Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടാമൂഴത്തിന്റെ പിന്നാലെയായപ്പോൾ ഷെട്ടി കൈവിട്ടു; ആദായ നികുതി കുരുക്കിലായപ്പോൾ ഗോകുലത്തിനും മൗനം; ജയിലിനുള്ളിൽ തളർന്ന് അവശനായി മലയാളിയുടെ പ്രിയ വ്യവസായി; രോഗങ്ങളും എഴുപത്തിയഞ്ചുകാരനെ വലയ്ക്കുന്നു; അറ്റ്‌ലസ് രാമചന്ദ്രനായി ചെറുവിരൽ അനക്കാതെ സർക്കാരുകളും; പ്രവാസികളുടെ പ്രാർത്ഥന വെറുതെയാകുമോ?

രണ്ടാമൂഴത്തിന്റെ പിന്നാലെയായപ്പോൾ ഷെട്ടി കൈവിട്ടു; ആദായ നികുതി കുരുക്കിലായപ്പോൾ ഗോകുലത്തിനും മൗനം; ജയിലിനുള്ളിൽ തളർന്ന് അവശനായി മലയാളിയുടെ പ്രിയ വ്യവസായി; രോഗങ്ങളും എഴുപത്തിയഞ്ചുകാരനെ വലയ്ക്കുന്നു; അറ്റ്‌ലസ് രാമചന്ദ്രനായി ചെറുവിരൽ അനക്കാതെ സർക്കാരുകളും; പ്രവാസികളുടെ പ്രാർത്ഥന വെറുതെയാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: മാളിക മുകളിലേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ - അക്ഷരാർത്ഥത്തിൽ വായ്പാ തട്ടിപ്പ് കേസിൽ അറസ്റ്റിലായ വ്യവസായ പ്രമുഖൻ അറ്റ്ലസ് രാമചന്ദ്രൻ നായരുടെ ജയിലിലെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. ജയിൽ പോലും ആരും തിരിഞ്ഞു നോക്കാനില്ല. ഇതോടെ തനിക്ക് ജയിൽ മോചനം അസാധ്യമാകുമെന്ന ചിന്തയിലേക്ക് രാമചന്ദ്രൻ എത്തുകയാണ്. 2015 നവംബറിലാണ് അറ്റ്ലസ് രാമചന്ദ്രൻ നായരെ ബാങ്കുകളിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ദുബായ് ജയിലിലടച്ചത്. സമാനമായ നിരവധി കേസുകളുണ്ട്. രാമചന്ദ്രന്റെ സ്വത്തുക്കൾ വിറ്റ് കടംവീട്ടാൻ പോലും ആരും രാമചന്ദ്രനെ സഹായിക്കുന്നില്ല. പ്രതിസന്ധിയിലായ രാമചന്ദ്രന്റെ സ്വത്ത് അടിച്ചു മാറ്റാനാണ് ശ്രമം.

മറ്റ് കേസുകളിൽ കൂടി ശിക്ഷ കിട്ടിയാൽ രാമചന്ദ്രന് 40 വർഷം വരെ ജയിലിൽ കിടക്കേണ്ടിവരും, പുറത്ത് നിന്ന് ഭക്ഷണം വാങ്ങാൻ കാശില്ലാതെ ജയിൽ വേദനയുള്ളിലൊതുക്കിയാണ് രാമചന്ദ്രന്റെ ജീവിതം. അറ്റ്‌ലസ് രാമചന്ദ്രൻ ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് അടുത്തിടെ ജയിൽ മോചിതനായ അഫ്ഗാൻ സ്വദേശി അസ്ഖർ ഭായ് പറഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ പുറത്തുവന്നു. ജയിൽ ആഹാരം മാത്രം കഴിച്ചാണ് രാമചന്ദ്രൻ കഴിയുന്നത് എന്നും വാർത്ത എത്തി. പുറത്തുനിന്നും ഭക്ഷണം വാങ്ങിക്കാൻ പണമില്ലാത്തതുകൊണ്ടാണത്രെ ഇത്. സാമ്പത്തിക കുറ്റവാളികളും പണക്കാരുമൊക്കെ പുറത്തുനിന്നും ഭക്ഷണം വാങ്ങിച്ച് കഴിക്കുക പതിവാണ്. ഇതിന് പോലും രാമചന്ദ്രന് കഴിയുന്നില്ല. ഈ വാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ രാമചന്ദ്രന് വേണ്ടി മലയാളികളുടെ ശബ്ദം ഉയർന്നു. എന്നാൽ രാമചന്ദ്രന് വേണ്ടി മുന്നിട്ടിറങ്ങാൻ ആരുമില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളും രാമചന്ദ്രനെ കുറ്റവാളിയെ പോലെ കണ്ട് മൗനം നടക്കുന്നു.

യുഎഇയിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പായ എൻഎംസിയുടെ ഉടമ ഡോ. ബി ആർ ഷെട്ടി അറ്റ്‌ലസ്ഗ്രൂപ്പിന്റെ ഒമാനിലെ രണ്ട് പഞ്ചനക്ഷത്ര ആശുപത്രികൾ ഏറ്റെടുത്ത് വായ്പ തിരിച്ചടയ്ക്കാൻ ധാരണയായിട്ടുണ്ടെന്ന വാർത്തയെത്തി. ഇതിനുപുറമേ ഗോകലും ഗോപാലനും രാമചന്ദ്രനെ സഹായിക്കാൻ രംഗത്ത് വന്നിരുന്നു. എന്നാൽ രണ്ടാമൂഴമെന്ന സിമിമയ്ക്ക് 1000 കോടി മുടക്കാൻ തീരുമാനിച്ചതോടെ ഷെട്ടി, അറ്റ്‌ലസിനെ മറന്നു. സാമ്പത്തിക കേസിൽ ആദായനികുതി വകുപ്പ്് പ്രതിസ്ഥാനത്ത് നിർത്തിയതോടെ ഗോകുലവും കൈവിട്ടു. ഈ സാഹചര്യമാണ് രാമചന്ദ്രനെ പ്രതിസന്ധിയിലാക്കുന്നത്. ഷെട്ടിയും ഗോകുലം ഗോപാലനും പുലിവാല് പിടിക്കേണ്ടെന്ന് കരുതി മാറി നിൽക്കുന്നതാണെന്നും സൂചനയുണ്ട്. ഇതോടെ രാമചന്ദ്രന്റെ സ്വത്തിൽ കണ്ണുള്ള കൂട്ടർ പാരകളുമായെത്തി. ഇതോടെ രാമചന്ദ്രന് ഇനിയും കാലങ്ങളോലം ജയിലിൽ കിടക്കേണ്ട അവസ്ഥ വരുമെന്ന് ഉറപ്പാവുകയാണ്.

പുറത്തിറങ്ങിയാൽ ഇന്ത്യയിൽ അറ്റ്‌ലസ് വാങ്ങിക്കൂട്ടിയതും ഇപ്പോൾ പലമടങ്ങു വില വർധിച്ചതുമായ ചില വസ്തുക്കൾ വിറ്റാൽ പോലും രാമചന്ദ്രന് ബാധ്യത തീർക്കാം. എന്നാൽ ഈ സ്വത്തിൽ കണ്ണുള്ളവർ അതിന് വിഘാതം സൃഷ്ടിക്കുകയാണ്. ഇതോടെ രാമചന്ദ്രന് അനുകൂലമായ നിയമ നടപടികൾ പോലും അട്ടിമറിക്കപ്പെടുകയാണ്. ഇതിൽ ഗൾഫിലുള്ള മലയാളികളെല്ലാം നിരാശരാണ്. രാമചന്ദ്രന്റെ കാരുണ്യത്തിന്റെ ഫലം അനുഭവിച്ചവരാണ് മലയാളികൾ ഏറെയും. ആശുപത്രികളിലും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലുമെല്ലാം മനുഷ്യത്വത്തിന്റെ ഇടപെടൽ വ്യക്തമായിരുന്നു. മുതലാളിയെന്നതിൽ അപ്പുറം സഹജീവികളുടേതെന്ന പോലെ അദ്ദേഹം ഇടപെട്ടു. എന്നാൽ സാധാരണക്കാർ എത്രക്കൂട്ടിയാലും രാമചന്ദ്രന്റെ ബാധ്യത തീർക്കാനാവാത്ത സാഹചര്യമാണ് ഉള്ളത്. യുഎഇ ഭരണകൂടവുമായും ചർച്ചകൾ നടത്താനുള്ള സ്വാധീനം സാധ്ാരണക്കാർക്കില്ലെന്നതും രാമചന്ദ്രന് വിനയാകുന്നത്.

നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ള രാമചന്ദ്രൻ നായർക്ക് മതിയായ ചികിത്സ കിട്ടുന്നില്ല എന്ന വസ്തുതയുമുണ്ട്. ഭർത്താവും മകളും ജയിലിലാണ്. മകനാണെങ്കിൽ ദുബായിലേക്ക് വരാൻ പോലുമാവില്ല. രാമചന്ദ്രൻ നായരുടെ ഭാര്യയ്ക്ക് നിസ്സഹായയാണ്. സർക്കാരുകളുടെ ഇടപെടൽ അനിവാര്യമാണ്. ഇപ്പോഴും കോടികൾ വിലമതിക്കുന്ന സ്വത്തുവകകൾ അറ്റ്‌ലസ് രാമചന്ദ്രന്റെ പേരിലുണ്ട്. ഇത് മുഴുവൻ വിറ്റാലും കടങ്ങൾ തീരില്ല എന്ന് ഒരുകൂട്ടർ പറയുന്നു. ജയിലിൽ നിന്നും പുറത്ത് വിട്ടാൽ ബാധ്യതകൾ തീർക്കാമെന്ന് രാമചന്ദ്രൻ അപേക്ഷിച്ചെങ്കിലും അത് നിരസിക്കപ്പെട്ടു. രാമചന്ദ്രൻ അറസ്റ്റിലായതോടെ ദുബായിലെ അറ്റ്‌ലസ് ജൂവലറി ഗ്രൂപ്പിന്റെ പ്രവർത്തനം താളം തെറ്റി. യു എ ഇയിലെ ജൂവലറികളിൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങി. പതിയെ ഇന്ത്യയിലെ ബിസിനസ്സിനേയും ബാധിച്ചു.

ജനകോടികളുടെ വിശ്വസ്ത സ്ഥാപനംഎന്ന പരസ്യത്തിലൂടെ സ്വയം മോഡലായി പ്രത്യക്ഷപ്പെട്ട അറ്റ്ലസ് രാമചന്ദ്രൻ 2015 ഓഗസ്റ്റ് 23നാണ് ദുബായിൽ അറസ്റ്റിലായത്. ബാങ്ക് വായ്പ വക മാറ്റി ചെലവഴിച്ചതും 77 ലക്ഷം ദിർഹത്തിന്റെ ചെക്ക് മടങ്ങിയതുമായിരുന്നു കുറ്റം. കോടതി വിധിച്ച പിഴത്തുകയെക്കാൾ ആസ്തി ഉണ്ടെങ്കിലും അത് പ്രയോജനപ്പെടുത്തി കടം വീട്ടാനുള്ള സാഹചര്യവും സൗകര്യവും കിട്ടാത്തതായിരുന്നു ജയിലിൽ പോകാനിടയാക്കിയത്. രാമചന്ദ്രൻ ജയിലിലായതോടെ അദ്ദേഹത്തിന്റെ പേരിലുള്ള വസ്തുവകകളുടെ ഇടപാടുകൾ നടത്താൻ മറ്റുള്ളവർക്ക് കഴിഞ്ഞതുമില്ല. അറ്റ്ലസ് ജുവലറിക്ക് ഗൾഫിൽ മാത്രം അമ്പതോളം ശാഖകളുണ്ടായിരിക്കേയാണ് രാമചന്ദ്രൻ അറസ്റ്റിലായത്. അബുദാബിയിലെ പ്രമുഖ ആശുപത്രിയായ അറ്റ്ലസ് ഹെൽത്ത് കെയർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ഇന്ത്യയിലെ ജുവലറിശാഖകളും ഇതിന് പുറമേയാണ്. മറ്റ് വിദേശരാജ്യങ്ങളിലും അറ്റ്ലസ് രാമചന്ദ്രന് നിക്ഷേപങ്ങളുണ്ട് . ഈ ആസ്തികൾ പ്രയോജനപ്പെടുത്തി രാമചന്ദ്രൻ ഉടൻ ജയിൽ മോചിതനാക്കാം. എന്നാൽ ആരും ഇതിന് മുന്നിട്ട് രംഗത്ത് വരുന്നില്ല.

കൊലക്കേസിൽ പ്രതികളായ നാവികർക്കു പോലും നീതി കിട്ടി. ഇറ്റലി നടത്തിയ നിയമപോരാട്ടമായിരുന്നു ഇതിന് കാരണം. എന്നാൽ അറ്റല്‌സ് രാമചന്ദ്രന് വേണ്ടി ആരും മുന്നോട്ട് വരുന്നില്ല. സർക്കാരുകൾ ഇടപെട്ടാൽ ഇതിന് കഴിയും. 15 ഇന്ത്യൻ ബാങ്കുകളിൽ നിന്നും ആയിരം കോടി രൂപയുടെ വായ്പയെടുത്ത് ഇന്ത്യയിലേയ്ക്ക് കടത്തിയ രാമചന്ദ്രൻ അറ്റ്‌ലസ് ഇന്ത്യ ജൂവലറി എന്ന സ്ഥാപനമുണ്ടാക്കുകയും തിരുവനന്തപുരം, ബംഗളൂരു, മുംബൈ, കൊച്ചി, തൃശൂർ, ചെന്നൈ എന്നിവിടങ്ങളിൽ വൻതോതിൽ നഗരഭൂമികൾ വാങ്ങിക്കൂട്ടുകയും ചെയ്തുവെന്നായിരുന്നു ആരോപണം. യുഎഇയിലെ 19 സ്വർണാഭരണശാലകളടക്കം സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലായി 52 ശാഖകളാണ് അറ്റ്‌ലസിനുണ്ടായിരുന്നത്.

വായ്പാതട്ടിപ്പിന് പിന്നാലെ ഈ ജൂവലറികളിലെ ടൺ കണക്കിന് സ്വർണം ഇന്ത്യയിലേയ്ക്ക് കടത്തിയെന്നും ദുബായ് പൊലീസ് കണ്ടെത്തി. ഹാൾമാർക്ക് ചെയ്യാൻ സ്വർണം കൊണ്ടുപോയി എന്നായിരുന്നു ശൂന്യമായ ആഭരണശാലയിലെ ജീവനക്കാർ നൽകിയ വിശദീകരണം. ഇതോടെയാണ് കുരുക്കുകൾ മുറുകിയത്. രാമചന്ദ്രന്റെ ജനകീയ ഇടപെടലുകളെ കുറിച്ച് യുഎഇയ്ക്കും മതിപ്പാണ്. അവർക്കും രാമചന്ദ്രനെ ദ്രോഹിക്കണമെന്നില്ല. എന്നാൽ നിയമം കടുകട്ടിയാതിനാൽ പണം തിരിച്ചടച്ചാൽ മാത്രമേ മോചനം സാധ്യമാക്കാനാകൂ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെട്ട് ഉറപ്പു നൽകിയാൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറുമാണ്. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ വ്യവസായിയെ മറന്ന മട്ടാണ്. അതും സ്വത്ത് മോഹികളായ വമ്പന്മാരുടെ ഇടപെടൽ മൂലമെന്ന വാദം സജീവമാണ്. സാധാരണക്കാരനായ പ്രവാസി മലയാളിയായിരുന്ന രാമചന്ദ്രൻ നായർ അറ്റ്ലസ് രാമചന്ദ്രനായി വളർന്നത് അതിവേഗമായിരുന്നു. എന്നാൽ, അതുപോലെ തന്നെ അവിശ്വസനീയമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ തകർച്ചയും ഉണ്ടായിരിക്കുന്നത്.

കുവൈത്തിൽ ഒരു ബാങ്ക് ഉദ്യോഗസ്ഥനായിട്ടായിരുന്നു എംഎം രാമചന്ദ്രൻ നായരുടെ പ്രവാസ ജീവിതം തുടങ്ങുന്നത്. അവിടെ നിന്നാണ് അദ്ദേഹം അറ്റ്ലസ് രാമചന്ദ്രൻ നായരായി ഉയർന്ന് വന്നത്. കുവൈത്തിലായിരുന്നു അദ്ദേഹം ആദ്യമായി ജുവല്ലറി തുറന്നത്. പലരിൽ നിന്നുമായി മൂലധനം സമാഹരിച്ചുകൊണ്ടായിരുന്നു ഇത്. കുവൈത്തിൽ നിന്നും യുഎഇയിലേക്ക് ജുവല്ലറി ശൃംഖല വ്യാപിപ്പിച്ചതോടെ പിന്നീട് വളർച്ചയുടെ പടവുകളായിരുന്നു രാമചന്ദ്രനെ കാത്തിരുന്നത്. 1980 കളുടെ അവസാനത്തോടെ ആയിരുന്നു ഇത്. പിന്നീട് ദുബായ് തന്നെയായി അറ്റ്ലസ് ജുവല്ലറിയുടെ പ്രധാന കേന്ദ്രം. ഗൾഫിൽ മാത്രമായി അറ്റ്ലസ് ജൂവലറിക്ക് 48 ഷോറൂമുകളാണ് ഉണ്ടായിരുന്നത്. ഇതിന് പുറമേ ഇന്ത്യയിലും നിരവധി ശാഖകൾ ജുവല്ലറിക്ക് ഉണ്ടായിരുന്നു. മറ്റ് പല പ്രമുഖ ജൂവലറിക്കാരും കച്ചവടത്തിൽ അനീതി കാട്ടിയപ്പോഴും വിവാദങ്ങളിൽ പെട്ടപ്പോഴും തല ഉയർത്തി പരിശുദ്ധ സ്വർണ്ണവും തങ്കവും വിറ്റ ആളായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. തന്റെ ബുദ്ധിയിലും കഠിന പരിശ്രമത്തിലും ആരെയും ഉപദ്രവിക്കാതെ നന്മയുടേയും, നീതിപൂർവ്വമായും വഴിയിലൂടെ നടന്ന് ബിസിനസ് വളർത്തിയ മനുഷ്യൻ എന്നാണ് അദ്ദേഹത്തെക്കുറിച്ച് ഏവർക്കും പറയാനുള്ളത്. സംശുദ്ധ ബിസിനസ്സുകാരനായിട്ടാണു അറ്റ്ലസ് രാമചന്ദ്രൻ അറിയപ്പെട്ടിരുന്നത്. മറ്റൂ പ്രമുഖ ജൂവലറികാർക്കെതിരെയും അനവധി ആരോപണങ്ങളുയർന്നപ്പോഴും അറ്റ്ലസിനെക്കുറിച്ച് നാളിതുവരെ ഒരു ആരോപണവും ആരും ഉന്നയിച്ചിരുന്നില്ല.

നിർദ്ദോഷമായ ഒരു പൊങ്ങച്ചം ഒഴിച്ചാൽ നല്ല ഒരു വ്യക്തിത്വത്തിനുടമയായിരുന്നു രാമചന്ദ്രൻ എന്നും പറയുന്നവർ കുറവല്ല. എന്നാൽ രാമചന്ദ്രൻ മറ്റ് സ്വർണ്ണകടകളിൽ നിന്നൊക്കെ വ്യത്യസ്തമായി ഏറെ പ്രശസ്തിയും പെരുമയും സ്വന്തമാക്കിയിരുന്നത് മറ്റ് ഘടങ്ങൾ മൂലം ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം. സ്വന്തം സ്വർണ്ണക്കടയുടെ പരസ്യത്തിൽ സ്വയം ശബ്ദം നൽകി രാമചന്ദ്രൻ പ്രശസ്തി നേടി. ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം എന്ന രാമചന്ദ്രന്റെ പരസ്യ വാചകം പിന്നീട് മിമിക്രി കലാകാരന്മാരുടെ ഇഷ്ട ഡയലോഗായി മാറുകയായിരുന്നു. സാംസ്‌കാരിക പ്രവർത്തകൻ പ്രവാസികൾക്കിടയിലെ മികച്ച സാംസ്‌കാരിക പ്രവർത്തകൻ കൂടി ആയിരുന്നു രാമചന്ദ്രൻ നായർ. നിരവധി കലാസാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. സിനിമാ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം. വൈശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകൾ നിർമ്മിച്ചത് രാമചന്ദ്രനാണ്. ആനന്ദഭൈരവി, അറബിക്കഥ, മലബാർ വെഡിങ്ങ്, ടു ഹരിഹർ നഗർ, തത്വമസി, ബോബൈ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ഹോളിഡേയ്സ് എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.

ആദ്യം നിർമ്മാതാവായും വിതരണക്കാരനായും പിന്നീട് നടനായും സിനിമയിൽ സാന്നിധ്യമുറപ്പിച്ച അറ്റ്ലസ് രാമചന്ദ്രൻ ഇപ്പോഴിതാ സംവിധാനരംഗത്തേക്കും ചുവടുവെയ്ക്കുകയായിരുന്നു. നിർമ്മിച്ച സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. കലാപരമായും മികവ് കാട്ടിയവ. വൈശാലിയും വാസ്തുഹാരയും സുകൃതവും അവാർഡുകൾ വാരിക്കൂട്ടി. ജുവല്ലറി രംഗത്ത് കൂടാതെ മറ്റ് ആശുപത്രി രംഗത്തും അറ്റ്ലസ് രാമചന്ദ്രന്റെ കൈയൊപ്പ് ചാർത്തിയിരുന്നു. മറ്റ് ആശുപത്രികളിൽ നിന്ന് വിഭിന്നായിരുന്നു അദ്ദേഹത്തിന്റെ ആശുപത്രികൾ. ഇവിടെ സ്വകാര്യ ആശുപത്രികളുടെ കടുംപിടിത്തമില്ല. ആർക്കും ചികിൽസ കിട്ടുന്നുവെന്ന് പ്രവാസി മലയാളികൾ പോലും പറയുകയുണ്ടായി. യുഎഇയ്ക്ക് പുറമേ ഖത്തർ, സൗദി, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിലും അറ്റ്ലസ് ജുവല്ലറിക്ക് ഷോറൂമുകൾ ഉണ്ടായിരുന്നു.

റിയൽ എസ്റ്റേറ്റ്, ആരോഗ്യ, സിനിമാ മേഖലകളിലും അറ്റ്ലസ് ഗ്രൂപ്പ് നിക്ഷേപം നടത്തിയിരുന്നു. പല റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും ഇടനിലക്കാരനായിരുന്ന അറ്റ്ലസ് രാമചന്ദ്രനെ വീഴ്‌ത്തേണ്ടതു ചിലരുടെ ബിസിനസ് താൽപ്പര്യമായിരുന്നു. തൃശൂർ ജില്ലയിലെ ഒളരി സ്വദേശിയാണ് അറ്റ്ലസ് രാമചന്ദ്രൻ. ഇരിങ്ങാലക്കുടയിലായിരുന്നു താമസം. കമലാകര മേനോൻ ആണ് പിതാവ്. ശ്രീകാന്ത് മകനും മഞ്ജു മകളുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP