Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കഴിഞ്ഞ തവണ സമ്പത്ത് നേടിയത് 63378 വോട്ടിന്റെ ഭൂരിപക്ഷം; വോട്ടേഴ്‌സ് ലിസ്റ്റിൽ കടന്നു കൂടിയ കള്ളവോട്ടുകൾ 112322 എണ്ണവും; ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെടാൻ സാധ്യതകൾ ഏറെ; രേഖകൾ സഹിതം അടൂർ പ്രകാശ് നൽകിയ പരാതിയിൽ നടപടിയെടുക്കാൻ കഴിയാതെ ചീഫ് ഇലക്ടറൽ ഓഫീസർ; പരാതി ഗൗരവതരമെന്ന് സമ്മതിച്ച് ടീക്കാറാം മീണ; കള്ളവോട്ടുകൾ എന്ത് വിലകൊടുത്ത് തടയുമെന്ന് കോൺഗ്രസ്; വോട്ടെടുപ്പ് ദിവസം ആറ്റിങ്ങലിൽ സംഘർഷ സാധ്യത

കഴിഞ്ഞ തവണ സമ്പത്ത് നേടിയത് 63378 വോട്ടിന്റെ ഭൂരിപക്ഷം; വോട്ടേഴ്‌സ് ലിസ്റ്റിൽ കടന്നു കൂടിയ കള്ളവോട്ടുകൾ 112322 എണ്ണവും; ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെടാൻ സാധ്യതകൾ ഏറെ; രേഖകൾ സഹിതം അടൂർ പ്രകാശ് നൽകിയ പരാതിയിൽ നടപടിയെടുക്കാൻ കഴിയാതെ ചീഫ് ഇലക്ടറൽ ഓഫീസർ; പരാതി ഗൗരവതരമെന്ന് സമ്മതിച്ച് ടീക്കാറാം മീണ; കള്ളവോട്ടുകൾ എന്ത് വിലകൊടുത്ത് തടയുമെന്ന് കോൺഗ്രസ്; വോട്ടെടുപ്പ് ദിവസം ആറ്റിങ്ങലിൽ സംഘർഷ സാധ്യത

എം മനോജ് കുമാർ

തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെടാൻ സാധ്യത. വോട്ടേഴ്‌സ് ലിസ്റ്റിൽ കടന്നുകൂടിയ കള്ളവോട്ടുകൾ വഴിയാണ് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടേക്കുക. ആറ്റിങ്ങൽ മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം കള്ളവോട്ടുകൾ എന്ന കോൺഗ്രസ് പരാതി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടേക്കും എന്ന സൂചന തന്നെയാണ് നൽകുന്നത്. വോട്ടേഴ്‌സ് ലിസ്റ്റ്, സ്ഥാനാർത്ഥിയുടെ പേര്, അച്ഛന്റെ പേര്, ബൂത്ത് നമ്പർ, ക്രമനമ്പർ എന്നിവ സഹിതമുള്ള പരാതിയും ആരോപണവും ആയതിനാൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ പരാതി ഗൗരവതരമായി നിലനിൽക്കുന്നു.

ഹാട്രിക് ജയസാധ്യത തേടി ഇക്കുറി ആറ്റിങ്ങലിൽ ജനവിധി തേടുന്ന ഇടതുമുന്നണിയുടെ എ.സമ്പത്ത് കഴിഞ്ഞ തവണ ആറ്റിങ്ങലിൽ നേടിയ ഭൂരിപക്ഷം 63378 വോട്ടുകൾ ആണ്. ഭൂരിപക്ഷത്തേക്കാളും ഏറെ കള്ളവോട്ടുകളാണ് ഇത്തവണ വോട്ടേഴ്‌സ് ലിസ്റ്റിൽ കടന്നുകൂടിയിരിക്കുന്നത്. കോൺഗ്രസിന്റെ ബിന്ദു കൃഷ്ണയോടായിരുന്നു കഴിഞ്ഞ തവണ സമ്പത്തിന്റെ വിജയം. 2014ലെ തെരഞ്ഞെടുപ്പിൽ എ സമ്പത്ത് 3,92,478 വോട്ടുകൾ നേടിയപ്പോൾ ബിന്ദു കൃഷ്ണ 3,23,100 വോട്ടുകൾ മാത്രമാണ് നേടിയത്. ഒരു ലക്ഷത്തിലേറെ കള്ളവോട്ടുകൾ എന്ന് പറയുമ്പോൾ കഴിഞ്ഞ തവണത്തെ സമ്പത്തിന്റെ ഭൂരിപക്ഷവും വിജയവും കള്ളവോട്ടിന്റെ സാധ്യതകളിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനായി നാളെ കേരളം ബൂത്തിലേക്ക് നീങ്ങവേ ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ സംഘർഷ സാധ്യതയും നിലനിൽക്കുകയാണ്. ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടേഴ്‌സ് ലിസ്റ്റിൽ 10 ശതമാനം വോട്ടുകൾ കള്ളവോട്ടുകൾ ആണെന്നാണ് കോൺഗ്രസ് ഉയർത്തുന്ന ആരോപണം. 112322 വോട്ടുകൾ കള്ളവോട്ട് എന്നാണ് കോൺഗ്രസ് കണ്ടെത്തിയിരിക്കുന്നത്. ഈ കള്ളവോട്ടുകളുടെ ലിസ്റ്റ് ആറ്റിങ്ങൽ മണ്ഡലത്തിലെ എല്ലാ പോളിങ് സ്റ്റേഷനുകളിളെയും ഏജന്റുമാർക്ക് കോൺഗ്രസ് കൈമാറിയിട്ടുണ്ട്. ഈ വോട്ടർമാർ വോട്ടു ചെയ്യാൻ എത്തിയാൽ കോൺഗ്രസ് ഏജന്റുമാർ അത് ചലഞ്ച് ചെയ്യും. സ്വാഭാവികമായും സിപിഎം എതിർക്കും. അതുകൊണ്ട് തന്നെ കേരളത്തിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലും ഇല്ലാത്ത സംഘർഷ സാധ്യത ആറ്റിങ്ങലിൽ നിലനിൽക്കുകയാണ്.

ഒരു ലക്ഷത്തിലേറെ കള്ളവോട്ടുകൾ എന്ന് ചൂണ്ടിക്കാട്ടി വോട്ടേഴ്‌സ് ലിസ്റ്റും ബൂത്തും ക്രമനമ്പറും അച്ഛന്റെ പേരുൾപ്പെടെയുള്ള രേഖകളുമായി ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി അടൂർ പ്രകാശ് പരാതി നൽകിയിട്ടുണ്ട്. ചീഫ് ഇലക്ടറൽ ഓഫീസർക്കും , വരണാധികാരിയായ ജില്ലാ കലക്ടർക്കുമാണ് അടൂർ പ്രകാശ് പരാതി നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അടൂർ പ്രകാശിന്റെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷനും വരണാധികാരിയായ ജില്ലാ കളക്ടർക്കും തലവേദനയായിരിക്കുകയാണ്. ഈ അന്തിമ ഘട്ടത്തിൽ ഈ കാര്യത്തിൽ വലുതായൊന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണയും ജില്ലാ കളക്ടറുടെ ഓഫീസും. മറുനാടൻ മലയാളിക്ക് ടീക്കാറാം മീണ നൽകിയ പ്രതികരണവും ജില്ലാ കളക്ടർ വാസുകിയുടെ ഓഫീസ് നൽകിയ വിശദീകരണവും ആറ്റിങ്ങലിലെ ഈ നിസ്സഹായാവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു.

അടൂർ പ്രകാശിന്റെ പരാതി നിസ്സാരവത്ക്കരിക്കാൻ ജില്ലാ കളക്ടർ വാസുകിയുടെ ഓഫീസ് മറുനാടന് മുന്നിൽ ശ്രമിച്ചപ്പോൾ സംഗതിയുടെ ഗൗരവം മനസിലാക്കിയ ടീക്കാറാം മീണ ഇത് സംബന്ധിച്ച് പ്രിസൈഡിങ് ഓഫീസർമാർക്ക് കർശന നിർദ്ദേശം നൽകിയതായി മറുനാടനോട് പറഞ്ഞു. ഇരട്ട വോട്ടുകൾ ചെയ്യാൻ വോട്ടർമാർ ആരും ശ്രമിക്കരുത്. പിടിവീണാൽ കാരാഗൃഹവാസം വോട്ടർമാരെ കാത്തിരിക്കുന്നു-ടീക്കാറാം മീണ മറുനാടനോട് പറഞ്ഞു. അടൂർ പ്രകാശ് പറയുന്ന രീതിയിൽ ഒരു ലക്ഷത്തിലധികം വോട്ടുകൾ കള്ളവോട്ടുകൾ ആയി നിലനിൽക്കുന്നില്ല എന്നാണ് ഈ പരാതിയിൽ കളക്ടർ കണ്ടെത്തിയത്- വാസുകിയുടെ ഓഫീസ് മറുനാടനോട് പറഞ്ഞു. പക്ഷെ മറുനാടന് ലഭിച്ച രേഖകൾ പ്രകാരം ഒരു ലക്ഷത്തിലധികം വോട്ടുകൾ ആറ്റിങ്ങലിൽ കള്ളവോട്ടുകൾ ആയി നിലനിൽക്കുകയാണ്.

ആറ്റിങ്ങൽ മണ്ഡലത്തിൽ പെട്ട നെടുമങ്ങാട്, അണ്ടൂർകോണം 14 ആം നമ്പർ ബുത്തിൽ ക്രമനമ്പർ 140 ബിനു, ട/ീ അപ്പു ,39 വയസ് എന്ന വോട്ടർക്ക് വഴക്കാട് ബൂത്ത് നമ്പർ 84 ൽ ക്രമനമ്പർ 265 പ്രകാരവും വേങ്കോട് 162 ൽ 572 പ്രകാരവും മുന്ന് വോട്ടുകൾ . ബിജുവിന് അണ്ടൂർകോണം 14 ൽ 1018 ,കാരന്തല ബൂത്ത് 165 ൽ ക്രമനമ്പർ 605 പ്രകാരവും വോട്ട്. അബ്ദുൾ റഹ്മാനു ബൂത്ത് 14 ൽ 455 '110ൽ ക്രമനമ്പർ 165 പ്രകാരവും രണ്ട് വോട്ടുകൾ . ആമിനാ ബീവിക്ക് 14 ,29 ബൂത്തുകളിലായി 563 ,764 എന്നീ ക്രമനമ്പറുകളിലും വോട്ട്. ഇങ്ങിനെ ഒട്ടനവധികം വോട്ടുകളാണ് ഓരോരുത്തുടെയും പേരിൽ പട്ടികയിൽ ചേർത്തിട്ടുള്ളത്. നെടുമങ്ങാട് മാത്രം ഇത്തരത്തിലുള്ള വോട്ടുകൾ 13610 എണ്ണം. മറ്റ് നിയോജക മണ്ഡലങ്ങളായ കാട്ടാക്കട 17019, അരുവിക്കര 10907 ,വാമനപുരം 14672 ,ചിറയിൻകീഴ് 18495 ,ആറ്റിങ്ങൽ 21208 ,വർക്കല 16911 എന്നിങ്ങനെയാണ് കള്ളവോട്ടുകൾ ഉള്ളത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരുത്തരവാദപരമായ സമീപനമാണ് അന്തിമ വോട്ടർ പട്ടികയിൽ ഇത്രയധികം കള്ളവോട്ടുകൾ ഇടം പിടിക്കാൻ കാരണം. മണ്ഡലത്തിലെ എല്ലാ ബുത്തുകളിലും രണ്ടും ,മുന്നും വോട്ടുകൾ ഉള്ളവർക്ക് എല്ലാ വോട്ടുകളും പോൾ ചെയ്യപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. ഇത് സംഘർഷ സാധ്യത കൂട്ടുകയും ചെയ്യുന്നു. ആൾമാറാട്ടം ഒരു ക്രിമിനൽ കുറ്റമാണ്.ഈ കുറ്റകൃത്യം നടക്കാൻ പോകുന്ന വിവരം ,നടപടി എടുക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥനെ അറിയിച്ചും കഴിഞ്ഞിട്ടുണ്ട്. ഇനി കുറ്റകൃത്യം തടയാനുള്ള ബാധ്യത വിവരം ലഭിച്ച ഉദ്യോഗസ്ഥനാണ്.ഇത്തരത്തിൽ ഉദ്യോഗസ്ഥന് കള്ളവോട്ട് തടയാൻ കഴിഞ്ഞില്ലങ്കിൽ ഇദ്യോഗസ്ഥനും ആൾമാറാട്ട കേസിൽ കൂട്ടുപ്രതിയാവും. അതുകൊണ്ട് തന്നെ ആറ്റിങ്ങലിലെ പ്രിസൈഡിങ് ഓഫീസർമാരും ഭീതിയിലാണ്.

ഈ ഭീതി മനസിലാക്കി തന്നെയാണ് ആറ്റിങ്ങലിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം തന്നെ തന്നെ താൻ നൽകിയിരുന്നതായി ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണ മറുനാടനോട് വ്യക്തമാക്കിയിരിക്കുന്നത്. കള്ളവോട്ട് എന്ന് മനസിലാക്കിയാൽ ഉടൻ പൊലീസ് സഹായം തേടാനാണ് മീണ നൽകിയിരിക്കുന്ന നിർദ്ദേശം. അതുകൊണ്ട് തന്നെ കള്ളവോട്ട് ചെയ്യുന്ന ആറ്റിങ്ങലിലെ വോട്ടർ അകത്താകാനുള്ള സാധ്യതകൾ ഏറെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP