Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഴിമതിക്ക് ഒത്താശ ചെയ്ത് പതിവു പോലെ സർക്കാർ മൗനം പാലിച്ചു; വെറുതേ വിടില്ലെന്നുറപ്പിച്ച കോടതി ഉണർന്നു പ്രവർത്തിച്ചു; എവിടി പെരുനാട് തോട്ടത്തിലെ അനധികൃത മരംമുറി നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം

അഴിമതിക്ക് ഒത്താശ ചെയ്ത് പതിവു പോലെ സർക്കാർ മൗനം പാലിച്ചു; വെറുതേ വിടില്ലെന്നുറപ്പിച്ച കോടതി ഉണർന്നു പ്രവർത്തിച്ചു; എവിടി പെരുനാട് തോട്ടത്തിലെ അനധികൃത മരംമുറി നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം

പത്തനംതിട്ട: പതിവു പോലെ സർക്കാരിന്റെ മൗനാനുവാദം. മാദ്ധ്യമങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച സർക്കാരിനെ വിട്ട് ഹൈക്കോടതിയെ സമീപിച്ചപ്പോൾ കാര്യങ്ങൾക്ക് തീരുമാനമായി. എ.വി.ടി കമ്പനി കൈവശം വച്ചിട്ടുള്ള പെരുനാട് തോട്ടത്തിൽ നിന്നും മരം മറിച്ചുകടത്തുന്നതിന് കമ്പനിയെ ഹൈക്കോടതി വിലക്കി. റാന്നി പെരുനാട് കുരുങ്ങല്ലിൽ മഹാദേവി ശാസ്താക്ഷേത്രം ഭാരവാഹിയായ കാരിക്കയം ചരുവിൽ എൻ.ശശി നൽകിയ ഹർജിയെ തുടർന്നാണ് ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് എ.വി.ടി കമ്പനിക്കെതിരെ വിധി പ്രഖ്യാപിച്ചത്. എ.വി.ടി വനഭൂമിയും പാട്ടഭൂമിയും കൈവശം വച്ചിരിക്കുന്നതായും അനധികൃതമായി തടികൾ വെട്ടികടത്തുന്നതായും ചൂണ്ടിക്കാട്ടി മാദ്ധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. സർക്കാർ മൗനം പാലിച്ചപ്പോൾ മഹാദേവി ശാസ്താ ക്ഷേത്രം ഭാരവാഹികൾ ഇതിനെതിരെ നിയമ നടപടികളുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

വിവാദ ഭൂമിയിൽ നിന്നും മരം മുറിക്കുന്നത് തടയണമെന്നു കാട്ടി വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടി, റവന്യൂവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മിഷണർ, ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ, അഡീഷണൽ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ, ജില്ലാ കലക്ടർ, റാന്നി തഹസിൽദാർ, പെരുനാട് വില്ലേജ് ഓഫീസർ, റാന്നി ഡി.എഫ്.ഒ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ, പെരുനാട് എസ്.ഐ, സർവേ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ, എ.വി.ടി മാനേജിങ് ഡയറക്ടർ, മിഡ്‌ലാന്റ് റബർ ആൻഡ് പ്രൊഡ്യൂസ് കമ്പനി മാനേജിങ് ഡയറക്ടർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

കേരളത്തിലെ വൻകിട തോട്ടം ഉടമകളിൽ ഒന്നായ എ.വി.ടിക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അയ്യായിരം ഏക്കറിലധികം ഭൂമിയുണ്ട്. പത്തനംതിട്ട ജില്ലയിലെ പെരുനാട്ടിൽ കമ്പനി കൈവശംവച്ച് അനുഭവിച്ചുവരുന്നത് 1217 ഏക്കർ ഭൂമിയാണെന്ന് എ.വി.ടിയുടെ പഴയ പ്രമാണത്തിൽ പറയുന്നു. 1945 ജനുവരി 23 ന് ബ്രിട്ടീഷ് സ്ഥാപനമായ 'ദ റാന്നി ട്രാവൻകൂർ റബർ കമ്പനി ലിമിറ്റഡ്' എന്ന കമ്പനിയിൽ നിന്നുമാണ് ഇത്രയും അധികം ഭൂമി എ.വി.ടി വാങ്ങിയത്. റബർ, തേയില എന്നിവ കൃഷി ചെയ്യുന്നതിന് റാന്നി സ്വദേശിയായ താഴത്തില്ലത്ത് ചാക്കോ തോമായുടെ പക്കൽ നിന്നും 99 വർഷകാലം നീണ്ടുനിൽക്കുന്ന പാട്ടത്തിന് ബ്രിട്ടീഷ് കമ്പനി 1906-ൽ വാങ്ങിയതാണ് 432.26 ഏക്കർ സ്ഥലം.

തുടർന്ന് സർക്കാരിൽ നിന്നും കമ്പനി പാട്ടത്തിന് വാങ്ങിയതാണ് വനഭൂമിയും റവന്യൂ ഭൂമിയും ഉൾപ്പെടുന്ന ബാക്കി സ്ഥലം. വിശാലമായ ഭൂപ്രദേശം 1945-ൽ ബ്രിട്ടീഷ് കമ്പനി എ.വി.ടിക്ക് വിറ്റു. തുടർന്ന് എ.വി.ടി അധികൃതർ അതിൽ 485 ഏക്കർ സ്ഥലം വിൽപ്പന നടത്തി. കണക്കുപ്രകാരം കമ്പനിയുടെ പക്കൽ ശേഷിക്കുന്നത് 732 ഏക്കർ സ്ഥലം മാത്രമാണ്. എന്നാൽ കമ്പനി ഇപ്പോൾ കൈവശംവച്ച് അനുഭവിച്ചുവരുന്നത് 1100 ഏക്കർ തോട്ടമാണെന്ന് വില്ലേജ് രേഖകൾ പറയുന്നു.

ബ്രിട്ടീഷ് കമ്പനിയിൽ നിന്നും ഭൂമി വാങ്ങിയ ശേഷം എ.വി.ടി സമീപത്തുള്ള വനഭൂമി കൂടി വെട്ടിപ്പിടിച്ചു എന്നതിന് തെളിവാണിത്. കമ്പനി സ്വന്തം പേരിൽ കരം അടച്ചുവരുന്നത് 455 ഏക്കർ ഭൂമിക്ക് മാത്രമാണെന്ന് വില്ലേജ് രേഖകൾ വ്യക്തമാക്കുന്നു. കൈവശഭൂമി എന്ന നിലയിലാണ് ശേഷിക്കുന്ന 840 ഏക്കർ സ്ഥലത്തിന് കരം അടച്ചുവരുന്നത്. 260 ഏക്കർ സ്ഥലത്തിന് 1945 മുതൽ ആരും കരം അടക്കുന്നില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു.

പെരുനാട് തോട്ടത്തിന്റെ ആധാരം കൃത്രിമമാണെന്നും പറയുന്നു. കേരളത്തിൽ രാജഭരണം നിലനിൽക്കുന്ന കാലത്ത് ഉണ്ടായിരുന്ന ആധാരത്തിൽ ശംഖാണ് മുദ്രയായി നൽകിയിട്ടുള്ളത്. എന്നാൽ എ.വി.ടിയുടെ ആധാരത്തിൽ ഡയമണ്ട് മുദ്ര പ്രകടമായതിനെ തുടർന്നാണ് ആധാരം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയത്. ഹാരിസൺ മലയാളം കമ്പനിയുടെ കൈവശമുള്ള ആധാരവും ഇത്തരത്തിലുള്ളതായിരുന്നു. അന്ന് ഇത്തരത്തിലുള്ള ആധാരം ഇന്ത്യയിൽ ഒരിടത്തും ഉണ്ടായിരുന്നില്ലെന്ന് ഹാരിസന്റെ ഭൂമി ഇടപാടുകളെപ്പറ്റി അന്വേഷണം നടത്തിയ വിജിലൻസ് എസ്‌പി നന്ദനൻപിള്ള കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP