ട് മൂടാൻ കുഴി തയാറായിക്കഴിഞ്ഞു. മകൾ വരില്ല ആരും കൊണ്ടുവരില്ല എന്ന് തിരിച്ചറിഞ്ഞ് ആളുകൾ നിസ്സഹായരായി നിങ്ങളെ എടുത്ത് ആംബുലൻസിൽ കിടത്തിയത് ഓർമയില്ലേ.

കുട്ടിയെ വിട്ടുതരില്ലെന്ന വാശിയിൽ അമ്മയും കൂട്ടരും, കൊണ്ടുവരാനുള്ള അവസാന ശ്രമം നടത്തുന്ന ബന്ധുക്കളും സ്വന്തക്കാരും. ആരൊക്കെ എന്ത് പറഞ്ഞാലും കുട്ടിയെ കൊണ്ടുവരില്ലെന്ന വാശി വിജയത്തിലെത്തി. പിന്നെ വാശിയായി, വാശിയല്ല നിങ്ങളുടെ അവകാശത്തിനുവേണ്ടിയുള്ള പോരാട്ടം. അവിടെ ചുവന്ന ബനിയമിട്ട കുറച്ചുപേരുണ്ടായിരുന്നു. ബൈജുവിനെപ്പോലെ പെണ്ണിന്റെ വാശിയിൽ സ്വയം കുരുക്ക് മുറുകുന്നതിനു മുൻപ് ജീവിതത്തിലേക്ക് തിരിച്ചുകയറി ജീവിച്ചു കാണിച്ചവരുടെ കൂട്ടായ്മ, എം ആർ എഫ്, മെൻസ് റൈറ്റ് ഫൗണ്ടേഷൻ. എല്ലാവരും കയ്യൊഴിഞ്ഞിടത്ത് അവരുണർന്നു. വിളിക്കേണ്ടവരെ വിളിച്ചു, നിയമത്തിന്റെ എല്ലാ വശങ്ങളും കൊണ്ട് പോരാടി. പോരാട്ടത്തിൽ അവർ പെണ്ണിന്റെ വാശിക്ക് മുന്നിൽ വേലികെട്ടിയടച്ചു. അവരെ സഹായിച്ച മേലധികാരികളുടെ വാദത്തിനു ശക്തമായി തടയിട്ടു. അധികാരത്തിന്റെ പിടി അയഞ്ഞു തുടങ്ങി ബൈജു. നിങ്ങളെ പുറത്തെടുത്ത് ആംബുലൻസിൽ കിടത്തിയില്ലേ അവിടെ വീണ്ടും കാത്തുകിടന്നില്ലേ, അപ്പോൾ പൊട്ടിമുളച്ചതുപോലെ ചില ശബ്ദങ്ങൾ നിങ്ങളെ അസ്വസ്ഥമാക്കി പള്ളിയിലേക്ക് പറഞ്ഞയക്കാൻ തയ്യാറെടുത്തില്ലേ, അപ്പോൾ അതാ ഒരാൾ ഓടി വന്നു പറയുന്നു, 'പോകാൻ വരട്ടെ മകൾ വരുന്നുണ്ട്'.

ബാലാവകാശക്കമ്മീഷന്റെയും പൊലീസ് അധികാരികളുടെയും ശക്തമായ ഇടപെടലിൽ മകളെ എത്തിക്കാമെന്ന് അവർക്ക് സമ്മതിക്കേണ്ടി വന്നു. ജയിച്ചു ബൈജു നിങ്ങൾ ജയിച്ചു. നിങ്ങളുടെ അരികിലേക്ക് മകൾ എത്തുന്നു. ബൈജുവിന് അവസാനമുറങ്ങേണ്ട ആ ആറടി മണ്ണിനരികിൽ മകളെ എത്തിക്കാമെന്ന ഉറപ്പിന്മേൽ ആ ആംബുലൻസ് നീങ്ങി. പള്ളിയിൽ നിങ്ങൾക്കുവേണ്ടി അവസാന ശുശ്രൂഷ നടക്കുകയാണ്. എനിക്കറിയാം നിങ്ങൾ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവളെ കാണാനായിരുന്നു തിടുക്കം. പുറത്ത് ആൾക്കാരും അക്ഷമരായി കാത്തു നിൽക്കുകയാണ്. സമയം നീളുന്നു. അങ്ങകലെ നിങ്ങളെയും കാത്ത് അനന്ത വിഹായസും താഴെ മണ്ണും കാത്തിരിക്കുന്നു. മകൾ ഇനിയും എത്തിയിട്ടില്ല, എല്ലാവരുടെയും ഹൃദയമിടിപ്പ് കൂടി. ആരൊക്കെയോ എവിടെയൊക്കെയോ നിന്ന് ചില ആജ്ഞകൾ പുറപ്പെടുവിക്കുന്നു. ഒരച്ഛന്റെ അരികിൽ മകളെ എത്തിക്കാൻ എന്തിനാണ് ഇത്രയും ആജ്ഞകൾ? ഓ നിങ്ങൾക്ക് സംസാരിക്കാൻ കഴിയില്ലല്ലോ അതുകൊണ്ട് നിങ്ങളുടെ ശബ്ദം മറ്റാരെങ്കിലും ഏറ്റെടുത്ത് സംസാരിക്കുകയാണ്. അവസാനം ഒരറിയിപ്പ് വന്നു ഞങ്ങളാരും നിങ്ങളുടെ മകളെ കാണരുത്. അച്ഛന് മകൾ കൊടുക്കുന്ന അവസാന ചുംബനം ലോകത്തെ കാണിക്കരുത്. മകൾ പേടിക്കും പോലും.

ക്യാമറയ്ക്ക് പുറകിലുള്ള ശരീരങ്ങൾ പുറത്ത്. അവർ മനസ്സിലാക്കിയില്ല, ഞങ്ങളാണ് ഇത്രയുമൊക്കെ എത്തിച്ചതെന്ന്. ശരി ഞങ്ങൾ മകളെ കാണുന്നില്ല എന്ന് പറഞ്ഞു. അവസാനം അവർ എത്തി. നിങ്ങളുടെ ഭാര്യയുടെ ബന്ധുക്കൾ തീർത്ത സംരക്ഷണവലയത്തിൽ മകളെയും കൊണ്ട്. ഞങ്ങളെ പുറത്താക്കി പള്ളി ട്രസ്റ്റിയും കാവൽ നിന്നു. എനിക്ക് കാണണമെന്നുണ്ടായിരുന്നു ബൈജു, പക്ഷേ കാണിച്ചില്ല. ഒന്ന് ചോദിക്കട്ടെ, മകൾ നിങ്ങൾക്ക് തന്ന ചുംബനം നിങ്ങളറിഞ്ഞോ? അനുഭവിച്ചോ? മകൾ നിങ്ങളെ കണ്ടോ ബൈജു? എന്തായാലും പെട്ടെന്ന് തന്നെ അവർ മകളെയും കൊണ്ട് പോയത് ഞാൻ കണ്ടു. ഒരുപാട് പേരുറങ്ങുന്ന മണ്ണിന്റെ കോണിൽ മനുഷ്യനടച്ച പേടകത്തിൽ നിങ്ങൾ യാത്രയായി. എല്ലാവരും മടങ്ങി തുടങ്ങി. പള്ളിയിൽ ചായ സൽക്കാരമുണ്ടായിരുന്നു.

ചായ കുടിച്ച് എല്ലാവരുടെയും ദാഹവും ക്ഷീണവും തീർന്നു. എനിക്കറിയാം മനുഷ്യർ എന്തൊക്കെ നിങ്ങൾക്കിനിയും നൽകിയാലും നിങ്ങളുടെ ദാഹം ഒരിക്കലും തീരില്ലെന്ന്. മടങ്ങുന്ന വഴി വീണ്ടും ബൈജുവിന്റെ വീട് ഞാനൊന്നു നോക്കി. അവിടെ ആരുമുണ്ടായിരുന്നില്ല . അവിടെ കെട്ടിയിരുന്ന ദുഃഖത്തിന്റെ അടയാളം കാറ്റിൽ ഇളകുന്നുണ്ട്. എപ്പോഴോ നിങ്ങൾ ചിരിച്ചപ്പോഴെടുത്ത ആ മുഖം പെരിയ പോസ്റ്റർ ചലനമില്ലാതെ അവിടെയുണ്ട്. പക്ഷേ അപ്പുറത്ത് വാഴകൾ കാറ്റിൽ ഉലയുന്നുണ്ടായിരുന്നു. മഴ പൊടിയുന്നുണ്ടായിരുന്നു. കാറ്റായി മഴയായി വെയിലായി മഞ്ഞായി ഇവിടെ ഉണ്ടാകുമോ ബൈജു നിങ്ങൾ? കാത്തിരിക്കാം. ഞങ്ങളും മടങ്ങുകയാണ് ബൈജു, വിട.''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP