Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളവും തമിഴ്‌നാടും പിടിക്കാതെ യാത്ര പൂർണ്ണമാകില്ല; ബിജെപിയിലെ രണ്ടാമനായി എഞ്ചിനീയർ എത്തുമ്പോൾ ഉറക്കം നഷ്ടമാകുന്നത് മടിയന്മാരായ നേതാക്കൾക്ക്; നൽകുന്നത് വാചകമടി മാത്രം പോരെന്നും റിസൽട്ട് കൂടിയേ തീരൂവെന്നുമുള്ള ശക്തമായ സന്ദേശം; കെമിക്കൽ എഞ്ചിനീയറുടെ ആദ്യ ദൗത്യം കേരളത്തിലെ പാർട്ടിയിലെ ഗ്രൂപ്പിസം ഇല്ലായ്മ ചെയ്യൽ; പുനഃസംഘടന ഉടനെന്നും സൂചന; ആർ എസ് എസിനും അമിത് ഷായ്ക്കും ഇടയിൽ പാലമായെത്തുന്ന ബി എൽ സന്തോഷ് കേരളത്തിലെ നേതൃത്വത്തെ അടുത്തറിയുന്ന പ്രചാരകൻ

കേരളവും തമിഴ്‌നാടും പിടിക്കാതെ യാത്ര പൂർണ്ണമാകില്ല; ബിജെപിയിലെ രണ്ടാമനായി എഞ്ചിനീയർ എത്തുമ്പോൾ ഉറക്കം നഷ്ടമാകുന്നത് മടിയന്മാരായ നേതാക്കൾക്ക്; നൽകുന്നത് വാചകമടി മാത്രം പോരെന്നും റിസൽട്ട് കൂടിയേ തീരൂവെന്നുമുള്ള ശക്തമായ സന്ദേശം; കെമിക്കൽ എഞ്ചിനീയറുടെ ആദ്യ ദൗത്യം കേരളത്തിലെ പാർട്ടിയിലെ ഗ്രൂപ്പിസം ഇല്ലായ്മ ചെയ്യൽ; പുനഃസംഘടന ഉടനെന്നും സൂചന; ആർ എസ് എസിനും അമിത് ഷായ്ക്കും ഇടയിൽ പാലമായെത്തുന്ന ബി എൽ സന്തോഷ് കേരളത്തിലെ നേതൃത്വത്തെ അടുത്തറിയുന്ന പ്രചാരകൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ ബിജെപി നേതൃത്വത്തിലെ ഗ്രൂപ്പിസം ഇനി അനുവദിക്കില്ലെന്ന് ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ അന്ത്യസാശനം നേതാക്കൾക്ക്. പാർട്ടി പുനഃസംഘടന ഉടൻ ഉണ്ടാകും. പ്രവർത്തന മികവ് മാത്രമാകും കേരളത്തിലെ പുനഃസംഘടനയെ സ്വാധീനിക്കുകയെന്ന സന്ദേശവും സന്തോഷ് കേരളത്തിലെ നേതാക്കൾക്ക് നൽകി കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവും ദേശീയ നേതൃത്വമാകും നടത്തുക. കേരളത്തിലെ സാഹചര്യങ്ങൾ അടുത്തറിയാവുന്ന സന്തോഷ് ബിജെപിയിലെ രണ്ടാമനാകുമ്പോൾ കേരള ഘടകത്തിലെ നേതാക്കൾക്ക് നെഞ്ചിടിപ്പ് കൂടുകയാണ്.

കേരളത്തിന്റെ ചുമതലകളിൽനിന്ന് ദേശീയ സഹ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷിനെ മാറ്റണമെന്ന് കേരളത്തിലെ ആർഎസ്എസ ആവശ്യപ്പെട്ടതായും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. കുമ്മനം രാജശേഖരനെ മാറ്റണമെന്ന് കേന്ദ്രനേതൃത്വത്തിന് റിപ്പോർട്ട് നൽകിയതും സന്തോഷ് ആയിരുന്നു. ആറുവർഷമായി കേരളത്തിന്റെ ചുമതല വഹിക്കുന്ന ദേശീയ സഹസംഘടനാ സെക്രട്ടറിയാണ് കർണാടകക്കാരനായ ബി എൽ സന്തോഷ്. വി മുരളീധരൻ അധ്യക്ഷനായിരിക്കുമ്പോഴാണ് ഇദ്ദേഹം കേരളത്തിന്റെ ചുമതലകൂടി ഏറ്റെടുക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാൻ സമവായം എന്നപേരിൽ സന്തോഷിന്റെ നേതൃത്വത്തിൽ പാലക്കാട്ട് സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചിരുന്നു. കെ സുരേന്ദ്രൻ മാത്രമാണ് എത്തിയത്. ബാക്കിയുള്ളവരെ ആർഎസ്എസ് നേതൃത്വം പിന്തിരിപ്പിച്ചത് വലിയ വാർത്തയായിരുന്നു. അന്ന് ഗ്രൂപ്പിസത്തിന്റെ പേരിൽ മാറി നിന്നവരെല്ലാം ഇന്ന് വെട്ടിലാണ്. ഇനി സന്തോഷാകും ബിജെപിയിലെ എല്ലാ കാര്യങ്ങളും നിശ്ചയിക്കുക.

അച്ചടക്കം കേരളത്തിൽ നടപ്പാക്കുമെന്ന സന്ദേശം നേതാക്കൾക്ക് സന്തോഷ് നൽകിയിട്ടുണ്ട്. പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്ക് മാത്രമേ ഇനി സ്ഥാനമുള്ളൂവെന്നാണ് സന്തോഷിന്റെ നിലപാട്. പാർട്ടിയെ അഴിച്ചു പണിയും. അത് എത്രയും വേഗമുണ്ടാകുമെന്നാണ് സൂചന. മെമ്പർഷിപ്പ് പരിപാടികൾ കഴിഞ്ഞാലുടൻ തീരുമാനം ഉണ്ടാകും. പി എസ് ശ്രീധരൻ പിള്ളയുടെ പിൻഗാമി ആരാകണമെന്നതിൽ വ്യക്തമായ ധാരണ സന്തോഷിനുണ്ട്. ഇത് മാത്രമാകും ഇനി പ്രഖ്യാപനത്തിൽ പ്രതിഫലിക്കുക. അമിത് ഷായോടും കേരളത്തിലെ സാഹചര്യത്തെ കുറിച്ച് സന്തോഷ് പ്രത്യേകമായി തന്നെ ചർച്ച നടത്തിയിട്ടുണ്ട്. അണികളിൽ ആവേശം വിതറുന്ന പുതിയ നേതൃത്വത്തെ കേരളത്തിലെ ചുമതല ഏൽപ്പിക്കാനാണ് സന്തോഷിന്റെ ആലോചന. ഇതിനായി ജില്ലാ തലം മുതൽ അഴിച്ചു പണിയാനാണ് സന്തോഷ് ഉദ്ദേശിക്കുന്നത്.

കേരളത്തിലെ ബലി ദാനികളുടെ പ്രശ്നം ദേശീയ തലത്തിൽ ചർച്ചയാക്കിയതും സന്തോഷായിരുന്നു. ഇതിന്റെ നേട്ടം ബിജെപിക്ക് ഉത്തരേന്ത്യയിൽ കിട്ടുകയും ചെയ്തു. കമ്യൂണിസ്റ്റ് അക്രമ രാഷ്ട്രീയം ദേശീയ തലത്തിൽ ചർച്ചയായെങ്കിലും അതിന്റെ ഗുണം കേരളത്തിൽ ഉണ്ടായില്ല. ഇതിനായി ആഹുതിയെന്ന രേഖ തയ്യാറാക്കിയതും സന്തോഷായിരുന്നു. എന്തുകൊണ്ട് ഇത് കേരളത്തിൽ വോട്ടായി മാറുന്നില്ലെന്നത് സന്തോഷിന് വ്യക്തായി അറിയാം. അടിത്തട്ടിൽ സംഘടന ഇല്ലാത്തതും നേതാക്കളുടെ പിടിപ്പുകേടും സന്തോഷ് തിരിച്ചറിയുന്നു. കർണ്ണാടകയിൽ ബിജെപിയെ ശക്തമായ പാർട്ടിയാക്കി മാറ്റിയ സന്തോഷ് ദേശീയ ജനറൽ സെക്രട്ടറിയാകുമ്പോൾ കൂടുതൽ ശ്രദ്ധ നൽകുക കേരളത്തിലാകും. തമിഴ്‌നാട്ടിലും കേരളത്തിലും മുന്നേറ്റം ഉണ്ടാക്കാനാവാതെ ബിജെപിയുടെ കുതിപ്പ് പൂർണ്ണമാകില്ലെന്ന ട്വീറ്റ് സന്തോഷ് ഇട്ടതും ശ്രദ്ധേയമാണ്. ഉത്തരേന്ത്യയിൽ പിടിമുറുക്കിയ ബിജെപിയുടെ മനസ്സിൽ കേരളവും തമിഴ്‌നാടും അടക്കമുള്ള ദക്ഷിണേന്ത്യയിലെ കുതിപ്പിലാണെന്നതിന്റെ സൂചനയാണ് സന്തോഷിന്റെ പദവി നേട്ടവും.

മുഴുവൻ സമയ ആർഎസ്എസ് പ്രചാരകനായ സന്തോഷ്, കർണാടകയിൽ സംഘടനാ കാര്യങ്ങളുടെ ചുമതലക്കാരനായി 8 വർഷം സേവനമനുഷ്ഠിച്ച ശേഷമാണു 2014 ൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ദേശീയ ഭാരവാഹിയായത്. മുതിർന്ന നേതാവായ വി. സതീഷിന്റെ പേരും നേരത്തേ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ ഭാഷാ കൈകാര്യം ചെയ്യുന്നതിലും മറ്റുമുള്ള പ്രാവീണ്യം സന്തോഷിന് തുണയായി. അങ്ങനെയാണ് പാർട്ടിയിലെ രണ്ടാമനായി സന്തോഷ് മാറുന്നത്. മുൻഗാമിയായ രാംലാൽ പൊതുവേ അന്തർമുഖനായിരുന്നു. അദ്ദേഹത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ് സന്തോഷിന്റെ ശൈലി. അതുകൊണ്ട് തന്നെ ബിജെപിയിലെ പുതിയ ശക്തി കേന്ദ്രമായി സന്തോഷ് മാറുമെന്നും ഉറപ്പാണ്. ദക്ഷിണേന്ത്യയിലെ തന്ത്രങ്ങൾ ഒരുക്കുന്നതിൽ പൂർണ്ണ സ്വാതന്ത്ര്യം സന്തോഷിനുണ്ടാകും.

2008-ലെ ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി സർക്കാർ രൂപീകരണത്തിന് കർണാടകയിൽ ചുക്കാൻ പിടിച്ചത് ബി.എൽ. സന്തോഷ് ആയിരുന്നു. കർണാടകയിൽ വീണ്ടും സർക്കാരുണ്ടാക്കാനുള്ള സാധ്യത ബിജെപിക്ക് മുന്നിൽ തെളിയുമ്പോഴാണ് ദേശീയ നേതൃത്വത്തിലെ പ്രധാനപ്പെട്ട സ്ഥാനത്തേക്ക് എത്തുന്നത്. സഹസംഘടന ജനറൽ സെക്രട്ടറി വി സതീഷിനെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിക്കുമെന്ന് നേരത്തെ പ്രചരണമുണ്ടായിരുന്നു. അതിനിടെയാണ് ബി.എൽ സന്തോഷ് ഈ സ്ഥാനത്തേക്ക് വരുന്നത്. ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറ്റവും തന്ത്രപ്രധാനമായ പദവിയാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി. ആർഎസ്എസും ബിജെപിയും തമ്മിലുള്ള പാലമായാണ് ഈ പദവി വിലയിരുത്തപ്പെടുന്നത്. മുതിർന്ന ആർഎസ്എസ് നേതാക്കൾ വഹിച്ചിരുന്ന പദവിയിലേക്കാണ് സന്തോഷ് എത്തുന്നത്. ബിജെപിയിലെ രണ്ടാമൻ എന്ന പദവിയായാണ് ഇത് അറിയപ്പെടുന്നത്.

സന്തോഷ് എഞ്ചിനിയറിങ് ബിരുദധാരിയായിരുന്നു. 1993ൽ ആർഎസ്എസിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്. പിന്നീട് മണ്ഡൽ പ്രചാരക്, ജില്ലാ പ്രചാരക്, സഹ വിഭാഗ് പ്രചാരക്, വിഭാഗ് പ്രചാരക് എന്നീ പദവികളും വഹിച്ചു. 2006ൽ കർണാടക സംസ്ഥാന ജനറൽ സെക്രട്ടറിയായാണ് അദ്ദേഹം ബിജെപിയിലേക്ക് വരുന്നത്. 2014 മുതൽ തെക്കേയിന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറിയായിരുന്നു. ആർഎസ്എസ്.-ബിജെപി. ഘടനയിൽ നിർണായകസ്ഥാനമുള്ള സംഘടനാ ജനറൽ സെക്രട്ടറിയായി മുഴുവൻസമയ ആർഎസ്എസ്. പ്രചാരകുമാരെ നിയമിക്കുകയാണു പതിവ്. ഈ രീതിതന്നെയാണ് ഇക്കുറിയും നടപ്പാക്കിയിരിക്കുന്നത്.

സംഘടനാരംഗത്ത് പ്രായോഗികനീക്കങ്ങളുടെ പ്രയോക്താവായാണ് സന്തോഷ് അറിയപ്പെടുന്നത്. കെമിക്കൽ എൻജിനിയറിങ് ബിരുദധാരിയായ അദ്ദേഹം കർണാടകത്തിലെ ശിവമോഗ സ്വദേശിയാണ്. കർണാടകത്തിൽ കാലങ്ങളായി യെദ്യൂരപ്പ വിരുദ്ധപക്ഷത്തിന്റെ ചരടുവലികൾക്കുപിന്നിൽ സന്തോഷായിരുന്നു എന്നാണ് പാർട്ടിയിൽ ഒരുവിഭാഗം ആരോപിക്കുന്നത്. യെദ്യൂരപ്പയുടെ എതിർപാളയത്തെ നയിച്ചിരുന്ന ഈശ്വരപ്പയ്ക്കായിരുന്നു സന്തോഷിന്റെ പിന്തുണ. കർണാടകമുഖ്യമന്ത്രിസ്ഥാനത്തേക്കും ഒരുഘട്ടത്തിൽ സന്തോഷിന്റെ പേര് ഉയർന്നിരുന്നു. യെദ്യൂരപ്പയും സന്തോഷും തമ്മിലുള്ള ശീതസമരം ഇപ്പോഴും തുടരുന്നു. അതിനിടെയാണ് നിർണ്ണായക പദവിയില് സന്തോഷ് എത്തുന്നത്. വി. മുരളീധരൻ പക്ഷത്തിനു കേന്ദ്രനേതൃത്വത്തിന്റെ പരിഗണന ലഭിക്കുന്നതു സന്തോഷിന്റെ സഹായം കൊണ്ടാണെന്നാണ് എതിർഗ്രൂപ്പുകളുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP