Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യാത്രക്കാരെ ദ്രോഹിക്കാൻ കെ.എസ്.ആർ.ടി.സി ജീവനക്കാർ സ്വകാര്യന്മാരോട് മത്സരിക്കുന്നോ? മൂവാറ്റുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തപ്പോഴുണ്ടായ ദുരിതം വിവരിച്ച് തലസ്ഥാനവാസിയായ വീട്ടമ്മ; ആദ്യം യാത്ര ചെയ്ത ബസ് കേടാതിനാൽ പകരം ബസിൽ കയറ്റി; യാത്രക്കാരെ കൊണ്ട് രണ്ടുവട്ടം ടിക്കറ്റ് എടുപ്പിച്ചു; വിസമ്മതിച്ചവരോട് ഇറങ്ങിപോകാൻ ആക്രോശം; രാത്രി പത്തുമണിക്ക് എത്തേണ്ട ബസ് എത്തിയത് രാത്രി 12 മണി കഴിഞ്ഞ്: സരിത നവാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ

യാത്രക്കാരെ ദ്രോഹിക്കാൻ കെ.എസ്.ആർ.ടി.സി ജീവനക്കാർ സ്വകാര്യന്മാരോട് മത്സരിക്കുന്നോ? മൂവാറ്റുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തപ്പോഴുണ്ടായ ദുരിതം വിവരിച്ച് തലസ്ഥാനവാസിയായ വീട്ടമ്മ; ആദ്യം യാത്ര ചെയ്ത ബസ് കേടാതിനാൽ പകരം ബസിൽ കയറ്റി; യാത്രക്കാരെ കൊണ്ട് രണ്ടുവട്ടം ടിക്കറ്റ് എടുപ്പിച്ചു; വിസമ്മതിച്ചവരോട് ഇറങ്ങിപോകാൻ ആക്രോശം; രാത്രി പത്തുമണിക്ക് എത്തേണ്ട ബസ് എത്തിയത് രാത്രി 12 മണി കഴിഞ്ഞ്: സരിത നവാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ

പി വിനയചന്ദ്രൻ

തിരുവനന്തപുരം : കല്ലടബസിലെ ജീവനക്കാർ യാത്രക്കാരോട് കാട്ടിയ ക്രൂരതയിൽ കേരളീയ സമൂഹം വിറങ്ങലിച്ചു നിൽക്കുമ്പോൾ സ്ത്രീകളേ പോലും വെറുവിടാതെ കെ.എസ്.ആർ.ടി.സി ജീവനക്കാരും. കേടായതിനെ തുടർന്ന് പകരം മറ്റൊരു ബസിൽ കയറ്റിയെങ്കിലും വീണ്ടും ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചവരോട് ഇറങ്ങിപോകാനായിരുന്നു കണ്ടക്ടറുടെ ആക്രോശം. വഴിചെലവിനു കാശില്ലാതെ കയറിയവരെ പോലും കണ്ടക്ടർ വെറുതേ വിട്ടില്ല.

മൂവാറ്റുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ ദുരനുഭവം പങ്കുവയ്ക്കുന്ന തലസ്ഥാനവാസിയായ സരിത നവാസിന്റെ ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുന്നു. മൂവാറ്റുപുഴയിൽ നിന്നും ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സരിതയും സുഹൃത്ത് ധന്യയും ATE 223 എന്ന ബസിൽയാത്ര തുടങ്ങിയത്. ചെങ്ങന്നൂരിൽ വച്ച് ബസ് ഒരു കാറുമായി ഇടിച്ചു. കാറുകാരനുമായി ഏറെ നേരം നീണ്ടു നിന്ന തർക്കം. അടൂർ സ്റ്റാൻഡിലെത്തി അരമണിക്കൂർ ബസ് നിറുത്തിയിട്ട ശേഷം എല്ലാവരോടും ഇറങ്ങാൻ പറഞ്ഞു.

തുടർന്ന് RPA 578 എന്ന മറ്റൊരു കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കാരെ കയറ്റി. അടൂർ മുതലുള്ള ടിക്കറ്റ് എടുക്കണമെന്നായിരുന്നു രണ്ടാമത്തെ ബസിലെ കണ്ടക്ടറുടെ നിർദ്ദേശം. അടൂരിൽ യാത്ര അവസാനിപ്പിച്ച ബസിലെ കണ്ടക്ടർ രണ്ടാമത്തെ ബസിലേക്ക് കയറിയ യാത്രക്കാരുടെ ഡീറ്റെയിൽസ് നൽകിയില്ലെന്നായിരുന്നു കണ്ടക്ടറുടെ വാദം. ഇതോടെ സരിത കൺട്രോൾ റൂമിൽ വിളിച്ചു. ആദ്യം യാത്രക്കാർക്ക് അനുകൂലമായി സംസാരിച്ച കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥൻ കണ്ടക്ടറോട് ഫോണിലൂടെ സംസാരിച്ച ശേഷം മലക്കം മറിഞ്ഞു. ഇതോടെ മറ്റുള്ളവരോട് കടംവാങ്ങി പലരും ടിക്കറ്റ് എടുത്തു.

ആദ്യം ടിക്കറ്റ് എടുത്ത് കഴിഞ്ഞാൽ ബസ് കേടായാലും യാത്ര അവസാനിക്കുന്നത് വരെ വേറെ ടിക്കറ്റ് എടുക്കേണ്ടെന്നാണ് നിയമം. സ്വകാര്യ ബസുകൾ പോലും ഇത് പാലിക്കുന്നുണ്ട് അപ്പോഴാണ് കെ.എസ്.ആർ.ടി.സിയെ വളർത്താൻ നടക്കുന്ന ചേട്ടന്മാരുടെ ഈ പിടിവാശി.

സരിതാ നവാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രൈവറ്റ് ബസ്സുകളെ നിയന്ത്രിക്കണം; ഒപ്പം കെ.എസ്.ആർ.ടി.സിയേയും

കെ.എസ്.ആർ.ടി.സി ബസിൽ എനിക്കുണ്ടായ അനുഭവം

കല്ലട ബസിലെ ജീവനക്കാർ യാത്രക്കാരോട് കാട്ടിയ ക്രൂരതയുടെ വാർത്തകൾ വായിച്ച് ഞെട്ടിയിരിക്കുകയാണ് ഞാൻ. അവർക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുന്ന സർക്കാരിന് പിന്തുണയും അഭിനന്ദനവും അറിയിക്കുന്നു. ഈ അവസരത്തിൽ ഒരുകാര്യം ഓർമ്മിപ്പിക്കുക കൂടി ചെയ്യുന്നു.

കെ.എസ്.ആർ.ടി.സിയുടെ ചില ബസുകളിലെങ്കിലും യാത്രക്കാർ ക്രൂരത അല്ലെങ്കിൽ മാനസിക പീഡനം ഏറ്റുവാങ്ങുന്നുണ്ട്. ഇന്നലെ (27/4/2019) മൂവാറ്റുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാൻ കെ.എസ്.ആർ.ടി.സി ബസിൽ കയറിയ എനിക്കും ആ ബസിലുണ്ടായിരുന്ന സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന നൂറോളം യാത്രക്കാർക്കും ഉണ്ടായ അനുഭവം ഇവിടെ കുറിക്കട്ടെ....

മൂവാറ്റുപുഴ ബസ് സ്റ്റാന്റിൽ നിന്നാണ് ഞാനും എന്റെ സുഹൃത്ത് ധന്യയും വൈകുന്നേരം നാലുമണിയോടെ തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ കയറിയത്. (ബസ് നമ്പർ: ATE 223). യാത്രക്കാരുടെ തിരക്ക് മൂലം നിന്നു തിരിയാൻ ഇടമില്ലാത്ത ബസിൽ കോട്ടയം വഴിയുള്ള യാത്ര ദുഷ്‌ക്കരമായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ എന്നെ കാത്തിരിക്കുന്ന ഒമ്പതാംക്ലാസുകാരനായ മകനായിരുന്നു മനസിൽ നിറയെ. രാത്രി പത്തിനുള്ളിൽ വീട്ടിലെത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ ഇടയ്ക്കിടെ ഞാൻ ഫോണിൽ വിളിച്ച് അവനെ സമാധാനിപ്പിച്ചു കൊണ്ടേയിരുന്നു.

ഓർഡിനറി ബസിന്റെ സ്പീഡ് പോലും ഇല്ലാതെ വണ്ടി നിരങ്ങി നിരങ്ങി നീങ്ങുന്നത് കണ്ടിട്ട് യാത്രക്കാരിൽ പലരും അസ്വസ്ഥത പ്രകടിപ്പിച്ചു. അപ്പോഴാണ് കോട്ടയം നാഗമ്പടത്ത് 'പാലം പൊളിക്കൽ' പരിപാടി നടക്കുകയാണെന്നും അതുവഴിയുള്ള ബസുകൾ പതുക്കെയാണ് പോവുകയെന്നും ബസിനുള്ളിൽ ആരോ പറയുന്നത് കേട്ടത്. ഓ! സാരമില്ല, അതുകഴിഞ്ഞാൽ സ്പീഡ് ആകുമല്ലോ എന്ന് കരുതി സ്വയം സമാധാനിച്ചു. നാഗമ്പടത്ത് വിചാരിച്ചത്ര പ്രശ്നമുണ്ടായില്ല. ആശ്വാസം....

നാഗമ്പടം പാലവും പിന്നിട്ട് മണിക്കൂറുകൾക്ക് ശേഷം വണ്ടി ചെങ്ങന്നൂരിലെത്തിയപ്പോഴാണ് അടുത്ത കുരിശ്. ഒരു കാറിനെ ഓവർടേക്ക് ചെയ്ത് പോകുമ്പോൾ എതിരെ വന്ന കണ്ടെയ്നർ ലോറിയിൽ ഇടിക്കാതിരിക്കാനായി ഡ്രൈവർ ബസ് ഇടത്തേക്ക് വെട്ടിച്ചു. ദാ! കിടക്കുന്നു, ഇടതുവശത്തെ കാറിന്റെ ഡോർ പപ്പടമായി.

റോഡിൽ വണ്ടി നിർത്തി. കാർ ഓടിച്ചിരുന്നയാളും ബസിലെ ജീവനക്കാരുമായി തർക്കം നീണ്ടു. ഓരോ നിമിഷം വൈകുന്തോറും വീട്ടിലെത്താൻ വൈകുമല്ലോയെന്ന ആധി മനസിൽ വല്ലാതെ വിങ്ങിക്കൊണ്ടിരുന്നു. കാറിന്റെ ഡോറിന് സാരമായ കേടുപാടുണ്ട്, നഷ്ടപരിഹാരം വേണമെന്ന് ഡ്രൈവർ. കേസ് ആക്കിക്കോയെന്ന് ബസ് ജീവനക്കാർ. തർക്കത്തിനൊടുവിൽ അടുർ സ്റ്റാന്റഡിലേക്ക് ബസ് നിരങ്ങി നീങ്ങി. പിന്നാലെ കാറും.

അടൂർ ബസ് സ്റ്റാന്റിൽ കൊണ്ടുവന്ന് ബസ് നിർത്തി. ഏകദേശ അരമണിക്കൂറോളം കഴിഞ്ഞ് യാത്രക്കാരെല്ലാം ഇറങ്ങാൻ പറഞ്ഞു ജീവനക്കാർ. ഇനി ഈ വണ്ടി പോവില്ല. വേറെ വണ്ടി വരുന്നതുവരെ കാത്തിരിക്കണം. സമയം രാത്രി പത്തോടടുക്കുന്നു. ബസിലെ സ്ത്രീ യാത്രക്കാർ ജീവനക്കാരോട് അമർഷം പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. പക്ഷെ അവർക്ക് ഒരു കുലുക്കവുമില്ല. 'ഏത് നേരത്താണോ ഈ വണ്ടിയിൽ കയറാൻ തോന്നിയതെ'ന്ന് ശപിച്ചു കൊണ്ട് അടുത്ത ബസിനായി ഞങ്ങൾ കാത്തുനിന്നു.

ഏറെ സമയം കഴിഞ്ഞ് ഒരു ബസ് വന്നു. ബസ് നമ്പർ: RPA 578. യാത്രക്കാർ തിക്കിത്തിരക്കി ഉള്ളിൽ കയറി. തൃശൂർ പൂരത്തിനുള്ള ആളുണ്ട്. ബസ് നീങ്ങി അൽപ്പദൂരം പിന്നിട്ടപ്പോൾ കണ്ടക്ടർ വന്നു, ടിക്കറ്റെടുക്കണമെന്ന് പറഞ്ഞു. ആദ്യത്തെ ബസിൽ എടുത്ത ടിക്കറ്റ് കാണിച്ചു. പക്ഷെ, അതുപറ്റില്ല. പുതിയ ടിക്കറ്റ് എടുക്കണം. അടൂരിൽ നിർത്തിയിട്ട ബസിലെ കണ്ടക്ടർ ഈ ബസിലേക്ക് കയറിയ യാത്രക്കാരുടെ ഡീറ്റെയിൽസ് നൽകിയിട്ടില്ലത്രെ. അതുകൊണ്ട് ഈ കണ്ടക്ടർക്ക് റിസ്‌കെടുക്കാൻ കഴിയില്ലെന്ന്. ചെക്കിങ് ഇൻസ്പെക്ടർ കയറിയാൽ താൻ കുടുങ്ങുമെന്ന് പറഞ്ഞ് ഒരേ വാശി. അങ്ങനെ നിയമം ഇല്ലെന്നൊക്കെ പറഞ്ഞു നോക്കി, കണ്ടക്ടർ വഴങ്ങുന്നില്ല.

ഒടുവിൽ ഞാൻ എന്റെ ഫോണിൽ കെ.എസ്.ആർ.ടി.സി കൺട്രോൾ റൂമിലേക്ക് വിളിച്ചു. സംസാരിച്ചത് ആരാണെന്നറിയില്ല, ആക്സിഡന്റിന് ശേഷം പകരം കയറുന്ന ബസിൽ ആദ്യത്തെ ടിക്കറ്റിന് പ്രാബല്യമുണ്ട്. അതിനാൽ പുതിയ ടിക്കറ്റ് എടുക്കേണ്ടതില്ല മാഡം എന്ന് അദ്ദേഹം പറഞ്ഞു. കണ്ടക്ടർക്ക് ഫോൺ കൊടുക്കാൻ അദ്ദേഹം പറഞ്ഞു. അവർ തമ്മിൽ ഫോണിൽ എന്തൊക്കെയോ സംസാരിച്ചു.

ഫോൺ തിരികെ തന്ന ശേഷം കൺട്രോൾ റൂമിൽ എന്നോട് സംസാരിച്ച ആൾ ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കണ്ടക്ടർക്ക് പ്രശ്നം ആകും എന്ന് പറഞ്ഞു. കണ്ടക്ടർ ആദ്യം പറഞ്ഞത് ടിക്കറ്റ് എടുക്കാൻ പറ്റില്ലെങ്കിൽ ഇപ്പോൾ കയറിയ യാത്രക്കാരെല്ലാം ഇറങ്ങിക്കോ എന്നായിരുന്നു. അയാൾ ഇതേ നിലപാട് ആവർത്തിച്ചു. വീണ്ടും വണ്ടി നിർത്തിയിടാൻ പോവുകയാണോയെന്നായിരുന്നു പേടി. എത്രയും വേഗം വീട്ടിലെത്താനുള്ള ആഗ്രഹത്തിൽ വലിയ തർക്കത്തിന് നിൽക്കാതെ ചിലർ ടിക്കറ്റെടുത്തു. വണ്ടിക്കാശിന് വകയില്ലാത്ത ചിലർ വിഷമിച്ചു. സഹയാത്രക്കാർ ചിലരെയൊക്കെ സഹായിച്ചു. ഞങ്ങളും എടുത്തു രണ്ട് ടിക്കറ്റ്. ടിക്കറ്റ് എടുത്ത ശേഷവും യാത്രക്കാർ മുറുമുറുത്തി. ഗുസ്തി ചാമ്പ്യനെ ഗോദയിൽ മലർത്തിയടിച്ച വിജയ ഭാവമായിരുന്നു അപ്പോൾ കണ്ടക്ടറുടെ മുഖത്ത്.

രാത്രി പത്ത് മണിക്കുള്ളിൽ തമ്പാനൂർ ബസ് സ്റ്റാന്റിൽ എത്തേണ്ട വണ്ടി എത്തിയത് രാത്രി 12.15ന്. സ്ത്രീകളായ ഞങ്ങൾ ഈ അർധരാത്രിയിൽ ഇനി എങ്ങനെ വീട്ടിൽ പോകുമെന്ന് ആശങ്കപ്പെട്ടു. പിന്നീട് ഞങ്ങൾ നേരെ പോയത് സ്റ്റേഷൻ മാസ്റ്ററെ കാണാനാണ്. നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. കാര്യങ്ങൾ കേട്ട ശേഷം അദ്ദേഹം മാന്യമായി പറഞ്ഞു; ഒരു പരാതി എഴുതിത്ത്ത്തരൂ!... പരിശോധിക്കാം. പരാതി എഴുതിക്കൊടുത്തു. പക്ഷെ നടപടി ഉണ്ടാകുമോയെന്ന് അറിയില്ല.

ഒരു പബ്ലിക് സർവീസിനെ താറടിച്ചു കാണിക്കാനല്ല ഞാനിത് എഴുതിയത്. സ്വകാര്യ ബസുകളെ പാഠം പഠിപ്പിക്കണമെന്ന് തീരുമാനിച്ച് 'ഇനി യാത്ര കെ.എസ്.ആർ.ടി.സി ബസുകളിൽ മതി'യെന്ന് പലരും ആലോചിക്കുന്ന വേളയിലാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത് എന്നോർമ്മിപ്പിക്കാനാണ്. അർധരാത്രി തമ്പാനൂർ ബസ്സ്റ്റാന്റിൽ വന്നിറങ്ങി, നഗരത്തിൽ നിന്ന് പത്തുകിലോമീറ്റർ അകലെയുള്ള വീട്ടിലെത്താൻ പാടുപെടുന്ന എന്നെപ്പോലെയുള്ള സ്ത്രീകളുടെ കണ്ണീർ നിങ്ങൾക്ക് മേൽ ശാപമായി പതിക്കാതിരിക്കട്ടെ എന്നോർമ്മിപ്പിക്കാനാണ്....

നന്നാവാനുണ്ട് സർ, നമ്മുടെ പൊതുഗതാഗത സൗകര്യങ്ങൾ കുറേക്കൂടി നന്നാവാനുണ്ട്.....

പിൻകുറിപ്പ്: യാത്ര ചെയ്തതിന്റെ തെളിവുകൾ കൂടി പോസ്റ്റ് ചെയ്യുന്നു, ആർക്കും പരിശോധിക്കാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP