Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആവളപ്പാണ്ടിയിലെ പൂക്കൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് വിദഗ്ദ്ധർ; സന്ദർശനത്തിനെത്തുന്നവർ പറിച്ചെടുത്തുകൊണ്ടുപോയി മറ്റിടങ്ങളിൽ നടുന്നത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും വിദഗ്ധ സംഘം; സുന്ദരകാഴ്ചക്ക് പിന്നിൽ പതിയിരിക്കുന്ന അപകടത്തെ കുറിച്ച് മുന്നറിയിപ്പ്

ആവളപ്പാണ്ടിയിലെ പൂക്കൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് വിദഗ്ദ്ധർ; സന്ദർശനത്തിനെത്തുന്നവർ പറിച്ചെടുത്തുകൊണ്ടുപോയി മറ്റിടങ്ങളിൽ നടുന്നത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും വിദഗ്ധ സംഘം; സുന്ദരകാഴ്ചക്ക് പിന്നിൽ പതിയിരിക്കുന്ന അപകടത്തെ കുറിച്ച് മുന്നറിയിപ്പ്

ജാസിം മൊയ്ദീൻ

കോഴിക്കോട്; കോഴിക്കോട് ജില്ലയിൽ പേരാമ്പ്രക്കടുത്ത് ആവളപ്പാണ്ടിയിലെ ജലസ്രോതസ്സുകളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പടർന്നു കൊണ്ടിരിക്കുന്ന ജലസസ്യം അപകടകാരിയാണെന്ന് സ്ഥലം സന്ദർശിച്ച വിദഗ്ധ സംഘം വ്യക്തമാക്കി.

കാർഷിക സർവകലാശാലയ്ക്ക് കീഴിലെ വെള്ളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ പ്രൊഫസർ ഡോ. പി. പ്രമീള, അമ്പലവയൽ കൃഷിവിജ്ഞാന കേന്ദ്രം സസ്യരോഗ വിഭാഗം ശാസ്ത്രജ്ഞയും പേരാമ്പ്ര ബ്ലോക്കുതല കാർഷിക വിജ്ഞാന കേന്ദ്രത്തിലെ നോഡൽ ഓഫീസറുമായ ഡോ. സഞ്ജു ബാലൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർ. ബിന്ദു, ചെറുവണ്ണൂർ കൃഷി ഓഫീസർ മുഹമ്മദ് അനീസ് തുടങ്ങിയവരാണ് സ്ഥലം സന്ദർശിച്ച് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജലസ്രോതസ്സുകളിൽ വ്യാപകമായി പടർന്നു പിടിച്ച പിങ്ക് നിറത്തിലുള്ള പൂക്കൾ വാർത്തകളിലിടം പിടിച്ചിരുന്നു.

സുന്ദരമായ കാഴ്ചകളൊരുക്കുന്ന ഈ പൂക്കളുടെ അപകട സാധ്യതതയെ കുറിച്ചും അപ്പോൾ തന്നെ വാർത്തകൾ വന്നിരുന്നെങ്കിലും പ്രദേശത്തേക്ക് സന്ദർശകരുടെ തിരക്കായിരുന്നു. ഇവിടെയെത്തിയ നിരവധിയാളുകൾ ഭംഗിയുള്ള പൂക്കളെന്ന നിലയിൽ ഇവ പറിച്ചുകൊണ്ടുപോകുകയും അവരുടെ ഇടങ്ങളിൾ നട്ടുവളർത്തുകയും ചെയ്തിട്ടുണ്ട്. ഇത് വലിയ അപകട സാധ്യത വിളിച്ചുവരുത്തുന്നതാണെന്നും അവ എത്രയും പെട്ടെന്ന് നശിപ്പിക്കണമെന്നുമാണ് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഭംഗിയുള്ള കാഴ്ചക്കപ്പുറം കാർഷിക വിളകളെ മൊത്തമായും നശിപ്പിക്കുന്ന ഒരു തരം കളയാണ് ഈ കാണാൻ ഭംഗിയുള്ള പൂക്കൾ എന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരിക്കുന്നത്.

മുള്ളൻ പായൽ എന്ന് വിളിക്കുന്ന ഈ ജലസസ്യത്തിന്റെ പേര്് കബോംബ അക്വാട്ടിക്ക എന്നാണ്. വെളുപ്പും പിങ്കും നിറത്തിലുള്ള പൂക്കളുമായി ജലസ്രോതസ്സുകളിലാണ് ഈ സസ്യം വളരുക. ഇവ ജലസ്രോതസ്സുകളിലെ സ്വാഭാവിക ജൈവ സമ്പത്തിനെ നശിപ്പിക്കും. ശുദ്ധജലത്തിലോ തടാകങ്ങളിലോ നദികളിലോ നേരിയ ജലപ്രവാഹമുള്ള ഇടങ്ങളിലോ ആണ് ഇവ വളരുന്നത്. കുറഞ്ഞ എണ്ണം ചെടികളായി വളരാൻ തുടങ്ങുന്ന ഈ സസ്യം അനുകൂല സാഹചര്യമുണ്ടായാൽ തഴച്ചുവളരുകയും ജലാശയത്തെ മുഴുവൻ മൂടുന്ന തരത്തിലേക്ക് എത്തുകയും ചെയ്യും. ജലസ്രോതസ്സുകളുടെ 12 അടി താഴ്ചയിൽ ഈ സസ്യം വളരുമെന്ന് പഠനങ്ങളുണ്ട്.

മറ്റ് ദുർബല സസ്യങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കുകയും അവയുടെ നിലനിൽപ്പിനെ അപകടത്തിലാക്കുകയും ചെയ്യും. ഇവ നിലനിൽക്കുന്ന ജലസ്രോതസ്സുകളിലെ മത്സ്യ സമ്പത്തിനെയും ഈ സസ്യം പ്രതികൂലമായി ബാധിക്കും. ജലസ്രോതസ്സുകളുടെ സംഭരണ ശേഷിയെയും ഇവ ബാധിക്കും. ജലസ്രോതസ്സുകളുടെ ഒഴുക്കിനെയും ഈ സസ്യം തടസ്സപ്പെടുത്തും. ആക്രമണോത്സുകത, വ്യാപനത്തിനുള്ള സാധ്യത, സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങൾ എന്നീ കാരണങ്ങളാൽ ഓസ്ട്രേലിയയിലെ ഏറ്റം മോശം സസ്യങ്ങളിലൊന്നായാണ് ഈ ചെടിയെ കാണുന്നതെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കേരളത്തിൽ നേരത്തെ പമ്പാനദിയുടെ തീരങ്ങളിൽ ഈ സസ്യങ്ങൾ കാണപ്പെട്ടിരുന്നെന്നും വിധഗ്ധർ പറയുന്നു.

വിദഗ്ധ സംഘത്തിന്റെ അഭിപ്രായത്തെ തുടർന്ന് പ്രദേശത്തെ ജലസ്രോതസ്സുകളിൽ നിന്നും ഈ സസ്യത്തെ നശിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ കൃഷി വകുപ്പ് ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. ആദ്യ ഘട്ടമായി പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തിലെയും കൃഷി ഓഫീസർമാരുടെ യോഗം കൃഷിവകുപ്പ് വിളിച്ചുചേർത്തിട്ടുണ്ട്. കാഴ്ച കാണാനെത്തുന്നവർ ഈ ചെടി പറിച്ചെടുത്തുകൊണ്ട് പോകുന്നത് തടയാനും സന്ദർശകർക്ക് വിലക്കേർപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളും പരിഗണനയിലുണ്ട്.

യന്ത്ര സഹായത്തോടെ ചെടികൾ നീക്കം ചെയ്ത് നശിപ്പിക്കാനാണ് വിദഗ്ധ സംഘം നിർദ്ദേശിച്ചിട്ടുള്ളത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുള്ളൻ പായലിനെ നീക്കെ ചെയ്യാനും നീക്കമുണ്ട്. ഒഴുക്കുള്ള ജലസ്രോതസ്സുകളിലാണ് കൂടുതലായും ഇവയുള്ളത് എന്നതിനാൽ തന്നെ കളനാശിനി ഉപയോഗിക്കുന്നത് പ്രായോഗികമല്ല. കുമ്മായം വിതറി പായൽ നശിക്കുന്നുണ്ടോ എന്നുള്ള കാര്യം പരിശോധിക്കാനായി സസ്യത്തിന്റെ സാംപിളുകളും വിദഗ്ധ സംഘം ശേഖരിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP