Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വന്തം പ്രസിഡന്റിനെ പുറത്താക്കാൻ എൽഡിഎഫിന്റെ അവിശ്വാസം; യുഡിഎഫ് പിന്തുണച്ചപ്പോൾ പ്രസിഡന്റ് രക്ഷപ്പെട്ടു; നാണം കെട്ടതിന്റെ കലിപ്പിൽ പഞ്ചായത്തിന്റെ ജീപ്പ് അടിച്ചു തകർത്തു; പുറമറ്റത്ത് വനിതാ പ്രസിഡന്റിനെ കൈയേറ്റം ചെയ്തതിന് പിന്നിൽ

സ്വന്തം പ്രസിഡന്റിനെ പുറത്താക്കാൻ എൽഡിഎഫിന്റെ അവിശ്വാസം; യുഡിഎഫ് പിന്തുണച്ചപ്പോൾ പ്രസിഡന്റ് രക്ഷപ്പെട്ടു; നാണം കെട്ടതിന്റെ കലിപ്പിൽ പഞ്ചായത്തിന്റെ ജീപ്പ് അടിച്ചു തകർത്തു; പുറമറ്റത്ത് വനിതാ പ്രസിഡന്റിനെ കൈയേറ്റം ചെയ്തതിന് പിന്നിൽ

ശ്രീലാൽ വാസുദേവൻ

 കോഴഞ്ചേരി: സ്വതന്ത്രാംഗത്തെ പഞ്ചായത്ത് പ്രസിഡന്റാക്കി ഭരിച്ച പഞ്ചായത്തിൽ എൽഡിഎഫിന് നാണക്കേട്. ധാരണ പ്രകാരം രാജി വയ്ക്കാതിരുന്ന പ്രസിഡന്റിനെതിരേ കൊണ്ടു വന്ന അവിശ്വാസം ചീറ്റി. അതിന്റെ കലിപ്പിന് പ്രസിഡന്റിനെ ആക്രമിച്ചു. പഞ്ചായത്തിന്റെ ജീപ്പും അടിച്ചു തകർത്തു. നേരിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ഭരണം കൈയാളിയ പുറമറ്റം പഞ്ചായത്തിലാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിയെ സിപിഎം പഞ്ചായത്തംഗങ്ങളും ലോക്കൽ സെക്രട്ടറിയും ചേർന്ന് ആക്രമിച്ചത്. പഞ്ചായത്ത് ഓഫീസിൽ എത്തിയ സൗമ്യയുമായി എൽഡിഎഫ് അംഗങ്ങളായ സാബു ബഹനാനും സിജു പി. ഇടിക്കുളയും വാക്കേറ്റം ഉണ്ടായി. സിപിഎം ലോക്കൽ സെക്രട്ടറി അജിത് പ്രസാദും ഇവർക്കൊപ്പം ഉണ്ടായിരുന്നു. വാക്കേറ്റം കൈയാങ്കളിയിലേക്ക് നീങ്ങി. ഇതിനിടയിലാണ് പ്രസിഡന്റിന്റെ വസ്ത്രങ്ങൾ വലിച്ചു കീറിയത്.

ഇവർക്കൊപ്പമുണ്ടായിരുന്ന ശോഭിത സൗമ്യ ധരിച്ചിരുന്ന ചുരിദാറിന്റെ ഷോൾ വലിച്ചെടുത്ത ശേഷം ഉടുപ്പ് വലിച്ചു കീറുകയായിരുന്നുവെന്നും കൈയിൽ കെട്ടിയിരുന്ന വാച്ച് അടിച്ചു പൊട്ടിച്ചുവെന്നും സൗമ്യ ജോബി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

സ്വന്തം നോമിനിയായ പഞ്ചായത്ത് പ്രസിഡന്റിനെതിരേ എൽ.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന് പിന്നാലെയാണ് അക്രമം അരങ്ങേറിയത്. ഇടത് സ്വതന്ത്രയായി വിജയിക്കുകയും പഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്ത സൗമ്യ ജോബി മുന്നണി ധാരണ പ്രകാരം രാജി വയ്ക്കാതെ വന്നപ്പോഴാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. പ്രസിഡന്റ് സ്ഥാനത്തിന് കാലാവധി നിശ്ചയിച്ചിട്ടില്ലെന്ന നിലപാടിലായിരുന്നു സൗമ്യ.

പാർട്ടി തീരുമാനം അംഗീകരിക്കാതെ വന്നതോടെ സ്വന്തം പ്രസിഡന്റിന് എതിരെ ഇടത് മുന്നണി തന്നെ അവിശ്വാസം അവതരിപ്പിച്ചു. യു.ഡി.എഫിലെ ആറ് അംഗങ്ങൾക്കൊപ്പം പ്രസിഡന്റും ചർച്ചയിൽ നിന്നും വിട്ടു നിന്നതോടെ പ്രമേയം പരാജയപ്പെട്ടു. ഇതിന്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം വെണ്ണിക്കുളം പോളിടെക്നിക്കിൽ പാർക്ക് ചെയ്തിരുന്ന പഞ്ചായത്ത് വക ജീപ്പിന്റെ ചില്ലുകൾ തകർക്കുകയും നാശം വരുത്തുകയും ചെയ്തതെന്ന് പറയുന്നു. പഞ്ചായത്തിൽ നിന്നും പൊലീസിൽ പരാതി നൽകിയിരുന്നു.

സിപിഎം പുറമറ്റം, വെണ്ണിക്കുളം ലോക്കൽ കമ്മറ്റികൾ തമ്മിലുള്ള തർക്കമാണ് പഞ്ചായത്തിലെ വിഷയങ്ങൾക്ക് കാരണമെന്നാണ് സൂചന. മല്ലപ്പള്ളി,കീഴ്‌വായ്പൂർ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ് പുറമറ്റത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

13 അംഗ പുറമറ്റം ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫ് ഏഴ്, യു.ഡി.എഫ് ആറ് എന്നിങ്ങനെയായിരുന്നു കക്ഷിനില. സിപിഎം ചിഹ്നത്തിൽ വിജയിച്ച സാബു ബഹനാൻ, ഷിജു പി. കുരുവിള, കെ.ഓ. മോഹൻദാസ് എന്നിവരും എൽ.ഡി.എഫ് സ്വതന്ത്ര അംഗങ്ങളായ ശോശാമ്മ തോമസ്, റേച്ചൽ ബോബൻ, റോഷ്നി ബിജു എന്നിവരുമാണ് അവിശ്വാസ നോട്ടീസ്
നൽകിയിരുന്നത്. നോട്ടീസ് നൽകിയപ്പോൾ ഒരു യു.ഡി എഫ് അംഗത്തിന്റെ പിന്തുണ എൽ.ഡി.എഫിന് ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ ഇവരെ പിളർത്താൻ ഇടത്
മുന്നണിക്ക് കഴിഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP