Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202005Saturday

മധുരക്കിഴങ്ങും ക്യാരറ്റും ഉൾപ്പെടെ ആയിരക്കണക്കിന് കിലോ ഭക്ഷണം വന്യജീവികൾക്കായി വിതരണം ചെയ്യുന്നത് ഹെലികോപ്റ്റർ വഴി; കാട്ടുതീയിൽ ജീവൻ ബാക്കിയായ ജന്തുജാലങ്ങളെ സംരക്ഷിക്കാൻ തയ്യാറായി അധികൃതരും മൃഗസ്‌നേഹികളും; സംഹാര താണ്ഡവമാടുന്ന അഗ്നിയെ അതിജീവിച്ച മൃഗങ്ങളെ പൊന്നുപോലെ പോറ്റി ഓസ്‌ട്രേലിയ

മധുരക്കിഴങ്ങും ക്യാരറ്റും ഉൾപ്പെടെ ആയിരക്കണക്കിന് കിലോ ഭക്ഷണം വന്യജീവികൾക്കായി വിതരണം ചെയ്യുന്നത് ഹെലികോപ്റ്റർ വഴി; കാട്ടുതീയിൽ ജീവൻ ബാക്കിയായ ജന്തുജാലങ്ങളെ സംരക്ഷിക്കാൻ തയ്യാറായി അധികൃതരും മൃഗസ്‌നേഹികളും; സംഹാര താണ്ഡവമാടുന്ന അഗ്നിയെ അതിജീവിച്ച മൃഗങ്ങളെ പൊന്നുപോലെ പോറ്റി ഓസ്‌ട്രേലിയ

മറുനാടൻ ഡെസ്‌ക്‌

മെൽബൺ: ഓസ്‌ട്രേലിയയിൽ മാസങ്ങളായി തുടരുന്ന കാട്ടുതീയിൽ നിരവധി അപൂർവ പക്ഷി ജന്തുജാലങ്ങളും സസ്യങ്ങളും പൂർണമായും തുടച്ച് നീക്കപ്പെട്ടെന്നാണ് റിപ്പോർട്ട്. സെപ്റ്റംബറിൽ തുടങ്ങിയ കാട്ടുതീയിൽ അൻപത് കോടി സസ്തനികളും പക്ഷികളും ഉരകങ്ങളും വെന്തൊടുങ്ങിയെന്ന് സിഡ്‌നി സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. രക്ഷപ്പെടുത്തിയ മൃഗങ്ങളെ ശ്രൂശുഷിക്കുന്നതിന്റെയും മൃഗങ്ങൾ നന്ദി പ്രകടനം നടത്തുന്നതിന്റെയും മറ്റും ധാരാളം ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ന്യൂ സൗത്ത് വെയ്ൽസ് നാഷണൽ പാർക്ക് ജീവനക്കാരും വന്യജീവി സംരക്ഷണ പ്രവർത്തകരും ചേർന്ന് വന്യജീവികൾക്ക് ആകാശത്ത് നിന്നും ഭക്ഷണം വിതരണം ചെയ്യുന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

കാട്ടുതീ ബാധിച്ച മേഖലകളിൽ ഹെലികോപ്റ്ററുകളിൽ നിന്നാണ് പ്രവർത്തകൾ ക്യാരറ്റും മധുരകിഴങ്ങളുകളും നിക്ഷേപിച്ചത്. ആയിരക്കണക്കിന് കിലോ പച്ചക്കറികളാണ് ഇത്തരത്തിൽ മൃഗങ്ങൾക്കായി വനപ്രദേശത്ത് നിക്ഷേപിച്ചത്. ഹെലികോപ്റ്ററിൽ നിന്ന് വന്യജീവികൾക്ക് പച്ചക്കറികൾ ഇട്ടുകൊടുക്കുന്ന ചിത്രം ന്യൂ സൗത്ത് വെയ്ൽസ് ഊർജ്ജ മന്ത്രി മാറ്റ് കെയ്ൻ ട്വീറ്റ് ചെയ്തു. 'ദേശീയ ഉദ്യാനത്തിലെ ജീവനക്കാർ ആയിരക്കണക്കിന് കണക്കിന് കിലോ ഭക്ഷണം, പ്രധാനമായും മധുരക്കിഴങ്ങും ക്യരറ്റും ഹെലികോപ്റ്ററിൽ നിന്ന് ഇട്ടുകൊടുക്കുന്നു' എന്ന തലക്കെട്ടൊടെ അദ്ദേഹം ചിത്രം ട്വീറ്റ് ചെയ്തത്.

'സന്തുഷ്ടരായ ഉപഭോക്താക്കൾ' എന്ന തലക്കെട്ടൊടെ പച്ചക്കറികൾ കഴിക്കുന്ന വന്യജീവികളുടെ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. വന്യജീവികൾക്ക് ഭക്ഷണം നൽകിയ നടപടിക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. ദേശീയ ഉദ്യാനജീവനക്കാരെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. 2019 സെപ്റ്റംബറിലാണ് ഓസ്‌ട്രേലിയയിൽ കാട്ടുതീ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നാലുമാസം പിന്നിട്ട് 2020 ജനുവരി എത്തിയിട്ടും കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല.

രാജ്യത്തെ 50 ലക്ഷം ഹെക്ടറിലേറെ ഭൂമിയാണ് കത്തി നശിച്ചത്. കംഗാരൂ അടക്കമുള്ള മൃഗങ്ങൾ പ്രാണരക്ഷാർഥം ഓടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കത്തിയെരിഞ്ഞ കോലകളുടെയും മറ്റും ശരീരങ്ങൾ വൃക്ഷങ്ങളിൽ നിന്ന് താഴെ വീഴുന്നതിന്റെ ദൃശ്യങ്ങളും ചില വാർത്താ ഏജൻസികൾ പുറത്ത് വിട്ടിട്ടുണ്ട്. കോലകളെയാണ് കാട്ടുതീ ഏറ്റവും അധികം ബാധിച്ചത്. കാരണം ഇവ വളരെ സാവധാനമാണ് സഞ്ചരിക്കുന്നത്. യുക്ലിപ്റ്റ്‌സ് മരങ്ങളുടെ ഇലയാണ് ഇവയുടെ ആഹാരം. ഇവ നിറയെ എണ്ണയാണ്. അവ പെട്ടെന്ന് തീപിടിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

നോർത്ത് സൗത്ത് വെയിൽസിലെ കോലയുടെ മൊത്തം എണ്ണത്തിന്റെ മൂന്നിലൊന്നും നാല് മാസത്തിനിടെ ഇല്ലാതായതായാണ് കണക്ക്. 8000 കോലകളുടെ ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്കുകൾ. മറ്റ്‌സംസ്ഥാനങ്ങളുടെ കോലകളെയും കാട്ടുതീ സാരമായി ബാധിച്ചിട്ടുണ്ട്. വിക്ടോറിയ, ദക്ഷിണ ഓസ്‌ട്രേലിയ തുടങ്ങിയ മേഖലകളിലെ കോലകളും വൻതോതിൽ ചത്തൊടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇവയുടെ കൃത്യമായ എണ്ണം ലഭ്യമായിട്ടില്ല.

മരത്തിൽ ജീവിക്കുന്ന മൃഗങ്ങൾ കാര്യമായി ചത്തിട്ടുണ്ട്. വലിയ മേഖലകളിൽ തീ ഇപ്പോഴും ആളിപ്പടരുകയാണ്. അതുകൊണ്ട് തന്നെ ഇവയുടെ ശരീരങ്ങൾ ഒരിക്കലും കണ്ടെത്താനും സാധിക്കില്ലെന്ന് നേച്വർ കൺസർവേഷൻ കൗൺസിലിലെ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാർക്ക് ഗ്രഹാം പാർലമെന്റിനെ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP