Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ

പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിർഭയാ കേസിൽ പോരാട്ടത്തിന്റെ മുഖമാണ് അവീന്ദ്ര പാണ്ഡെ. കേസിലെ മുഖ്യസാക്ഷി. ഡൽഹിയിൽ കമ്പനി ജീവനക്കാരനായിരുന്നു അവീന്ദ്ര പാണ്ഡേയ്ക്കൊപ്പം ലൈഫ് ഓഫ് പൈ സിനിമ കണ്ട് സെക്കൻഡ്ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന രാത്രിയിലായിരുന്നു അക്രമികൾ ഇരുവരേയും ബസിലേക്ക് വിളിച്ചുകയറ്റിയതും നിർഭയയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം രണ്ട് പേരേയും ബസിനുള്ളിൽ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞതും. കേസിലെ മുഖ്യസാക്ഷിയായിരുന്നു അവീന്ദ്ര പാണ്ഡെ. മൊഴി നൽകുമ്പോൾ പലപ്പോഴും പൊട്ടിക്കരഞ്ഞ അവീന്ദ്ര ഇന്ന് വിധി നടപ്പായതിന്റെ ആശ്വാസത്തിലാണ്. ബസിലുണ്ടായത് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത രംഗമായിരുന്നെന്നാണ് അരവിന്ദ് പാണ്ഡെ പ്രതികരിച്ചത്. യുപി സ്വദേശിയാണ് അവീന്ദ്ര പാണ്ഡെ. ഡൽഹിയിലെ കമ്പനിലാണ് ജോലി ചെയ്തിരുന്നത്. മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന നിർഭയ ജീവിക്കാൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് അരവിന്ദ് പാണ്ഡെ തിരിച്ചറിഞ്ഞിരുന്നു.

പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാനുള്ള നിയമ പോരാട്ടത്തിൽ സജീവമായിരുന്നു അവീന്ദ്ര പാണ്ഡെ എന്ന അവീന്ദ്ര പ്രതാപ് പാണ്ഡെ. അത് ഉറപ്പാക്കിയ ശേഷം പതിയെ വാർത്തകളിൽ നിന്ന് പിൻവാങ്ങി. നിർഭയയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെടാനുള്ള സാധ്യതകൾ പോലും നിരസിച്ചു. അതുകൊണ്ട് തന്നെ പ്രതികൾ ശിക്ഷിക്കപ്പെടുമ്പോൾ അവീന്ദ്ര പാണ്ഡെ എന്തു പറയുമെന്ന് അറിയാൻ രാജ്യത്തിനും താൽപ്പര്യമുണ്ട്. എന്നാൽ നീതി ജയിച്ച സന്തോഷത്തിന്റെ നിശബ്ദതയിലാണ് ഈ യുവാവ്.

സ്ത്രീകൾക്കെതിരേ രാജ്യത്ത് നടക്കുന്ന അക്രമത്തിൽ സമാനതകളില്ലാത്ത പ്രതിഷേധവും ഡൽഹി കൂട്ട ബലാത്സംഗ കേസിന് ശേഷം രാജ്യം കണ്ടു. 15 വർഷം തുടർച്ചയായി ഭരിച്ച കോൺഗ്രസിന് കേന്ദ്രവും ഡൽഹി സംസ്ഥാനവുമെല്ലാം ഒറ്റയടിക്ക് നഷ്ടപ്പെടാനും നിർഭയ കാരണമായി. അങ്ങനെ നീതിയിലേക്കുള്ള വഴിയിൽ വിചാരണ നടന്നു. നിർഭയക്കേസിലെ നാലുപ്രതികളുടെ വധശിക്ഷ നടപ്പാക്കിയത് ഇന്ന് പുലർച്ചെയാണ്. തിഹാർ ജയിലിൽ രാവിലെ അഞ്ചരയ്ക്കാണ് പവൻ ഗുപ്ത, അക്ഷയ് സിങ്, വിനയ് ശർമ, മുകേഷ് സിങ് എന്നിവരെ ഒരുമിച്ച് തൂക്കിലേറ്റിയത്. ശിക്ഷ മാറ്റി വയ്ക്കണമെന്ന പവൻ ഗുപ്തയുടെ ഹർജി പുലർച്ചെ മൂന്നരയ്ക്ക് സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെ മരണവാറന്റ് അനുസരിച്ച് കൃത്യസമയത്ത് ശിക്ഷ നടപ്പാക്കി.

സുപ്രീം കോടതി തീരുമാനം വന്നതിനു പിന്നാലെ നാലരയോടെയാണ് പ്രതികളെ ജയിൽ അധികൃതർ ശിക്ഷ നടപ്പാക്കാനുള്ള അന്തിമ തീരുമാനം അറിയിച്ചത്. തുടർന്ന് സെല്ലിനു പുറത്തെത്തിച്ച് വൈദ്യ പരിശോധനയ്ക്കുശേഷം അഞ്ചേകാലിന് തൂക്കുമരത്തട്ടിലെത്തിച്ചു. മജിസ്‌ട്രേറ്റ് മരണവാറന്റ് പ്രതികളെ വായിച്ചുകേൾപ്പിച്ചു. കൃത്യം അഞ്ചരയ്ക്ക് ജയിൽ സൂപ്രണ്ട് ശിക്ഷ നടപ്പാക്കാനുള്ള നിർദ്ദേശം ആരാച്ചാർക്ക് നൽകി. ശിക്ഷ നടപ്പാക്കിയ സമയം ജയിലിന് പുറത്ത് ജനക്കൂട്ടം ആഹ്ലാദാരവങ്ങൾ മുഴക്കി. അപ്പോഴും ഏവരും ചിന്തിച്ചത് അവീന്ദ്ര പാണ്ഡയെ കുറിച്ചാണ്.

അവീന്ദ്ര നേരത്തെ നൽകിയ അഭിമുഖം ഇങ്ങനെ

സീന്യൂസിനനുവദിച്ച അഭിമുഖത്തിൽ അന്ന് എന്താണ് സംഭവിച്ചതെന്ന് അവീന്ദ്ര പാണ്ഡെ വ്യക്തമാക്കിയിരുന്നു. സംഭവശേഷം അവൾ ജീവിക്കാനാഗ്രഹിച്ചിരുന്നു. ഡിസംബർ 16ന് ശേഷം നിരവധി കാര്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ പലരും പല രീതിയിലാണ് സംഭവങ്ങളെ ജനങ്ങൾക്ക് മുൻപിലെത്തിക്കുന്നത്. അന്ന് രാത്രി എന്ത് സംഭവിച്ചുവെന്ന് എനിക്ക് പറയണം. എനിക്കെന്ത് സംഭവിച്ചു, എന്റെ സുഹൃത്തിനെന്ത് സംഭവിച്ചുവെന്ന് എനിക്ക് പറയണം അവീന്ദ്ര പറഞ്ഞു. തന്റേയും പെൺകുട്ടിയുടേയും അനുഭവം മറ്റുള്ളവർക്ക് പാഠമാകണമെന്നും എന്നാൽ മാത്രമേ അപകടത്തിൽ പെടുന്ന മറ്റൊരാളെ രക്ഷിക്കാൻ ഒരാൾക്ക് കഴിയൂവെന്നും അവീന്ദ്ര വ്യക്തമാക്കി.

അക്രമികൾ തന്നേയും സുഹൃത്തിനേയും ബസിനുള്ളിൽ നിന്ന് പുറത്തേയ്ക്കെറിയുന്നത് കണ്ടിട്ടും ഒരാളുപോലും തിരിഞ്ഞുനോക്കിയില്ല. പൊലീസെത്തിയിട്ടും രണ്ട് മണിക്കൂറിനുശേഷമാണ് തന്നേയും പെൺകുട്ടിയേയും ആശുപത്രിയിലെത്തിച്ചത്. അന്ന് രാത്രി ബസ് കാത്തുനിന്ന ഞങ്ങളെ അവർ വിളിച്ച് ബസിൽ കയറ്റുകയായിരുന്നു. കർട്ടനിട്ട് ജനാലകൾ ഭദ്രമാക്കിയ നിലയിലായിരുന്നു ബസ്. ഇരുമ്പ് വടികൊണ്ട് ഞങ്ങളെ ക്രൂരമായി മർദ്ദിച്ചു. ഞങ്ങളുടെ വസ്ത്രങ്ങളും കൈവശമുണ്ടായിരുന്ന വസ്തുക്കളും അവർ പിടിച്ചുവാങ്ങി. അവർ ഇതിനുമുൻപും ഇതേ രീതിയിൽ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ട്. ബസിൽ കയറിയ ശേഷം ഞങ്ങളേയും കൊണ്ട് അവർ രണ്ടര മണിക്കൂറോളം യാത്രചെയ്തു. ഞങ്ങൾ ബഹളം വച്ച് ആളുകളുടെ ശ്രദ്ധയാകർഷിക്കാൻ ശ്രമിച്ചു. എന്നാൽ പ്രതികൾ ബസിനുള്ളിലെ ലൈറ്റുകൾ കെടുത്തിക്കളഞ്ഞു. അവരെ പ്രതിരോധിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. അവൾ അവരെ ഇടിക്കുകയും ചവിട്ടുകയും ചെയ്തു. അവൾ എന്നെ രക്ഷിക്കാൻ ശ്രമിച്ചു. പൊലീസ് കൺട്രോൾ റൂമിലെ 100 എന്ന നമ്പർ അവൾ ഡയൽ ചെയ്യാൻ ശ്രമിച്ചു. എന്നാൽ അവർ അവളുടെ മൊബൈൽ പിടിച്ചുവാങ്ങി അവീന്ദ്ര പറഞ്ഞു.

ബസിൽ നിന്നും പുറത്തേയ്ക്കെറിഞ്ഞ ഞങ്ങളുടെ ദേഹത്ത് ബസ് കയറ്റി കൊല്ലാൻ ശ്രമിച്ചു. എന്നാൽ അപ്പോഴേക്കും ഞാൻ അവളെ പിടിച്ചുവലിച്ച് റോഡിൽ നിന്നും തെന്നിമാറി. ആ സമയത്ത് ഞങ്ങൾ നഗ്നരായിരുന്നു. അതുവഴി വന്ന നിരവധി വാഹനങ്ങൾ ഞങ്ങൾ നിറുത്താൻ ശ്രമിച്ചു. എന്നാൽ വാഹനങ്ങളുടെ വേഗം കുറച്ച് നിരവധി പേർ കാഴ്ചക്കാരെപോലെ കടന്നുപോയി. ഏതാണ്ട് 25 മിനിറ്റോളം അതേ നിലയിൽ തുടർന്നു. നിരവധി ഓട്ടോ റിക്ഷകളും കാറുകളും ബൈക്കുകളും കടന്നുപോയി. പട്രോളിങ് നടത്തിയിരുന്ന രണ്ട് പേരാണ് പൊലീസിൽ വിവരമറിയിച്ചത്. 45 മിനിറ്റിനുശേഷം മൂന്ന് പൊലീസ് വാഹനങ്ങൾ അവിടെയെത്തി. എന്നാൽ സംഭവം ഏത് പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുമെന്ന സംശയത്തെതുടർന്ന് കുറേ സമയം വെറുതേ പോയി. സംഭവമറിഞ്ഞ് വന്നെത്തിയ പൊലീസോ കാഴ്ചക്കാരോ ആരും തന്നെ ഞങ്ങൾക്ക് വസ്ത്രങ്ങൾ തരികയോ ആംബുലൻസ് വിളിക്കുകയോ ചെയ്തില്ല. എല്ലാവരും കാഴ്ചക്കാരെപോലെ ഞങ്ങളെ നോക്കിനിന്നു. പലവട്ടം യാചിച്ച ശേഷം ആരോ ഒരാൾ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു. അതുകൊണ്ട് ഞങ്ങൾ നാണം മറച്ചു. ആ സമയമത്രയും അവളുടെ രഹസ്യഭാഗത്തുകൂടി ചോരയൊഴുകുന്നുണ്ടായിരുന്നു. സമീപത്തെ ഏതെങ്കിലും ആശുപത്രിയിൽ ഞങ്ങളെ എത്തിക്കുന്നതിനുപകരം ദൂരെയുള്ള ആശുപത്രിയിലേയ്ക്ക് ഞങ്ങളെ കൊണ്ടുപോയി.

അമിതമായി ചോരയൊലിക്കുന്ന അവളെ തൊടാൻ പൊലീസുകാർ പോലും ഭയപ്പെട്ടു. ഞാൻ തനിയെയാണ് അവളെ പൊലീസ് വാഹനത്തിൽ കയറ്റിയത്. ഈ സമയമത്രയും അവിടെ തടിച്ചുകൂടിയ ഒരാൾ പോലും ഞങ്ങളെ സഹായിക്കാൻ മുൻപോട്ട് വന്നില്ല. ഒരു പക്ഷേ കേസിൽ സാക്ഷിപറയാനുള്ള മടികാരണമാകാം ആരും തിരിഞ്ഞുനോക്കാതിരുന്നത്. ആശുപത്രിയിലെത്തിയിട്ടും ഞങ്ങൾക്ക് കാത്തിരിക്കേണ്ടിവന്നു. ഒരാൾ പോലും ഞങ്ങൾക്ക് ധരിക്കാൻ വസ്ത്രം തന്നില്ല. ഒടുക്കം ഒരാളുടെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി ഞാൻ എന്റെ വീട്ടിലേയ്ക്ക് വിളിച്ചു. എനിക്ക് വാഹനാപകടത്തിൽ പരിക്ക് പറ്റിയെന്നാണ് എന്റെ പിതാവിനോട് ഞാൻ പറഞ്ഞത്.

എന്റെ വീട്ടുകാർ എത്തിയ ശേഷമാണ് ആശുപത്രിയിൽ എനിക്ക് ചികിൽസ ലഭിച്ചത്. ഇരുമ്പ് വടികൊണ്ട് എനിക്ക് തലയ്ക്ക് ശക്തമായ അടിയേറ്റിരുന്നു. എനിക്ക് നടക്കാൻ പോലുമാകില്ലായിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് എനിക്ക് കൈകൾ ഉയർത്താൻ കഴിഞ്ഞത്-ഇതായിരുന്നു അവീന്ദ്രയുടെ വെളിപ്പെടുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP