Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

പള്ളി തകർക്കുന്നതിനു മുൻപ് അദ്വാനി, അശോക് സിംഗാൾ, ഉമാ ഭാരതി, മുരളി മനോഹർ ജോഷി തുടങ്ങിയ നേതാക്കൾ നടത്തിയ വർഗീയ പ്രസംഗങ്ങൾ ക്രൈം നമ്പർ 198; കർസേവകർ പള്ളി തകർത്തത് ക്രൈം നമ്പർ 197; ഇന്ത്യൻ മതേതരത്വം നീതി തേടി നടന്നത് 27 വർഷവും 9 മാസവും നാലു ദിവസവും; ബാബറി കേസിലുണ്ടായ പ്രധാന സംഭവ വികാസങ്ങളിലൂടെ...

പള്ളി തകർക്കുന്നതിനു മുൻപ് അദ്വാനി, അശോക് സിംഗാൾ, ഉമാ ഭാരതി, മുരളി മനോഹർ ജോഷി തുടങ്ങിയ നേതാക്കൾ നടത്തിയ വർഗീയ പ്രസംഗങ്ങൾ ക്രൈം നമ്പർ 198; കർസേവകർ പള്ളി തകർത്തത് ക്രൈം നമ്പർ 197; ഇന്ത്യൻ മതേതരത്വം നീതി തേടി നടന്നത് 27 വർഷവും 9 മാസവും നാലു ദിവസവും; ബാബറി കേസിലുണ്ടായ പ്രധാന സംഭവ വികാസങ്ങളിലൂടെ...

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ രാഷ്ട്രീയ രം​ഗത്തും സാമൂഹിക രം​ഗത്തും വലിയ ചലനങ്ങൾ സൃഷ്ടിച്ച സംഭവമായിരുന്നു ബാബറി മസ്ജിദിന്റെ തകർച്ച. കാൽനൂറ്റാണ്ട് നീണ്ടു നിന്ന നിയമപോരാട്ടങ്ങൾക്ക് ഒടുവിലാണ് ബാബറി മസ്ജിദ് തകർത്ത കേസിൽ ലക്‌നൗ പ്രത്യേക കോടതി പ്രതികളെയെല്ലാം വെറുതെ വിട്ട് വിധി പുറപ്പെടുവിച്ചത്. ജനാധിപത്യ ഇന്ത്യയുടെ രൂപപരിണാമത്തിൽ ബാബറിയുടെ തകർച്ചയും അതേതുടർന്നുള്ള തർക്കങ്ങളും സാമുദായിക ധ്രുവീതകരണവുമെല്ലാം വലിയ പങ്കാണ് വഹിച്ചത്. മസ്ജിദിന്റെ പതനത്തിൽ വേദനിച്ച ലക്ഷക്കണക്കിന് ആളുകളും അതിൽ പ്രകോപിതരായ അനേകം ആളുകളും കാൽ നൂറ്റാണ്ടിലധികം നടത്തിയ നിയമ പോരാട്ടങ്ങൾക്കാണ് ഇതോടെ അന്ത്യമായിരിക്കുന്നത്.

കേസിൽ പ്രതികളായ ബിജെപി നേതാക്കൾ എൽ.കെ അദ്വാനിയും മുരളി മനോഹർ ജോഷിയും ഉൾപ്പെടെ 32 പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടത്. ബാബറി മസ്ജിദ് മുൻകൂട്ടി ആസൂത്രണം ചെയ്തു തകർത്തു എന്നതിന് തെളിവില്ലെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. പള്ളി തകർത്തത് പെട്ടെന്നുണ്ടായ വികാരത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ ആസൂത്രിതമല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.

1992 ഡിസംബർ ആറിന് അയോധ്യ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 197 / 1992 , ക്രൈം നമ്പർ 198/1992 എന്നീ കേസുകളിലെ വിധിയാണ് ഇന്ന് കോടതി വിധിപറഞ്ഞത്. പ്രതികൾ ഗൂഢാലോചന നടത്തിയെന്നതിന് തെളിവ് ഹാജരാക്കാൻ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിധി പ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി. സിബിഐ മുന്നോട്ട് വച്ച വാദങ്ങളെല്ലാം തള്ളിയാണ് ലക്‌നൗ സിബിഐ കോടതിയുടെ നിർണായക വിധി. ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്‌കെ യാദവ് ആണ് 2000 പേജുള്ള വിധി പ്രസ്താവിക്കുന്നത്.

27 വർഷം, 9 മാസം , നാലു ദിവസം- ബാബറിയുടെ നാൾവഴികൾ ഇങ്ങനെ

1992 ഡിസംബർ ആറിനാണ് അയോധ്യയിലെ ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. തുടർന്ന് ബാബറി മസ്ജിദ് കേസിലുണ്ടായ പ്രധാന സംഭവ വികാസങ്ങളിലൂടെ:

1992 ഡിസംബർ 6 : ബാബറി മസ്ജിദ് തകർക്കപ്പെടുന്നു. സംഭവത്തിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു (ക്രൈം നമ്പർ 197: കർസേവകർ പള്ളി തകർത്തത്. ക്രൈം നമ്പർ 198: അഡ്വാനി,അശോക് സിംഗാൾ, ഉമാ ഭാരതി മുരളി മനോഹർ ജോഷി തുടങ്ങിയ നേതാക്കൾ പള്ളിതകർക്കുന്നതിനു മുൻപ് വർഗീയ പ്രസംഗങ്ങൾ നടത്തി)

1992 ഡിസംബർ 16: രാമജന്മഭൂമി – ബാബറി മസ്ജിദ് തകർക്കൽ, സംഭവപരമ്പരകൾ, യുപി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സംഘടനകളുടെയും പങ്ക്, സുരക്ഷാവീഴ്ചകൾ തുടങ്ങിയവ അന്വേഷിക്കാൻ കേന്ദ്ര സർക്കാർ പഞ്ചാബ് – ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന മന്മോഹൻ സിങ് ലിബറാനെ നിയോഗിച്ചു.

1993 ഒക്ടോബർ: ഉന്നത ബിജെപി നേതാക്കൾക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ കേസെടുത്തു. രണ്ട് പ്രഥമവിവര റിപ്പോർട്ടും കൈകാര്യംചെയ്ത് പൊതുവായ കുറ്റപത്രമാണ് സമർപിച്ചത്. പ്രമുഖരായ 8 പേരുൾപ്പടെ 49 പേർക്കെതിരായിരുന്നു കുറ്റപത്രം.

2001 ഫെബ്രവരി 16 : ബാബറി മസ്ജിദ് തകർത്ത നടപടി ക്രിമിനൽ കുറ്റമാണെന്ന് അലഹാബാദ് ഹൈക്കോടതി

2001 മെയ്‌ 4 : ബാബറി മസ്‌ജിദ് തകർക്കപ്പെട്ടതിൽ എൽ.കെ. അഡ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി എന്നിവരടക്കം 21 പേരെ പ്രത്യേക കോടതി ഒഴിവാക്കി. നടപടികളിലെ പിഴവ് തിരുത്താൻ സർക്കാരിന് കോടതി അവസരം നൽകി.

(കേസുമായി ബന്ധപ്പെട്ട് 197/1992 , 198/1992 എന്നിങ്ങനെ രണ്ടു പ്രഥമവിവര റിപ്പോർട്ടാണ് ഫയൽ ചെയ്തത്. ഒന്നാമത്തെതിൽ ആരെയും പേരെടുത്ത് പറഞ്ഞ് പ്രതി ചേർത്തിരുന്നില്ല. രണ്ടാമത്തേതിൽ പ്രമുഖ നേതാക്കളടക്കം പ്രതികളായിരുന്നു. യുപി സർക്കാർ 1993 സെപ്റ്റംബറിൽ ഹൈക്കോടതിയുമായി ആലോചിച്ച് ഒന്നാമത്തെ പ്രഥമവിവര റിപ്പോർട്ട് ലക്നൗ സ്പെഷൽ സിബിഎ കോടതിയിലേക്ക് മാറ്റി. രണ്ടാമത്തേത് മാറ്റിയില്ല. പിഴവ് പരിഹരിക്കാനെന്നവണ്ണം, എക്സിക്യട്ടീവ് ഉത്തരവിലൂടെ 1993 ഒക്ടോബറിൽ രണ്ടാമത്തേതും പ്രത്യേക കോടതിയിലേക്ക് മാറ്റി. എന്നാൽ രണ്ടാമത്തെ റിപ്പോർട്ടിന്മേലുള്ള നടപടികൾ തങ്ങളുമായി (ആരുമായി) ആലോചിച്ചില്ലെന്ന് വ്യക്തമാക്കിയാണ് അഡ്വാനിക്കും മറ്റുമുള്ളവർക്കെതിരായ നടപടി നിർത്തലാക്കിയത്. തെറ്റു തിരുത്താൻ കോടതി അവസരം നൽകിയെങ്കിലും അതിന് നിർദ്ദേശസ്വഭാവമുണ്ടായിരുന്നില്ല).

2002 നവംബർ 29 : അഡ്വാനിയും മറ്റും റായ്ബറേലിയിലെ പ്രത്യേക കോടതിയിൽ വിചാരണ നേരിടുമെന്ന് യു പി സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി, പിഴവ് തിരുത്തി വിജ്ഞാപനമിറക്കാനും അഡ്വാനിയെയും മറ്റും വിചാരണ ചെയ്യാനും ആവശ്യപ്പെട്ട് നൽകിയ ഹർജികളെ തുടർന്നാണിത്.

2003 സെപ്റ്റംബർ 19 : ബാബറി മസ്‌ജിദ് തകർത്ത കേസിൽനിന്ന് അന്നത്തെ ഉപപ്രധാനമന്ത്രി എൽ.കെ. അഡ്വാനിയെ ഒഴിവാക്കിയ പ്രത്യേക കോടതി, കേന്ദ്ര മാനവശേഷി മന്ത്രി മുരളീമനോഹർ ജോഷിയടക്കം ഏഴുപേർക്കു കുറ്റപത്രം നൽകാൻ ഉത്തരവായി.

2005 ജൂലൈ 28 : ബിജെപി അധ്യക്ഷൻ എൽ.കെ. അഡ്വാനി, നേതാക്കളായ മുരളീമനോഹർ ജോഷി, ഉമാഭാരതി, വിനയ് കട്യാർ, വിഎച്ച്പി നേതാക്കളായ അശോക് സിംഗൾ, ഗിരിരാജ് കിഷോർ, വിഷ്‌ണുഹരി ഡാൽമിയ, സാധ്വി ഋതംബര എന്നീ എട്ടുപേർക്കെതിരെ സിബിഐപ്രത്യേക കോടതി കുറ്റംചുമത്തി. െഎപിസി 147 (കലാപമുണ്ടാക്കൽ), 149 (ആസൂത്രിത കുറ്റകൃത്യം), 153 എ-ബി (വർഗീയവിരോധം പ്രചരിപ്പിക്കൽ), 505 (ആരാധനാസ്‌ഥലത്തു പരസ്‌പര വിദ്വേഷമുണ്ടാക്കൽ) എന്നിവയനുസരിച്ചാണു കുറ്റം ചുമത്തിയിട്ടുള്ളത്

2005 ഒാഗസ്റ്റ് 30 : വിചാരണ ആരംഭിച്ചു.

2009 ജൂൺ 30 : ബാബറി മസ്ജിദ് തകർത്തതിനുവാജ്പേയിയും അഡ്വാനിയും മുരളി മനോഹർ ജോഷിയും അടക്കമുള്ള ബിജെപി നേതാക്കൾ ഉത്തരവാദികളാണെന്നലിബറാൻ കമ്മിഷൻ റിപ്പോർട്ട് പ്രധാനമന്ത്രിക്കു സമർപ്പിച്ചു.

2010 മെയ്‌ 20 : അഡ്വാനി അടക്കമുള്ളവരെ ഗൂഢാലോചനക്കുറ്റങ്ങളിൽനിന്ന് വിമുക്തമാക്കിയ പ്രത്യേക കോടതി വിധി അലഹാബാദ് ഹൈക്കോടതി ശരിവച്ചു.

2017 ഫെബ്രവരി 19 : ബാബറി മസ്ജിദ് തകർത്ത കേസിൽ എൽ.കെ. അഡ്വാനി, ഉൾപ്പെടെ 15 പേർക്കെതിരെ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കാൻ സുപ്രീം കോടതി ഉത്തരവ്. 25 വർഷം പഴക്കമുള്ള കേസിൽ ഒരു കാരണവശാലും വിചാരണ നീളരുതെന്നും തുടർച്ചയായ ദിവസങ്ങളിൽ വിചാരണ നടത്തി രണ്ടുവർഷത്തിനകം വിധി പറയണമെന്നും അതുവരെ ജഡ്ജിയെ മാറ്റരുതെന്നും നിർദ്ദേശം

2017 ഏപ്രിൽ 6 :എൽ.കെ. അഡ്വാനി, മുരളീമനോഹ ജോഷി,ഉമാഭാരതി എന്നിവരടക്കം 13 ബിജെപി നേതാക്കൾക്കെതിരെബാബറി മസ്ജിദ് തകർക്കൽ കേസ് പുനഃസ്ഥാപിക്കാൻ സുപ്രീം കോടതിയിൽ സിബിഐ ആവശ്യം.

2019 ഏപ്രിൽ 19 : ബാബറി മസ്ജിദ് കേസ് സുപ്രീം കോടതി പുനഃസ്ഥാപിക്കുന്നു. കേസുകൾ റായ്ബറേലി കോടതിയിൽനിന്ന് ലക്നൗവിലെ പ്രത്യേക കോടതിയിലേക്കു മാറ്റാനും ഉത്തരവ്. രണ്ടു വർഷത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നും ഉത്തരവ്.

2017 മെയ്‌ 30 : എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി എന്നിവരുടെ വിടുതൽ ഹർജി തള്ളിയ സിബിഐ പ്രത്യേക കോടതി ഇവർക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി.

മെയ്‌ 2019: കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി സമയം അനുവദിക്കണമെന്ന് ലക്നൗ പ്രത്യേക കോടതി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച് സുപ്രീം കോടതി വിചാരണ പൂർത്തിയാക്കാനായി 9 മാസം സമയം അനുവദിച്ചു.

മെയ്‌ 2020: ഈ വർഷം ഓഗസ്റ്റോടെ വിചാരണ പൂർത്തിയാക്കി വിധി പറയാൻ ലക്നൗ കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

ജൂലൈ 2020: എൽ.കെ. അഡ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി എന്നിവരുടെ പ്രസ്താവനകൾ കോടതിയിൽ രേഖപ്പെടുത്തി.

2020 സെപ്റ്റംബർ 30 : ബാബറി മസ്ജിദ് തകർത്ത കേസിൽ അഡ്വാനി അടക്കം എല്ലാ പ്രതികളേയും ലക്നൗ പ്രത്യേക കോടതി വെറുതേവിട്ടു.

എൽകെ അദ്വാനി , മുരളീ മനോഹർ ജോഷി, കല്യാൺ സിങ്, ഉമാഭാരതി അടക്കം 32 പേരായിരുന്നു കേസിലെ പ്രതികൾ. എൽ കെ അദ്വാനി, മുരളി മനോഹർജോഷി, ഉമാഭാരതി, കല്ല്യാൺ സിങ് ഉൾപ്പടെ കേസിലെ എല്ലാ പ്രതികളോടും വിധി പറയുമ്പോൾ കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. 32 പ്രതികളിൽ എൽ കെ അദ്വാനി, മുരളി മനോഹർജോഷി, ഉമാഭാരതി, കല്ല്യാൺ സിങ്, നൃത്യ ഗോപാൽ ദാസ് തുടങ്ങി ആറ് പേർ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവ് തേടി. വീഡിയോ കോൺഫറൻസ് വഴിയാണ് ഇവർ വിധി പ്രസ്താവം കേട്ടത്.

ബബറി മസ്ജിദ് കേസ് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ലിബറാൻ കമ്മീഷന്റ് റിപ്പോർട്ട് 17 വർഷം വൈകിയെങ്കിൽ, 28 വർഷത്തിന് ശേഷമാണ് മസ്ജിദ് തകർത്ത കേസിലെ വിധി വരുന്നത്. കോവിഡ് കാലത്ത് വീഡിയോ കോൺഫറൻസിങ് വഴിയാണ് അദ്വാനിയുടെ വിചാരണ പൂർത്തിയാക്കിയത്. 354 സാക്ഷികളെ വിസ്തരിച്ചു. ആയിരക്കണക്കിന് രേഖകൾ പരിശോധിച്ചു. ബാബറി മസിജ്ദ് തകർത്തത് കുറ്റമാണെന്ന് അയോദ്ധ്യ ഭൂമി തർക്ക കേസിലെ വിധിയിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി അനുമതിയോടെ അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മാണം ആരംഭിച്ചിരിക്കെയാണ് മസ്ജിദ് തകർത്ത കേസിൽ വിധി എന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP