Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കല്ല്യാണ പാർട്ടിക്ക് കണ്ടപ്പോൾ ഇത് ശരിയാകില്ലെന്ന് കുമ്മനം ചെവിയിൽ പറഞ്ഞു; അക്ഷരംപ്രതി അനുസരിച്ച് ലോ അക്കാദമി ചെയർമാനും; നാരായണൻ നായരേയും ലക്ഷ്മി നായരേയും പ്രതിസന്ധിയിലാക്കി അയ്യപ്പൻപിള്ള രാജി പ്രഖ്യാപിച്ചത് ബിജെപിയുടെ ഇടപെൽ മൂലം

കല്ല്യാണ പാർട്ടിക്ക് കണ്ടപ്പോൾ ഇത് ശരിയാകില്ലെന്ന് കുമ്മനം ചെവിയിൽ പറഞ്ഞു; അക്ഷരംപ്രതി അനുസരിച്ച് ലോ അക്കാദമി ചെയർമാനും; നാരായണൻ നായരേയും ലക്ഷ്മി നായരേയും പ്രതിസന്ധിയിലാക്കി അയ്യപ്പൻപിള്ള രാജി പ്രഖ്യാപിച്ചത് ബിജെപിയുടെ ഇടപെൽ മൂലം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോ അക്കാദമി സമരത്തിന് പുതുമാനം നൽകി അക്കാദമി ചെയർമാൻ കെ അയ്യപ്പൻപിള്ള രാജി പ്രഖ്യാപനം നടത്തി. ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനം രാജിവച്ചി്‌ല്ലെങ്കിൽ താൻ സ്ഥാനമൊഴിയുമെന്നാണ് അയ്യപ്പൻപിള്ള വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ലക്ഷ്മി നായരും നാരായണൻ നായരും കടുത്ത പ്രതിസന്ധിയിലായി. ലക്ഷ്മി നായരുടെ രാജിയിൽ അക്കാദമിയിലെ ഭിന്നതയാണ് മറനീക്കി പുറത്തുവരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ കർശന നിർദ്ദേശമാണ് അയ്യപ്പൻപിള്ളയെ ഇത്തരമൊരു നിലപാട് എടുക്കാൻ പ്രേരിപ്പിച്ചത്. എംഎൽഎ കൂടിയായ രാജഗോപാലും പാർട്ടി നിലപാടിനൊപ്പം വരണമെന്ന് അയ്യപ്പൻ പിള്ളയോട് നിർദ്ദേശിച്ചു.

ലോ അക്കാദമി വിഷയത്തിൽ സമരത്തിനിറങ്ങിയ ബിജെപിയെ വെട്ടിലാക്കാൻ അയ്യപ്പൻപിള്ളയെ ഉയർത്തിയാണ് ലോ അക്കാദമി നീങ്ങിയത്. ഇത് ബിജെപിയെ വെട്ടിലാക്കുകയും ചെയ്തിരുന്നു. ബിജെപിയുടെ സംസ്ഥാനത്തെ സ്ഥാപകരിൽ ഒരാളാണ് അയ്യപ്പൻപിള്ള. ബിജെപിയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. തെരഞ്ഞെടുപ്പി വേദികളിലെല്ലാം സജീവമായി നിറയുന്ന അയ്യപ്പൻപിള്ള ലോ അക്കാദമിയുടെ ചെയർമാനായത് ബിജെപിക്ക് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ബിജെപിയുടെ രാജ്യത്തെ തന്നെ ഏറ്റവും മുതിർന്ന നേതാവാണ് അയ്യപ്പൻപിള്ള. നൂറു വയസ്സ് പിന്നിട്ട അയ്യപ്പൻപിള്ളയെ വേദനിപ്പിക്കുന്നതൊന്നും ചെയ്യില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും വ്യക്തമാക്കി. ഇതിനിടെയിൽ എസ് എഫ് ഐയ്ക്ക് ഒത്തുതീർപ്പ് വിഷയത്തിൽ കത്ത് ഒപ്പിട്ട് നൽകിയതും അയ്യപ്പൻപിള്ളയായിരുന്നു.

ഇത് ചൂണ്ടിയാണ് വി മുരളീധരന്റെ സമരത്തെ പ്രതിരോധിക്കാൻ എസ് എഫ് ഐയും സിപിഎമ്മുമെല്ലാം ശ്രമിച്ചത്. എന്നാൽ അയ്യപ്പൻപിള്ളയോട് പ്രശ്‌നം അവതരിപ്പിക്കാനുള്ള ഉത്തരവാദിത്തം ബിജെപിയിൽ ആരും ഏറ്റെടുത്തില്ല. അതിനിടെയാണ് ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച പാരമ്പര്യമുള്ള പ്രമുഖന്റെ മകന്റെ വിവാഹം തിരുവനന്തപുരത്ത് നടന്നത്. സൽക്കാര ചടങ്ങിൽ കുമ്മനം ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെല്ലാം പങ്കെടുത്തു. ഒ രാജഗോലും എത്തി. ഇതിനിടെയാണ് അയ്യപ്പൻ പിള്ളയും വന്നത്. സൗഹൃദ സംഭാഷണത്തിന് ശേഷം കുമ്മനം തന്നെയാണ് പാർട്ടിക്കുണ്ടായ പ്രതിസന്ധി അയ്യപ്പൻപിള്ളയോട് വിശദീകരിച്ചത്. ലോ അക്കാദമിയുടെ ചെയർമാനായി തുടരുന്നത് ബിജെപിക്ക് കടുത്ത പ്രശ്‌നമാണെന്നും കുമ്മനം അറിയിച്ചു.

സമരം ന്യായമായി പരിഹരിക്കാൻ ലക്ഷ്മി നായരും നാരായണൻ നായരും തയ്യാറായില്ലെങ്കിൽ കടുത്ത നിലപാട് എടുക്കണമെന്നായിരുന്നു അയ്യപ്പൻപിള്ളയോട് കുമ്മനത്തിന്റെ ആവശ്യം. ചെയർമാൻ സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇന്നലെ രാത്രി കുമ്മനം നടത്തിയ ആവശ്യം രാജഗോപാലുമായും അയ്യപ്പൻപിള്ള ചർച്ച ചെയ്തു. എന്നും രാജഗോപാലിനോട് അടുപ്പം പുലർത്തിയ നേതാവാണ് അയ്യപ്പൻപിള്ള. കുമ്മനം പറയുന്നത് പോലെ ചെയ്യണമെന്നായിരുന്നു രാജഗോപാലിന്റേയും നിർദ്ദേശം. ഇതോടെയാണ് നാരായണൻനായരേയും ലക്ഷ്മി നായരേയും കൈവിടാൻ അയ്യപ്പൻപിള്ള തീരുമാനിച്ചത്. ഇന്ന് രാവിലെ തന്നെ ബിജെപി നേതൃത്വത്തെ തന്റെ നിലപാട് അറിയിക്കുകയും ചെയ്തു.

അങ്ങനെയാണ് ലോ അക്കാദമിക്ക് മുമ്പിലെ സമരപന്തലിൽ ഉച്ചയോടെ അയ്യപ്പൻപിള്ള എത്തിയത്. ബിജെപിയുടെ മനസ്സറിഞ്ഞ് കാര്യങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. ലക്ഷ്മി നായർ പ്രിൻസിപ്പൽ സ്ഥാനം ഒഴിയണമെന്ന് ചെയർമാൻ അയ്യപ്പൻപിള്ള ആവശ്യപ്പെട്ടു. വിദ്യാഭ്യാസമന്ത്രി വിളിച്ച ചർച്ചയിൽ പ്രശ്‌നങ്ങൾ തീരണം. ഇല്ലെങ്കിൽ താൻ സ്ഥാനം ഒഴിയും. വിദ്യാർത്ഥികളുടെ സമരം തുടർന്നാൽ രാജിവയ്ക്കുമെന്നും ചെയർമാൻ പറഞ്ഞു. ലക്ഷ്മി നായരെ അഞ്ചു വർഷത്തേക്ക് മാറ്റി നിർത്തിയാൽ മതിയെന്നതാണ് മാനേജ്‌മെന്റിന്റെ തീരുമാനം. രാജി വേണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു. ഫാക്കൽറ്റിയായിട്ടുപോലും കോളജിൽ പ്രവേശിപ്പിക്കില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചിരുന്നു.

ലോ അക്കാദമി പ്രിൻസിപ്പലിനെതിരേ ബിജെപി നടത്തുന്ന സമരം നാടകമെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് കുമ്മനം ഇടപെട്ട് അയ്യപ്പൻപിള്ളയുടെ മനസ്സ് മാറ്റിയത്.. അക്കാദമിയുടെ മാനേജ്മെന്റ് തലപ്പത്തിരിക്കുന്ന വ്യക്തി ബിജെപിയുടെ സമുന്നത നേതാവാണെന്ന വസ്തുത പുറത്തായതോടെയാണ് പാർട്ടി നടത്തുന്ന സമരത്തിന്റെ ആത്മാർഥത ചോദ്യംചെയ്യപ്പെടുന്നത്. അഡ്വ. അയ്യപ്പൻപിള്ളയാണ് ലോ അക്കാദമിയുടെ ചെയർമാൻ. ഇദ്ദേഹം ബിജെപി കേരള ഘടകത്തിന്റെ സ്ഥാപകനേതാക്കളിലെ പ്രമുഖനാണ്. അയ്യപ്പൻപിള്ള ഇപ്പോൾ ലോ അക്കാദമി മാനേജ്മെന്റിന്റെ പ്രവർത്തനങ്ങളിൽ ഇടപെടാറില്ലെന്നും കാര്യങ്ങൾ തീരുമാനിക്കുന്നത് ഡയറക്ടർ ബോർഡ് അംഗം കൂടിയായ സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗം കോലിയക്കോട് കൃഷ്ണൻ നായരും അക്കാദമി ഡയറക്ടർ നാരായണൻ നായരുമാണെന്ന വാദമുയർത്തിയാണ് ബിജെപി ഇപ്പോൾ ആരോപണങ്ങളെ പ്രതിരോധിച്ചിരുന്നത്.

ബിജെപി കേരള ഘടകം രൂപീകരിച്ചതു മുതൽ അഡ്വ. അയ്യപ്പൻപിള്ള അതിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഒ രാജഗോപാൽ എംഎൽഎ പ്രസിഡന്റായ ആദ്യ സംസ്ഥാന കമ്മിറ്റിയിലെ വൈസ് പ്രസിഡന്റായിരുന്നു ഇദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP