Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കനത്ത സുരക്ഷയിൽ അയോധ്യ; ശൗര്യ ദിനമായി വിഎച്ചപിയും കരിദിനമായി മുസ്ലിം സംഘടനകളും ആചരിക്കുമ്പോൾ 18ന് വീണ്ടും ഗീതാ ജയന്തിക്കും അണിയറയിൽ ഒരുക്കം; ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്ന് 26 വർഷം തികയുന്നു

കനത്ത സുരക്ഷയിൽ അയോധ്യ; ശൗര്യ ദിനമായി വിഎച്ചപിയും കരിദിനമായി മുസ്ലിം സംഘടനകളും ആചരിക്കുമ്പോൾ 18ന് വീണ്ടും ഗീതാ ജയന്തിക്കും അണിയറയിൽ ഒരുക്കം; ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടിട്ട് ഇന്ന് 26 വർഷം തികയുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ മതേതരസങ്കല്പത്തിന് പേരുദോഷം ചാർത്തിയ ബാബ്‌റി മസ്ജിദ് സംഭവത്തിന് ഇന്ന് 26 വർഷം പൂർത്തിയാകുന്നു. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ആസന്നമായിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പും ബാബ്‌റി മസ്ജിദ് പ്രശ്‌നത്തിന് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നു എന്നതാണ് ഈ വാർഷികത്തിന്റെ പ്രത്യേകതയും. അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടതിന്റെ വാർഷികത്തിൽ വിവാദഭൂമി കനത്ത സുരക്ഷയിലാണ്. ശൗര്യ ദിനമായി വിഎച്ച്പിയും കരിദിനമായി മുസ്ലിം സംഘടനകളും ഈ ദിവസം ആചരിക്കുമ്പോൾ അതിലുമപ്പുറം ബാബ്‌റി മസ്ജിദ് പ്രശ്‌നം മുഖ്യ തെരഞ്ഞെടുപ്പു പ്രചാരണമായി ഉയർത്തിപ്പിടിക്കാനായിരുന്നു ബിജെപിയുടെ ശ്രമം.

മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിന്മേലുള്ള തകർക്കമാണ് പ്രശ്‌നത്തിന്റെ അടിസ്ഥാനം. 1992 ഡിസംബർ ആറിന് മസ്ജിദ് കർസേവകരാൽ തകർക്കപ്പെട്ടപ്പോൾ മൂവായിരത്തിലധികം പേർ കൊല്ലപ്പെടുകയും അത് രാജ്യം കണ്ട വലിയ കലാപമായി തീരുകയും ചെയ്തു. മസ്ജിദ് ഇടിച്ചു തകർക്കാൻ നേതൃത്വം നൽകിയത് ബിജെപിയിലെ മുതിർന്ന നേതാക്കളായിരുന്നു എന്നതായിരുന്നു ഇന്ത്യൻ മനസ്സാക്ഷിയെ ഞെട്ടിച്ച വസ്തുത. അതോടെ രാജ്യത്ത് ഹിന്ദു-മുസ്ലിം ഭിന്നത രൂക്ഷമാകുകയും ചെയ്തു.

ആയുധധാരികളായ കർസേവകർ മസ്ജിദ് തകർത്ത് കാൽനൂറ്റാണ്ടാകുമ്പോഴും കേസിന്റെ വിചാരണ പൂർത്തിയാകുകയോ ആരെയും ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. ബിജെപിയിലെ മുതിർന്ന നേതാക്കളായ എൽ.കെ.അഡ്വാനി, മുരളിമനോഹർ ജോഷി, ഉമാഭാരതി, വിഎച്ച്പി നേതാവ് വിനയ് കത്യാർ എന്നീ 12 പേർക്കെതിരായ വിചാരണ ഇപ്പോഴും തുടരുകയാണ്.

ശൗര്യ ദിനമായി ഇന്ന് വിഎച്ച്പി ആചരിക്കുമ്പോഴും പതിനെട്ടിന് ഗീതാ ജയന്തി ആഘോഷിക്കാനും തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. മഹാഭാരത യുദ്ധത്തിൽ അർജുനനോട് ശ്രീകൃഷ്ണൻ ഗീത വെളിപ്പെടുത്തിയ ദിനമാണ് ഗീതാ ജയന്തിയായി ആഘോഷിക്കുന്നത്. ലക്ഷക്കണക്കിന് ആൾക്കാർ പങ്കെടുത്ത നവംബർ 25ലെ ധർമസഭകൾക്കു ശേഷമാണ് വീണ്ടും ശൗര്യ ദിനവും ഗീതാ ജയന്തിയുമൊക്കെ ആഘോഷിക്കാൻ വിഎച്ച്പി തീരുമാനിച്ചത്.

സിആർപിഎഫ്, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥർ എന്നിവരെക്കൂടാതെ രണ്ടായിരത്തഞ്ഞൂറോളം പൊലീസുകാരേയും വിവാദഭൂമിയിലും പരിസരത്തുമായി വിന്യസിപ്പിച്ചിട്ടുണ്ട്. വാഹനങ്ങൾ, ഹോട്ടലുകൾ, ധർമശാലകൾ തുടങ്ങിയവ പൊലീസ് പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ അയോധ്യയിൽ നടക്കുന്നതിനാൽ കലാപം ഉണ്ടാകാനുള്ള പഴുതുകളടച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ലക്ഷങ്ങൾ പങ്കെടുത്ത നവംബർ 25ലെ ധർമസഭയും സമാധാനപരമായി നടക്കുകയായിരുന്നു.

വിവാദഭൂമിയിൽ 25ഓളം കമ്പനി പൊലീസ് ഉദ്യോഗസ്ഥരും പിഎസി ഉദ്യോഗസ്ഥരും സ്ഥിരമായി ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും അതിനാൽ ഒരുപരിധി വരെ അനിഷ്ഠ സംഭവങ്ങൾ ഒഴിവാക്കാറുണ്ടെന്നും അയോധ്യയുടെ മേയർ റിഷികേശ് ഉപാധ്യായ വെളിപ്പെടുത്തുന്നു. ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടതിന്റെ സ്മരണയ്ക്ക് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കരിദിനമായാണ് ഇന്ന് ആചരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് സെമിഫൈനൽ എന്നു വിശേഷിപ്പിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ മുഖ്യപ്രചാരണ വിഷയവും അയോധ്യ തന്നെയായിരുന്നു. ബിജെപി വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ രാമക്ഷേത്രം പണിയുമെന്ന് തന്നെയാണ് അവകാശ വാദം. ഇതിനിടെ വിഎച്ച്പി, ബജ്രംഗ്ദൾ തുടങ്ങിയ ഘടകകക്ഷികൾ രാമക്ഷേത്ര നിർമ്മാണത്തിന് മുന്നിട്ടിറങ്ങിയതും അയോധ്യപ്രശ്‌നത്തെ വീണ്ടും വാർത്തകളിൽ കൊണ്ടുവന്നു. രാമക്ഷേത്രനിർമ്മാണത്തിന് നിയമം കൊണ്ടുവരികയോ ഓർഡിനൻസ് ഇറക്കുകയോ ചെയ്യണമെന്ന് വിഎച്ച്പി കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തുന്നുണ്ട്. രാം ജ•-ഭൂമി-ബാബറി മസ്ജിദ് വിവാദത്തിൽ അടുത്ത ജനുവരിയിലാണ് സുപ്രിം കോടതിയിൽ വാദം കേൾക്കാനിരിക്കുന്നത്.

രാമക്ഷേത്ര നിർമ്മാണത്തിന് വിഎച്ച്പിക്കൊപ്പം ശിവസേനയും മുന്നിട്ടിറങ്ങിയത് ബിജെപിയിലും തന്നെ ഭിന്നത ഉളവാക്കിയിട്ടുണ്ട്. ശിവസേനയുടെ നേതാവ് ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ 25ന് ധർമസഭ അയോധ്യയിൽ അരങ്ങേറിയത്. അയോധ്യാ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യമായി കുറ്റപ്പെടുത്തി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ നടത്തിയ റാലി ബിജെപിക്ക് ദേശീയ തലത്തിൽ വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. രാമക്ഷേത്ര നിർമ്മാണം ബിജെപി തുറുപ്പുചീട്ടാക്കി വച്ചിരിക്കേ ഈ വിഷയം ശിവസേന ഏറ്റെടുത്തതിനെ ബിജെപി നേതാക്കൾ തന്നെ വിമർശനവുമായി എത്തിയതാണ് ഭിന്നിപ്പ് മറനീക്കി പുറത്തുവരാൻ കാരണം. എന്നാൽ ഉദ്ധവ് താക്കറെയെ പിന്തുണച്ചു കൊണ്ട് കേന്ദ്രമന്ത്രി ഉമാ ഭാരതിയും എത്തിയതോടെ നേതാക്കൾ രണ്ടുതട്ടിലാണെന്നും വ്യക്തമായി.

രാമക്ഷേത്രത്തിന്റെ കാര്യത്തിൽ ബിജെപിക്ക് മാത്രമായി പേറ്റന്റ് ഇല്ലെന്നും രാമൻ എല്ലാവരുടേതുമാണെന്നുമാണ് ഉമാ ഭാരതി വ്യക്തമാക്കിയത്. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉമാ ഭാരതി രാമക്ഷേത്ര കലാപവുമായി ബന്ധപ്പെട്ട് മുന്നിൽ നിന്നയാളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP