Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെരുവ് പട്ടികൾക്ക് വരെ കരുതൽ വേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പോലും കാണാതെ പോയ ജീവിതങ്ങൾ; ഓഡിറ്റോറിയം - അനുബന്ധ ജോലികൾ ചെയ്തിരുന്ന ആയിരങ്ങൾ ദുരിതത്തിലായിട്ട് ആറ് മാസം; സെപ്റ്റംബർ 21 മുതൽ 100 പേരെ പങ്കെടുപ്പിച്ച് വിവാഹച്ചടങ്ങുകൾ നടത്താം എന്ന് സർക്കാർ നിർദ്ദേശം; തങ്ങളുടെ വറുതിക്ക് അറുതിയാകും എന്ന പ്രതീക്ഷയിൽ ഓഡിറ്റോറിയത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ മുതൽ പുഷ്പ വ്യാപാരി വരെ

തെരുവ് പട്ടികൾക്ക് വരെ കരുതൽ വേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പോലും കാണാതെ പോയ ജീവിതങ്ങൾ; ഓഡിറ്റോറിയം - അനുബന്ധ ജോലികൾ ചെയ്തിരുന്ന ആയിരങ്ങൾ ദുരിതത്തിലായിട്ട് ആറ് മാസം; സെപ്റ്റംബർ 21 മുതൽ 100 പേരെ പങ്കെടുപ്പിച്ച് വിവാഹച്ചടങ്ങുകൾ നടത്താം എന്ന് സർക്കാർ നിർദ്ദേശം; തങ്ങളുടെ വറുതിക്ക് അറുതിയാകും എന്ന പ്രതീക്ഷയിൽ ഓഡിറ്റോറിയത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ മുതൽ പുഷ്പ വ്യാപാരി വരെ

മറുനാടൻ മലയാളി ബ്യൂറോ

സംസ്ഥാനത്തെ ഓഡിറ്റോറിയങ്ങളും അനുബന്ധ ജോലികളിലും ഏർപ്പെട്ടിരുന്നവരുടെ ദുരിതങ്ങൾക്ക് അറുതിയാകുന്നില്ല. ലോക് ഡൗൺ തുടങ്ങിയതിന് ശേഷം ഇന്ന് വരെ വരുമാനം ഇല്ലാതെ കഷ്ടപ്പെടുകയാണ് സമൂഹത്തിൽ ഓഡിറ്റോറിയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും അനുബന്ധ തൊഴിലിൽ ഏർപ്പെട്ടിരുന്നവരും. സംഘടിത ശക്തി അല്ല എന്നതുകൊണ്ട് ഈ മേഖലയിലെ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പ്രശ്നങ്ങൾ സർക്കാരും കണ്ട ഭാവമില്ല. അടിയന്തിരമായി ഈ മേഖലയിൽ സർക്കാരിന്റെ ഇടപെടൽ വേണമെന്ന് ഓഡിറ്റോറിയം ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ആനന്ദ് കണ്ണശ ചൂണ്ടിക്കാട്ടി.

അത് ആരും കാണുന്നുമില്ല. ഓഡിറ്റോറിയങ്ങൾ എന്ന് കേൾക്കുമ്പോൾ അതിസമ്പന്നരായ മുതലാളിമാർ എന്ന് മാത്രമാണ് പൊതുസമൂഹം വിലയിരുത്തുക. നിർഭാഗ്യവശാൽ, സംസ്ഥാനം ഭരിക്കുന്നവരും അങ്ങനെ തന്നെയാണ് ഈ മേഖലയെ കാണുന്നത്. എന്നാൽ, ഓഡിറ്റോറിയത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ മുതൽ പുഷ്പ വ്യാപാരി വരെ വലിയൊരു സമൂഹമാണ് ഓഡിറ്റോറിയങ്ങളെ ആശ്രയിച്ച് ജീവിക്കുന്നത്. മുതലാളിമാർ എങ്ങനെ ജീവിക്കുന്നു എന്ന് ചോദിച്ചില്ല എന്നത് പോകട്ടെ, ഈ തൊഴിലാളികൾ ഓണത്തിനെങ്കിലും ഒരു വയർ ചോറുണ്ടോഎന്നും മക്കൾക്ക് ഒരു കോടിത്തുണി വാങ്ങി കൊടുത്തോ എന്നും ഒരാളും ചോദിച്ചില്ല. തെരുവ് പട്ടികൾക്ക് വരെ കരുതൽ വേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പോലും ഓഡിറ്റോറിയങ്ങളുമായി ബന്ധപ്പെട്ട് കഴിയുന്ന ജീവിതങ്ങളെ കണ്ടില്ല.. ഒരു വാക്കും മിണ്ടിയുമില്ല.. ആനന്ദ് കണ്ണശ മറുനാടനോട് പറഞ്ഞു.

മാർച്ച് 12ന് ശേഷം ഒരു കല്യാണ മണ്ഡപങ്ങളും പ്രവർത്തിച്ചിട്ടില്ല. ലോക് ഡൗൺ പ്രഖ്യാപിക്കപ്പെടുന്നത് ഈ വർഷത്തെ വിവാഹ സീസൺ ആരംഭിക്കുന്നതോടെയായിരുന്നു. കൊല്ലവർഷത്തിലെ മീനം, മേടം, ഇടവം, മിഥുനം, ചിങ്ങം മാസങ്ങളിലാണ് പൊതുവെ കേരളത്തിൽ വിവാഹങ്ങൾ നടക്കുന്നത്. എന്നാൽ, ഈ മാസങ്ങളിലെല്ലാം ഇക്കുറി കല്യാണ മണ്ഡപങ്ങൾ അടഞ്ഞ് കിടക്കുകയായിരുന്നു. ജൂണിൽ, 50 പേരെ വെച്ച് കല്യാണ മണ്ഡപങ്ങൾ പ്രവർത്തിപ്പിക്കാം എന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇത്രയും ചെറിയ ചടങ്ങുകൾക്കായി ആരും ഇപ്പോഴും കല്യാണ മണ്ഡപങ്ങളെ ആശ്രയിക്കുന്നില്ല എന്നതാണ് വസ്തുത.

ഓഡിറ്റോറിയങ്ങളിലെ ജീവനക്കാർ മാത്രമല്ല, പുഷ്പ വ്യാപാരം, പലവ്യഞ്ജന വ്യാപാരം, ഫോട്ടോഗ്രാഫേഴ്സ്, നാദസ്വരം-തകിൽ കലാകാരന്മാർ, പാചകത്തൊഴിലാളികൾ, ഡെക്കറേഷൻ, ഈവന്റ് മാനേജ്മെന്റ്, കാറ്ററിങ് തുടങ്ങിയ മേഖലയിൽ ഉള്ളവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ലോക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഒരു രൂപയുടെ വരുമാനം ഇവർക്കാർക്കും ഇല്ല. കഴിഞ്ഞ ആറ് മാസമായി ഇവർ എങ്ങനെ ജീവിക്കുന്നു.. ഇവർ എങ്ങനെ ആഹാരം കഴിക്കുന്നു.. എങ്ങനെ ഉറ്റവർക്ക് മരുന്ന് വാങ്ങുന്നു.. ഇതൊന്നും ഇവിടെ ആരും അറിയുന്നില്ല. കാരണം ഓഡിറ്റോറിയം എന്നത് ഒരു ബൂർഷ്വാ സങ്കല്പമാണല്ലോ.. അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ, ലക്ഷക്കണക്കിന് രൂപ ലോൺ എടുത്ത് ഓഡിറ്റോറിയങ്ങൾ നിർമ്മിച്ചവർക്ക് വരുമാനം നിലച്ചതോടെ തിരിച്ചടവിന് പോലും മാർഗമില്ലാത്ത അവസ്ഥയിലാണ്. സമ്പന്നർ എന്ന് പൊതുസമൂഹം പൊതുവെ കരുതുന്നവർ ആയതിനാൽ സർക്കാർ സഹായങ്ങൾ ഒന്നും ഓഡിറ്റോറിയം ഉടമകൾക്ക് ലഭിക്കാറില്ല. കടം വാങ്ങാൻ പോലും കഴിയാത്തതിനാൽ വൻ സാമ്പത്തിക പ്രതിസന്ധിയാണ് ഇവരും നേരിടുന്നത്. ഇതൊക്കെ പറയാനോ പറഞ്ഞാൽ കേൾക്കാനോ ഇവിടെ ഒരു സംവിധാനവും ഇല്ല എന്നതാണ് സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയിമ്പോഴും ഓഡിറ്റോറിയം ഉടമകൾക്കുള്ള ഏക ആശ്വാസം. നാട്ടിൽ എന്തെങ്കിലും ബിസിനസ് ചെയ്യുന്നവനെ ശത്രുക്കളായി കാണുന്ന ഭരണകൂടവും പാർട്ടിക്കാരുമാണ് ഈ നാടിന്റെ ശാപം. ജനങ്ങൾക്ക് സൗജന്യങ്ങളല്ല, മാന്യമായി ജീവിക്കാൻ ജോലി ചെയ്യാനുള്ള സാഹചര്യങ്ങളാണ് ഇവിടെ വേണ്ടതെന്ന് ഇനി എന്നാണ് ഇത്തരം ആളുകൾ മനസ്സിലാക്കുകയെന്നും ആനന്ദ് കണ്ണശ ചോദിക്കുന്നു.

സെപ്റ്റംബർ 21 മുതൽ 100 പേരെ പങ്കെടുപ്പിച്ച് വിവാഹച്ചടങ്ങുകൾ നടത്താം എന്ന സർക്കാർ നിർദ്ദേശത്തിലാണ് ഇവരുടെ പ്രതീക്ഷ. ഈ മാസം 21 മുതൽ തങ്ങൾക്കും തൊഴിൽ ലഭിക്കും എന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. എന്നാൽ, 100 പേരെ വെച്ചുള്ള വിവാഹ ചടങ്ങുകൾക്ക് ഓഡിറ്റോറിയങ്ങളെ ജനങ്ങൾ ആശ്രയിക്കുമോ എന്ന ചോദ്യവും ഇവരിൽ ആശങ്ക ഉയർത്തുന്നു. എന്നാൽ ഒരുപാട് താമസിച്ചെങ്കിലും സർക്കാർ ഈ മേഖലയിൽ ഇടപെടുക തന്നെ വേണം. ഒരാശ്രയവും ഇല്ലാത്തവർക്കായി പദ്ധതികൾ വേണം. ഓഡിറ്റോറിയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി വേണം. സാമൂഹിക സുരക്ഷ എന്നത് തൊഴിൽ എടുത്ത് ജീവിക്കുന്നവർക്കും കൂടിയുള്ളതാണെന്ന് ഭരണകൂടം തിരിച്ചറിയണമെന്നും ഈ മേഖലയിൽ പണിയെടുക്കുന്നവരും ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP