Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാത്രി അസുഖം വന്നാൽ മരുന്ന് വാങ്ങാൻ പോകാൻ പേടി; മ്യൂസിയത്തിൽ നടക്കാൻ പോയാൽ പിന്നിൽ നിന്ന് ആക്രമണം; അക്രമി ഭിത്തിയിൽ തല ഇടിപ്പിച്ച് ബോധം കെടുന്ന പരുവം ആണെങ്കിൽ പോലും ഇരയായ സ്ത്രീ സ്‌റ്റേഷനിൽ വന്ന് മൊഴി തരണമെന്ന് പറയുന്ന പൊലീസുകാർ; സർക്കാർ ക്ലാസ് എടുക്കേണ്ടത് പൊലീസുകാർക്ക്; തിരുവനന്തപുരം അതിക്രമങ്ങളുടെ കൂത്തരങ്ങാകുമ്പോൾ!

രാത്രി അസുഖം വന്നാൽ മരുന്ന് വാങ്ങാൻ പോകാൻ പേടി; മ്യൂസിയത്തിൽ നടക്കാൻ പോയാൽ പിന്നിൽ നിന്ന് ആക്രമണം;  അക്രമി ഭിത്തിയിൽ തല ഇടിപ്പിച്ച് ബോധം കെടുന്ന പരുവം ആണെങ്കിൽ പോലും ഇരയായ സ്ത്രീ സ്‌റ്റേഷനിൽ വന്ന് മൊഴി തരണമെന്ന് പറയുന്ന പൊലീസുകാർ; സർക്കാർ ക്ലാസ് എടുക്കേണ്ടത് പൊലീസുകാർക്ക്; തിരുവനന്തപുരം അതിക്രമങ്ങളുടെ കൂത്തരങ്ങാകുമ്പോൾ!

അമൽ രുദ്ര

 തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് സ്ത്രീകൾക്കെതിരായ പീഡനങ്ങളും ലൈംഗികാതിക്രമ സംഭവങ്ങളും കുത്തനെ വർദ്ധിച്ചതായുള്ള റിപ്പോർട്ടുകളാണ് ഈ അടുത്തകാലങ്ങളിലായി പുറത്തുവരുന്നത്. 2022ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം എക്കാലത്തെയും ഉയർന്ന നിരക്കിലാണ്. ഇത്തരം വിഷയങ്ങളിൽ പരാതികളുമായി എത്തുന്നവരോട് പൊലീസിന്റെ നിർവികാര മനോഭാവവും, അവരോടുള്ള തണുത്ത സമീപനവുമാണ് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നത്. ഇത് തലസ്ഥാനത്തേക്കാൾ മറ്റൊരിടത്തും പ്രകടമവുമല്ല. ഒട്ടുമിക്ക കേസുകളിലും പ്രതികൾ പിടിയിലാകാത്തതിനാൽ കുറ്റവാളികൾ സ്വതന്ത്രരായി പുറത്ത് വിലസി നടക്കുകയാണ്.

കഴിഞ്ഞദിവസം വഞ്ചിയൂർ മൂലവിളാകം ജംക്ഷനിൽ 49 കാരി വീട്ടമ്മ അക്രമിക്കപ്പെട്ട സംഭവത്തിൽ ഇനിയും പ്രതികളെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. പ്രതി രക്ഷപ്പെട്ടത് ഗ്രേ നിറത്തിലുള്ള ബൈക്കിലാണെന്ന നിഗമനത്തിലാണ് പൊലീസ്. പാറ്റൂർ ജംക്ഷനിൽ വരെ ബൈക്കിന്റെ ദൃശ്യങ്ങൾ റോഡിലെ സിസിടിവിയിൽ തെളിഞ്ഞിട്ടുണ്ടെങ്കിലും ബൈക്കിന്റെ നമ്പർ വ്യക്തമല്ല. ഹെൽമറ്റ് വച്ചിരുന്നതിനാൽ പ്രതിയിലേക്ക് എത്താനാകുന്ന ദൃശ്യങ്ങളുമില്ല. മെഡിക്കൽ കോളജ് വരെ സ്ഥാപനങ്ങളുടെയും സിസിടിവി ദൃശ്യങ്ങൾ അഞ്ച് സംഘമായി തിരിഞ്ഞ് പരിശോധിക്കുകയാണ് പൊലീസ്.

കഴിഞ്ഞ 13ന് രാത്രി 11നാണ് മരുന്നു വാങ്ങാനിറങ്ങിയ വീട്ടമ്മ വീടിന് സമീപം ആക്രമിക്കപ്പെട്ടത്. സംഭവം ഉടൻ പൊലീസിൽ അറിയിച്ചെങ്കിലും പൊലീസ് ഒരു നടപടിയുമെടുത്തില്ല. ഉത്തരവാദികളായ രണ്ടു പേരെ എട്ടാം ദിവസമാണ് സസ്‌പെൻഡ് ചെയ്തത്. സംഭവം നടന്ന് വീട്ടമ്മ പരാതി പറഞ്ഞിട്ട് 10 ദിവസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താനാകാതെ വന്നതിന് പ്രധാന കാരണം പരാതി പറഞ്ഞ സമയത്ത് പൊലീസ് ഒരു നടപടിയുമെടുക്കാത്തതിനാലാണ്. സംഭവം പുറത്തറിഞ്ഞുടനെ സ്‌പെഷൽ ബ്രാഞ്ച് വഴി സിറ്റി പൊലീസ് കമ്മിഷണർ റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ടിൽ വനിതാ പരാതി പറയാൻ വിളിച്ചപ്പോൾ മാന്യമായി സംസാരിച്ചില്ലെന്നു മാത്രമായിരുന്നു സൂചിപ്പിച്ചിരുന്നത്. എന്നാൽ ഒരു സ്ത്രീ അസമയത്ത് ഫോണിൽ താൻ അപകടത്തിലാണെന്ന് അറിയിച്ചിട്ടും നടപടിയെടുക്കാത്തതും സ്റ്റേഷന്റെ ചുമതലയുള്ള ഓഫിസറെ അറിയിക്കാതിരുന്നതും ഗുരുതര വീഴ്ചയാണെന്ന് കണ്ടെത്തി നടപടിയെടുക്കാൻ പൊലീസ് മുതിർന്നതും മാധ്യമങ്ങളിൽ വാർത്തയയപ്പോൾ മാത്രമാണ്.

അതേസമയം കഴിഞ്ഞ അഞ്ച് മാസത്തിനിടെ തലസ്ഥാനത്ത്, പ്രത്യേകിച്ച് മ്യൂസിയം, കനകക്കുന്ന് പ്രദേശങ്ങൾക്ക് സമീപം ഇത്തരം നിരവധി സംഭവങ്ങളാണ് അരങ്ങേറിയത്. പരാതികൾ നൽകിയിട്ടും പൊലീസ് തങ്ങളെ തഴഞ്ഞെന്നാണ് റിപ്പോർട്ട്. സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2022ൽ സ്ത്രീകൾക്കെതിരെ 18,943 കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ 5,354 പീഡനക്കേസുകളും 584 ഈവ് ടീസിങ് കേസുകളുമാണ്. 2023-ൽ ജനുവരിയിൽ മാത്രം 1,784 സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് നടന്നത്.

'കൂടുതൽ സ്ത്രീകളും ഇത്തരം പീഡനങ്ങൾക്കെതിരെ/ അതിക്രമങ്ങൾക്കെതിരം ശബ്ദമുയർത്തുന്ന സമയത്ത്, ഈ വ്യവസ്ഥിതി ഒരു വലിയ നിരാശയാണ്. നടപടിയെടുക്കാൻ പൊലീസ് മടിക്കുന്നു. ഇത് സ്ത്രീകളുടെ ഒറ്റയാൾ പോരാട്ടമായി മാറുകയാണ്. അവരെ ഇനിയും നിശബ്ദരാക്കാൻ കഴിയില്ല,'' സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ ജെ സന്ധ്യ പറഞ്ഞുവെക്കുന്നത് ഇങ്ങനെയാണ്. ''പരാതി പരിഹാര സംവിധാനം കൂടുതൽ ശരിയായിരിക്കണം. 2013 ന് ശേഷം, സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കാൻ നമുക്ക് കർശനമായ നിയമങ്ങളുണ്ട്. ലൈംഗികാതിക്രമക്കേസുകളിൽ പൊലീസിന്റെ നിഷ്‌ക്രിയത്വം നിയമപ്രകാരം രണ്ട് വർഷം വരെ ശിക്ഷ ലഭിക്കാൻ ഇടയാക്കും. നമ്മുടെ സിസ്റ്റം ഈ നിയമങ്ങൾ ശ്രദ്ധിക്കുന്നില്ലെന്നും സന്ധ്യ പറഞ്ഞു. ''ഞങ്ങളുടെ പരാതികളോട് അധികാര കേന്ദ്രങ്ങൾ പ്രതികരിക്കുന്നില്ലെങ്കിൽ, ഓരോ സ്ത്രീയെയും അവളുടെ സ്വയം പ്രതിരോധത്തിനായി തോക്ക് കൊണ്ട് സജ്ജരാക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ല,'' അവർ കൂട്ടിച്ചേർത്തു.

അതേസമയം പൊതുജനങ്ങളിലും സ്ത്രീകളിലും ബോധവൽക്കരണം വർധിപ്പിക്കാൻ പൊലീസ് വകുപ്പ് ക്രിയാത്മകമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ നിശാന്തിനി പറഞ്ഞു. പൊതു ഇടങ്ങളിലും സൈബർ ഇടങ്ങളിലും സ്ത്രീ സുരക്ഷയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഞങ്ങൾ ഈ ആഴ്ച ഒരു സ്ത്രീ സുരക്ഷാ എക്സ്പോ നടത്തുമെന്നും അവർ പറഞ്ഞു.

അതേസമയം സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന നിരക്ക് കേരളത്തിൽ കൂടുതലാണെങ്കിലും കേസുകൾ ലിംഗഭേദമില്ലാതെ കൈകാര്യം ചെയ്യുന്നില്ലെന്നാണ് പലരും കരുതുന്നത്. നിലവിലുള്ള നിയമങ്ങളെക്കുറിച്ച് പൊലീസിന് അവബോധം നൽകണമെന്ന് നടിയും ആക്ടിവിസ്റ്റുമായ സജിത മഠത്തിൽ പറഞ്ഞു. ''നമ്മുടെ പൊലീസ് സംവിധാനം വികലമാണ്. സ്ത്രീകൾക്ക് ബോധവൽക്കരണം നൽകുന്നതിന് പകരം പൊലീസുകാർക്ക് സർക്കാർ ക്ലാസുകൾ നൽകണം. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ പൊലീസിന്റെ സമീപനം നല്ലതല്ലെന്ന് വ്യക്തമാണ്. ഇതിന് മാറ്റം വരണം- സജിത പറഞ്ഞു.

അതേസമയം സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണ് കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമം വർദ്ധിക്കാൻ കാരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പാറ്റൂരിൽ ലൈംഗിക അതിക്രമത്തിനിരയായ അതിജീവിതയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള കടന്നാക്രമങ്ങൾ ഓരോ ദിവസം കഴിയുംതോറും വർദ്ധിച്ചു വരുകയാണ്. പൊലീസിന്റെ അനാസ്ഥയാണ് പാറ്റൂരിലെ സംഭവത്തിന് കാരണം. സംഭവം നടന്ന ഉടനെ പൊലീസിനെ വിളിച്ചെങ്കിലും ഇരയായ സ്ത്രീയെ സഹായിക്കാൻ ആരുമെത്തിയില്ല.

അതിക്രമത്തിൽ പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പൊലീസിനെ അറിയിച്ച പെൺകുട്ടിയോട് സ്റ്റേഷനിലെത്തി മൊഴി രേഖപ്പെടുത്തണമെന്ന മനുഷ്യത്വമില്ലാത്ത സമീപനമാണ് പൊലീസ് സ്വീകരിച്ചത്. അക്രമം നടന്ന് അരമണിക്കൂറിനുള്ളിലെങ്കിലും പൊലീസ് എത്തിയിരുന്നെങ്കിൽ പ്രതിയെ അറസ്റ്റ് ചെയ്യാമായിരുന്നു. മൂന്ന് ദിവസം കഴിഞ്ഞാണ് പൊലീസ് സംഭവത്തിൽ കേസെടുത്തതെന്നതിൽ നിന്നു തന്നെ പൊലീസിന്റെ വീഴ്ച മനസിലാക്കാം. എട്ട് ദിവസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്തത് കേരളത്തിലെ സ്ത്രീ സുരക്ഷ എത്രത്തോളം മോശമാണ് എന്നതിന്റെ ഉദാഹരണമാണ്. അഞ്ച് കിലോമീറ്ററിനുള്ളിൽ അഞ്ച് മാസത്തിനിടെ ഏഴ് അക്രമങ്ങളാണ് തിരുവനന്തപുരത്തുണ്ടായത്. ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് ഇതിന് കാരണം. പൊലീസ് പലപ്പോഴും കുറ്റവാളികൾക്ക് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നത്. പാറ്റൂരിലെ അതിജീവിതയെ സഹായിക്കാൻ അധികൃതർ ആരും തയ്യാറായില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP