Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗോദ്‌റേജ് കമ്പനിയിലെ നല്ല ജോലി വേണ്ടെന്ന് വെച്ച് സിവിൽ സർവീസ് പഠനം; പരാജയത്തിന്റെ രുചിയറിഞ്ഞത് 40 തവണ; ഒടുവിൽ വിജയത്തിന്റെ പടികൾ ചവിട്ടി കയറിയ അവധ് കിഷോറിന്റെ കഥ പ്രചോദനമാകുമ്പോൾ

ഗോദ്‌റേജ് കമ്പനിയിലെ നല്ല ജോലി വേണ്ടെന്ന് വെച്ച് സിവിൽ സർവീസ് പഠനം; പരാജയത്തിന്റെ രുചിയറിഞ്ഞത് 40 തവണ; ഒടുവിൽ വിജയത്തിന്റെ പടികൾ ചവിട്ടി കയറിയ അവധ് കിഷോറിന്റെ കഥ പ്രചോദനമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

രാജയം വിജയത്തിന്റെ ചവിട്ടു പടിയാണെങ്കിലും ഇത്രയേറെ തവണ പരാജിതനായിട്ടും വിജയത്തിലേക്ക് കുതിച്ച് ചാടിയവരിൽ അവധ് കിഷോറിനെ പോലെ മറ്റാരും ഉണ്ടാവില്ല. പല പരീക്ഷകളിലായി 40 തവണ പരാജയത്തിന്റെ ചൂട് ഏറ്റുവാങ്ങിയ ശേഷമാണ് അവധ് വിജയത്തിന്റെ പടവുകൾ ചവിട്ടി കയറിയത്. ഗോദ്റേജ് കമ്പനിയിലെ നല്ല ശമ്പളത്തിലെ ജോലി വിട്ടെറിഞ്ഞ് സിവിൽ സർവീസ് സ്വപ്നവുമായി പഠനം തുടങ്ങിയ അവധ് കടുത്ത പ്രതിസന്ധികളെ തരണം ചെയ്താണ് വിജയത്തിന്റെ കിരീടം അണിഞ്ഞത്.

യുപിഎസ്‌സി പരീക്ഷയും ബാങ്ക് പരീക്ഷയും സംസ്ഥാന സർവീസ് പരീക്ഷയുമടക്കം 40ഓളം പരീക്ഷകളിൽ തോറ്റു തോപ്പിയിട്ടെങ്കിലും തോറ്റ് പിന്മാറാൻ അവധ് തയ്യാറായില്ല. സിവിൽ സർവീസ് പരീക്ഷയ്ക്ക് നാലു തവണ പരാജയപ്പെട്ടപ്പോഴും പരാജയം വിജയത്തിന്റെ ചവിട്ട് പടിയാണെന്ന് വിശ്വസിച്ച് അവധ് കഠിന പ്രയത്‌നം ചെയ്തുകൊണ്ടേ ഇരുന്നു. ഒടുവിൽ 2015ൽ തന്റെ അഞ്ചാം തവണ അഖിലേന്ത്യ തലത്തിൽ 657-ാം റാങ്കുമായി അവധ് വിജയമധുരം നുണഞ്ഞു. സ്ഥിരപ്രയത്നമാണ് സിവിൽ സർവീസ് പരീക്ഷ വിജയിക്കാനുള്ള വജ്രായുധമെന്ന് ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനായ അവധ് അടിവരയിട്ടു പറയുന്നു. നിലവിൽ ഭോപ്പാൽ ആദായ നികുതി വകുപ്പിൽ അസിസ്റ്റന്റ് കമ്മീഷണറാണ് അവധ്.

ഗോദ്‌റേജ് കമ്പനിയിലെ ജോലിക്കിടെയാണ് സിവിൽ സർവീസ് മോഹം അവധ് എന്ന ചെറുപ്പക്കാരന്റെ മനസ്സിൽ കടന്നു കൂടിയത്. സിവിൽ സർവീസ് വിജയിച്ച റിക്ഷാജോലിക്കാരന്റെ മകൻ നൽകിയ അഭിമുഖം കാണാനിടയായതാണ് പ്രചോദനം. പരിമിത ചുറ്റുപാടുകളിൽ നിന്നുള്ളവർക്കും സിവിൽ സർവീസ് പാസ്സാകാനാകുമെന്ന ചിന്ത ഈ അഭിമുഖം അവധിന്റെ മനസ്സിലുണർത്തി. പിന്നീട് ഒന്നും കൂടുതൽ ആലോചിച്ചില്ല. ജോലി രാജി വച്ച് ഡൽഹിയിലേക്ക് പോയി.

എന്നാൽ ഹിന്ദി മീഡിയത്തിൽ പഠിച്ച അവധിന് ഡൽഹിയിൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. അത്ര നാളും ജോലി ചെയ്ത ശമ്പളമായിരുന്നു ആകെയുള്ള കൈമുതൽ. ഇംഗ്ലീഷ് അത്ര വശമില്ലായിരുന്നതിനാൽ പഠന സാമഗ്രികൾ കണ്ടെത്താൻ അൽപം ബുദ്ധിമുട്ടി. തന്റെ മുന്നിലുള്ള വെല്ലുവിളി വലുതാണെന്ന് അറിയുന്നതുകൊണ്ട് യുപിഎസ്‌സിക്ക് പുറമേ മറ്റ് മത്സരപരീക്ഷകളും എഴുതി. എഴുതിയ പരീക്ഷകളിലെല്ലാം പരാജിതനായി.

മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ ഒരു ഗ്രാമ പ്രദേശത്ത് നിന്നു വന്ന അവധിനെ തളർത്താൻ ഇതിനൊന്നും സാധിച്ചില്ല. ഒടുക്കം സ്ഥിരപ്രയത്നത്തിന് ഫലമായി 2015ൽ സിവിൽ സർവീസ് റാങ്ക് കൈപ്പിടിയിലാക്കി. അവധ് എല്ലാവർക്കും പ്രചോദനമായിരുന്നുവെന്ന് സിവിൽ സർവീസിന് ഒരുമിച്ച് തയ്യാറെടുക്കുകയും പിന്നീട് ഐപിഎസുകാരനാവുകയും ചെയ്ത പ്രമോദ് കുമാർ യാദവ് പറയുന്നു. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അത്യാവശ്യമായി വേണ്ടത് പ്രചോദനം നൽകുന്ന കൂട്ടുകാരുടെ സംഘമാണെന്ന് അവധ് പറയുന്നു. അവധിന് അത് ധാരാളമുണ്ടായിരുന്നു.

ആദ്യ തവണ തനിക്കൊരു പരിചയവുമില്ലാത്ത പബ്ലിക് അഡ്‌മിനിസ്ട്രേഷൻ ഓപ്ഷണൽ വിഷയമായി എടുത്തത് മണ്ടത്തരമായെന്നും അവധ് ഓർക്കുന്നു. അറിയാവുന്നതോ പഠിച്ചതോ ആയ ഒരു വിഷയം ഓപ്ഷനായി എടുക്കുന്നത് പഠനഭാരം കുറയ്ക്കുമെന്ന തിരിച്ചറിവിൽ പിന്നീട് ഹിന്ദി സാഹിത്യത്തിലേക്ക് ചുവട് മാറി. അതിന്റെ ഫലവും കണ്ടു. ഈ വിഷയത്തിന് 2015ൽ ഇന്ത്യയിൽ തന്നെ രണ്ടാമത് എത്തിയിരുന്നു അവധ്.

ആദ്യ നാലു ശ്രമങ്ങളിലും അവധ് കോച്ചിങ് സെന്റുകളിലൊന്നും ചേർന്നിരുന്നില്ല. സ്വയം പഠനമായിരുന്നു. ഈ രംഗത്ത് അദ്ധ്യാപന പരിചയമുള്ളവരുടെ സഹായം കൃത്യമായ മാർഗ്ഗനിർദ്ദേശമേകുമെന്ന തിരിച്ചറിവിലാണ് അഞ്ചാം തവണ കോച്ചിങ് തേടിയത്. ഇംഗ്ലീഷ്, പ്രാദേശിക പത്രങ്ങൾ നിത്യവും വായിച്ചത് അഭിമുഖ പരീക്ഷകളിലും നോട്ട് തയ്യാറാക്കുന്നതിലും സഹായകമായി.

സിവിൽ സർവീസ് പരീക്ഷപരിശീലനത്തിനായി ഇറങ്ങി തിരിക്കുന്നവർക്ക് ആവശ്യമായ സാമ്പത്തിക പിന്തുണയോ അതില്ലെങ്കിൽ പിന്തുണ നൽകുന്ന എന്തെങ്കിലും ജോലിയോ ഉള്ളത് നന്നാകുമെന്ന് അവധ് വിശ്വസിക്കുന്നു. സിവിൽ സർവീസ് പരീക്ഷ വിജയിക്കാനാഗ്രഹിക്കുന്നവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിന് ബാച്ച്മേറ്റുകളെയും ജൂനിയർ ആയിട്ടുള്ള ഉദ്യോഗസ്ഥരെയും കൂട്ടി ഒരു ഫേസ്‌ബുക്ക് പേജും അവധ് ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP