Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സി സി ടിവി തുലയട്ടെ.. മുദ്രാവാക്യം വിളിക്ക് ഇനി അധികം കാത്തു നിൽക്കേണ്ടി വരില്ല! തെരഞ്ഞെടുപ്പ് നടപടികൾ എല്ലാം ക്യാമറയിൽ പകർത്തിയതോടെ കള്ളവോട്ടുകാരുടെ നെഞ്ചിടിപ്പു കൂടി; ദൃശ്യങ്ങൾ പരിശോധിച്ചാൽ എല്ലാ കള്ളത്തവരും പിടികൂടാൻ സാധിക്കും എന്നതിനാൽ രക്ഷപെടാൻ പഴുതില്ലാതെ കള്ള വോട്ടർമാർ; സിപിഎം, ലീഗ് പ്രവർത്തകർ കള്ളവോട്ടു ചെയ്ത ബൂത്തുകളിലെ ക്യാമറാ പരിശോധന തുടങ്ങുമ്പോൾ നടപടികൾ ഉറപ്പ്; മീണയെ വിരട്ടി വരുതിയിൽ നിർത്താനുള്ള നീക്കവും വിലപ്പോകില്ലെന്ന തിരിച്ചറിവിൽ സിപിഎം

സി സി ടിവി തുലയട്ടെ.. മുദ്രാവാക്യം വിളിക്ക് ഇനി അധികം കാത്തു നിൽക്കേണ്ടി വരില്ല! തെരഞ്ഞെടുപ്പ് നടപടികൾ എല്ലാം ക്യാമറയിൽ പകർത്തിയതോടെ കള്ളവോട്ടുകാരുടെ നെഞ്ചിടിപ്പു കൂടി; ദൃശ്യങ്ങൾ പരിശോധിച്ചാൽ എല്ലാ കള്ളത്തവരും പിടികൂടാൻ സാധിക്കും എന്നതിനാൽ രക്ഷപെടാൻ പഴുതില്ലാതെ കള്ള വോട്ടർമാർ; സിപിഎം, ലീഗ് പ്രവർത്തകർ കള്ളവോട്ടു ചെയ്ത ബൂത്തുകളിലെ ക്യാമറാ പരിശോധന തുടങ്ങുമ്പോൾ നടപടികൾ ഉറപ്പ്; മീണയെ വിരട്ടി വരുതിയിൽ നിർത്താനുള്ള നീക്കവും വിലപ്പോകില്ലെന്ന തിരിച്ചറിവിൽ സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കള്ളവോട്ടുകാർക്ക് ഇതുപോലെ എട്ടിന്റെ പണി കിട്ടിയ കാലം ഉണ്ടായിട്ടില്ല. ഗുണ്ടായിസത്തിന്റെ അകമ്പടിയിൽ സിപിഎമ്മിന്റെയും ലീഗിന്റെയും ശക്തികേന്ദ്രങ്ങളിൽ കാലങ്ങളായി നടന്നു പോന്ന കള്ളവോട്ടു പരിപാടി ഇത്തവണ സിസി ടിവി ക്യാമറയിൽ കുടുങ്ങിയതോടെ കള്ളവോട്ടുകാർക്കെല്ലാം നെഞ്ചിടിച്ചു തുടങ്ങി. ജനവിധി അട്ടിമറിക്കാൻ തുനിഞ്ഞിറങ്ങിയ വരും നാളുകളിൽ സി സി ടിവി തുലയട്ടെ.. മദ്രാവാക്യങ്ങളുമായി രംഗത്തിറങ്ങിയാൽ അതിൽ അത്ഭുതപ്പെടാനില്ല. കള്ളവോട്ടുകാരെ പിടികൂടാൻ തുനിഞ്ഞിറങ്ങിയിരിക്കയാണ് മുഖ്യ തെരഞ്ഞെടുപ്പു ഓഫീസർ ടീക്കാറാം മീണ.

സിപിഎമ്മിനു പിന്നാലെ ലീഗ് പ്രവർത്തകരും കള്ളവോട്ടിന്റെ പേരിൽ ക്യാമറക്കണ്ണിൽ കുടുങ്ങിയതോടെ തിരിമറികൾ നടന്ന ബൂത്തുകളിലെല്ലാം കർശന നടപടി കൈക്കൊള്ളാനാണ് മീണയുടെ തീരുമാനം. അതുകൊണ്ട് തന്നെ ക്യാമറാ പരിശോധന കഴിയുന്നതോടെ കള്ളവോട്ടുകാർ കൂട്ടത്തോടെ കുടുങ്ങുമെന്ന കാര്യം ഉറപ്പാണ്. തെളിവു സഹിതം പിടിക്കാൻ ജില്ലയിലെ മുഴുവൻ ബൂത്തുകളിലെയും വോട്ടെടുപ്പു ദിനത്തിലെ ദൃശ്യങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ കൈവശം ഭദ്രമായുണ്ട്. ഈ ദൃശ്യങ്ങളാണ് കമ്മീഷൻ പരിശോധിക്കുക.

ഓരോ വോട്ടറുടെയും മുഖം വ്യക്തമാവും വിധമാണ് ക്യാമറകൾ ക്രമീകരിച്ചിരുന്നത്. തിരഞ്ഞെടുപ്പു ദിവസം ബൂത്ത് തിരിച്ച് ആർക്കും കാണാൻ സാധിക്കുമായിരുന്ന ഈ ദൃശ്യങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ സെർവറിൽ ഭദ്രമായുണ്ട്. സംശയമുള്ള ബൂത്തുകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാൽ ക്രമക്കേടുകളുണ്ടെങ്കിൽ കൃത്യമായി കണ്ടെത്താൻ കഴിയും. ജില്ലയിലെ 1841 ബൂത്തുകളിൽ ലൈവ് വെബ്കാസ്റ്റിങ്ങും 16 ബൂത്തുകളിൽ ലൈവ് വിഡിയോ കവറേജും സജ്ജീകരിച്ചിരുന്നു. ഡപ്യുട്ടി തഹസിൽദാരുടെ പദവിയിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പൊലീസും വിഡിയോഗ്രാഫറും ഉൾപ്പെട്ട നിരീക്ഷണ സ്‌ക്വാഡുകളും ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്.

മുൻകാലങ്ങളിൽ വെബ്ക്യാമറകൾ വോട്ടറെ കാണാത്തവിധം തിരിച്ചുവെച്ചും മൂടിയിട്ടുമെല്ലാം കള്ളവോട്ട് ചെയ്തതായി ആരോപണങ്ങളുണ്ടായിരുന്നു. ഇത് ഒഴിവാക്കാൻ വെബ്കാസ്റ്റിങ് വിഡിയോകൾ നിരീക്ഷിക്കുന്നതിനായി ബൂത്തുകളിലും കലക്ടറേറ്റിലെ വെബ് കാസ്റ്റിങ് കൺട്രോൾ റൂമിലുമായി ഇരുന്നൂറിലേറെപ്പേരടങ്ങുന്ന സംഘത്തെയാണ് ഇത്തവണ നിയോഗിച്ചത്. കൺട്രോൾ റൂമിലുള്ള ഓരോരുത്തരും ഇരുപതോളം ബൂത്തുകളിലെ വിഡിയോകൾ മുഴുവൻ സമയവും നീരീക്ഷിക്കുന്നുണ്ടായിരുന്നു. വെബ് ക്യാമറയിലെ ദൃശ്യം വ്യക്തമല്ലെങ്കിൽ ഉടൻ ബൂത്തിൽ വിളിച്ച് ക്യാമറ ശരിയാക്കാനുള്ള നിർദ്ദേശം നൽകുന്നതിന് ഫോൺ നമ്പറുകൾ ഉൾപ്പെടെ നൽകി പഴുതടച്ചായിരുന്നു ക്രമീകരണങ്ങൾ.

സാങ്കേതിക പ്രശ്‌നങ്ങളുണ്ടായാൽ ഉടൻ പരിഹരിക്കാൻ ബിഎസ്എൻഎൽ, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളും കൺട്രോൾ റൂമിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലുമായി ഉണ്ടായിരുന്നു. കലക്ടർ മിർ മുഹമ്മദ് അലിയും അസിസ്റ്റന്റ് കലക്ടർ അർജുൻ പാണ്ഡ്യനും തലേന്നു വൈകിട്ടുതന്നെ ഇവയെല്ലാം കൃത്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു. വോട്ട് ചെയ്ത ആളുകളെ കൃത്യമായി മനസിലാക്കാൻ കഴിയുന്ന രീതിയിലാവണം വെബ്കാസ്റ്റിങ് എന്നു ചുമതലയുള്ളവർക്ക് കലക്ടർ കർശന നിർദ്ദേശവും നൽകിയിരുന്നു.

കാസർകോട്ടെ പ്രശ്ന ബാധിതബൂത്തുകളിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ ജില്ലാ കളക്റുടെ തീരുമാനം വന്നത് പ്രകാരം ഇന്ന് 45 ബൂത്തുകളിലെ ദൃശ്യങ്ങൾ പരിശോധിക്കും. വെബ് സ്ട്രീംമിങ് ദൃശ്യങ്ങളായിരിക്കും കളക്ടർ പരിശോധിക്കുക. അതേസമയം, കണ്ണൂർ മണ്ഡലത്തിലെ 200 വോട്ടർമാരുടെ പേരിൽ കള്ളവോട്ട് ചെയ്തുവെന്ന് ആരോപിച്ചു സിപിഎമ്മിനെതിരെ യുഡിഎഫ് ജില്ലാ കലക്ടർക്കു പരാതി നൽകി. മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധർമടത്ത് 47ാം ബൂത്തിലെ വോട്ടറായ എ.കെ. സയൂജ് എന്നയാൾ 52, 53 ബൂത്തുകളിൽ വോട്ട് ചെയ്തതായി വിഡിയോ ഫുട്ടേജ് സഹിതമാണു പരാതി.

കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ പേരാവൂർ, മട്ടന്നൂർ, ധർമടം, തളിപ്പറമ്പ് നിയമസഭാ മണ്ഡലങ്ങളിലേതാണ് മറ്റ് 199പരാതികൾ. സിപിഎം പ്രവർത്തകരായ സഹോദരനും സഹോദരിയും ചേർന്ന് 9 കള്ളവോട്ട് ചെയ്തതായി പരാതിയിൽ പറയുന്നു. വോട്ടവകാശമില്ലാത്ത, പ്രായപൂർത്തിയാകാത്തവരും കള്ളവോട്ട് ചെയ്തതായി പരാതിയിലുണ്ട്. കെ.സുധാകരന്റെ ചീഫ് ഇലക്ഷൻ ഏജന്റ് കെ.സുരേന്ദ്രൻ കലക്ടർ മിർ മുഹമ്മദലിയെ നേരിൽ കണ്ടാണു പരാതി നൽകിയത്. അതേസമയം, കോൺഗ്രസ് നൽകിയ പരാതി വിശദമായി അന്വേഷിക്കുമെന്ന് ജില്ലാകലക്ടർ മിർ മുഹമ്മദലി പറഞ്ഞു. പട്ടികയിലുള്ളവരുടെ പേര് നോക്കി വെബ്കാസ്റ്റിങ് ദൃശ്യങ്ങൾ പരിശോധിക്കുമെന്നും കലക്ടർ പറഞ്ഞു.

കള്ളവോട്ട് ചെയ്തവരിൽ 40 പേർ സ്ത്രീകളാണെന്നും പരാതിയിൽ പറയുന്നു. അഞ്ച് വോട്ടുകൾ വരെ ചെയ്ത ആളുകളുടെ വിവരങ്ങൾ പരാതിയിലുണ്ടെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. കള്ളവോട്ടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെക്കുറിച്ചും പരാതിയിലുണ്ട്. യഥാർത്ഥ വോട്ടറുടെ പേര്, കള്ളവോട്ട് ചെയ്ത ആളുടെ പേര്, വിവിധ ബൂത്തുകളിൽ വോട്ടു ചെയ്തവരുടെ പേരുകൾ എന്നിവ സഹിതമാണ് പട്ടിക നൽകിയത്. കള്ളവോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിഞ്ഞ കോൺഗ്രസ് ബൂത്ത് ഏജന്റ് വിവരം നൽകിയിട്ടും അതിനെ അവഗണിച്ചും കള്ളവോട്ടിന് അവസരം നൽകിയ ഉദ്യോഗസ്ഥനെതിരേയും പരാതിയിൽ പരാമർശമുണ്ട്.മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് അച്ഛന്റെ വോട്ട് മകൻ ചെയ്ത സംഭവവും ഇതേ മണ്ഡലത്തിലെ ഒരു ജനപ്രതിനിധിയുടെ കൊച്ചുമകൾ കള്ളവോട്ട് ചെയ്ത സംഭവവും പരാതിയായി വരണാധികാരി കൂടിയായ കളക്ടർക്ക് നൽകിയിട്ടുണ്ട്. പ്രായപൂർത്തിയാവാത്ത കൗമാരക്കാർ വോട്ട് ചെയ്ത സംഭവവും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് 22 ഉം പേരാവൂരിൽ 35 പേർ കള്ളവോട്ട് ചെയ്തു തളിപ്പറമ്പിൽ 77 പേരാണ് കള്ളവോട്ട് ചെയ്തത്. വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ മണ്ഡലമായ മട്ടന്നൂരിൽ 11 സ്ത്രീകൾ അടക്കം 65 പേരാണ് കള്ളവോട്ട് ചെയ്തിരിക്കുന്നത്.

കണ്ണൂർ ജില്ലയിൽ കള്ളവോട്ട് ചെയ്ത സംഭവത്തിൽ മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽപെട്ട കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പുതിയങ്ങാടി ഹയർസെക്കന്ററി സ്‌ക്കൂൾ 69, 70 ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതായി ആരോപണം. ലീഗ് പ്രവർത്തകരായ എസ്. വി. മുഹമ്മദ് ഫായിസ്, കെ. എം അബ്ദുൾ സമദ്, കെ. എം മുഹമ്മദ്, എന്നിവർക്കെതിരെയാണ് കേസ്. ഇതിൽ അബ്ദുൾ സമദ് വിദേശത്തേക്ക് കടന്നതിനാൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കയാണ്. ഇവർക്കെതിരെ ഐ.പി.സി. 171 സി.ഡി.എഫ് വ്യവസ്ഥ പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിന്റെ അടിസ്ഥാനത്തിലുമാണ് കേസെടുത്തിരിക്കുന്നത്. മുഹമ്മദ് ഫായിസും അബ്ദുൾ സമദും രണ്ട് തവണ വോട്ട് ചെയ്തതായും കെ. എം.മുഹമ്മദ് മൂന്ന് തവണ വോട്ട് രേഖപ്പെടുത്തിയതായും ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. കോൺഗ്രസ്സ് ബൂത്ത് ഏജന്റിന്റെ നിർദ്ദേശ പ്രകാരമാണ് കള്ളവോട്ട് ചെയ്തതെന്നാണ് കെ.എം. മുഹമ്മദ് മൊഴി നൽകിയതെന്നാണ് അറിയുന്നത്. മുഹമ്മദ് ഫായിസും കെ.എം. മുഹമ്മദും കലക്ടർ മുമ്പാകെ മൊഴി നൽകിയിരുന്നു. എന്നാൽ അബ്ദുൾ സമദ് ഗൾഫിലേക്ക് കടക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP