Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202321Tuesday

'ഈ പണി എനിക്ക് വേണ്ട': തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ചവിട്ടി വീഴ്‌ത്തിയ കേസിൽ ഡോക്ടർമാർ ശക്തമായ പ്രതിഷേധം തുടരുമ്പോൾ കുറ്റബോധം മൂലമാണ് ഡോക്ടർ പറഞ്ഞതെന്ന് പ്രതിയുടെ ബന്ധുക്കൾ; കേട്ടിട്ട് സ്വന്തം ചെപ്പാക്കുറ്റിക്കടിക്കാൻ തോന്നിയെന്ന് ഡോ.മനോജ് വെള്ളനാട്; പ്രതിക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം

'ഈ പണി എനിക്ക് വേണ്ട': തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ചവിട്ടി വീഴ്‌ത്തിയ കേസിൽ ഡോക്ടർമാർ ശക്തമായ പ്രതിഷേധം തുടരുമ്പോൾ കുറ്റബോധം മൂലമാണ് ഡോക്ടർ പറഞ്ഞതെന്ന് പ്രതിയുടെ ബന്ധുക്കൾ; കേട്ടിട്ട് സ്വന്തം ചെപ്പാക്കുറ്റിക്കടിക്കാൻ തോന്നിയെന്ന് ഡോ.മനോജ് വെള്ളനാട്; പ്രതിക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: ഭാര്യ മരിച്ച വിവരം അറിയിച്ച വനിതാ ഡോക്ടറെ ചവിട്ടി വീഴ്‌ത്തിയെന്ന കേസിൽ പ്രതിക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു.. പ്രതി സെന്തിൽകുമാറിനോട് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ കോടതി ഉത്തരവിട്ടു. .പ്രതി സെന്തിൽകുമാർ നൽകിയ മുൻകൂർ ജാമ്യാ അപേക്ഷ ഉപാധികളോടെ അനുവദിച്ച തിരുവനന്തപുരം ആറാം അഡീഷണൽ ജഡ്ജ് കെ.വിഷ്ണുവിന്റേതാണ് ഉത്തരവ്..

തിരുവനന്തപുരം മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്പക്ടർ മുമ്പാകെ നാളെ (28-11-2022) രാവിലെ 10 മണിക്ക് ഹാജരാകാനാണ് ഉത്തരവിട്ടത്. അന്വേഷണം പൂർത്തിയാക്കി പ്രതിയെ അറസ്റ്റ് ചെയ്യേണ്ടി വന്നാൽ 50000/ രൂപയുടെ രണ്ട് ജാമ്യക്കാരുടെ ബോണ്ടിൽ മേൽ പ്രതിക്ക് ജാമ്യം നൽകി വിട്ടയക്കണമെന്നും ഉത്തരവിൽ പറയുന്നു.കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ പ്രതി കേരളം വിട്ട് പോകാൻ പാടില്ല. ഇരയുമായി. യാതൊരു തരത്തിലും ആശയ വിനിമയം നടത്തരുത്. സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. ജാമ്യക്കാലയളവിൽ മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടുത്. എന്നിവയാണ് ഉപാധികൾ.

അതിനിടെ, വനിതാ ഡോക്ടറെ ഭർത്താവ് സെന്തിൽകുമാർ ചവിട്ടി വീഴ്‌ത്തിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് ബന്ധുക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഭാര്യയുടെ സംസ്‌കാര ശേഷം വീടുവിട്ട സെന്തിൽകുമാറിനെ കുറിച്ച് ഇപ്പോൾ യാതൊരു വിവരവുമില്ല. ഫോൺ സ്വിച്ച് ഓഫാണ്.ചികിത്സാപ്പിഴവിലെ കുറ്റബോധം മൂലമാണ് ജോലിയിൽ തുടരാനില്ലെന്ന് ഡോക്ടർ പറഞ്ഞതെന്ന് ശുഭയുടെ ഭർത്തൃസഹോദരി സേതുലക്ഷ്മി പറഞ്ഞു. ആശുപത്രിയിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ഡോക്ടറുടെ വീഴ്ച അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.

23ന് പുലർച്ചെ ഒന്നോടെ ശുഭയുടെ മരണവിവരം അറിയിച്ച ന്യൂറോ സർജറി സീനിയർ റസിഡന്റ് ഡോ. മേരി ഫ്രാൻസിസിനെ ചവിട്ടിവീഴ്‌ത്തിയെന്നാണ് കേസ്. പുലർച്ചെ 5.30ന് മൃതദേഹവുമായി പുറപ്പെട്ട് വൈകിട്ട് 3ന് സംസ്‌കാരം കഴിയുന്നതുവരെ ഇത്തരത്തിൽ കേസുണ്ടെന്ന് അറിഞ്ഞിരുന്നില്ല. അപസ്മാരത്തെ തുടർന്നാണ് ശുഭയെ 6ന് മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ന്യൂറോ സർജറി വിഭാഗത്തിലും പ്രവേശിപ്പിച്ചത്. 22ന് രാവിലെ 7.30ന് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. വൈകിട്ട് നാലോടെ ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും ന്യൂറോ സർജറി ഐ.സി വാർഡിലേക്ക് മാറ്റുമെന്നും ഡോക്ടർ അറിയിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു.

അതേസമയം, ഡോക്ടറെ ചവിട്ട് വീഴ്‌ത്തിയ സംഭവത്തിൽ ഡോക്ടർമാരുടെ സംഘടനകൾ കടുത്ത പ്രതിഷേധത്തിലാണ്. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുൾഫി നൂഹു കഴിഞ്ഞ ദിവസം പങ്കുവച്ച കുറിപ്പ് ഇങ്ങനെ:

ഞാൻ ഡോക്ടർ പണി നിർത്തുന്നു

'ഈ പണി എനിക്ക് വേണ്ട. ന്യൂറോസർജനുമാകേണ്ട, ഡോക്ടർ പണിയും വേണ്ട. ഞാൻ രാജ്യം വിടുന്നു'! കരയാതെ കരഞ്ഞുകൊണ്ട് ആ വനിതാ ഡോക്ടർ ഇന്നലെ എന്നോട് ഇങ്ങനെ പറഞ്ഞു. അടിവയർ നോക്കി ഒത്ത ഒരാണൊരുത്തൻ ആഞ്ഞ് ചവിട്ടിയതിന്റെ ഫലം.

അതീവ ഗുരുതരാവസ്ഥയിലുള്ള, തലച്ചോറിനുള്ളിൽ ട്യൂമർ ബാധിച്ച രോഗി, ഓപ്പറേഷൻ കഴിഞ്ഞതിന് ശേഷവും ജീവൻ രക്ഷിക്കാൻ രാപകലില്ലാതെ ന്യൂറോ സർജറി വിഭാഗത്തിലെ ഡോക്ടർമാർ കിണഞ്ഞ് ശ്രമിച്ചതിന് ശേഷവും നില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്ത നിർഭാഗ്യകരമായ കാര്യം ഐസിയുവിന് വെളിയിൽ വന്ന് അതിരാവിലെ ഒരു മണിയോടെ രോഗിയുടെ ബന്ധുവിനോട് പറയുമ്പോൾ .അടിവയർ നോക്കി ചാടി ഒരു ചവിട്ട്. സിസി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.

അതും 24 മണിക്കൂറും തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോ സർജറി ഐസിയുവിൽ, സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്കിൽ, എന്തിന് ആശുപത്രി നിറയെ പറന്നു നടന്ന് ജോലിചെയ്യുന്ന ഒരു വനിതാ ഡോക്ടർ. അഞ്ചര കൊല്ലം എംബിബിഎസ്. അതിന് അഡ്‌മിഷൻ കിട്ടാൻ എൽകെജി മുതൽ പഠനം. മൂന്നുകൊല്ലം സർജറി പഠനം. അതിന് അഡ്‌മിഷൻ കിട്ടാനും വേണം കൊല്ലങ്ങൾ.

സൂപ്പർ സ്‌പെഷ്യാലിറ്റി പഠനത്തിൽ മിക്കവാറും ഏതാണ്ട് എല്ലാ സമയവും ആശുപത്രിക്കുള്ളിൽ.പഠനം കഴിഞ്ഞിട്ട് കുട്ടികൾ മതിയെന്ന് തീരുമാനവും.
ചവിട്ട് കിട്ടിയ വനിത ഡോക്ടർ ഐസിയുവിനുള്ളിൽ നിലവിളിച്ച് കരയാൻ പോലും കഴിയാതെ തകർന്നടിയുന്നു. പ്രതി ഇപ്പോഴും സുരക്ഷിതൻ.
സ്വന്തം പ്രൊഫഷൻ ഉപേക്ഷിക്കാൻ തയ്യാറായി വനിതാ ഡോക്ടറും .

പ്രഭാത സവാരിയിൽ മാത്രമല്ല തൊഴിലിടങ്ങളിലും വനിതകൾ, വനിതാ ഡോക്ടർമാർ സുരക്ഷിതരല്ല. ഇത് തലസ്ഥാനനഗരിയിൽ ഒരു മാസത്തിനുള്ളിലെ രണ്ടാമത്തെ വനിത ഡോക്ടർ ആക്രമണം. കേരളം എങ്ങോട്ട്? ആശുപത്രി ആക്രമണങ്ങൾ ഒരിക്കലും വെച്ചു വെറുപ്പിക്കപ്പെടാൻ പാടില്ല. അപ്പോ ചികിത്സ പിഴവെന്ന് രോഗിക്കൊ, രോഗിയുടെ ബന്ധുക്കൾക്കോ തോന്നിയാൽ എന്ത് ചെയ്യും എന്ന് ചോദിച്ചു വരുന്നവരോട് നല്ല നമസ്‌കാരം.

നാട്ടിൽ നിയമമുണ്ട് നിയമാനുസൃതമായ നടപടികളും. അടിവയർ നോക്കി ചാടി ചവിട്ടിയാൽ ഇനി നോക്കി നിൽക്കാൻ ഇത് വെള്ളരിക്കാ പട്ടണമൊന്നുമല്ല തന്നെ!
ഡോ സുൽഫി നൂഹു.

സംസ്ഥാന പ്രസിഡണ്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.

ഡോ.മനോജ് വെള്ളനാടിന്റെ കുറിപ്പ് കൂടി വായിക്കാം:

മരിച്ചുപോയ രോഗിയുടെ ബന്ധുക്കളെ ഏതെങ്കിലും രീതിയിൽ ഈ വിഷയത്തിൽ സംസാരവിഷയമാക്കാൻ ഉദ്ദേശമേ ഇല്ലായിരുന്നു. ഡോക്ടറെ ആക്രമിച്ച പ്രതിയുടെ പേര് പോലും മുൻപ് എഴുതിയതിൽ പറയാത്തത് അതു കൊണ്ടാണ്. പക്ഷെ ഇന്ന് മനോരമ ന്യൂസിൽ പ്രതിയുടെ സഹോദരിയുടെ സംസാരം കണ്ടപ്പോഴുണ്ടായ വികാരമെന്താണെന്നറിയാമോ? സ്വന്തം ചെപ്പാക്കുറ്റിക്കടിക്കാൻ..

കാരണം, ഇവരെപ്പോലുള്ളവർക്കു വേണ്ടിയല്ലേ നമ്മളൊക്കെ ഊണും ഉറക്കവും കളഞ്ഞിട്ട് ഈ കിടന്നോടുന്നത്. അതിന് നന്ദിയൊന്നും വേണ്ടാ, പക്ഷെ ഭക്ഷണം കഴിക്കുന്ന ആ വായ കൊണ്ട് ഇത്രയും കള്ളങ്ങൾ രണ്ടാഴ്ചയോളം ആ രോഗിയെ സർജറിക്ക് റെഡിയാക്കാൻ ഓടി നടന്ന ഡോക്ടർമാരെ പറ്റി പറയുക എന്നത് വിഷം വാരി വായിൽ വച്ചു തരുന്നതിനേക്കാൾ വിഷമമുണ്ടാക്കുന്നതാണ്.

സ്വന്തം തൊഴിലിനോട് അത്രയും പാഷനുള്ളവർ മാത്രം തെരെഞ്ഞെടുക്കുന്നതാണ് ന്യൂറോസർജറി. അത്രയും സമയവും അധ്വാനവും ക്ഷമയും ഉണ്ടെങ്കിൽ മാത്രം പഠിച്ചെടുക്കാനും പ്രാക്ടീസ് ചെയ്യാനും പറ്റുന്ന ഒന്ന്. ആ ആത്മാർത്ഥത എല്ലാവരോടും എന്നപോലെ ഈ മരിച്ച രോഗിയോടും കാണിച്ചിട്ടുണ്ടെന്നത് 100% സത്യമാണ്. അതിനൊക്കെയും സാക്ഷിയാണ് മേൽ സൂചിപ്പിച്ച ആ സ്ത്രീയും.

വയറ്റിൽ ചവിട്ടു കൊണ്ടു കിടക്കുന്ന ഡോക്ടറുടെ കാലു പിടിച്ച് 'ഇത് കേസാക്കല്ലേ, കേസാക്കല്ലേ, കേസാക്കല്ലേ.. എന്റെ സഹോദരന് ഒരബദ്ധം പറ്റിയതാണേ.. ' എന്ന് പറഞ്ഞ് കരഞ്ഞ ആ സ്ത്രീ ഇന്ന് മനോരമ ന്യൂസിൽ വന്ന് പറയുന്നു, 'സഹോദരൻ ആരെയും അക്രമിച്ചിട്ടില്ല. മരണശേഷം വീട്ടിലെത്തി ശവസംസ്‌കാരവും കഴിഞ്ഞ് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ആണ് ഡോക്ടർക്ക് ചവിട്ടു കൊണ്ടെന്ന വാർത്ത അറിയുന്നത് തന്നെ.. ' എന്ന്..

മറ്റൊന്ന്, നിർബന്ധപൂർവ്വം സർജറി ചെയ്തുവെന്നാണവർ പറയുന്നത്. തീർച്ചയായും സർജറി വേണ്ട രോഗിയായിരുന്നു അവർ. പക്ഷെ ഏതെങ്കിലും രോഗിക്ക് നിർബന്ധപൂർവ്വം സർജറി ചെയേണ്ട സ്ഥിതി ഇവിടില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ന്യൂറോ സർജറിയിൽ സർജറിക്ക് വേണ്ടി വിളിക്കുന്നതും കാത്തിരിക്കുന്ന നൂറു കണക്കിന് രോഗികളുണ്ട്. അതും മാസങ്ങളായി. കിടത്താൻ സ്ഥലവും ഓപറേഷൻ ചെയ്യാനുള്ള സമയവും ഇല്ലാത്തതു കൊണ്ടു മാത്രമാണത്. അത്രയും ലോഡുള്ളതുകൊണ്ടാണ്. അങ്ങനെയുള്ളിടത്ത് നിർബന്ധിച്ചു എന്നൊക്കെ പറഞ്ഞാൽ..

ഇതു വായിക്കുന്ന നിങ്ങൾക്കാർക്കും അവർ പറഞ്ഞ നുണകളിൽ പ്രത്യേകിച്ചൊരു വികാരവും തോന്നില്ലായിരിക്കും. തലയിലെ ട്യൂമർ ഓപറേഷൻ ചെയ്തില്ലെങ്കിൽ ഏതു സമയത്തും മരിച്ചുപോകാൻ സാധ്യതയുള്ള, ഹൃദ്രോഗമുൾപ്പെടെ പലതരം രോഗങ്ങളുണ്ടായിരുന്ന ഒരു രോഗിയെ ഓപറേഷന് തയ്യാറാക്കുക എന്നത് തന്നെ വലിയൊരു പ്രയത്‌നമാണ്. രണ്ടാഴ്ചയോളമെടുത്ത് ഇതെല്ലാം ചെയ്തിട്ടവസാനം ഇമ്മാതിരി നട്ടാൽ കുരുക്കാത്ത കള്ളങ്ങളും കുറ്റവാളിയാക്കലും കൂടി കേൾക്കുമ്പോൾ സ്വയം തോന്നുന്നൊരു അവമതിപ്പ് ഉണ്ടല്ലോ. അതൊരു വല്ലാത്ത വികാരമാണ്.

അയാൾ ചവിട്ടിയതിനേക്കാൾ വലിയ വേദനയും ദൂരവ്യാപകമായ ട്രോമയുമാണ് ഈ വക നുണകൾ. അതിന്റെ ഫലം അനുഭവിക്കുക നിഷ്‌കളങ്കരായ രോഗികളും അവരുടെ കൂട്ടിരിപ്പുകാരുമായിരിക്കും. എനിക്കറിയില്ല എന്റെ സഹപ്രവർത്തകയായ ഡോക്ടറെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന്. ചവിട്ട് കൊണ്ട് കിടക്കുമ്പോൾ പോലും നോർമ്മലായി അഭിനയിക്കാൻ ശ്രമിച്ചിരുന്ന അവൾക്കിപ്പോൾ സംസാരിക്കുമ്പോൾ ശബ്ദം പോലും പുറത്തു വരുന്നില്ല. ഓരോ വാക്കും വിതുമ്പലിന്റെ വക്കിലാണ്.

ചവിട്ടിയതിന്റെ പേരിലുള്ള പരാതി ഒതുക്കിത്തീർക്കാൻ നാനാവഴികളിൽ ശ്രമിച്ചിട്ടും നടക്കാതായപ്പോൾ നട്ടാൽ മുളയ്ക്കാത്ത നുണയുമായിറങ്ങിയതിലും അതിനു മാത്രം പ്രമുഖ മാധ്യമങ്ങളിൽ വലിയ പ്രാധാന്യം കിട്ടുന്നതിലും ഒന്നും അത്ഭുതമില്ല. പക്ഷെ ഒരു കാര്യം ഞാനായിരം വട്ടം ആവർത്തിച്ച് പറയട്ടെ, ആ സ്ത്രീ പറയുന്ന ഓരോ വാക്കും പച്ചക്കള്ളമാണ്, ആരൊക്കെ വിശ്വസിച്ചാലും ഇല്ലെങ്കിലും..

എന്തായാലും നന്ദിയുണ്ട് എല്ലാരോടും. ക്രിമിനലുകൾക്കും ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും കേരളത്തിലുള്ള സ്ഥാനമെന്താണെന്ന് മനസിലാക്കി തന്നതിനും ആരോഗ്യ പ്രവർത്തകരുടെ ഭാവിയെന്താവുമെന്ന് ചിന്തിക്കാൻ അവസരം തന്നതിനും കേരള സർക്കാരിനോടെന്നും നന്ദിയുള്ളവരായിരിക്കും ഞങ്ങൾ.
മനോജ് വെള്ളനാട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP