Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

സപ്ലൈകോയിലേക്ക് അശോകനെ മാറ്റിയത് അഴിമതിക്കാരനാക്കാൻ; ലീവെടുത്ത് രക്ഷപ്പെട്ടപ്പോൾ പപ്പടവും ശർക്കരയും തൂക്ക കുറവും ഓണക്കിറ്റിലെ പ്രധാന വാർത്തയായി; തിരിച്ചെത്തിയാൽ ഫയലുകൾ ചോരുമെന്ന ഭയത്തിൽ മുതിർന്ന ഐഎഎസുകാരനെ റോഡ് സേഫ്റ്റി കമ്മീഷണറാക്കി; പമ്പ മണൽ കടത്തിലെ സംരക്ഷണ കവചമൊരുക്കാൻ ആഭ്യന്തര വകുപ്പിലും മാറ്റം; മണൽ കടത്തിനെ എതിർത്ത ആശാ തോമസിനും കഷ്ടകാലം; മലയാളി ഐഎഎസുകാരെ പിണറായി സർക്കാരിനെ പേടിയോ?

സപ്ലൈകോയിലേക്ക് അശോകനെ മാറ്റിയത് അഴിമതിക്കാരനാക്കാൻ; ലീവെടുത്ത് രക്ഷപ്പെട്ടപ്പോൾ പപ്പടവും ശർക്കരയും തൂക്ക കുറവും ഓണക്കിറ്റിലെ പ്രധാന വാർത്തയായി; തിരിച്ചെത്തിയാൽ ഫയലുകൾ ചോരുമെന്ന ഭയത്തിൽ മുതിർന്ന ഐഎഎസുകാരനെ റോഡ് സേഫ്റ്റി കമ്മീഷണറാക്കി; പമ്പ മണൽ കടത്തിലെ സംരക്ഷണ കവചമൊരുക്കാൻ ആഭ്യന്തര വകുപ്പിലും മാറ്റം; മണൽ കടത്തിനെ എതിർത്ത ആശാ തോമസിനും കഷ്ടകാലം; മലയാളി ഐഎഎസുകാരെ പിണറായി സർക്കാരിനെ പേടിയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാളി ഐഎഎസുകാരെ പിണറായി സർക്കാരിനെ പേടിയോ? സിവിൽ സർവീസിലെ പ്രധാന തസ്തികകളെല്ലാം ഇതര സംസ്ഥാനക്കാരെ ഏൽപ്പിക്കുന്നതിന് കാരണം മലയാളികളോടുള്ള ഭയമാണെന്നാണ് സൂചന. ബി അശോകിനെ പോലുള്ളവരെ സ്ഥലം മാറ്റി കളിക്കുന്നത് അഴിമതി ഫയലുകൾ പുറത്തു വരാതിരിക്കാനാണെന്നാണ് വിലയിരുത്തൽ.

ജലവിഭവ വകുപ്പിന്റെ ചുമതലിയിൽ ഇരിക്കുമ്പോൾ ചട്ടവിരുദ്ധമായ നീക്കങ്ങളെ പരസ്യമായി എതിർത്തതിന്റെ പേരിൽ ബി. അശോകിനെ ആദ്യം സപ്ലൈകോയിലേക്കു മാറ്റി. അദ്ദേഹം നീണ്ട അവധിയെടുത്തു പ്രതിഷേധിച്ചതോടെ കഴിഞ്ഞ ദിവസം റോഡ് സേഫ്റ്റി കമ്മിഷണർ ആയി നിയമിച്ചു. ഇതിന് പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ടെന്നാണ് സൂചന. ഓണത്തിന് മുമ്പാണ് സ്‌പ്ലൈകോയിലേക്ക് അശോകനെ സ്ഥലം മാറ്റിയത്. എന്നാൽ കിറ്റ് വിതരണത്തിൽ ബലിയാടാകുമെന്ന ആശങ്ക കാരണം ലീവെടുത്ത് മാറി നിൽക്കാൻ അശോക് തീരുമാനിച്ചു. അഴിമതിക്കാരനായി അശോകനെ ചാപ്പകുത്താനുള്ള തന്ത്രമായിരുന്നു സ്‌പ്ലൈകോയിലേക്കുള്ള മാറ്റം. ഇതിനെ സമർത്ഥമായി അശോക് പ്രതിരോധിച്ചു. സംഭവിച്ചത് ഓണക്കിറ്റിലെ കള്ളക്കളിയും.

ഓണക്കിറ്റിൽ പപ്പടവും ശർക്കരയും നിലവാരമില്ലാത്തതായി. തൂക്കകുറവും ചർച്ചയായി. ഇത് വലിയ വിവാദമായി. അതുകൊണ്ട് സ്‌പ്ലൈകോ എംഡിയായി വീണ്ടും അശോക് എത്തിയാൽ ഈ ഫയലുകളെല്ലാം പരിശോധിക്കും. അതുകൊണ്ട് അശോകനെ സപ്ലൈകോയിൽ വീണ്ടുമെത്തിക്കാത്തെ റോഡ് സേഫ്റ്റി കമ്മീഷണറാക്കി. ഈ പദവിയിലും അശോകന് ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും. അതുകൊണ്ട് ഈ കസേരിയിലും അധികകാലം അശോക് ഉണ്ടാകില്ല. സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങാത്തവർക്കെല്ലാം ഇതു തന്നെയാണ് അവസ്ഥ. സമ്മർദങ്ങൾക്കു വഴങ്ങാത്ത മലയാളി ഉദ്യോഗസ്ഥരെ പതിവായി അപ്രധാന തസ്തികകളിലേക്കു മാറ്റും.

ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയ ഉദ്യോഗസ്ഥ മേധാവികൾക്കു പുറമേ, ധനം, ആരോഗ്യം, വ്യവസായം തുടങ്ങിയ പ്രധാന വകുപ്പുകളുടെ മേധാവികളെല്ലാം ഇപ്പോൾ ഇതര സംസ്ഥാനക്കാരാണ്. ആഭ്യന്തര വകുപ്പിൽ അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനു പുറമെ കഴിഞ്ഞ ദിവസം സെക്രട്ടറിയായി തുറമുഖവകുപ്പ് സെക്രട്ടറി സഞ്ജയ് കൗളിന് അധികച്ചുമതല നൽകി. സഞ്ജയ് കൗളിനെതിരെ ഗുരുതര ആരോപണങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. സാധാരണ അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിലുള്ളവർക്കാകും ഈ പദവി നൽകാറുള്ളത്. എന്തിനാണ് സഞ്ജയ് കൗളിനെ ഇവിടെ നിയമിച്ചത് എന്നതിൽ ആശയക്കുഴപ്പം ശക്തമാണ്.

പമ്പ മണൽക്കടത്ത് ഉൾപ്പെടെ വിജിലൻസ് കേസുകൾ ആഭ്യന്തരവകുപ്പിന്റെ കീഴിലാണ്. പമ്പ കേസിൽ കർശന നിലപാടെടുത്ത വനംവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസിനെ ഭരണപരിഷ്‌കാര വകുപ്പിലേക്കു മാറ്റി. കേന്ദ്ര ഡപ്യൂട്ടേഷൻ കഴിഞ്ഞെത്തിയ രാജേഷ് കുമാർ സിൻഹയാണ് വനം മേധാവി. റീബിൽഡ് കേരള ഇനീഷ്യേറ്റീവ് മേധാവിയായിരുന്ന വി. വേണുവിനെ സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ മാറ്റി പകരം ചുമതല ആർ.കെ.സിങിന് കൈമാറിയത് അടുത്തിടെയാണ്. ഇതരസംസ്ഥാനകാരനാണെങ്കിലും സർക്കാരിനെ എതിർത്താൽ അവരും അപ്രധാന സ്ഥാനങ്ങളിലേക്ക് പോകും.

മുൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ കണ്ണിലെ മറ്റൊരു കരടായിരുന്നു ബി അശോക് ഐ എ എസ്. സിവിൽ സർവ്വീസിൽ ഒറ്റയാൾ പോരാട്ടം ജനങ്ങൾക്ക് വേണ്ടി നടത്തുന്ന ഉദ്യോഗസ്ഥരിൽ പ്രമുഖൻ. ബി.അശോകിനെ ഊർജ, ജലവിഭവ വകുപ്പിൽ നിന്നു മാറ്റി സിവിൽ സപ്ലൈസ് സിഎംഡി ആക്കിയതോടെ വീണ്ടൂം ആരോപണങ്ങൾ സജീവമായിരുന്നു. അതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തെത്തിയത് ബി അശോകിലൂടെയാണെന്ന വിലയിരുത്തൽ മുഖ്യമന്ത്രിയുടെ ഓഫീസിനുണ്ട്.

കോവിഡു കാലത്ത് ബി അശോക് എഴുതിയ ലേഖനം നേരത്തെ ചർച്ചയായിരുന്നു. സർക്കാരിനെ വിമർശിക്കുന്ന ഭാഗങ്ങൾ അതിലുണ്ടെന്ന നിഗമനം സിപിഎം കേന്ദ്രങ്ങൾ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അതിരപ്പള്ളിയിൽ കേരളത്തെ പ്രതിക്കൂട്ടിലാക്കുന്ന വാർത്ത വന്നത്. ഇടതു പക്ഷത്ത് പോലും അത് ഭിന്നതയുടെ ചർച്ചകൾക്ക് കാരണമായി. എല്ലാവരും ചേർന്ന് സർക്കാരിനെ എതിർത്തു. കേന്ദ്ര സർക്കാരിൽ നിന്ന് എൻ ഒ സി തേടാനുള്ള നീക്കം അങ്ങനെ ചർച്ചയായി. ഇതിന് പിന്നാലെ സ്ഥലം മാറ്റവും. മുതിർന്ന ഐപിഎസുകാരനായ ജേക്കബ് തോമസിനെതിരെ വിരമിക്കും വരെ തുടർന്നതിന് സമാനമായ പ്രതികാരം അശോകിനെതിരേയും സർക്കാർ തുടരുമെന്നാണ് സൂചന.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. മുന്നണിയിൽ ചർച്ച ചെയ്യാതെ പദ്ധതിയുമായി മുന്നോട്ടുപോകാനാവില്ലെന്ന് സിപിഐ തുറന്നടിച്ചതോടെ സർക്കാർ വെട്ടിലായി. ഇടതുമുന്നണിയിൽ നേരത്തെയുണ്ടായിരുന്ന ധാരണ വകവയ്ക്കാതെയാണ് അതിരപ്പിള്ളി പദ്ധതിക്ക് അനുമതി നേടാൻ സർക്കാർ കെ.എസ്.ഇ.ബിക്ക് എൻഒസി നൽകിയത്. സിപിഐയുടെ നിലപാട് വ്യക്തമായിരുന്നിട്ടും പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത് ഇടതുമുന്നണിയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. ഇത് സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. അതിരപ്പള്ളിക്ക് സംസ്ഥാന സർക്കാൻ എൻഒസി നൽകിയെന്ന വാർത്ത ഞെട്ടലോടെയാണ് പരിസ്ഥിതി പ്രവർത്തകരും കേട്ടത്. ഇതിന് പിന്നാലെ ഈ ഫയലിൽ ഒപ്പിട്ടത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന വാർത്തയും വന്നു. ഏഷ്യാനെറ്റ് ന്യൂസിന് ഫയലുകളും കിട്ടി. ഈ ഫയൽ നൽകിയത് ഊർജ്ജ സെക്രട്ടറിയാണെന്ന വിലയിരുത്തൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ സജീവമായി.

ഇതിന് പുറമേ ടോം ജോസുമായും അശോക് രസത്തിൽ അല്ലായിരുന്നു. ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാനായി ടോം ജോസിനെ നിയമിക്കാനുള്ള സർക്കാർ തീരുമാനം വൈകാനുള്ള കാരണവും ജലഗതാഗത സെക്രട്ടറി കൂടിയായ അശോകിന്റെ ഇടപെടലാണെന്ന ചർച്ച സജീവമായിരുന്നു. വിരമിച്ച ചീഫ് സെക്രട്ടറിയെ നിമയിക്കാനുള്ള ഫയലിൽ അശോക് ഒപ്പിട്ടാൻ വൈകിയെന്നാണ് ആക്ഷേപം. ഇതോടെ അശോകിനെ കണ്ടാൽ ടോം ജോസ് മിണ്ടാത്ത സാഹചര്യം പോലും ഉണ്ടായിരുന്നു. അതിരപ്പള്ളിക്കൊപ്പം ഇതും അശോകിനെ മുലയ്ക്കൊതുക്കാൻ കാരണമായി.

ഏഷ്യാനെറ്റിന് അതിരപ്പള്ളിയുടെ ഫയൽ കിട്ടയതിനെ ഗൗരവത്തോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കാണുന്നതും. അതുകൊണ്ട് തന്നെ സിവിൽ സ്‌പ്ലൈസിലെ ഫയൽ ചോർച്ചയിൽ സംശയമുണ്ട്. അതുകൊണ്ടാണ് അശോകിന് പുതിയ സ്ഥാനം നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP