Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലണ്ടൻ പാർലമെന്റിലെ അവാർഡുമായി മടങ്ങി വന്ന രാജീവ് ജോസഫിന് കേരളത്തിൽ അങ്ങോളം ഇങ്ങോളം അവാർഡുകളുടെ പെരുമഴ; കടലാസ് സംഘടനയുമായി കെപി യോഹന്നാനും വേണ്ടി വിമാനത്താവളം നിർമ്മിക്കാൻ ഇറങ്ങി പുറപ്പെട്ട രാജീവിനൊപ്പം എന്നറിയിച്ച് കൈരളിയും നൽകി അവാർഡൊന്ന്; മമ്മൂട്ടിയിൽ നിന്നും അവാർഡ് വാങ്ങുന്ന ചിത്രം പണം പിരിക്കാനും ഉപയോഗിക്കുമെന്ന് ആരോപണം

ലണ്ടൻ പാർലമെന്റിലെ അവാർഡുമായി മടങ്ങി വന്ന രാജീവ് ജോസഫിന് കേരളത്തിൽ അങ്ങോളം ഇങ്ങോളം അവാർഡുകളുടെ പെരുമഴ; കടലാസ് സംഘടനയുമായി കെപി യോഹന്നാനും വേണ്ടി വിമാനത്താവളം നിർമ്മിക്കാൻ ഇറങ്ങി പുറപ്പെട്ട രാജീവിനൊപ്പം എന്നറിയിച്ച് കൈരളിയും നൽകി അവാർഡൊന്ന്; മമ്മൂട്ടിയിൽ നിന്നും അവാർഡ് വാങ്ങുന്ന ചിത്രം പണം പിരിക്കാനും ഉപയോഗിക്കുമെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആറന്മുള അടഞ്ഞ അധ്യായം ആയതോടെ എരുമേലിയിലെ വിമാനത്താവള ചർച്ചകൾ കൂടുതൽ സജീവമായി. സർക്കാർ തലത്തിൽ ഒരു തീരുമാനം വരുന്നതിന് മുമ്പായി തന്നെ രാജീവ് ജോസഫും സംഘവും പണപ്പിരിവ് തുടങ്ങി. കെഎം മാണിക്ക് ശേഷം ബ്രിട്ടീഷ് പാർലമെന്റിൽ വച്ച് സ്വീകരണം ലഭിച്ചുവെന്ന് വലിയവായിൽ വിളമ്പി ഒടുവിൽ എത്തിയത് എരുമേലിയിലെ വിമാനത്താവളത്തിന്റെ ശിൽപ്പിയെന്ന് പറഞ്ഞ് സ്വയം അവകാശപ്പെട്ട് രംഗത്തെത്തിയ രാജീവ് ജോസഫായിരുന്നു. ലണ്ടനിലെ ഈ അവാര്ഡിന് ശേഷം രാജീവ് ജോസഫിന് അവാർഡുകളുടെ പെരുമഴയാണ്. കൈരളി ടിവിയുടെ പിന്തുണയോടെയായിരുന്നു രാജീവ് ജോസഫിന്റെ തുടക്കം. ബിലിവേഴ്‌സ് ചർച്ച് ബിഷപ്പ് കെ പി യോഹന്നാന്റെ എസ്‌റ്റേറ്റുകൾ വാങ്ങി എയർപോർട്ടുണ്ടാക്കുകയാണ് ലക്ഷ്യം.

ഇതിനുള്ള പണം പിരിക്കാൻ നല്ല ഇമേജ് വേണം. സർക്കാരിന്റെ ഭാഗമാണ് കൈരളി ടിവിയുമെന്നാണ് വയ്പ്. സിപിഐ(എം) നിയന്ത്രണത്തിലെ ഈ ചാനലിന്റെ ആളായി ചമഞ്ഞായിരുന്നു വരവ്. വിമാനത്താവളത്തിന്റെ പരസ്യം കൈരളിയിൽ എപ്പോഴും കാണുകയും ചെയ്യും. ഇതോടെ സർക്കാരിന്റെ താൽപ്പര്യം 'ഇൻഡോ ഹെറിറ്റേജ് ഇന്റർനാഷണൽ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിൽ പത്തനംതിട്ടയിൽ രൂപീകരിച്ച വിമാനത്താവള കമ്പനിയ്‌ക്കൊപ്പമാണെന്ന് വരുത്താനുമായില്ല. ഇതിനിടെ കള്ളക്കളികൾ പലവിധത്തിൽ പുറത്തുവന്നു. ഇതിന് പരിഹാരമെന്നോണമാണ് അവാർഡുകളിലൂടെ ഇമേജ് ഉയർത്താനുള്ള ശ്രമം. ഇവിടേയും കൈരളിയും രാജീവ് ജോസഫിന് താങ്ങും തണലുമാകുന്നു. പ്രവാസികൾ ഏറെയുള്ള പത്തനംതിട്ട ജില്ലയിലേക്ക് ഒഴുകിയെത്തുന്ന പ്രവാസി പണം കണ്ടു പദ്ധതികളുമായി നീങ്ങുന്ന രാജീവ് ജോസഫിന് കൈരളിയും അവാർഡ് നൽകി. ചാനൽ ചെയർമാൻ മമ്മൂട്ടിയാണ് അവാർഡ് നൽകിയതും.

ഒരു ലക്ഷത്തിൽപ്പരം സാധാരണക്കാരായ കർഷകരുടേയും പ്രവാസികളുടേയും നേതൃത്വത്തിൽ, മധ്യ തിരുവിതാംകൂറിൽ, 'ഇൻഡോ -ഹെറിറ്റേജ് ഇന്റർനാഷണൽ ഏറോപോളിസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിൽ, ഒരു ജനകീയ എയർപോർട്ട് പദ്ധതിക്കായി പരിശ്രമം നടത്തുന്ന, 'ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ' പ്രസിഡണ്ട് ശ്രീ. രാജീവ് ജോസഫിന് കൈരളി - പീപ്പിൾ ടിവിയുടെ 'പ്രത്യേക പുരസ്‌കാരം' എന്നതരത്തിൽ വാർത്ത വരുത്താനായിരുന്നു ഈ നാടകമെന്ന് വ്യക്തവുമാണ്. പീപ്പിൾ ടിവിയുടെ നേതൃത്വത്തിൽ ആലപ്പുഴ റമദാ ഹോട്ടലിൽ നടന്ന 'കതിർ' അവാർഡ്ദാന ചടങ്ങിൽ വച്ച്, കൈരളി ചാനലിന്റെ മാനേജിങ് ഡയറക്ടറും മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുമായ ജോൺ ബ്രിട്ടാസ്, മുൻ എംപിയും കൈരളി ചാനൽ ഡയറക്ടറുമായ എ .വിജയരാഘവൻ, ആലപ്പുഴ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ തോമസ് ജോസഫ്, സി.പിഐ (എം) ജില്ലാ സെക്രട്ടറി സജി ചെറിയാൻ തുടങ്ങീ നിരവധി പ്രമുഖരുടെ സാന്നിദ്ധ്യത്തിലാണ് ഇൻഡോ -ഹെറിറ്റേജ് ജനകീയ വിമാനത്താവളപദ്ധതിക്കുവേണ്ടി രാജീവ് ജോസഫ് പുരസ്‌കാരം ഏറ്റുവാങ്ങിയതെന്നാണ് ഔദ്യോഗികമായി രാജീവ് ജോസഫിന് വേണ്ടി നടക്കുന്ന പ്രചരണം.

മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുണ്ട്. പുറമേ അവാർഡ് നൽകുന്നത് മമ്മൂട്ടിയും. ഈ ചിത്രങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്ത് പ്രവാസി പണം തട്ടാൻ രാജീവ് ജോസഫ് ശ്രമിക്കുമെന്ന ആരോപണവും ഉണ്ട്. ഡിസംബർ അവസാനവാരം കൈരളി ടിവി റാന്നിയിൽ നടത്തിയ റാന്നിഫെസ്റ്റിൽ മുഖ്യ സ്‌പോൺസർമാരായി എത്തിയ രാജീവ് ജോസഫിന്റെ കമ്പനി ഫെസ്റ്റിവൽ വേദിയിൽവച്ച് വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുകയും അതിലൂടെ കമ്പനിയുടെ ഷെയർ എടുക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചുതുടങ്ങുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് വിമാനത്താവള കമ്പനിയുടെ കാര്യം പുറംലോകം അറിഞ്ഞത്. അത് കഴിഞ്ഞാണ് മുഖ്യമന്ത്രി പോലും എരുമേലി വിമാനത്താവള പദ്ധതിയെ കുറിച്ച് പ്രതികരിച്ചത്. തുടക്കം മുതൽ ഇടത് സർക്കാരും സിപിഎമ്മും തന്നോടൊപ്പമുണ്ടെന്ന് തെളിയിക്കാനാണ് കൈരളി ടിവിയെ കൂട്ടുപിടിച്ചതെന്ന വാദം സജീവമാണ്. ഇത് ശക്തമാക്കുന്നതാണ് കൈരളിയുടെ അവാർഡ് ദാനവും.

ഇതിനൊപ്പം മറ്റ് സംഘടനകളുടേയും അവാർഡുകൾ രാജീവ് ജോസഫിനെ തേടിയെത്തുകയാണ്. രാജീവ് ജോസഫിന് 'മലങ്കര കാത്തോലിക്കാ പുരസ്‌കാരം' കിട്ടിയതും ചർച്ചയാക്കുന്നുണ്ട്. മധ്യതിരുവിതാംകൂറിൽ ജനകീയ എയർപോർട്ട് പദ്ധതി കൊണ്ടുവരാനുള്ള ശ്രമങ്ങൾക്കാണ് പുരസ്‌കാരം എന്ന തരത്തിലാണ് പ്രചരണം. ഇതിലൂടെ സഭാ വിശ്വാസികളുടെ പിന്തുണ നേടാനാണ് ശ്രമം. സിപിഐ(എം) അനുകൂലികളുടേയും സഭാ വിശ്വാസികളുടേയും പിന്തുണയിലൂടെ ഓഹരി പിരിവ് ഊർജ്ജിതമാക്കാനാണ് ശ്രമം. കെപി യോഹന്നാന്റെ എസ്‌റ്റേറ്റ് വിലയ്ക്ക് വാങ്ങി വിമാനത്താവളമെന്ന തരത്തിലാണ് പ്രചരണം. നെടുമ്പാശ്ശേരി പോലെ വമ്പൻ ലാഭത്തിലാകുമെന്ന തരത്തിലാണ് കാശ് പിരിവ്. ആറന്മുള അടഞ്ഞ അധ്യായം ആയതോടെ എരുമേലിയിലെ വിമാനത്താവള ചർച്ചകൾ കൂടുതൽ സജീവമായിരുന്നു. എന്നാൽ, സർക്കാർ തലത്തിൽ ഒരു തീരുമാനം വരുന്നതിന് മുമ്പായി തന്നെ രാജീവ് ജോസഫും സംഘവും പണപ്പിരിവ് തുടങ്ങിയത് ഏറെ വിവാദങ്ങൾക്കും തുടക്കമായിട്ടുണ്ട്.

വിമാനത്താവള കമ്പനിയെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപനങ്ങൾക്കപ്പുറത്ത് ഒരു നടപടിയും ആരംഭിച്ചിട്ടില്ലെന്നിരിക്കെ ആ വിമാനത്താവളം തുടങ്ങുന്നത് ഞങ്ങളാണെന്ന പ്രഖ്യാപനവുമായി കടലാസു കമ്പനിയുടെ എംഡിയായ രാജീവ് ജോസഫ് രംഗത്തുവരികയും കമ്പനിയുടെ പേരിൽ ഷെയർ പിരിക്കാൻ നടപടി തുടങ്ങുകയും ചെയ്തിരിക്കുകയാണ്. വിമാനത്താവളത്തിന് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ട് എന്നു പേരുമിട്ട് അടുത്ത ദിവസം വരെ ഒരു ഫേസ്‌ബുക്ക് പേജുമാത്രം തുറന്ന് പ്രചരണം നടത്തി. ഇതിന് പിന്നാലെയാണ് വെബ്‌സൈറ്റ് വഴി പണം പിരിക്കുന്നത്. പ്രവാസികളെ ലക്ഷ്യമിട്ട് തന്നെയാണ് ഇപ്പോഴത്തെ നീക്കമെന്നത് വ്യക്തമാണ്. അതിന് ഉതകുന്ന വിധത്തിലാണ് വെബ്‌സൈറ്റിന്റെ പ്രവർത്തനവും. കോട്ടയം, പത്തനംതിട്ട ജില്ലകളിലായുള്ള പ്രവാസികളിൽ നിന്നും പണം പിരിക്കുന്നത് തുടങ്ങിയിരിക്കുന്നത്.

സർക്കാർ സ്ഥലം നൽകിയാൽ മതിയെന്നും 2500 കോടി രൂപ സ്വരൂപിച്ച് വിമാനത്താവളം നിർമ്മിക്കാൻ തയ്യാറാണെന്നും കാട്ടിയാണ് എയ്‌റോപോളിസ് സർക്കാരിനെ സമീപിച്ചിരിക്കുന്നത്. ഇത് അനുസരിച്ചാണ് ഇപ്പോഴത്തെ പണപ്പിരിവ് ഊർജ്ജിതമാക്കിയിരിക്കുന്നത്. സർക്കാരിന് 51 ശതമാനം ഓഹരി നൽകാമെന്നാണ് കമ്പനി പ്രചരിപ്പിക്കുന്നത്. എന്നാൽ, ഇത് തീരുമാനിക്കേണ്ടത് സർക്കാർ തന്നെയാണ്. നേരത്തേ ഇത്തരത്തിൽ ഒരു പ്രവർത്തനവും നടത്താതെ പത്തനംതിട്ടയിലെ വിലാസംവച്ച് കഴിഞ്ഞവർഷം നവംബറിൽ രജിസ്റ്റർ ചെയ്ത കമ്പനിയെ സർക്കാർ വിമാനത്താവളത്തിന്റെ നിർമ്മാണത്തിൽ ഇടപെടുവിക്കുമോ എന്ന കാര്യത്തിൽപോലും ഒരു ഉറപ്പുമില്ല. എന്നാലും കൈരളിക്ക് സ്‌പോൺസർഷിപ്പ് നൽകിയും മറ്റും ഇതിന് കളമൊരുക്കുകയും ഇപ്പോൾ സ്വകാര്യ കമ്പനിയായ എയ്‌റോപോളിസിനെ പബ്ലിക് ലിമിറ്റഡാക്കി മാറ്റി ഷെയർ സ്വരൂപിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് എംഡി രാജീവ് ജോസഫ് കരുനീക്കം നടത്തുന്നത്.

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ ബിഎസ്‌പിയുടെ സ്ഥാനാർത്ഥിയായിരുന്നു രാജീവ് ജോസഫ്. ഇതിനുശേഷം കോൺഗ്രസ്സുകാരനായി പ്രവർത്തിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിക്കൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കെ സി ജോസഫിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി രാജീവ് ജോസഫ് മത്സരിച്ചിരുന്നു. ഏഴുവർഷത്തിനുശേഷം വീണ്ടും മത്സരിക്കുമ്പോഴേക്കും രാജീവ് ജോസഫിന്റെ ആസ്തിയിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോഴത്തെ സത്യവാങ്മൂലം പ്രകാരം സ്വന്തം പേരിൽ 29,80,413 രൂപയുടെയും ഭാര്യ മോളി രാജീവിന്റെ പേരിൽ 12,09,584 രൂപയുടെയും ആസ്തിയുള്ളതായി കാണിച്ചിട്ടുണ്ട്. എന്നാൽ ഇൻകം ടാക്‌സ് റിട്ടേൺ സമർപ്പിച്ചിട്ടില്ലെന്ന വിവരവും സത്യവാങ്മൂലത്തിൽ കാണിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP