Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബാബരി ഭൂമി കേസിൽ വിധി പറയുമ്പോൾ വരുംതലമുറയെ ഓർക്കണമെന്ന് മുസ്ലിം കക്ഷികൾ; മുസ്ലിം പക്ഷത്ത് ആശയക്കുഴപ്പമുണ്ടെന്ന് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാൻ സംഘ്പരിവാറിന്റെ ബോധപൂർവമായ ശ്രമം നടന്നു; തർക്കത്തിന് ആശ്വാസമാരായുമ്പോൾ ബഹുസ്വര, ബഹുമത മൂല്യങ്ങൾ സുപ്രീംകോടതി ഉയർത്തിപ്പിടിക്കുമെന്ന പ്രതീക്ഷയെന്നും ഏഴു മുസ്ലിം കക്ഷികൾ; കുറിപ്പ് നൽകിയത് മുസ്ലിം പക്ഷത്ത് ഭിന്നതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന്; പതിറ്റാണ്ടുകൾ നീണ്ട ബാബരി കേസിൽ വാദം അവസാനിക്കുമ്പോൾ

ബാബരി ഭൂമി കേസിൽ വിധി പറയുമ്പോൾ വരുംതലമുറയെ ഓർക്കണമെന്ന് മുസ്ലിം കക്ഷികൾ; മുസ്ലിം പക്ഷത്ത് ആശയക്കുഴപ്പമുണ്ടെന്ന് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാൻ സംഘ്പരിവാറിന്റെ ബോധപൂർവമായ ശ്രമം നടന്നു; തർക്കത്തിന് ആശ്വാസമാരായുമ്പോൾ ബഹുസ്വര, ബഹുമത മൂല്യങ്ങൾ സുപ്രീംകോടതി ഉയർത്തിപ്പിടിക്കുമെന്ന പ്രതീക്ഷയെന്നും ഏഴു മുസ്ലിം കക്ഷികൾ; കുറിപ്പ് നൽകിയത് മുസ്ലിം പക്ഷത്ത് ഭിന്നതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന്; പതിറ്റാണ്ടുകൾ നീണ്ട ബാബരി കേസിൽ വാദം അവസാനിക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബാബരി ഭൂമി കേസിൽ വിധി പറയുമ്പോൾ വരുംതലമുറയെ ഓർക്കണമെന്ന് മുസ്ലിം കക്ഷികൾ സുപ്രീം കോടതിയിൽ.ബാബരി കേസിൽ അന്തിമ വാദം കേട്ട ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിനുമുമ്പാകെയാണ് ഏഴു മുസ്ലിം കക്ഷികൾ ഒന്നിച്ച് ചേർന്ന് കുറിപ്പു നൽകിയത്. നമ്മുടെ മഹത്തായ രാജ്യം വരിച്ച ഭരണഘടനമൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം വിധിയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ മുദ്രവെച്ച കവറിൽ സമർപ്പിച്ച അവസാന കുറിപ്പിൽ ഏഴു മുസ്ലിം കക്ഷികൾ ഏകസ്വരത്തിൽ ബോധിപ്പിച്ചു. മുസ്ലിം പക്ഷത്തിന്റെ അപേക്ഷ കോടതി രേഖയായി സ്വീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

മുസ്ലിം പക്ഷത്ത് ആശയക്കുഴപ്പമുണ്ടെന്ന് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാൻ സംഘപരിവാറിന്റെ ആസൂത്രണത്തിൽ ബോധപൂർവമായ ശ്രമം നടന്ന പശ്ചാത്തലത്തിലാണ് ബാബരി മസ്ജിദിന്റെ ഭൂമിക്കായി വാദിച്ച എല്ലാ കക്ഷികളും ഒരുമിച്ച് അന്തിമനിർദ്ദേശം സമർപ്പിച്ചത്. ഭൂമിസംബന്ധിച്ച സിവിൽ കേസിൽ ഇരു കൂട്ടരും സമർപ്പിച്ച ഉടമാവകാശ വാദത്തിനപ്പുറത്ത് സമാധാനപൂർണമായ പ്രശ്ന പരിഹാരത്തിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി ഇരുപക്ഷത്തോടും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കൂടിയാണിത്.

മുസ്ലിം കക്ഷികൾക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ ആണ് കുറിപ്പ് തയാറാക്കിയത്. എന്നാൽ, മുദ്രവെച്ച കവറിൽ സ്വീകരിക്കുന്നതിന് ഹിന്ദുപക്ഷവും സുപ്രീംകോടതി രജിസ്ട്രിയും എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്നാണ് കുറിപ്പ് സമർപ്പിച്ച കാര്യം അഭിഭാഷകൻ ഐജാസ് മഖ്ബൂൽ, ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനെ നേരിട്ടറിയിച്ചത്. സുപ്രീംകോടതി നിർദേശിച്ചതനുസരിച്ച് സമാധാനപൂർണമായ പരിഹാരത്തിനുള്ള മുസ്ലിംപക്ഷത്തെ മുഴുവൻ കക്ഷികളുടെയും അവസാന നിർദ്ദേശം മുദ്രവെച്ച കവറിൽ സമർപ്പിച്ചിരുന്നുവെന്നും ഇപ്പോൾ തങ്ങളത് എല്ലാ കക്ഷികൾക്കും കൊടുത്തുവെന്നും അഭിഭാഷകൻ അറിയിച്ചു. നിർദ്ദേശം മുദ്രവെച്ച കവറിൽ തന്റെ മേശപ്പുറത്തുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി മറുപടി നൽകി. എന്നാൽ, ഇന്നത്തെ 'ഇന്ത്യൻ എക്സ്പ്രസി'ന്റെ മുൻപേജിലും അതുണ്ടെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

കേസിൽ സമാധാനപൂർണമായ പ്രശ്നപരിഹാരം സുപ്രീംകോടതിയുടെ ഉത്തരവാദിത്തമാണെന്ന് മുസ്ലിംപക്ഷം കുറിപ്പിൽ വ്യക്തമാക്കി. തർക്കത്തിന് ആശ്വാസമാരായുമ്പോൾ ബഹുസ്വര, ബഹുമത മൂല്യങ്ങൾ സുപ്രീംകോടതി ഉയർത്തിപ്പിടിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് ഏഴു മുസ്ലിംകക്ഷികളും ബോധിപ്പിച്ചു.

രാജ്യം കാത്തിരിക്കുന്ന ബാബരി കേസിലെ വിധി ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. നവംബർ 17 നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നത്. അതിനുള്ളിൽ വിധി പറയണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
ഇതിനായി കേസിലെ വാദം ഒക്ടോബർ 18ന് പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നേരത്തെ നിർദ്ദേശിച്ചുിരുന്നു. വാദം കേൾക്കൽ ഒരു ദിവസം പോലും നീട്ടിനൽകാൻ കഴിയില്ലായെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.നേരത്തെ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമ ജന്മഭൂമിയാണെന്ന ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് വാദം തുടരുന്നത്. 2.77 ഏക്കർ ഭൂമിയുടെ മൂന്നിലൊന്നു മുസ്ലിംകൾക്കു നൽകാനാണ് 2010 ൽ അലഹാബാദ് ഹൈക്കോടതി വിധിച്ചത്. എന്നാൽ, ഈ ഭൂമി വഖഫ് വസ്തുവാണെന്നും തങ്ങളാണ് പ്രതിനിധിസ്വഭാവമുള്ള അവകാശികളെന്നുമാണ് സുന്നി വഖഫ് ബോർഡ് വ്യക്തമാക്കിയത്.

മധ്യസ്ഥ ശ്രമങ്ങൾ പാളി

അയോധ്യ തർക്ക ഭൂമി ഉപാധികളോടെ വിട്ടുകൊടുക്കാമെന്ന് സുന്നി വഖഫ് ബോർഡ് നിർദേശിച്ചത് കേസ്് ഒത്തുതീർപ്പിലേക്കാണ് നീങ്ങുന്നത് എന്ന പ്രതീതീ സൃഷ്ടിച്ചിരുന്നു.കാശിക്കും മഥുരയ്ക്കുമുള്ള അവകാശവാദം ഉപേക്ഷിക്കണം, അയോധ്യയിൽ 22 പള്ളികൾ സർക്കാർ പുതുക്കണം, തുടങ്ങിയ നിർദേശങ്ങാണ് വഖഫ് ബോർഡ് മധ്യസ്ഥ സമിതിക്ക് മുമ്പാകെവെച്ചത് . മറ്റ് ഏതെങ്കിലും അനുയോജ്യമായ സ്ഥലത്ത് പള്ളി പണിഞ്ഞ് നൽകാമെന്നും വഖഫ് ബോർഡ് വാഗ്ദാനം ചെയ്യുന്നു. മധ്യസ്ഥ സമിതിയുടെ റിപ്പോർട്ട് 134 വർഷത്തെ തർക്കം തീർപ്പാക്കാൻ സഹായിച്ചേക്കാമെന്ന പ്രതീക്ഷയാണ് ഉയർത്തിയിരിക്കുന്നത്.

സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥസമിതി കോടതിക്കു നൽകിയ റിപ്പോർട്ടിലാണ് സുന്നി വഖഫ് ബോർഡിന്റെ നിലപാട് പറഞ്ഞിട്ടുള്ളത്.
എന്നാൽ അയോധ്യയിലെ തർക്കഭൂമിക്കുള്ള അവകാശവാദത്തിൽ നിന്ന് ഉപാധികളോടെ പിന്മാറാമെന്ന സുന്നി വഖഫ് ബോർഡിന്റെ നിലപാട് തള്ളി മുസ്ലിം വ്യക്തിനിയമ ബോർഡ് രംഗത്തെത്തിയിരുന്നു. ബാബരി കേസിൽ ഒത്തുതീർപ്പ് നിർദ്ദേശത്തോട് തങ്ങൾക്ക് യോജിപ്പില്ലെന്ന് കാട്ടി വ്യക്തി നിയമ ബോർഡ് അധികൃതർ ചീഫ് ജസ്റ്റിസിന് കത്ത് നൽകി. കോടതിവിധി എന്തായാലും അംഗീകരിക്കുമെന്നാണ് വ്യക്തിനിയമ ബോർഡിനെ പിന്തുണക്കുന്ന മുസ്ലിം സംഘടനകൾ പറയുന്നത്. മധ്യസ്ഥസമിതിയുടെ ശിപാർശ മാധ്യമങ്ങൾക്ക് ചോർത്തിയത് അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇങ്ങനെ മുസ്ലിം കക്ഷികൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് റിപ്പോർട്ടുകൾക്കിടയിലാണ് വിവിധ കക്ഷികൾ സംയുക്തമായി സുപ്രീം കോടതയിൽ അന്തിമ അഭ്യർത്ഥന സമർപ്പിച്ചത്.

വിവാദമായ ഭൂപടം കീറി എറിയൽ

അതേസമയം, കഴിഞ്ഞ ആഴ്ച കോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്.കേസിലെ വാദത്തിനിടെ രാമജന്മഭൂമിയുടെ ഭൂപടം രേഖപ്പെടുത്തിയ രേഖ സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ രാജീവ് ധവാൻ കോടതിയിൽ വലിച്ചു കീറിയിരുന്നു. ഹിന്ദു മഹാസഭ കോടതിയിൽ നൽകിയ രേഖയാണ് അഭിഭാഷകൻ നാടകീയമായി വലിച്ചുകീറിയത്. അയോധ്യയുമായി ബന്ധപ്പെട്ട് കുനാൽ കിഷോർ രചിച്ച പുസ്തകത്തിലെ വിവരങ്ങൾ കോടതിയിൽ അവതരിപ്പിക്കാൻ തുടങ്ങിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പുസ്തകത്തിലെ വിവരങ്ങൾ വാദത്തിൽ അവതരിപ്പിക്കുന്നതിനെ സുന്നി വഖഫ് ബോർഡ് അഭിഭാഷകനായ രാജീവ് ധവാൻ എതിർത്തു.

രാമജന്മഭൂമിയുമായി ബന്ധപ്പെട്ട ഭൂപടമായിരുന്നു പേജിലുണ്ടായിരുന്നത്. വേണമെങ്കിൽ നിങ്ങൾക്ക് കീറികളയാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതോടെയാണ് ധവാൻ ഇതു കീറിക്കളഞ്ഞത്. ഉടൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ക്ഷുഭിതനായി. ഇങ്ങനെയാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെങ്കിൽ വാദം കേൾക്കുന്ന ബഞ്ചിലെ താനടക്കമുള്ള ജഡ്ജിമാർ പുറത്തിറങ്ങി പോകുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പറഞ്ഞു. ഇത്തരം രേഖകൾക്ക് ഒരു വിലയുമില്ലെന്നും ഇവ സ്വീകരിക്കരുതെന്നും പറഞ്ഞാണ് ധവാൻ ഭൂപടം കീറിയത്.

കേസിൽ നടന്നത് ചൂടേറിയ വാദ പ്രതിവാദങ്ങൾ

ബാബരി കേസിൽ അന്തിമവാദം കേൾക്കവേ കഴിഞ്ഞ രണ്ടുമാസമായി സുപ്രീംകോടതിയിൽ നടന്നത് ചൂടേറിയ വാദപ്രതിവാദങ്ങാണ്. പുരാവസ്തു വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ ക്ഷേത്രം തകർത്തതിന്റെ തെളിവില്ല എന്ന് സുന്നി വഖഫ് ബോർഡിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക അഡ്വ. മീനാക്ഷി അറോറ ചൂണ്ടിക്കാട്ടി. പള്ളിക്കടിയിൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നുവെന്ന് പറഞ്ഞാൽ പോരേ, അത് തകർത്തതാണെന്ന് പറയേണ്ട കാര്യമുണ്ടോ എന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ചോദിച്ചു. അങ്ങനെയാണെങ്കിൽ 1528ൽ ക്ഷേത്രം തകർത്താണ് പള്ളിയുണ്ടാക്കിയതെന്ന് പറഞ്ഞ് സമർപ്പിച്ച ഹർജിയുടെ സാധുത പിന്നെ എന്താണ് എന്നായി മീനാക്ഷി.

എല്ലാം തകർത്തു എന്നു പറയാൻ കൃത്യമായ തെളിവ് വേണമെന്നും തകർത്തതിന്റെ അടയാളം വേണമെന്നും മീനാക്ഷി അറോറ പറഞ്ഞപ്പോൾ, എല്ലാം തകർത്താൽ പിന്നെ എന്ത് അടയാളമാണ് ബാക്കിയാകുക എന്ന് ജസ്റ്റിസ് ചന്ദ്രചൂഡും ചോദിച്ചു. സോമനാഥ് ക്ഷേത്രം തകർത്തതിന്റെ അടയാളം ഉണ്ടായിരുന്നുവെന്നായിരുന്നു മീനാക്ഷിയുടെ മറുപടി. രാമജന്മഭൂമിയിലെ ക്ഷേത്രങ്ങൾ തകർത്ത് പള്ളിയുണ്ടാക്കി എന്നു പറഞ്ഞാൽ തകർത്തുവെന്ന് തെളിയിക്കണമെന്നും മീനാക്ഷി വാദിച്ചു. ബാബരി കേസിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്.

എല്ലാം തകർത്തു എന്നു പറയാൻ കൃത്യമായ തെളിവ് വേണമെന്നും തകർത്തതിന്റെ അടയാളം വേണമെന്നും മീനാക്ഷി അറോറ പറഞ്ഞപ്പോൾ, എല്ലാം തകർത്താൽ പിന്നെ എന്ത് അടയാളമാണ് ബാക്കിയാകുക എന്ന് ജസ്റ്റിസ് ചന്ദ്രചൂഡും ചോദിച്ചു.സോമനാഥ് ക്ഷേത്രം തകർത്തതിന്റെ അടയാളം ഉണ്ടായിരുന്നുവെന്നായിരുന്നു മീനാക്ഷിയുടെ മറുപടി. രാമജന്മഭൂമിയിലെ ക്ഷേത്രങ്ങൾ തകർത്ത് പള്ളിയുണ്ടാക്കി എന്നു പറഞ്ഞാൽ തകർത്തുവെന്ന് തെളിയിക്കണമെന്നും മീനാക്ഷി വാദിച്ചു.

'ഈ നിൽക്കുന്ന സുപ്രീംകോടതി വരെ ഏതെങ്കിലും നാഗരികതകളുടെ അവശിഷ്ടങ്ങൾക്കു മുകളിലാകും പണിതിട്ടുണ്ടാകുക. നമ്മൾ ഈ നിൽക്കുന്നത് മണ്ണടിഞ്ഞ നാഗരികതകൾക്കു മുകളിലാണ്. അവയെല്ലാം തിരിച്ച് കൊടുക്കണമെന്നു പറയുമോ. തരിശായി കിടക്കുന്ന സ്ഥലത്ത് പള്ളിയുണ്ടാക്കിയശേഷം അവിടെ നേരത്തേ ക്ഷേത്രമുണ്ടായിരുന്നു എന്നു പറഞ്ഞാൽ എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ അതംഗീകരിക്കുക. എത്ര നൂറ്റാണ്ട് കഴിഞ്ഞാണ് ബാബരി ഭൂമിക്കുമേൽ അവകാശവാദം ഉന്നയിക്കുന്നത്'' എന്ന് മീനാക്ഷി വാദിച്ചപ്പോൾ ജസ്റ്റിസ് ബോബ്‌ഡെ ഇടപെട്ടു. ഇത്രയും പ്രാധാന്യമുള്ള ക്ഷേത്രം പൊളിഞ്ഞുവീഴാൻ ഏതായാലും വിശ്വാസികൾ സമ്മതിക്കില്ലെന്നും, അതിനാൽ അത് തകർത്തതാണ് എന്ന് കരുതിക്കൂടെ എന്ന് അദ്ദേഹം ചോദിച്ചു. ആരും ആരാധിക്കാൻ പോലും ഇല്ലാതെ ക്ഷേത്രം പൊളിഞ്ഞുപോയാൽ എങ്ങനെയാണ് അത് തകർത്തതാണ് എന്നു പറയുക എന്ന് മീനാക്ഷി തിരിച്ചുചോദിച്ചു.

അമ്പലത്തിന്റെ മുകളിലാണെന്ന് പണിതതെന്ന് പറയാൻ തെളിവ് വേണം

നേരത്തെ ബാബരി മസജിദ് ക്ഷേത്രത്തിന്റെയോ ഹിന്ദു ആരാധനാ മന്ദിരത്തിന്റെയോ അവശിഷട്ങ്ങൾക്ക് മുകളിലാണ് പണിതതെന്ന വാദത്തിന് തെളിവ് കൊണ്ടുവരാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ബാബരി ഭുമി കേസിൽ ഹിന്ദുപക്ഷത്ത രാമവിഗ്രഹത്തിനു വേണ്ടി വാദം തുടരുന്ന അഡ്വ. സി.എസ്. വൈദ്യനാഥനോടാണ ചീഫ് ജസറ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിലെ രണ്ട് ജഡ്ജിമാർ ഈ ആവശ്യമുന്നയിച്ചത.

കഴിഞ്ഞ രണ്ട് സഹസ്രാബദങ്ങളായി വിവിധ നാഗരികതകൾ നദീതീരങ്ങളിൽ വസിക്കുകയും വാസസ്ഥലം മാറ്റുകയും ചെയതിട്ടുണ്ട് എന്ന ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് രാമവിഗ്രഹത്തിന്റെ അഭിഭാഷകനെ ഓർമിപ്പിച്ചു. നേരത്തെയുള്ള കെട്ടിടങ്ങളിലായിരുന്നു പല നാഗരികതകളും വാസസ്ഥലങ്ങൾ പണിതത്. എന്നാൽ, തകർത്ത ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണ ബാബരി മസജിദ് നിർമ്മിച്ചതെന്നതിനുള്ള തെളിവാണ് വേണ്ടതെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ പറഞ്ഞു. ബാബറി മസ്ജിദിനടിയിലുണ്ടായിരുന്ന കെട്ടിടം ഷേത്രമായിരുന്നുവെന്നും അത് ശ്രീരാമന്റേതായിരുന്നുവെന്നുമാണ്തെളിയിക്കേണ്ടതെന്ന് ജസറ്റിസ് എസ്.എ. ബോബഡെയും വൈദ്യനാഥനോട് ആവശ്യപ്പെട്ടു.

ബി.സി രണ്ടാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന നിലവറ ബാബരി മസജിദ് നിന്ന കെട്ടിടത്തിനടിയിൽ പുരാവവസതു വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും ഇതിന് വൈദ്യനാഥൻ മറുപടി നൽകി. കൊത്തുപണികളുള്ള തൂണുകളും തേച്ചുമിനുക്കിയ ചുമരുകളും കാലഗണനക്കുള്ള തെളിവായി പുരാവസതു വകുപ്പ് അംഗീകരിച്ചിട്ടുണ്ട. ബാബരി മസ്ജിദ് തകർക്കുന്നതിന മുമ്പ നടത്തിയ പര്യവേക്ഷണത്തിൽ പുരാവസ്തു വകുപ്പ് കണ്ടെടുത്ത ശിൽപങ്ങളുടെയും രൂപങ്ങളുടെയും ചിത്രങ്ങൾ വൈദ്യനാഥൻ സുപ്രീംകോടതിക്ക് സമർപ്പിച്ചു. അവിടെനിന്ന കണ്ടെടുത്ത ചിത്രങ്ങളും ശിൽപങ്ങളും ഇസ്ലാമികമായ പാരമ്പര്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന അദ്ദേഹം വാദം തുടർന്നു.

പള്ളികളിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ചിത്രങ്ങളുണ്ടാകില്ല. ബാബരി മസ്ജിദിന്റെ കെട്ടിടത്തിൽ തന്നെ ഇവയുണ്ടായിരുന്നതിനാൽ അത്ര പള്ളിയല്ലെന്ന തീർത്തുപറയാൻ കഴിയും. അതിനാൽ മുസലിംകൾ പ്രാർത്ഥിച്ചിരുന്നു എന്ന കാരണംകൊണ്ട മാത്രം മുസലിംകൾക്ക് ആ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം നൽകാനാവില്ല. ഒരു തെരുവിൽ നമസ്‌ക്കരിച്ചതുകൊണ്ട ആ തെരുവ് പള്ളിയാകില്ല. അവിടെ നടന്ന പര്യവേക്ഷണത്തിൽ മുസ്ലിം കലാരൂപങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP