Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒറ്റപ്പെട്ട നിലവിളികളും പരിഹസിക്കലുകളും ഒഴിച്ചാൽ സോഷ്യൽ മീഡിയ എടുത്ത സംയമനം ചരിത്രത്തിൽ ആദ്യം; അയോധ്യയിൽ ഒരില പോലും അനങ്ങിയില്ല; 40,000 പൊലീസിനെ ഇറക്കിയതോടെ മുംബൈ ചേരികൾ ശാന്തം; കാശ്മീരിൽ പോലും പ്രതിഷേധ കണങ്ങളില്ല; ആകെ കേട്ട ആക്ഷേപം എം സ്വരാജിന്റേയും പ്രതിഷ് വിശ്വനാഥിന്റേയും; സിപിഎം എംഎൽഎയ്‌ക്കെതിരെ പൊലീസ് കേസെടുത്തു; അയോധ്യ വിധി ഇന്ത്യയുടെ സംയമന ചരിത്രത്തിലെ അപൂർവ്വത

ഒറ്റപ്പെട്ട നിലവിളികളും പരിഹസിക്കലുകളും ഒഴിച്ചാൽ സോഷ്യൽ മീഡിയ എടുത്ത സംയമനം ചരിത്രത്തിൽ ആദ്യം; അയോധ്യയിൽ ഒരില പോലും അനങ്ങിയില്ല; 40,000 പൊലീസിനെ ഇറക്കിയതോടെ മുംബൈ ചേരികൾ ശാന്തം; കാശ്മീരിൽ പോലും പ്രതിഷേധ കണങ്ങളില്ല; ആകെ കേട്ട ആക്ഷേപം എം സ്വരാജിന്റേയും പ്രതിഷ് വിശ്വനാഥിന്റേയും; സിപിഎം എംഎൽഎയ്‌ക്കെതിരെ പൊലീസ് കേസെടുത്തു; അയോധ്യ വിധി ഇന്ത്യയുടെ സംയമന ചരിത്രത്തിലെ അപൂർവ്വത

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യ ഒറ്റക്കെട്ടായിരുന്നു. സമാധാനം മാത്രമാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുന്ന ദിവസമാണ് കൊഴിഞ്ഞു പോയത്. ഏറെ വൈകാരിക പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് ഏവരും കരുതിയ അയോധ്യയിലെ സുപ്രീംകോടതി വിധിയെ രാജ്യം ഏറ്റുവാങ്ങിയത് പരസ്പര സ്‌നേഹത്തിൽ തീർത്ത മതിലിനുള്ളിൽ നിന്നായിരുന്നു. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി വരും മുൻപ് തന്നെ ഇന്ത്യ കണ്ടത് ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഐക്യവും പരസ്പര സ്നേഹവും. വിധിക്ക് ശേഷവും അങ്ങനെ തന്നെ. സോഷ്യൽ മീഡിയകളിൽ ഐക്യപ്പെടലിന്റെ കാഴ്ചകളാണ് കണ്ടത്. അസംതൃപ്തിയും വിദ്വേഷവും ജനിപ്പിക്കുന്ന ഒന്നും വിധിക്ക് മുൻപൊ പിൻപോ വന്നതുമില്ല. പകരം പരസ്പരമുള്ള സ്നേഹവും ബഹുമാനവും തലപൊക്കുകയും ചെയ്തു. ഹിന്ദു-മുസ്ലിം ഭായി... ഭായി.. ഇനിയും അങ്ങനെ തന്നെ മതേതര ഇന്ത്യ മുമ്പോട്ട് പോകും. സുപ്രീംകോടതിയുടെ നിർണായക വിധി വരുമ്പോൾ ശ്രദ്ധാകേന്ദ്രമായ അയോധ്യ പക്ഷേ തീർത്തും ശാന്തമാണ്. കർശനമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങൾ ഒന്നുപോലും റിപ്പോർട്ട് ചെയ്തില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. അയോധ്യയിലെ സമുദായ നേതാക്കളെല്ലാം സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തു.

അയോധ്യകേസ് വിധിയിൽ മാതൃക കാട്ടി സമൂഹ മാധ്യമങ്ങൾ വിധിയെ വിശകലനം ചെയ്തു. വിധിക്കു ശേഷം അസാമാന്യ സംയമനവും മൗനവുമാണ് സമൂഹ മാധ്യമങ്ങൾ പുലർത്തിയത്. ഒറ്റപ്പെട്ട ചില പ്രതികരണങ്ങളും അതേക്കുറിച്ചുള്ള തർക്കവുമൊഴിച്ചാൽ പൊതുവേ ശാന്തമാണ് ഓൺലൈൻ മേഖല. വിദ്വേഷം പരത്തുന്ന പ്രചാരണം നടത്തിയതിനു റൈറ്റ് തിങ്കേഴ്‌സ് എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിനെതിരെ കേസെടുത്തു. തൃപ്പുണ്ണിത്തുറ എംഎൽഎ എം സ്വരാജിന്റെ കുത്തി തിരിപ്പ്. ഒപ്പം പ്രവീൺ തൊഗാഡിയയുടെ കേരളത്തിലെ അനുയായി പ്രതീഷ് വിശ്വനാഥിന്റെ പ്രകോപനത്തിന് പോന്ന ആഘോഷവും മധുര വിതരണവും. ആയോധ്യ വിധിയിൽ പരസ്യമായ സന്തോഷ പ്രകടനത്തിനോ പ്രതിഷേധത്തിനോ ആരും തെരിവിൽ ഇറങ്ങിയില്ല. സംഘപരിവാറുകാർ പായസ വിതരണം ഒഴിവാക്കി സംഘർഷത്തിലേക്ക് കാര്യങ്ങളെത്തില്ലെന്ന് ഉറപ്പിച്ചു. മുസ്ലിം സഹോദരങ്ങളും വിധിയുടെ അന്തസത്ത ഉൾക്കൊണ്ടു. അവരും രാജ്യ നന്മയ്ക്ക് വേണ്ടി പ്രതിഷേധിക്കാൻ തെരുവുകളിലേക്ക് ഇറങ്ങിയില്ല. പ്രതിഷേധത്തിന്റേയും സന്തോഷത്തിന്റേയും ചെറിയ തീപൊരി പോലും കലാപങ്ങളിലേക്ക് രാജ്യത്തെ നയിക്കുമെന്ന തിരിച്ചറിവായിരുന്നു ഈ തീരുമാനങ്ങളുടെ പ്രേരണാ ഘടകവും.

നാല്പതുദിവസത്തെ തുടർച്ചയായ ന്യായവാദങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാബെഞ്ച് വിധിപ്രസ്താവിച്ചത്. അതനുസരിച്ച് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനായി തർക്കത്തിലുള്ള 2.77 ഏക്കർ ഭൂമി കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന് വിട്ടുനൽകണം. മൂന്നുമാസത്തിനുള്ളിൽ കേന്ദ്രസർക്കാരാണ് ക്ഷേത്രനിർമ്മാണത്തിനുള്ള ട്രസ്റ്റ് രൂപവത്കരിക്കേണ്ടതും പദ്ധതി തയ്യാറാക്കേണ്ടതും. കേസിനുപോയ ഒരു ഹിന്ദുസംഘടനയെയും അത് ഏല്പിച്ചിട്ടില്ല. എന്നാൽ, കേസിൽ കക്ഷിയായ നിർമോഹി അഖാഡയ്ക്ക് ട്രസ്റ്റിൽ പ്രാതിനിധ്യംനൽകണം. അയോധ്യയിൽ പള്ളി പണിയാൻ വേറെ സ്ഥലം അനുവദിക്കണം. അഞ്ച് ഏക്കറിലാകും പള്ളി. ഇതിനുള്ള സ്ഥലവും കേന്ദ്രം കൈമാറണം.

രാമക്ഷേത്രം നിർമ്മിക്കുന്നതിന് തർക്കഭൂമി വിട്ടുനൽകിക്കൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതോടെ ആശങ്ക ഒഴിയുകയാണ് അയോധ്യയിലും ക്ഷേത്രനിർമ്മാണത്തിനെതിരാണ് വിധിയെങ്കിൽ അക്രമമുണ്ടായേക്കുമെന്ന് ഉത്കണ്ഠയിലായിരുന്നു നാട്ടുകാർ. ടെലിവിഷനിലൂടെ അന്തിമവിധി ന്യായം കേട്ട ഉടൻ നഗരത്തിലെങ്ങും ജയ്ശ്രീറാം വിളികൾ മുഴങ്ങി. ആഹ്ലാദപ്രകടനത്തിനുള്ള ഭക്തരുടെ ശ്രമം പൊലീസ് തടഞ്ഞെങ്കിലും ക്ഷേത്രനഗരിയിലെങ്ങും മധുരവിതരണമുണ്ടായി. ചിലർ പടക്കം പൊട്ടിച്ചും പ്രാർത്ഥനാമന്ത്രങ്ങൾ ഉരുവിട്ടും വിധിയെ സ്വീകരിച്ചു. വീടിനു പുറത്ത് ആഘോഷപ്രകടനം പാടില്ലെന്ന പൊലീസിന്റെ നിർദ്ദേശം പാഴ്‌വാക്കായി. എന്നാൽ ആഘോഷ പ്രകടനങ്ങളിൽ പരമാവധി സംയമനം പാലിച്ചു. ഇതര മതങ്ങളെ താറടിക്കുന്നതായിരുന്നില്ല അവരുടെ ആവേശം. അയോധ്യയിലും സമീപജില്ലകളിലും സ്ഥിതിഗതികൾ ശാന്തമാണെന്ന് അഞ്ചുജില്ലകളുടെ അധികാരച്ചുമതലയുള്ള മണ്ഡലായുക്ത് മനോജ് കുമാർ മിശ്ര അറിയിച്ചു. താത്കാലികമായി 20 ജയിലുകൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരും കരുതൽ തടങ്കലിലില്ലെന്നതാണ് വസ്തുത.

ശനിയാഴ്ച രാവിലെ തന്നെ ക്ഷേത്രഭൂമിയിലേക്കുള്ള റോഡുകളിലെല്ലാം പൊലീസ് ബാരിക്കേഡുകൾ കെട്ടി നിയന്ത്രണമേർപ്പെടുത്തിയിരുന്നു. അയോധ്യയുടെയും രാമന്റെയും ആഗ്രഹം സുപ്രീംകോടതി വിധിയിലൂടെ സഫലമാവുന്നതായി രാമക്ഷേത്രത്തിലെ പൂജാരി പണ്ഡിറ്റ് ലോക്നാഥ് വത്സ് പറഞ്ഞു. മുസ്ലിങ്ങൾക്ക് പള്ളി പണിയുന്നതിന് അയോധ്യയുടെ പഞ്ചകോശി പരിക്രമമാർഗത്തിനു പുറത്ത് ഉചിതമായ സ്ഥലം കണ്ടെത്തി കേന്ദ്രസർക്കാർ സഹായങ്ങൾ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുസമൂഹത്തിന്റെയാകെ വിശ്വാസത്തെ അംഗീകരിക്കുന്നതാണ് വിധിയെന്ന് ഹുമാൻക്ഷേത്രത്തിലെ പൂജാരി മഹന്ത് രാമചന്ദ്ര ദാസ് പറഞ്ഞു. രാമക്ഷേത്രങ്ങളുടെ പരിധിക്കു പുറത്ത് പള്ളി പണിയുന്നതിനും അതിന് സഹായം നൽകുന്നതിനും വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.

അല്ലാഹുവിന്റെ വിധി മുകളിലാണെന്നും ഇപ്പോഴത്തെ വിധിയോട് പ്രത്യേകിച്ച് അനുകൂലമോ പ്രതികൂലമോ ആയ നിലപാടില്ലെന്നും അയോധ്യയിലെ തർക്കഭൂമിയോട് ചേർന്ന ആലംഗിരി മസ്ജിദിലെ ജീവനക്കാരൻ മുഹമ്മദ് ഹാഷിം പറഞ്ഞു. ഉത്തർപ്രദേശിലെ വിദ്യാലയങ്ങൾക്കെല്ലാം ചൊവ്വാഴ്ച വരെ അവധിയാണ്. പൊലീസുകാർക്ക് താമസസൗകര്യം ഏർപ്പെടുത്തിയ വിദ്യാലയങ്ങൾക്കും താത്കാലിക ജയിലുകൾ സജ്ജീകരിച്ച വിദ്യാലയങ്ങൾക്കും അനിശ്ചിതകാലത്തേക്കാണ് അവധി നൽകിയിട്ടുള്ളത്. 10 ദിവസം വരെ ഇതു നീളാനാണ് സാധ്യതയെന്ന് അയോധ്യ എസ്.എസ്‌ഐ. രാമേന്ദ്ര വർമ പറഞ്ഞു. കനത്ത സുരക്ഷാവലയത്തിലുള്ള അയോധ്യയ്ക്കു പുറമേ ഉത്തർപ്രദേശിന്റെ മറ്റു ഭാഗങ്ങളും സുപ്രീംകോടതി വിധി വന്ന ദിവസം ശാന്തമായിരുന്നു. അലിഗഡ് ജില്ലയിൽ ഇന്റർനെറ്റ്, മൊബൈൽ ഫോൺ ഉപയോഗത്തിന് ഇന്നലെ അർധരാത്രി വരെ നിയന്ത്രണമേർപ്പെടുത്തിയതൊഴിച്ചാൽ വാർത്താ വിനിമയ ബന്ധങ്ങൾ തടസ്സപ്പെട്ടില്ല.

ലക്‌നൗവിൽ സജ്ജമാക്കിയ കൺട്രോൾ റൂമിലിരുന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥിതിഗതികൾ നിരീക്ഷിച്ചു. മാധ്യമ റിപ്പോർട്ടുകളും സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളും നിരീക്ഷിക്കാനാണ് ഈ കേന്ദ്രം സജ്ജമാക്കിയത്. സാഹചര്യങ്ങൾക്കനുസരിച്ച് ഇടപെടാൻ അധിക സേനയെ ഒരുക്കി നിർത്തിയിട്ടുണ്ട്. 4000 അർധസൈനികരെ കേന്ദ്രവും എത്തിച്ചിട്ടുണ്ട്. അയോധ്യയിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ജില്ലാ മജിസ്‌ട്രേട്ട് അനുജ് കുമാർ ഝാ പറഞ്ഞു. വിധിപ്പകർപ്പ് ലഭിച്ച ശേഷം തുടർനടപടികളുണ്ടാകും. മുംബൈയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളായിരുന്നു. 40,000 പൊലീസിനെയാണ് മുംബൈയിൽ വിന്യസിച്ചത്. അവിടേയും ചെറിയ പ്രതിഷേധങ്ങൾ പോലും ഉണ്ടായില്ല. കാശ്മീരിലും അയോധ്യ പ്രതിഫലനമുണ്ടാക്കിയില്ല. അങ്ങനെ സമാധാനത്തിലൂടെ അയോധ്യാ വിധിയെ രാജ്യം ചർച്ചയാക്കി. വിവിധ സംസ്ഥാനങ്ങളിൽ പ്രശ്‌ന സാധ്യതയുള്ള സ്ഥലങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. വ്യാജ പ്രചാരണം നടത്തി കലാപമുണ്ടാക്കാൻ ശ്രമിച്ചതിനു ഡൽഹിയിലെ നോയിഡയിൽ 2 പേരും രാജസ്ഥാനിലെ ബിക്കാനിറിൽ ഒരാളും അറസ്റ്റിലായി. ഡൽഹിയിൽ ഡ്രോണുകൾ ഉപയോഗിച്ചും പൊലീസ് നിരീക്ഷണം നടത്തി. ചില സ്ഥലങ്ങളിൽ നേരിയ സംഘർഷാവസ്ഥ രൂപപ്പെട്ടെങ്കിലും പൊലീസ് ഇടപെട്ട് പരിഹരിച്ചു. ഡൽഹി ജുമാ മസ്ജിദിനു സമീപം കൂടുതൽ സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു.

മധ്യപ്രദേശിലെ ഭോപാലിൽ 30 വരെ എല്ലാ പ്രതിഷേധ പരിപാടികൾക്കും ജില്ലാ അധികൃതർ അനുമതി നിഷേധിച്ചു. ഇന്നു നടത്താനിരുന്ന നബിദിന റാലി സംഘാടകർ ഉപേക്ഷിച്ചു. പൊലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി കമൽനാഥ് സ്ഥിതി വിലയിരുത്തി. ജമ്മു കശ്മീരിൽ കർശന സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയത്.

സ്വരാജിനെതിരെ കേസ്

അയോധ്യ കേസ് വിധിയുടെ പശ്ചാത്തലത്തിൽ ഫേസ്‌ബുക്കിൽ പോസ്റ്റിട്ട അഡ്വ എം സ്വരാജ് എംഎൽഎക്കെതിരേ പൊലീസ് കേസെടുത്തു. ഇത് സംഘർഷപരമായ പോസ്റ്റാണെന്നും എം സ്വരാജിനെതിരേ നടപടിയെടുക്കണമെന്നാശ്യപ്പെട്ട് യുവമോർച്ച നൽകിയ പരാതിയെത്തുടർന്നാണ് നടപടി. വിഷയത്തിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും യുവ മോർച്ചാ പ്രസിഡന്റ് പ്രകാശ്ബാബു മുന്നറിയിപ്പ് നൽകിയിരുന്നു. ബാബരി മസ്ജിദ് വിധിയുടെ പശ്ചാത്തലത്തിൽ പ്രകോപനപരമായി പോസ്റ്റിടുന്നവർക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു.

ഈ പശ്ചാത്തലത്തിൽ മതസ്പർദ ഉണ്ടാക്കുന്ന തരത്തിൽ ഫേസ്‌ബുക്കിൽ പരമാർശം നടത്തിയ എം സ്വരാജ് എംഎൽഎയ്ക്കെതിരേ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പ്രകാശ് ബാബു പൊലിസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. 'വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരുവിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ, നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നുവോ?' എന്നായിരുന്നു ബാബരി വിധിക്ക് പിന്നാലെയുള്ള എം സ്വരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഡിജിപിക്ക് പരാതി നൽകിയെങ്കിലും നടപടിയില്ലാത്തതിനെ തുടർന്ന് ഇപ്പോൾ കോഴിക്കോട് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയതായി പ്രകാശ് ബാബു ഫേസ്‌ബുക്കിലൂടെ പറഞ്ഞു. ഡിജിപിയുടെയും കമ്മീഷണറുടെയും ആത്മാർത്ഥതയും വാക്കിന്റെ വിലയും നീതി ബോധവും കാണാൻ കാത്തിരിക്കുന്നുവെന്നാണ് പ്രകാശ് ബാബു ഫേസ്‌ബുക്കിൽ കുറിച്ചത്.

അതേസമയം, വിധിക്ക് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ മതസ്പർധ ഉണ്ടാക്കുന്ന വിധത്തിൽ അഭിപ്രായ പ്രകടനം നടത്തിയെന്നാരോപിച്ച് കൊച്ചിയിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കേരള പൊലീസിന്റെ സൈബർ ഡോം വിഭാഗമാണ് പോസ്റ്റ് കണ്ടെത്തിയത്. പ്രതികൾക്കെതിരേ ഐപിസി 153 എ, 550 ബി, 120 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ ഇന്നലെ മുതൽ സമൂഹിക മാധ്യമങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. മതസ്പർധയുണ്ടാക്കുന്ന തരത്തിൽ സമൂഹിക മാധ്യമങ്ങളിൽ അഭിപ്രായ പ്രകടനം നടത്തിയാൽ ശക്തമായ നടപടിയെടുക്കുമെന്ന് നേരത്തെ തന്നെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിരുന്നു.

പ്രതീഷും ചർച്ചയാക്കിയത് വിദ്വേഷം തന്നെ

അയോധ്യ വിധിയിൽ ആഹ്ലാദിക്കണമെന്നും ആഘോഷിക്കണമെന്നും ആഹ്വാനം ചെയ്യുകയും മധുരവിതരണം ചെയ്യുകയും ചെയ്ത് പോസ്റ്റിട്ട പ്രതീഷ് വിശ്വനാഥനും പടർത്തിയത് വിദ്വേഷമാണ്. വിധി സംബന്ധിച്ച് രഞ്ജിത്ത് ലാൽ മാധവൻ എന്നയാൾ റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിൽ ഇട്ട പോസ്റ്റിനു കമ്മന്റ് ചെയ്ത രണ്ടുപേർക്കെതിരേയാണ് മതസൗഹാർദ്ദം തകർക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി കേസെടുത്തത്. സൈബർ സെല്ലിന്റെ പരാതിയിൽ ഷെയ്ഫുദ്ദീൻ ബാബു, ഇബ്രാഹീം കുഞ്ഞിപ്പ എന്നീ അക്കൗണ്ട് ഉടമകൾക്കെതിരേയാണ് കേസെടുത്തതെന്ന് കൊച്ചി സെൻട്രൽ സിഐ ടോംസൺ പറഞ്ഞു. വിധി വരുന്നതിനു മുമ്പ് വെള്ളിയാഴ്ച ഇട്ട പോസ്റ്റിൽ ഇരുവരും ചെയ്ത കമ്മന്റുകൾക്കെതിരേയാണ് കേസെടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോടതി വിധിയിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടും ആഘോഷിക്കാൻ ആഹ്വാനം ചെയ്തും മധുരവിതരണം നടത്തിയതു ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത പ്രതീഷിനെതിരെ പൊലീസ് നടപടിയെടുക്കാൻ തയ്യാറായിട്ടില്ല. നേരത്തെ നിരവധി പ്രകോപന പോസ്റ്റുകളിടുകയും വിദ്വേഷപ്രചാരണം നടത്തുകയും ചെയ്തിരുന്ന രാഷ്ട്രീയ ബജ്റംഗ്ദൾ നേതാവ് പ്രതീഷ് വിശ്വനാഥ്, ശ്രീരാജ് കൈമൾ എന്നിവരാണ് ഇക്കുറിയും പൊലീസ് നിയന്ത്രണങ്ങൾ കാറ്റിൽപറത്തി ഫേസ്‌ബുക്ക് പോസ്റ്റിട്ടിട്ടുള്ളത്. ദീപം കത്തിച്ചുകൊണ്ട്, മധുരം വിതരണം ചെയ്ത് വമ്പിച്ച തോതിൽ വിജയം ആഘോഷിക്കണമെന്നാണ് പ്രതീഷ് വിശ്വനാഥ് ആവശ്യപ്പെടുന്നത്.

ആലപ്പുഴയിൽ എഎച്ച്പി പ്രവർത്തകർ ഹിന്ദു ഗൃഹങ്ങളിൽ മധുരം വിതരണം ചെയ്യുന്ന ചിത്രമാണ് ശ്രീരാജ് കൈമൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. ബാബരി കേസിലെ സുപ്രിം കോടതി വിധിയുമായി ബന്ധപ്പെട്ട് മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP