Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുലർച്ചെ അഞ്ചുമണിയോടെ എത്തി ഫയർഫോഴ്‌സിന്റെ സഹായത്തോടെ ഗ്യാസ് കട്ടർ ഉപയോഗിച്ച് പള്ളിയുടെ ഗെയ്റ്റ് പൊളിച്ചു; കടുത്ത പ്രതിഷേധത്തിനിടെ പുലർച്ചെ ആറരയോടെ സ്ത്രീകൾ അടക്കമുള്ള മുഴുവൻ വിശ്വാസികളെയും ഒഴിപ്പിച്ചു; ബിഷപ്പ് മാർ ഗ്രഗോറിയസിന്റെ നേതൃത്വത്തിൽ ബിഷപ്പുമാർ ഗേറ്റിന് മുന്നിൽ കുത്തിയിരുന്നുള്ള സമരവും വിഫലമായി; കൊച്ചിയിൽ രണ്ട് യാക്കോബായ പള്ളികൾ പിടിച്ചെടുത്ത് അധികൃതർ

പുലർച്ചെ അഞ്ചുമണിയോടെ എത്തി ഫയർഫോഴ്‌സിന്റെ സഹായത്തോടെ ഗ്യാസ് കട്ടർ ഉപയോഗിച്ച് പള്ളിയുടെ ഗെയ്റ്റ് പൊളിച്ചു; കടുത്ത പ്രതിഷേധത്തിനിടെ പുലർച്ചെ ആറരയോടെ സ്ത്രീകൾ അടക്കമുള്ള മുഴുവൻ വിശ്വാസികളെയും ഒഴിപ്പിച്ചു; ബിഷപ്പ് മാർ ഗ്രഗോറിയസിന്റെ നേതൃത്വത്തിൽ ബിഷപ്പുമാർ ഗേറ്റിന് മുന്നിൽ കുത്തിയിരുന്നുള്ള സമരവും വിഫലമായി; കൊച്ചിയിൽ രണ്ട് യാക്കോബായ പള്ളികൾ പിടിച്ചെടുത്ത് അധികൃതർ

ആർ പീയൂഷ്

കൊച്ചി: വിശ്വാസികളുടെ കടുത്ത എതിർപ്പുകളെ വക വയ്ക്കാതെ എറണാകുളം ജില്ലാ ഭരണകേന്ദ്രം ഇന്ന് രണ്ട് യാക്കോബായ പള്ളികളാണ് പിടിച്ചെടുത്തത്.യുമാണ് ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. പള്ളി ഭരണം ഏറ്റെടുത്ത് ഇന്ന് റിപ്പോർട്ട് കൈമാറാൻ എറണാകുളം ജില്ലാ കളക്ടർക്ക് ഡിവിഷൻ ബഞ്ച് നിർദ്ദേശം നൽകിയിരുന്നു. സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗിനായിരുന്നു പള്ളിയേറ്റെടുക്കേണ്ട ചുമതല. ഇന്നലെ അർദ്ധരാത്രിയിൽ തന്നെ ചോറ്റാനിക്കര മുതലുള്ള പ്രദേശത്തെ റോഡുകൾ പൊലീസ് അടച്ചിരുന്നു. പുലർച്ചെ അഞ്ച് മണിയോടെ വൻ സന്നാഹങ്ങളുമായി പൊലീസും റവന്യൂ ഉദ്യോഗസ്ഥരും പള്ളിയിലെത്തി. ഫയർഫോഴ്സിന്റെ സഹായത്തോടെ ഗ്യാസ് കട്ടർ ഉപയോഗിച്ച് പള്ളിയുടെ ഗെയ്റ്റ് പൊളിച്ചാണ് പൊലീസ് അകത്തു കടന്നത്. പള്ളിയിൽ കയറിയ പൊലീസ് ആദ്യമേ തന്നെ പ്രതിഷേധക്കാരെ ഓരോരുത്തരെയായി അറസ്റ്റ് ചെയ്തുനീക്കി.

വിശ്വാസികൾ കടുത്ത പ്രതിഷേധം നടത്തിയെങ്കിലും പുലർച്ച ആറരയോടെ സ്ത്രീകളടക്കമുള്ള മുഴുവനാളുകളേയും ഒഴിപ്പിച്ചിരുന്നു. മെത്രപൊലീത്തൻ ട്രസ്റ്റി ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസിന്റെ നേതൃത്വത്തിൽ ബിഷപ്പുമാർ പള്ളിയുടെ ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചെങ്കിലും പൊലീസ് ഇതനുവദിച്ചില്ല. മുളന്തുരുത്തി പള്ളി പിടിച്ചെടുത്ത ശേഷം പിറവം ഓണക്കൂറിലെ പള്ളിയാണ് പിടിച്ചെടുത്തത്. കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിൽ ജില്ലാഭരണകൂടം ഏറ്റെടുത്തു. പത്തുമണിയോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പള്ളി ഏറ്റെടുക്കുന്നതായി യാക്കോബായ സഭാംഗങ്ങളെ അറിയിച്ചു. പതിനഞ്ചുപേർ ഈ സമയം പ്രാർത്ഥനയുമായി അകത്തുണ്ടായിരുന്നു. തുടർന്ന് പള്ളിക്കകത്തുണ്ടായിരുന്ന യാക്കോബായ സഭാംഗങ്ങളെ അറസ്റ്റ് ചെയ്തു നീക്കി. പള്ളിയിൽ പൊലീസ് സന്നാഹത്തെ വിന്യസിച്ചുകൊണ്ട് നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് പ്രത്‌ഷേധവുമായി രംഗത്തെത്തിയ വിശ്വാസികളെ ഒഴിപ്പിച്ച് പള്ളി ഏറ്റെടുത്തത്.

പൊലീസും റവന്യൂ ഉദ്യോഗസ്ഥരും എത്തിയാണ് പള്ളി എറ്റെടുത്തത്. മുളന്തുരുത്തിയിലുണ്ടായ രീതിയിൽ വലിയ പ്രതിഷേധം ഓണക്കൂർ പള്ളിയിൽ ഉണ്ടായിരുന്നില്ല. സ്ത്രീകൾ ഉൾപ്പെടെ പതിനഞ്ചോളം വിശ്വാസികൾ മാത്രമേ പള്ളിക്കുള്ളിൽ പ്രാർത്ഥനയുമായി ഒത്തുചേർന്നിരുന്നുള്ളൂ. ഇവരെ പൊലീസ് പുറത്തിറക്കിയ ശേഷമാണ് പള്ളി ജില്ലാ ഭരണകൂടം എറ്റെടുത്തത്. ഇതാടെ ജില്ലയിലെ രണ്ട് യാക്കോബായ പള്ളികളാണ് ജില്ലാ ഭരണകൂടം ഇന്ന് എറ്റെടുത്തത്. ഏറ്റെടുത്ത പള്ളികൾ പിന്നീട് സുപ്രീം കോടതി ഉത്തരവ് പ്രകാരം ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറും

സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പള്ളിയിൽ പ്രവേശിക്കാൻ സർക്കാർ സംരക്ഷണം നൽകുന്നില്ലെന്നാരോപിച്ച് ഓർത്തഡോക്സ് വിഭാഗം നേരത്തെ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നു. വിധി നടപ്പാക്കാൻ പൊലീസിന് കഴിയില്ലെങ്കിൽ സി.ആർ.പി.എഫിനെ നിയോഗിക്കാൻ കഴിയുമോയെന്ന് കേന്ദ്ര സർക്കാരിനോട് കോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിൽ ഡിവിഷൻ ബെഞ്ചും പള്ളി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാറിന് കർശന നിർദ്ദേശം നൽകുകയായിരുന്നു. കൊവിഡിന്റെയും പ്രളയത്തിന്റെയും പശ്ചാത്തലത്തിൽ പള്ളി ഏറ്റെടുക്കാൻ കൂടുതൽ സാവകാശം വേണമെന്നതായിരുന്നു സംസ്ഥാന സർക്കാറിന്റെ നിലപാട്. എന്നാൽ, പള്ളി ഏറ്റെടുക്കാൻ കളക്ടർ തയ്യാറായില്ലെങ്കിൽ കേന്ദ്ര സേനയെ നിയോഗിക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് പള്ളിയേറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായത്.

അറസ്റ്റ് ചെയ്തവരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റി. മുളന്തുരുത്തിയിലെ പൊലീസ് നടപടിയിൽ നിരവധി പേർക്ക് പരിക്കേറ്റു. സമൂഹം കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ, യാക്കോബായ വിശ്വാസികൾ നൂറ്റാണ്ടുകളായി ആരാധന നടത്തുന്ന ദേവാലയം പിടിച്ചെടുക്കാൻ ഓർത്തഡോക്സ് പക്ഷം മനുഷ്യത്വരഹിതമായ നീക്കം നടത്തുകയാണെന്ന് ബസേലിയോസ് തോമസ് പ്രഥമൻ ബാവ പറഞ്ഞു. അതേ സമയം യാക്കോബായ വിശ്വാസികൾ ഇതേ പള്ളിയിൽ തന്നെ പ്രാർത്ഥന നടത്തുമെന്നാണ് പറയുന്നത്. വർഷങ്ങൾക്ക് മുൻപ് യാക്കോബായക്കാർ നിർമ്മിച്ച പള്ളികൾ ഓർത്തഡോക്സുകാർ സ്വന്തമാക്കുന്നത് വിശ്വാസത്തിന്റെ പുറത്തല്ലെന്നും സ്വത്തു വകകൾ കൈവശം വയ്ക്കാനാണെന്നുമാണ് ആരോപിക്കുന്നത്.

1934 സഭാ ഭരണഘടനാപ്രകാരം പള്ളികൾ ഭരിക്കപ്പെടണം എന്ന ഉത്തരവാണ് വർഷങ്ങൾ നീണ്ട വ്യവഹാരത്തിന് ശേഷം സുപ്രീം കോടതി വിധിച്ചത്. ഇതോടെയാണ് യാക്കോബായ പള്ളികളുടെ ഭരണച്ചുമതല ഓർത്തഡോക്സിന് ലഭിച്ചത്. നേരത്തേയും ജില്ലയിലെ നിരവധി യാക്കോബായ പള്ളികൾ ഏറ്റെടുത്തിരുന്നു. യാക്കോബായ വിഭാഗത്തിന്റെ ഏറ്റവും ശക്തി കേന്ദ്രമായ കോതമംഗലം പള്ളി ഇതുവരെയും ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ല.

1064 പള്ളികളുടെ അവകാശം ഓർത്തഡോക്‌സ് സഭയ്ക്ക് നൽകുന്നതായിരുന്നു 2017ലെ സുപ്രീം കോടതി വിധി. ഓർത്തഡോക്‌സ് സഭയുടെ 1934ലെ ഭരണ ഘടന അംഗീകരിക്കുകയും ഭൗതിക സ്വത്തവകാശം ഓർത്തഡോക്‌സ് സഭയ്ക്കാണെന്നുമായിരുന്നു സുപ്രീം കോടതിയുടെ വിധി. ഇതോടെ സംസ്ഥാനത്ത്, പ്രത്യേകിച്ച് മധ്യ തിരുവിതാംകൂറിൽ തർക്കം നിലനിന്നിരുന്ന 1064 പള്ളികളുടെ ഉടമസ്ഥത ഓർത്തഡോക്‌സ് വിഭാഗത്തിനായി. വിധി വന്നതിന് ശേഷവും തർക്കം പരിഹരിക്കപ്പെട്ടില്ല. ഇപ്പോഴും വിവിധ പള്ളികളിൽ തർക്കവും സംഘർഷവും തുടരുകയാണ്.

നൂറ്റാണ്ടുകളായി തുടരുന്ന സഭാ തർക്കം പരിഹരിക്കാനും പള്ളികളിൽ തിരഞ്ഞെടുപ്പ് നടത്താനും സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ 2002ൽ ജസ്റ്റിസ് മലിമണ്ഡ് അധ്യക്ഷനായ കമ്മീഷനെ നിയമിച്ചിരുന്നു. ഇതിനായി ഓർത്തഡോക്‌സ് വിഭാഗവും യാക്കോബായ സഭയും പള്ളികളുടെ ലിസ്റ്റ് മലിമണ്ഡിന് സമർപ്പിക്കുകയും മലിമണ്ഡിന്റെ നേതൃത്വത്തിൽ യോഗം ചേരാനും തീരുമാനിച്ചു. എന്നാൽ യോഗത്തിൽ യാക്കോബായ സഭാ വിശ്വാസികളോ അധ്യക്ഷന്മാരോ പങ്കെടുത്തില്ല. അവർ പുത്തൻ കുരിശിൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ വിളിച്ച് ചേർത്ത് യാക്കോബായ സഭ രജിസ്റ്റർ ചെയ്തു. 1972 മുതൽ മെത്രാൻ കക്ഷികളെന്നും ബാവാ കക്ഷികളെന്നും വിഭജിച്ച് നിന്നവർ രണ്ട് സഭകളായി പിരിയുന്നത് അതിനു ശേഷമാണ്. ബാവാ കക്ഷികൾ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയായും മെത്രാൻ കക്ഷികൾ ഓർത്തഡോക്‌സ് സുറിയാനി സഭയായും വഴി പിരിഞ്ഞു. യാക്കോബായ വിശ്വാസികൾ യോഗത്തിൽ പങ്കെടുക്കാത്ത സാഹചര്യത്തിൽ ഇരു വിഭാഗങ്ങളും സമർപ്പിച്ച പള്ളികളും ചേർത്തുള്ള ഒരു ലിസ്റ്റ് ആണ് മലിമണ്ഡ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. 1064 പള്ളികളാണ് അതിൽ ഉൾപ്പെട്ടത്.

1972ൽ തർക്കം തുടങ്ങിയ അന്നു മുതൽ ബാവ കക്ഷികളോ യാക്കോബായ സഭയോ നിർമ്മിച്ച പള്ളികളെല്ലാം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് ഓർത്തഡോക്‌സ് സഭാ അധികൃതർ പറയുന്നത്. എന്നാൽ ഈ പള്ളികൾ കൂടാതെ യാക്കോബായ സഭയുടെ കൈവശമുള്ള 350 ൽപരം പള്ളികൾ വിട്ട് കിട്ടണമെന്നാണ് ഓർത്തഡോക്‌സ് സഭയുടെ ആവശ്യം. ഓർത്തഡോക്‌സ് സഭയുടെ 1934ലെ ഭരണഘടന അംഗീകരിച്ചതോടെ എല്ലാ പള്ളികളുടേയും അവകാശികൾ തങ്ങളാണെന്നാണ് സഭാ അധ്യക്ഷന്മാരുടെ വാദം. 1972ന് ശേഷം യാക്കോബായ വിശ്വാസികൾക്ക് മാത്രമായി സ്ഥാപിച്ച പള്ളികളിൽ ഓർത്തഡോക്‌സ് സഭയ്ക്ക് അവകാശം ഉന്നയിക്കാൻ കഴിയില്ലെന്നാണ് യാക്കോബായ സഭാ അധ്യക്ഷന്മാരുടെ മറു വാദം.

അന്ത്യോഖ്യ സിംഹാസനത്തിന്റെ അഥവാ പാത്രിയർക്കീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളവയാണ് യാക്കോബായ സഭയുടെ സിംഹാസന പള്ളികൾ. പാത്രിയർക്കീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാൽ 1934 ലെ ഭരണ ഘടന ഈ പള്ളികൾക്ക് ബാധകമാവില്ലെന്നും അതിനാൽ ആർക്കും പള്ളികൾ പിടിച്ചെടുക്കാൻ കഴിയില്ലെന്നുമാണ് സഭാ വിശ്വാസികളുടേയും അധ്യക്ഷന്മാരുടേയും പ്രതീക്ഷ. എന്നാൽ ഇതിനെയും തകർത്തുകൊണ്ടാണ് ഓർത്തഡോക്‌സ് സഭയുടെ പുതിയ ഹർജിയിൽ സുപ്രീം കോടതി ഓർത്തഡോക്സുകാർക്ക് അനുകൂല വിധി പുറപ്പെടുവിച്ചത്.

1934ലെ സഭാ ഭരണഘടന അംഗീകരിച്ചതോടെ മലങ്കര സഭ ഒന്നാണെന്ന വാദമാണ് ഓർത്തഡോക്‌സ് സഭയുടേത്. യാക്കോബായ വിശ്വാസികളും ഓർത്തഡോക്‌സ് സഭാ വിശ്വാസികളും ഒന്നടങ്കം മലങ്കര സഭയാണെന്നിരിക്കെ അവരുടെ കൈവശമുള്ള ഭൗതിക സ്വത്തിനുള്ള അവകാശവും മലങ്കര സഭയ്ക്കാണെന്ന് സഭാ അധികൃതർ പറയുന്നു. തർക്കമുണ്ടായതിന് ശേഷവും ബാവാ കക്ഷികളും പിന്നീട് യാക്കോബായ സഭയും നിർമ്മിച്ച പള്ളികളും സ്വാഭാവികമായും, നിയമപരമായും ഓർത്തഡോക്‌സ് സഭയ്ക്ക് ലഭിക്കേണ്ടതാണ്. 1934ലെ ഭരണ ഘടന സുപ്രീം കോടതി അംഗീകരിച്ചതോടെ പിന്നീടുണ്ടായ യാക്കോബായ സഭയുടെ അംഗീകാരം തന്നെ ഇല്ലാതായി. സഭ ഇല്ലാതായി എന്നത് തന്നെയാണ് അതിനർഥം. തർക്കവും കേസും രൂക്ഷമായതിന് ശേഷം ചില പള്ളികളോട് ചേർന്ന് ചാപ്പലുകൾ യാക്കോബായ സഭ ഉണ്ടാക്കിയിരുന്നു. ആ ചാപ്പലുകൾ ഇപ്പോൾ അവർ പള്ളികളായും ആരാധനാ സ്ഥലമായും എല്ലാം ഉപയോഗിക്കുന്നുണ്ട്. അവയിൽ ഓർത്തഡോക്‌സ് സഭ അവകാശം ഉന്നയിച്ചിട്ടില്ല.

എന്നാൽ ഇപ്പോൾ ഓർത്തഡോക്‌സ് സഭ അവകാശം ഉന്നയിച്ചിരിക്കുന്ന പള്ളികളൊന്നും 1934ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെട്ടിട്ടില്ലെന്നും മലങ്കര അസോസിയേഷനിൽ പങ്കെടുത്തിട്ടില്ലെന്നുമാണ് യാക്കോബായ സഭാ അധികൃതർ പറയുന്നത്. പള്ളികളുടെ ആധാരങ്ങൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പടുത്താൻ നിർദ്ദേശിച്ചിരിക്കുകയാണ് സഭാ അധികൃതർ. 2017 ജൂലൈ മൂന്നിലെ വിധി നടപ്പാക്കാൻ സുപ്രീം കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ചുള്ള നടപടികൾ സർക്കാർ നീക്കുകയാണ്. 24 പള്ളികൾ യാക്കോബായ സഭയിൽ നിന്ന് ഓർത്തഡോക്‌സ് വിഭാഗം നിയമ പ്രകാരം പിടിച്ചെടുത്തിരുന്നു. പതിനഞ്ച് പള്ളികളിൽ ഇപ്പോഴും തർക്കം രൂക്ഷമായി നിലനിൽക്കുന്നതിനാൽ അടച്ചിട്ടിരിക്കുകയാണ്.

ഇതിനിടെ സർക്കാർ തർക്കം പരിഹരിക്കാൻ പല തവണ ഇടപെട്ടിരുന്നു. എന്നാൽ ഓർത്തഡോക്‌സ് വിഭാഗം ചർച്ചകളോടും മധ്യസ്ഥ ശ്രമങ്ങളോടും വിയോജിക്കുകയും വിട്ട് നിൽക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഇതിനിടെ ഓർത്തഡോക്‌സ് വിഭാഗത്തിലെ തന്നെ ചില വൈദികർ സഭകൾ തമ്മിൽ നിലനിൽക്കുന്ന പ്രശ്‌നത്തിന് രമ്യമായ പരിഹാരം കാണണമെന്ന് സഭാ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.സഭകൾക്കിടയിൽ പതിറ്റാണ്ടുകൾക്ക് മുൻപ് നഷ്ടമായ സമാധാനം പുനഃസ്ഥാപിക്കാൻ പല വിധ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഓർത്തഡോക്‌സ് സഭാ അധികൃതരുടെ പുതിയ നീക്കം. കോടതി വിധി ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായതിനാൽ യാക്കോബായ സഭയുടെ അസ്ഥിത്വം തന്നെ കേരളത്തിൽ ഇല്ലാതായേക്കാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP