Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202304Wednesday

ചൈനയുടെ കുത്തക തകർക്കാൻ ഇന്ത്യൻ പരമ്പരാഗത ആയുഷ് മരുന്നുകളും; ഇന്ത്യൻ പരമ്പരാഗത ഔഷധങ്ങളുടെ ഫലപ്രാപ്തി ശാസ്ത്രീയമായി തെളിയിച്ചെന്ന് പാശ്ചാത്യ ലോകത്തെ ബാധ്യപ്പെടുത്തി മുന്നേറ്റം ലക്ഷ്യം; ചൈനീസ് കുത്തക തകർക്കാൻ ആയുർവേദവുമായി മോദി സർക്കാർ

ചൈനയുടെ കുത്തക തകർക്കാൻ ഇന്ത്യൻ പരമ്പരാഗത ആയുഷ് മരുന്നുകളും; ഇന്ത്യൻ പരമ്പരാഗത ഔഷധങ്ങളുടെ ഫലപ്രാപ്തി ശാസ്ത്രീയമായി തെളിയിച്ചെന്ന് പാശ്ചാത്യ ലോകത്തെ ബാധ്യപ്പെടുത്തി മുന്നേറ്റം ലക്ഷ്യം; ചൈനീസ് കുത്തക തകർക്കാൻ ആയുർവേദവുമായി മോദി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഇന്ത്യൻ പരമ്പരാഗത ആയുഷ് മരുന്നുകളുടെ ആഗോള കയറ്റുമതി വർധിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമാകുന്നു. ചൈനയുടെ കുത്തകയാണ് ഇത്തരം പാരമ്പര്യ മരുന്നുവിപണനമേഖല. അതിനെ തകർക്കുകായണ് ലക്ഷ്യം. വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയം പദ്ധതി തയ്യാറാക്കും. ആയുർവേദ മരുന്നുകൾ ചികിത്സയ്ക്ക് ബഹുഭൂരിപക്ഷം രാജ്യങ്ങളും അംഗീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ വെല്ലുവിളികൾ ഏറെയാണ്. എന്നാൽ ആയുർവേദത്തിന് ആഗോള തലത്തിൽ കിട്ടുന്ന അംഗീകാരം മുതൽകൂട്ടാകുമെന്നാണ് പ്രതീക്ഷ.

ആയുഷ് മേഖലയിൽ നിക്ഷേപത്തിന്റെയും നവീകരണത്തിന്റെയും സാധ്യതകൾ പരിധിയില്ലാത്തതാണ്. ആയുഷ് മരുന്നുകൾ, സപ്ലിമെന്റുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയുടെ ഉൽപ്പാദനത്തിൽ അഭൂതപൂർവമായ വളർച്ചയ്ക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണ്. 2014-ന് മുമ്പ് ആയുഷ് മേഖലയുടെ മൂല്യം 300 കോടി ഡോളറിൽ താഴെയായിരുന്നുവെങ്കിലും ഇന്ന് അത് 1800 കോടി ഡോളറായി ഉയർന്നു. ലോകമെമ്പാടും ആയുഷ് ഉൽപന്നങ്ങളുടെ ആവശ്യം വർധിക്കുന്നതിനാൽ വരും വർഷങ്ങളിൽ ഈ വളർച്ച ഇനിയും വർധിക്കും. പോഷക സപ്ലിമെന്റുകളായാലും മരുന്നുകളുടെ വിതരണ ശൃംഖല മാനേജ്‌മെന്റായാലും ആയുഷ് അധിഷ്ഠിത രോഗനിർണയ ഉപാധികളായാലും ടെലിമെഡിസിനായാലും എല്ലായിടത്തും നിക്ഷേപത്തിനും നവീകരണത്തിനും പുതിയ അവസരങ്ങളുണ്ട്. ഇത് മുതലെടുക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം.

പരമ്പരാഗത ഔഷധ മേഖലയിൽ സ്റ്റാർട്ടപ്പ് സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി ആയുഷ് മന്ത്രാലയം നിരവധി പ്രധാന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഔഷധ സസ്യങ്ങളുടെ ഒരു നിധിയാണ് ഇന്ത്യ. ഹിമാലയം ഇതിന് പേരുകേട്ടതാണ്. ഇത് ഒരു തരത്തിൽ നമ്മുടെ 'ഹരിത സ്വർണം' ആണ്. ഔഷധസസ്യങ്ങളുടെ ഉത്പാദനം കർഷകരുടെ വരുമാനവും ഉപജീവനവും വർധിപ്പിക്കുന്നതിനുള്ള നല്ലൊരു മാർഗമാണ്. ഇതിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഏറെ സാധ്യതകളുണ്ട്. പക്ഷേ, അത്തരം സസ്യങ്ങളുടെയും ഉൽപന്നങ്ങളുടെയും വിപണി വളരെ പരിമിതവും പ്രത്യേകതയുള്ളതുമാണ്. ഇതെല്ലാം മുന്നിൽ കണ്ടാണ് കേന്ദ്രത്തിന്റെ പുതിയ പദ്ധതികൾ.

ഇന്ത്യൻ പരമ്പരാഗത ഔഷധങ്ങളുടെ ഫലപ്രാപ്തി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്ന് വിദേശരാജ്യങ്ങളെ ബോധ്യപ്പെടുത്താനാണ് ആദ്യ ശ്രമം. മരുന്നിനായി ഉപയോഗിക്കുന്ന കൂട്ടുകൾ, അസംസ്‌കൃത വസ്തുക്കൾ, ഔഷധസസ്യങ്ങൾ എന്നിവയിൽ ശാസ്ത്രീയ പരിശോധനകൾ നടത്തും. ഇതിനായി കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പുമായും ബയോടെക്നോളജി വകുപ്പുമായും കൂടിയാലോചന തുടങ്ങിയിട്ടുണ്ട്. ആയുർവേദ മരുന്നുകൾ കയറ്റുമതി ചെയ്യുന്നതിലെ സങ്കീർണതകൾ ഇല്ലാതാക്കുകയാണ് പ്രധാന ലക്ഷ്യം.

ആയുർവേദ മരുന്നുകൾ ചികിത്സയ്ക്ക് ബഹുഭൂരിപക്ഷം രാജ്യങ്ങളും അംഗീകരിക്കുന്നില്ല. ഇതിനായി ശാസ്ത്രീയ തെളിവുകൾ ഉണ്ടാക്കുകയാണ് പ്രധാന കാര്യം. ഇന്ത്യയിൽനിന്ന് വിദേശ വിപണികളിലേക്കുള്ള മൊത്തം കയറ്റുമതിയിൽ ആയുർവേദത്തിന്റെ വിഹിതം ഒരുശതമാനം മാത്രമാണ്. ഇത് ഉയർത്തുകായണ് ലക്ഷ്യം. വിദേശ രാജ്യങ്ങളിൽ അംഗീകാരം ലഭിക്കേണ്ടത് ഔഷധച്ചെടികൾ കൊണ്ടുണ്ടാക്കിയ മരുന്നുകൾക്കാണ്. അല്ലാതെ ഫുഡ്സപ്‌ളിമെന്റ് എന്ന നിലയിലല്ല. ഇതെല്ലാം മരുന്ന് കമ്പനികളെ ബോധ്യപ്പെടുത്താനാണ് മോദി സർക്കാരിന്റെ ശ്രമം.

പരമ്പരാഗത ചൈനീസ് മരുന്നുകൾ ലഭിക്കുന്നിടത്തെല്ലാം ചൈനീസ് പരമ്പരാഗത ഡോക്ടർമാർ സ്ഥലം സന്ദർശിച്ച് അവരുടെ മരുന്നുകളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും ബോധവത്കരണ ക്ലാസുകൾ നടത്തുന്നുണ്ട്. നാലുപതിറ്റാണ്ടായി വിവിധ കമ്പനികൾ 30 രാജ്യങ്ങളിലേക്ക് ആയുഷ് മരുന്നുകൾ ഫുഡ് സപ്ലിമെന്റുകൾ എന്ന ലേബലിൽ ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുന്നു. അതേസമയം ഇത്തരം ഫുഡ്സപ്ലിമെന്റുകളെക്കുറിച്ച് വിദേശികൾക്ക് സംശയമുണ്ട്. ഇത് മാറ്റിയെടുത്താൽ ഇന്ത്യയ്ക്കും മുമ്പോട്ട് കുതിക്കാം.

2020 ഓഗസ്റ്റിൽ ഇന്ത്യയിൽനിന്നുള്ള ഫുഡ്സപ്‌ളിമെന്റിന്റെ വിൽപ്പന റിപ്പോർട്ട് പ്രകാരം, തേനിന്റെ ആവശ്യം 45 ശതമാനവും ച്യവനപ്രാശത്തിന്റെ ആവശ്യം 85 ശതമാനവും മഞ്ഞളിന്റേത് 40 ശതമാനവും ആയി ഉയർന്നിരുന്നു. കോവിഡ്-19 നെ നേരിടാൻ ആയുഷ് മന്ത്രാലയത്തിൽനിന്നുള്ള ശുപാർശകളാണ് ഈ ഉത്പന്നങ്ങളോടുള്ള താത്പര്യം കൂട്ടിയത്. ഈ സാഹചര്യത്തിലാണ് പുതിയ ശ്രമം.

ആയുഷ് ഉൽപ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് കഴിഞ്ഞ വർഷങ്ങളിൽ അഭൂതപൂർവമായ ശ്രമങ്ങളും നടന്നിട്ടുണ്ട്. മറ്റ് രാജ്യങ്ങളുമായി ആയുഷ് മരുന്നുകൾ പരസ്പരം അംഗീകരിക്കുന്നതിന് ഊന്നൽ നൽകിയിട്ടുണ്ട്. ഇതിനായി കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധ രാജ്യങ്ങളുമായി 50-ലധികം ധാരണാപത്രങ്ങൾ ഒപ്പുവച്ചു. ആയുഷ് വിദഗ്ദ്ധർ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സുമായി സഹകരിച്ച് ഐഎസ്ഒ മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നുണ്ട്. ഇത് 150-ലധികം രാജ്യങ്ങളിൽ ആയുഷിന് വലിയ കയറ്റുമതി വിപണി തുറക്കും എന്നാണ് പ്രതീക്ഷ.

ഈ ആയുഷ് അടയാളം ആധുനിക സാങ്കേതിക വിദ്യയുടെ വ്യവസ്ഥകളാൽ സജ്ജീകരിക്കും. ഇത് ലോകമെമ്പാടുമുള്ള ആളുകൾക്ക് ആയുഷ് ഉൽപ്പന്നങ്ങളുടെ ഗുണമേന്മയെ സംബന്ധിച്ചുള്ള ആത്മവിശ്വാസം പകരും. അടുത്തിടെ രൂപീകരിച്ച ആയുഷ് കയറ്റുതി പ്രോൽസാഹക കൗൺസിൽ കയറ്റുമതി പ്രോത്സാഹിപ്പിക്കുകയും വിദേശ വിപണി കണ്ടെത്തുന്നതിന് സഹായിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP