Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കെ ബി ​ഗണേശ് കുമാറിന്റെ കാറിന്റെ ചില്ലുകൾ തകർന്നു; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് എംൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയും സംഘവും; ചവറയിലും പത്തനാപുരം എംഎൽഎയുടെ ​ഗുണ്ടാരാജ്; പ്രതിഷേധക്കാരെ മാത്രം കസ്റ്റഡിയിലെടുത്ത് മാതൃകയായി വീണ്ടും പിണറായി പൊലീസ്

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കെ ബി ​ഗണേശ് കുമാറിന്റെ കാറിന്റെ ചില്ലുകൾ തകർന്നു; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് എംൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയും സംഘവും; ചവറയിലും പത്തനാപുരം എംഎൽഎയുടെ ​ഗുണ്ടാരാജ്; പ്രതിഷേധക്കാരെ മാത്രം കസ്റ്റഡിയിലെടുത്ത് മാതൃകയായി വീണ്ടും പിണറായി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: പത്തനാപുരം എംഎൽഎ കെബി ഗണേശ്‌കുമാറിന്റെ കാർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചു. എംഎൽഎയ്ക്ക് നേരെ കരിങ്കൊടി കാണിക്കുന്നതിനിടെ പ്രവർത്തകരുടെ ആക്രമണത്തെ തുടർന്ന് കാറിന്റെ ചില്ല് തകർന്നിട്ടുണ്ട്. ദേശീയപാതയിൽ ചവറ നല്ലെഴുത്തുമുക്കിനു സമീപത്ത് വച്ചായിരുന്നു യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കല്ലേറിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എംഎൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തിൽ മർദിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച കോക്കാട്ട് ക്ഷീരോൽപാദക സംഘം കെട്ടിടത്തിന്റെ ഉദ്ഘാടന വേദിക്കു സമീപം എംഎൽഎയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണു വീണ്ടും പ്രതിഷേധക്കാർക്കു നേരെയുള്ള കയ്യേറ്റം. സംഭവത്തിൽ 5 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

എംഎൽഎയ്‌ക്കെതിരെ വലിയ പ്രതിഷേധവുമായി കഴിഞ്ഞ ദിവസങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയിരുന്നു.കെ.ബി. ഗണേശ് കുമാർ എംഎൽഎയുടെ ഓഫീസിലേക്ക് ഇന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിനിടെ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടിയിരുന്നു. ഇതേ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾ അടക്കമുള്ളവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

കഴിഞ്ഞ ദിവസം ഗണേശ് കുമാറിന്റെ മുൻ പിഎയായിരുന്ന പ്രദീപ് കുമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചിരുന്നു. അതിന് പിന്നാലെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎയുടെ ഓഫീസിലേക്ക് പ്രവർത്തകർ മാർച്ച് നടത്തിയത്. മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. പൊലീസ് പ്രവർത്തകരെ പിരിച്ചുവിടാനായി ലാത്തി വീശുകയായിരുന്നു.

കൊല്ലം വെട്ടിക്കവലയിൽ എംഎൽഎയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് ​ഗണേശ് കുമാറിന്റെ അനുയായികൾ മർദ്ദിച്ചത്. ക്ഷീര വികസന സമിതി ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് കോൺഗ്രസ് പഞ്ചായത്ത് അംഗത്തെ ഒഴിവാക്കിയതിനെ തുടർന്നാണ് പ്രതിഷേധം അരങ്ങേറിയത്.

എംഎൽഎയ്‍ക്കൊപ്പമുണ്ടായവരും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷം ഉണ്ടായി. പൊലീസെത്തി സംഘർഷം തടഞ്ഞു. എംഎൽഎക്കൊപ്പം പുറത്താക്കിയ സ്റ്റാഫ് പ്രദീപ് കോട്ടാത്തലയും ഉണ്ടായിരുന്നുവെന്നു പ്രതിഷേധക്കാർ ആരോപിച്ചു. പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്നാരോപിച്ച് പിന്നീട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുന്നിക്കോട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.

കെഎസ്‌യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗണേശ് കുമാർ എംഎൽഎയുടെ മുൻ പിഎ പ്രദീപ് കോട്ടാത്തലയാണു മർദിച്ചത് എന്ന് നാട്ടുകാർ പറഞ്ഞു. എംഎൽഎയുടെ സാന്നിധ്യത്തിലാണ് കോൺഗ്രസ് പ്രവർത്തകരെ പ്രദീപ് കോട്ടാത്തല മർദിച്ചത് എന്നും നാട്ടുകാർ ആരോപിച്ചു. എംഎൽഎയെ കരിങ്കൊടി കാണിച്ചതിന്റെ പേരിലായിരുന്നു മർദനം. പ്രതിഷേധിച്ചവരെ പിടികൂടിയ പൊലീസ് മർദിച്ചവരെ പിടികൂടിയില്ലെന്ന് ആരോപണം ഉയർന്നു. മർദനം തടയാനാണ് പ്രദീപ് കുമാർ ശ്രമിച്ചത് എന്നാണ് ഗണേശ് കുമാർ എംഎൽഎയുടെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP